•  Published From Palai
  •  Contact Us
  •  Previous Issues
  •  23 Oct 2025
  •  ദീപം 58
  •  നാളം 33
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നോവല്‍
    • നേര്‍മൊഴി
    • ബാലനോവല്‍
    • കളിക്കളം
    • കടലറിവുകള്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
  • News
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കഥ

നിനക്കു മുമ്പേ

  • ജോര്‍ജ് നെയ്യശ്ശേരി
  • 23 October , 2025

   ഭാരം തൂങ്ങിയ കണ്ണുകള്‍ വിടര്‍ത്തി ചില്ലുജാലകത്തിലൂടെ ട്രീസ ഗാര്‍ഡനിലേക്കു നോക്കിനിന്നു. ഇടയ്ക്കിടെ നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ അവള്‍ കര്‍ച്ചീഫ് കൊണ്ടു തുടച്ചു.
തലയാട്ടി പുഞ്ചിരിതൂകി നില്‍ക്കുന്ന പൂക്കള്‍കൊണ്ട്, സമൃദ്ധമാണ് ഗാര്‍ഡന്‍. പൂക്കളെയും ചെടികളെയും ഏറെ ഇഷ്ടപ്പെടുന്ന ട്രീസയ്ക്ക് ഗാര്‍ഡന്റെ മനോഹാരിത ആസ്വദിക്കാനുള്ള മാനസികാവസ്ഥ നഷ്ടമായിരുന്നു. 
ട്രീസയുടെ ഭര്‍ത്താവ് ഓങ്കോളജിവാര്‍ഡിലെ സ്യൂട്ട് റൂമില്‍ മരണം കാത്തു കിടക്കുകയാണ്.
ട്രീസയും ഭര്‍ത്താവ് ടോമിയും ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ അധ്യാപകദമ്പതികളാണ്. അവര്‍ക്കൊരു മകള്‍ സ്റ്റെഫി. സ്റ്റെഫി ഭര്‍ത്താവുമൊത്ത് ഓസ്‌ട്രേലിയയിലാണ്.
ഹോസ്പിറ്റലിന്റെ ഓരോ ഡിപ്പാര്‍ട്ട്‌മെന്റിനും ബഹുനില മന്ദിരങ്ങളുണ്ട്. ഹോസ്പിറ്റല്‍ കോമ്പൗണ്ടില്‍ പുതിയ കോംപ്ലക്‌സിന്റെ പണികള്‍ തകൃതിയായി നടക്കുന്നു.
മുഖം തുടച്ച് ഒരു നെടുവീര്‍പ്പോടെ ട്രീസ ഭര്‍ത്താവിനടുത്തേക്കു മടങ്ങിയെത്തി. അയാള്‍ ഉണര്‍ന്നുകിടക്കുകയായിരുന്നു. അയാള്‍ക്കൊരു വിളറിയ ചിരി നല്‍കി അവള്‍ അയാളുടെ അടുത്തിരുന്നു. തോളില്‍ സ്പര്‍ശിച്ചു ചോദിച്ചു:
''കോഫിയോ ജ്യൂസോ എടുക്കട്ടെ.''
''ഇപ്പോള്‍ ഒന്നും വേണ്ട... എനിക്ക് ഒരോ ദിവസവും ക്ഷീണം കൂടിവരുന്നു. ഓര്‍ഗന്‍സിനെയെല്ലാം ചിലന്തി കീഴടക്കിക്കഴിഞ്ഞു. ഇനി ഏറെ ദിവസങ്ങളില്ലെന്നു മനസ്സു പറയുന്നു. കണ്ണുകളുടെ കാഴ്ച മങ്ങി മങ്ങിമങ്ങി വരുന്നു. കേള്‍വി കുറയുന്നു. കൈകാലുകളുടെ ബലം കുറയുന്നു. ഓര്‍മശക്തി ക്ഷയിച്ചുക്ഷയിച്ചു വരുന്നു.''
അയാള്‍ ഒന്നുനിര്‍ത്തി അവളെ നോക്കി. 
അയാളെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കും എന്നറിയാതെ നിറഞ്ഞ കണ്ണുകളോടെ അവള്‍ അയാളെ തഴുകിക്കൊണ്ടിരുന്നു.
''ഞാനിപ്പോള്‍ ഫോര്‍ത്ത് സ്റ്റേജിലാണെന്ന് എനിക്കറിയാം. എന്റെ ഇപ്പോഴത്തെ കണ്ടീഷനെക്കുറിച്ച് ഓങ്കോളജിസ്റ്റുകള്‍ നിന്നോടു പറഞ്ഞിട്ടുണ്ടാവും. നീ എന്നോട് ഒന്നും വിട്ടുപറയാത്തതാ. എന്റെ ആരോഗ്യസ്ഥിതിയുടെ അവസ്ഥ നിന്റെ മുഖഭാവത്തില്‍നിന്ന് എനിക്കു വായിച്ചെടുക്കാന്‍ പറ്റും. എത്ര നാളായി ഞാന്‍ നിന്നെ കാണുന്നു.''
ടോമിയുടെ നാവു കുഴഞ്ഞ് പുറത്തേക്കു വന്ന ശബ്ദം അസ്പഷ്ടമായി.
ട്രീസ  ഭര്‍ത്താവിനെ ആശ്വസിപ്പിച്ച് അയാളുടെ കൈകളില്‍ മുറുകെപ്പിടിച്ച് കണ്ണീര്‍ചുംബനം നല്‍കി.
''ഇങ്ങനെയൊക്കെ പറഞ്ഞു നിന്നെ വേദനിപ്പിക്കരുതെന്ന് ഓര്‍മിക്കുമെങ്കിലും അടുത്തനിമിഷം ഞാനതു മറക്കുന്നു. നിന്നെ സ്‌നേഹിച്ചും നിന്റെ സ്‌നേഹം സ്വീകരിച്ചും എന്റെ മനസ്സിനു മതിയായിട്ടുണ്ടാവില്ല... അതായാരിക്കും ഇങ്ങനെയൊക്കെ പെരുമാറുന്നത്.''
അവള്‍ മറുപടിയൊന്നും പറയാതെ റൂമിലെ ഡൈനിങ് ടേബിളില്‍ മൂടിവച്ചിരുന്ന ലൈം ജ്യൂസെടുത്ത് അയാള്‍ക്കു നല്‍കി.
പാതി കുടിച്ചതിനുശേഷം അയാള്‍ ഗ്ലാസ് തിരികെനല്‍കി.
ഓങ്കോളജിസ്റ്റുകളും നേഴ്‌സുമാരും ഇടയ്ക്കിടെ വന്ന് അയാളുടെ ആരോഗ്യസ്ഥിതി വിലയിരുത്തിക്കൊണ്ടിരുന്നു.
''എനിക്കു നിന്നെ കണ്ടുകൊണ്ട്, നിന്റെ സാമീപ്യം അറിഞ്ഞ് മരണത്തെ സ്വീകരിക്കണം. അതുകൊണ്ടാ ഗൃഹാന്തരീക്ഷമുള്ള ഈ സ്യൂട്ട് എടുത്തത്. ഐ.സി.യുവില്‍ക്കിടന്ന് നിന്നെ കാണാതെ മരണത്തെ വരിക്കാന്‍ ഞാന്‍ തയ്യാറല്ല.''
അയാളുടെ കൈത്തണ്ടയില്‍ തലോടിക്കൊണ്ടിരുന്നതല്ലാതെ അവള്‍ മറുപടിയൊന്നും പറഞ്ഞില്ല.
ഉച്ചയ്ക്ക് ഒന്നരയായപ്പോള്‍ ട്രീസ ടി.വി. ഓണ്‍ ചെയ്തു. ബെഡ് ഉയര്‍ത്തി അവള്‍ ഭര്‍ത്താവിന് ടി.വി. കാണാന്‍ സൗകര്യപ്രദമായ രീതിയില്‍ ക്രമീകരിച്ചു.
