പടിഞ്ഞാറോട്ടു കണ്ണോടിച്ചാല്‍ സായംസന്ധ്യ സിന്ദൂരം വാരിപ്പൂശുന്നതു കാണാം. അച്ഛനും അമ്മയും മകളുമുണ്ട് കാറില്‍. കായല്‍ത്തീരറോഡിലൂടെ കാറോടിക്കുന്നതു പിതാവ്...
നയനാനന്ദകരമായ പടിഞ്ഞാറന്‍ കാഴ്ച കാണാതിരിക്കാന്‍ വണ്ടിയോടിക്കുന്ന ആര്‍ക്കും കഴിയുന്നില്ല. അയാളും ഇടയ്ക്കിടെ പശ്ചിമാംബരത്തിലേക്കു കണ്ണോടിക്കുന്നുണ്ട്.
പ്രകൃതിക്കു വിഷാദഭാവം. മുന്നറിയിപ്പാണത്. ഇരുളാന്‍ പോകുന്നു. പകലത്തെ പണിയെല്ലാം അവസാനിപ്പിച്ചുകൊള്ളുക... പടിഞ്ഞാറുനിന്നു കിഴക്കോട്ടു പറക്കുന്ന ആറേഴു കാക്കകളുടെ കൂട്ടം. ചേക്കേറാന്‍ പോകയായിരിക്കണം.
അഞ്ചാറു കിലോമീറ്റര്‍ അകലെയുള്ള ടൗണില്‍നിന്നു വീട്ടാവശ്യത്തിനുള്ള വസ്തുക്കള്‍ വാങ്ങുകയായിരുന്നു അവരുടെ ലക്ഷ്യം.
ചെന്നിട്ടുവേണം അത്താഴത്തിനുള്ളതു നോക്കാന്‍. ഇരുട്ടാകാന്‍ പോകുന്നു. അനുരാധ ആരോടെന്നില്ലാതെ പറഞ്ഞു.
അമ്മയുടെ കൂടെ ഞാനും കൂടാം. അത്താഴം തയ്യാറാക്കാന്‍: മകള്‍ മീനു.
ഞാന്‍ നിമിത്തം നിന്റെ പഠനം മുടങ്ങണ്ട. സിബിഎസ്‌സിയാണ്. അതോര്‍ത്തോളണം. എല്ലാവരെയും ഒന്നാംക്ലാസില്‍ത്തന്നെ പാസ്സാക്കണം എന്നല്ലേ സ്‌കൂളുകാരുടെ വാശി. പോരാ, എല്ലാവരും റാങ്ക് സ്വപ്നം കാണുന്നവര്‍. ഒരു കുട്ടി തോറ്റാല്‍ ആ വീട്ടുകാരുടെ കഷ്ടകാലം. കുട്ടിയെയും രക്ഷിതാവിനെയും വിളിപ്പിക്കും. പിന്നെ കശാപ്പുകത്തി ഉയരും. യുആര്‍എ കേഴ്‌സ് ടുദിസ് സ്‌കൂള്‍. അവര്‍ സ്‌കൂളിന്റെ ശാപമത്രേ. സായിപ്പിന്റെ ഫില്‍ട്രേഷന്‍ തിയറിയുടെ സൂക്ഷിപ്പുകാരാണല്ലോ അവര്‍.
ഇതൊക്കെ ഇപ്പഴാണോ ഓര്‍ക്കുന്നത്: പിതാവ്.
ങാ അതുവിട്. നിന്റെ കാര്യം നോക്കിയാ മതി: മാതാവ്.
ഓര്‍ക്കാപ്പുറത്താണ് ആ കാഴ്ചകണ്ടത്. റോഡിന്റെ വലത്തുഭാഗത്ത് ചെറിയൊരാള്‍ക്കൂട്ടം. ഒരു ടൂവീലര്‍ അപകടം നടന്നിട്ട് മിനിറ്റുകള്‍ മാത്രമേ ആയിട്ടുള്ളൂ. കാര്‍ത്തികേയന്‍ വണ്ടി പതുക്കെ സ്ലോ ചെയ്തു; ജിജ്ഞാസ...
ഒരാള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നു. ബൈക്കു റോഡിലും റോഡിന്റെ അതിര്‍ത്തിക്കപ്പുറത്തുമായിട്ടാണ് കിടപ്പ്. ശരിക്കു കാണാന്‍ വയ്യ. രണ്ടുപേര്‍ അതിന്റെ ചിത്രം മൊബൈലില്‍ ഒപ്പിയെടുക്കുന്നു. നാട്ടില്‍ പൊതുവെ കാണുന്ന കാഴ്ച.
