•  23 Oct 2025
  •  ദീപം 58
  •  നാളം 33
അന്തർദേശീയം

മാധ്യമപ്രവര്‍ത്തകരുടെ സേവനം ഏറെ പ്രധാനപ്പെട്ടത് : ലെയോ പതിന്നാലാമന്‍ പാപ്പാ

   വത്തിക്കാന്‍: ഗാസയും യുക്രെയ്‌നുംപോലെ, ലോകത്തിന്റെ വിവിധയിടങ്ങളില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഏവരിലുമെത്തിക്കുന്നതുള്‍പ്പെടെ മാധ്യമപ്രവര്‍ത്തകര്‍ ചെയ്യുന്ന സേവനം പൊതുനന്മയാണെന്ന് ലെയോ പതിന്നാലാമന്‍ പാപ്പാ. തടവിലാക്കപ്പെട്ട റിപ്പോര്‍ട്ടര്‍മാരെ വിട്ടയയ്ക്കാനുള്ള നടപടികള്‍ വേണമെന്നാവശ്യപ്പെട്ട പാപ്പാ, അതേസമയം തെറ്റായതും വളച്ചൊടിച്ചതുമായ വാര്‍ത്തകള്‍ പരത്തുന്ന ശൈലിയെ കുറ്റപ്പെടുത്തി. മൈന്‍ഡ്സ് അന്താരാഷ്ട്ര അസോസിയേഷന്റെ പ്രതിനിധികള്‍ക്കനുവദിച്ച കൂടിക്കാഴ്ചയിലാണ് മാധ്യമപ്രവര്‍ത്തകരുടെ പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞത്.
    മാധ്യമപ്രവര്‍ത്തനം എന്നതു കുറ്റകരമായ ഒന്നല്ലെന്നും, യുദ്ധമേഖലകളില്‍നിന്നുള്‍പ്പെടെ തടവിലാക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരെ സ്വതന്ത്രരാക്കണമെന്നും പാപ്പാ ആവശ്യപ്പെട്ടു. തങ്ങളുടെ മുപ്പത്തിയൊന്‍പതാമത് കോണ്‍ഫെറന്‍സിന്റെ ഭാഗമായി ഒരുമിച്ചുകൂടിയ മൈന്‍ഡ്സ് എന്ന പ്രമുഖ വാര്‍ത്താ ഏജന്‍സിയുടെ അന്താരാഷ്ട്രഅസോസിയേഷന്‍ (ങകചഉട കിലേൃിമശേീിമഹ) പ്രതിനിധികള്‍ക്ക് ഒക്ടോബര്‍ 9ന് വത്തിക്കാനില്‍ അനുവദിച്ച ഒരു കൂടിക്കാഴ്ചയിലാണ് മാധ്യമപ്രവര്‍ത്തകരുടെ പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞത്.
രാഷ്ട്രീയ, പ്രത്യയശാസ്ത്രപരമായ താത്പര്യങ്ങള്‍ മുന്നില്‍ വച്ച് വാര്‍ത്തകള്‍ തടഞ്ഞുവയ്ക്കുന്നതിെലയും, അവയില്‍ കൃത്രിമത്വം കാണിക്കുന്നതിലെയും തെറ്റ് എടുത്തുപറഞ്ഞ പാപ്പാ, എത്രമാത്രം സമ്മദ്ദങ്ങളുണ്ടായാലും വാര്‍ത്തകളും വിവരങ്ങളും ശരിയായ രീതിയിലും, ധാര്‍മികമൂല്യത്തോടെയും മറ്റുള്ളവരിലേക്കെത്തിക്കാനുള്ള തങ്ങളുടെ വിളിയില്‍ ഉറച്ചുനില്‍ക്കാന്‍ മാധ്യമപ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു.
വാര്‍ത്താവിനിമയരംഗത്ത് വലിയ വളര്‍ച്ചയുള്ള ഇക്കാലം, മാധ്യമങ്ങളും വാര്‍ത്താഏജന്‍സികളും പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഒന്നുകൂടിയാണെന്ന് പാപ്പാ അനുസ്മരിച്ചു. എന്നാല്‍ പലയിടങ്ങളിലും സത്യവും നുണയും തമ്മിലുള്ള വേര്‍തിരിവ് വ്യക്തമല്ലാതായി വരുമ്പോള്‍, വാര്‍ത്തകളുടെ സ്വീകര്‍ത്താക്കള്‍ ഒരു പ്രതിസന്ധിയിലേക്കാണ് എത്തിച്ചേരുകയെന്നു പാപ്പാ ഓര്‍മിപ്പിച്ചു. അതേസമയം നിരവധിയിടങ്ങളില്‍നിന്ന് വാര്‍ത്തകളും വിവരങ്ങളും ലഭ്യമാകുന്ന ഇക്കാലത്ത്, അജ്ഞതയില്‍ തുടരാന്‍ ആര്‍ക്കും സാധിക്കില്ലെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
   ഉത്തരവാദിത്വപരമായ റിപ്പോര്‍ട്ടിങ്ങിലൂടെയും ആളുകളും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള സഹകരണത്തിലൂടെയും ഏവര്‍ക്കും ലഭ്യമാക്കേണ്ട ഒരു പൊതുസേവനമാണ് മാധ്യമപ്രവര്‍ത്തനം എന്ന് പരിശുദ്ധപിതാവ് ഓര്‍മിപ്പിച്ചു.
    ഇന്നത്തെ സത്യാനന്തരലോകത്ത് സത്യം മുറുകെപ്പിടിക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു. സത്യവും മിഥ്യയും തമ്മിലും, വസ്തുതകളും കെട്ടുകഥകളും തമ്മിലുമുള്ള അകലം ഇല്ലാതാകുന്ന 'സമഗ്രാധിപത്യത്തിന്റെ' ഇക്കാലത്ത്, ഉത്തരവാദിത്വപ്പെട്ടതും, കൃത്യവുമായ തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ അവ തമ്മിലുള്ള അന്തരം നിലനിര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു കഴിയണമെന്നു പാപ്പാ ഓര്‍മിപ്പിച്ചു.
   ആശയവിനിമയമേഖലയില്‍ സുതാര്യതയും ഉത്തരവാദിത്വവും വസ്തുനിഷ്ഠതാപരമായ ആശയൈക്കമാറ്റവും അനിവാര്യമാണെന്നും, ലോകത്തിനു സ്വതന്ത്രവും കൃത്യവും സത്യസന്ധവുമായ വിവരങ്ങളാണ് നല്‍കേണ്ടതെന്നും പരിശുദ്ധ പിതാവ് മാധ്യമപ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)