ജോര്‍ജിയോ ഫ്രസാത്തിയെയും കാര്‍ലോ അക്യുറ്റിസിനെയും ലിയോ പതിന്നാലാമന്‍ മാര്‍പാപ്പാ വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടണ്ടു കാണാന്‍ അയാള്‍ താത്പര്യം പ്രകടിപ്പിച്ചു.
''കാര്‍ലോ അക്യുറ്റിസിനെ കാണുമ്പോള്‍ എനിക്ക് അറിയാതെ ഒരു ചിരി വരും. ഒരു കുസൃതിക്കാരന്റെ മട്ടുംഭാവവും. നമ്മുടെ സ്വന്തപ്പെട്ട വീട്ടിലെ ഒരു പയ്യനെപ്പോലെ.''
ടി.വി. യിലേക്കു കണ്ണും നട്ട് ടോമി ചെറുചിരിയോടെ പറഞ്ഞപ്പോള്‍ അതു ശരിവച്ച് ട്രീസ തലകുലുക്കി. ''അക്യുത്തിസിന്റെ മാതാപിതാക്കളും സഹോദരങ്ങളും എത്ര ഭാഗ്യം ചെയ്തവരാ. അവരുടെ ജീവിതകാലത്തുതന്നെ കാര്‍ലോ വിശുദ്ധനായല്ലോ.''
''സ്വര്‍ഗം എപ്പോഴും നമ്മെ പ്രതീക്ഷിക്കുന്നു. വിശുദ്ധ കുര്‍ബാനയാണ് എനിക്കു സ്വര്‍ഗത്തിലേക്കുള്ള വഴിയെന്നാ വിശുദ്ധ കാര്‍ലോ പറഞ്ഞിട്ടുള്ളത്. ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്‌തോലനാ കാര്‍ലോ.''
ഭര്‍ത്താവിന് ഓറഞ്ചുജ്യൂസ് നല്‍കിക്കൊണ്ട് അവള്‍ പറഞ്ഞു.
''എനിക്കു നാളെ ഒന്നു കുമ്പസാരിക്കണം. ആ സിസ്റ്റര്‍ എത്ര ദിവസമായി ചോദിക്കുന്നു. കുമ്പസാരിക്കുന്നുണ്ടോ എന്ന്. ഞാന്‍ എന്നും നോ പറയും. ഞാന്‍ നോ പറഞ്ഞാലും  പിറ്റേന്നും അവര്‍ ചോദിക്കും കുമ്പസാരിക്കുന്നുണ്ടോ എന്ന്. അവര്‍ എന്നും വന്നു ചോദിക്കുമ്പോള്‍ എനിക്ക് ഈര്‍ഷ്യ തോന്നിയിരുന്നു. നീതന്നെ എന്നോട് കുമ്പസാരിക്കുന്ന കാര്യം എത്ര വട്ടം പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ എന്തോ എനിക്കു കുമ്പസാരിക്കണമെന്നു തോന്നുന്നു.''
അവിശ്വസനീയതയോടെ അവള്‍ അയാളെ നോക്കി. നല്ല വാര്‍ത്ത കേട്ട സന്തോഷത്തില്‍ അവള്‍ അയാള്‍ക്കൊരു മുത്തം നല്‍കി.
രാത്രിയില്‍ ട്രീസ ഭര്‍ത്താവിന് ഇളംചൂടുകഞ്ഞി കോരിക്കൊടുത്തു. അയാള്‍ക്ക് ഒട്ടും വിശപ്പു തോന്നിയില്ലെങ്കിലും അവള്‍ തരുന്നതോര്‍ത്ത് അയാള്‍ അറിയാതെ വാ പൊളിച്ചു.
''നമ്മുടെ സ്‌നേഹബന്ധത്തിന് ഇനി ദിവസങ്ങളുടെ ആയുസ്സേ ഉള്ളൂ. എങ്കിലും, ഇത്രയുംനാള്‍ നീ നല്‍കിയ സ്‌നേഹത്തില്‍ ഞാന്‍ തൃപ്തനാണ്. എനിക്കു നിന്നെ ഓര്‍ത്താ വിഷമം. നീ ഒറ്റയ്ക്കായി പോവുമല്ലോ എന്ന ചിന്ത എന്നെ വേട്ടയാടുന്നു. മോളുടെ അടുത്തേക്കു പോകണോ ഇവിടെ ഒറ്റയ്ക്കു ജീവിക്കണോ എന്നു നീ തന്നെ തീരുമാനം എടുക്കുക.''