നമുക്കീ മനുഷ്യനെയെടുത്ത് ആശുപത്രീലാക്കിയാലോ അച്ഛാ? പാവം, ആരും സഹായിക്കാനില്ല.
മീനുവിന്റേതായിരുന്നു അഭിപ്രായം. അമ്മ ഇടപെട്ടു: ഇപ്പം നിനക്ക് സഹതാപമൊക്കെ തോന്നും. എന്നിട്ടുവേണം പുലിവാലുപിടിക്കാന്‍. പിന്നെ പോലീസ് സ്റ്റേഷന്‍, കോടതി, സാക്ഷിപറയല്‍... വേറെ പണിയൊന്നുമില്ലേ? ദിവസവും നാട്ടില്‍ എത്രയെത്ര അപകടങ്ങള്‍ നടക്കുന്നു! ഇരുട്ടായി. വേഗം വണ്ടി വിട്. വീട്ടില്‍ ഒരുവല്ലം പണി കിടക്കുന്നു. എല്ലാം ഞാന്‍തന്നെ തീര്‍ക്കണം. മറ്റുള്ളവര്‍ക്ക് അഭിപ്രായം പറഞ്ഞാ മതി...
കാര്‍ത്തികേയന്റെ പാദം ആക്‌സിലേറ്ററില്‍ കൂടുതല്‍ അമര്‍ന്നു. പിന്നെ ഏവരും മൗനത്തിലാണ്ടു. വീട്ടിലെത്തുന്നതുവരെ അതിന്റെ പുറന്തോടു പൊട്ടിക്കാന്‍ എന്തുകൊണ്ടോ ആര്‍ക്കും തോന്നിയില്ല.
പ്രകൃതി ഇരുട്ടിന്റെ കമ്പളം നിവര്‍ത്തി. ഫോണ്‍ നിര്‍ത്താതെ ശബ്ദിക്കുന്നതുകേട്ടുകൊണ്ടാണ് കാര്‍ത്തികേയന്‍ വീടിന്റെ സിറ്റൗട്ടിലേക്കു കടന്നുവന്നത്...
ഓ, ശല്യം! ഈ സാധനംകൊണ്ട് ദോഷമാ കൂടുതല്‍.
അനുരാധയുടെ ശബ്ദം കേള്‍ക്കാം. കാര്‍ത്തികേയന്‍ ഫോണെടുത്തു. നിങ്ങളുടെ മകന്‍ എഞ്ചിനീയറിങ്‌കോളജില്‍ പഠിക്കുന്നുണ്ടോ?
ഉണ്ടല്ലോ. നിങ്ങള്‍ ആരാണ്?
പോലീസ് സ്റ്റേഷനില്‍നിന്നാണ്. വേഗം ടൗണിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്കു വരാമോ?
ടൂവീലര്‍ അപകടം... ഒരു ചെറുപ്പക്കാരന്‍... നിങ്ങളുടെ വീട്ടിലെ ആണോ എന്നറിയാനാണ്. ടെന്‍ഷന്‍ അടിക്കേണ്ടതില്ല. ടൂവീലര്‍ പതുക്കെ കാറില്‍ തട്ടിയതാണ്.
കാര്‍ത്തികേയന്‍ താനുടുത്തിരിക്കുന്ന കൈലി മാറിയില്ല. തിടുക്കപ്പെട്ടു കാര്‍ സ്റ്റാര്‍ട്ടു ചെയ്തു. അയാള്‍ വേഗം കാഷ്വാലിറ്റിയില്‍ എത്തി.
ആളുകള്‍ തിടുക്കപ്പെട്ടു നടക്കുന്നു. പലരുടെയും മുഖത്തു വിഷാദഭാവം. രണ്ട് ആംബുലന്‍സ് അല്പം മാറിക്കിടക്കുന്നു. ഒരു സെക്യൂരിറ്റിക്കാരന്‍ തിടുക്കപ്പെട്ടു നടന്നുപോകുന്നു.
സംശയിച്ചതു നടന്നിരിക്കുന്നു. അപകടത്തില്‍പ്പെട്ടതു മകന്‍ സൂരജ് ആണെന്നു തിരിച്ചറിഞ്ഞു. അയാള്‍ തേങ്ങിപ്പോയി.
പ്രഥമശുശ്രൂഷയ്ക്കു മുന്‍കൈയെടുത്ത ഡോക്ടര്‍ പറഞ്ഞു: വൈകിപ്പോയി. അരമണിക്കൂര്‍മുമ്പ് വന്നിരുന്നെങ്കില്‍ പ്രതീക്ഷയ്ക്കു വകയുണ്ടായിരുന്നു.
എസ്.ബി. പണിക്കര്‍