അവള്‍ തല കുമ്പിട്ടിരുന്നതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
''എന്തു തീരുമാനത്തിലും നിന്റെ സമാധാനത്തിനും സന്തോഷത്തിനുമായിരിക്കണം പരിഗണന നല്‍കേണ്ടത്. ഇപ്പോള്‍ ഷഷ്ടിപൂര്‍ത്തി കഴിഞ്ഞവരും പുനര്‍വിവാഹത്തെക്കുറിച്ചു ചിന്തിക്കുന്നുണ്ട്. ആ വഴിക്കും ആലോചിക്കാം. എന്നെക്കഴിഞ്ഞും നിന്നെ സ്‌നേഹിക്കുന്ന ഒരാളെ കണ്ടെത്തിയാല്‍ മാത്രം. ഇല്ലെങ്കില്‍ ജീവിതം ദുരിതക്കയത്തിലാകും. അതുകൊണ്ട് ശ്രദ്ധിച്ചുവേണം തിരഞ്ഞെടുക്കാന്‍. നീ ഇപ്പോഴും സുന്ദരിയല്ലേ.'' ദുര്‍ബലമായ കൈകള്‍കൊണ്ട് അവളെ പൊതിഞ്ഞുപിടിച്ച് അയാള്‍ ചിരിച്ചു.
അവള്‍ അയാളുടെ ഇരുകൈകളുമെടുത്ത് മുഖത്തോടു ചേര്‍ത്ത് വിങ്ങിപ്പൊട്ടി.
''സോറി. ഞാന്‍ ചുമ്മാ തമാശ പറഞ്ഞതല്ലേ...''
അയാള്‍ അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
''ലോക്കറിന്റെ താക്കോല്‍, ഡോക്യുമെന്റ്‌സ്, എഫ്.ഡികള്‍, ക്യാഷ് എല്ലാം എവിടെയാണു വച്ചിരിക്കുന്നതെന്നു ഞാന്‍ പറഞ്ഞുതന്നിട്ടുണ്ടല്ലോ.''
''നമുക്കു മറ്റെന്തെങ്കിലും സംസാരിക്കാം. ഇത്തരം സംസാരങ്ങള്‍ എന്നെ വല്ലാതെ ശ്വാസം മുട്ടിക്കുന്നു.''
അവള്‍ തന്റെ ബുദ്ധിമുട്ട് പ്രകടമാക്കി.
ചില്ലുജാലകങ്ങള്‍ക്കപ്പുറത്ത് ഹോസ്പിറ്റലിന്റെ ബില്‍ഡിങ്ങുകളിലെല്ലാം വൈദ്യുതദീപാലങ്കാരങ്ങള്‍ കാണാം. ഹോസ്പിറ്റലിന്റെ ആനിവേഴ്‌സറിയോടനുബന്ധിച്ചുള്ള അലങ്കാരങ്ങളാണ്. 
കോറിഡോറില്‍ തണുത്ത കാറ്റേറ്റുനിന്ന് ട്രീസ കണ്ണീരൊഴുക്കി. ടോമി ഇനിയും ഉറങ്ങാതെ എന്തെല്ലാമോ പറയുന്നുണ്ട്. അതു കേള്‍ക്കുമ്പോള്‍ തന്റെ ദുഃഖം ഇരട്ടിക്കുകയാണ്. ഓരോന്നു ചിന്തിച്ച് ഹൃദയഭാരത്തോടെ വന്ന് അവള്‍ കിടന്നു.
ടോമി അപ്പോഴും പറഞ്ഞുകൊണ്ടിരുന്നു.
''ഇന്ന് ആകാശത്തില്‍ നിറയെ നക്ഷത്രങ്ങളുണ്ട്. ഇവിടെക്കിടന്നുകൊണ്ടു നോക്കുമ്പം ആകാശം എത്ര ഭംഗിയാ... നക്ഷത്രങ്ങളുടെ ലോകത്തേക്കു ഞാന്‍ പറന്നുപറന്നുപോകും. ട്രീസാ... നിന്നെ ഞാന്‍ കൊണ്ടുപോകില്ല. ഞാന്‍ ഒറ്റയ്ക്കു പോകും.''
''അവിടെ ചെല്ലുമ്പോ എന്റെ മനസ്സും ഹൃദയവും നിനക്കുവേണ്ടി ദാഹിക്കുമോ... എനിക്കറിയില്ല. ഓ! മരിച്ചുകഴിഞ്ഞാല്‍പിന്നെ ഇത്തരം വികാരങ്ങളൊന്നും ഉണ്ടാകില്ലല്ലോ!'' 
''ഇന്നു രാത്രി വൈകിയിട്ടും എന്താണാവോ ഉറക്കം വരാത്തത്. ഒരിക്കലും ഉണരാത്ത ഉറക്കത്തിന്റെ മുന്നോടിയായി ഇങ്ങനെയെല്ലാം സംഭവിക്കുമായിരിക്കും. എന്തുമാത്രം കീമോകള്‍. എന്തോരം മരുന്നുകള്‍. അതുകൊണ്ടെല്ലാമായിരിക്കും ഒറക്കം വരാത്തത്.
''ഞാന്‍ നിന്നെ ബോറടിപ്പിക്കുന്നുണ്ട് ഇല്ലേ... സാരമില്ല. നിന്നെ സ്‌നേഹിച്ചും നിന്നോടു സംസാരിച്ചും എനിക്കു കൊതി തീരുന്നില്ല.
''ഞാന്‍ പറയുമ്പം നിനക്കൊന്നു മൂളുകയെങ്കിലും ചെയ്തുകൂടേ... എത്ര വൈകിയാലും വീട്ടിലാണെങ്കിലും ഇവിടെയും ഞാന്‍ ഉറങ്ങിയിട്ടേ നീ ഉറങ്ങാറുള്ളല്ലോ. ഇന്നെന്താ... ഇങ്ങനെ.''
''നിന്നെ ആദ്യമായി കണ്ടത് ഇടയ്ക്കിടെ ഞാന്‍ ഓര്‍ക്കാറുണ്ട്. ശനിയാഴ്ച ഞാന്‍ ഒരു പെണ്‍കുട്ടിയെ പെണ്ണുകാണാന്‍ ചെല്ലാമെന്ന് ഏറ്റിരുന്നതാ... വെള്ളിയാഴ്ചയാ നീ ട്രാന്‍സ്ഫറായി ഞങ്ങളുടെ സ്‌കൂളിലേക്കു വന്നത്. നിന്നെ കണ്ടതേ എന്റെ ഹൃദയം പറഞ്ഞു ഇതാ നിന്റെ പെണ്ണെന്ന്... സ്പാര്‍ക്കെന്നു പറഞ്ഞാല്‍ ഇതാ സ്പാര്‍ക്ക്.''
''ഞാന്‍ ഭയങ്കര ഭാഗ്യവാനാ. പണ്ടത്തെ മാട്രിമോണിയല്‍ പരസ്യത്തിലേപ്പോലെതന്നെയുള്ള പെണ്ണിനെ എനിക്കു കിട്ടി. സുന്ദരിയും സുശീലയുമായ പെണ്‍കുട്ടി....'' അയാള്‍ ആഹ്ലാദം പ്രകടമാക്കി ഒന്നു ചിരിച്ചു.
''ട്രീസാ... ട്രീസാ... നീ ഉറങ്ങിയോ... ഞാന്‍ വിളിച്ചു ശല്യപ്പെടുത്തി നിന്റെ ഉറക്കം കളയുന്നില്ല. നീ ഉറങ്ങിക്കോ...''
അവള്‍ ഉറങ്ങിക്കഴിഞ്ഞിരുന്നു. അവള്‍ ഉറങ്ങുന്നത് ഭൂമിയില്‍ ഇനി ഒരിക്കലും ഉണരാത്ത ഉറക്കമാണെന്ന് അയാള്‍ അറിഞ്ഞില്ല.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)