ഈഫല്‍ ഗോപുരം, പാലാ കുരിശുപള്ളി, താജ്മഹല്‍...
പാലാ കെഴുവംകുളത്തെ കുന്നേപ്പറമ്പില്‍ വീട്ടിലെത്തിയാല്‍ ഇവ മൂന്നും ഒന്നിച്ചു കാണാം! ശില്പിയുടെ പേര് കെ.വി. ബിനീഷ്.
ഫര്‍ണീച്ചര്‍നിര്‍മ്മാണത്തിനുശേഷം ബാക്കിവരുന്ന തടികളില്‍നിന്നാണ് മിനിയേച്ചറുകള്‍ കൊത്തിയെടുക്കുന്നത്. ഗ്ലാസ് പെയിന്റിങ് ജോലികള്‍ ചെയ്ത് ഉപജീവനം നയിച്ചിരുന്ന ബിനീഷ് കോവിഡ്‌സമയത്തു ജോലി കുറഞ്ഞതോടെയാണു ശില്പനിര്‍മാണത്തിലേക്കു തിരിഞ്ഞത്. പാലാ കുരിശുപള്ളിയുടെ മാതൃക തീര്‍ക്കാന്‍ വേണ്ടിവന്നത് മൂന്ന് ആഴ്ച. പള്ളിയുടെ ഏറ്റവും മുകളില്‍ ക്രിസ്തുരാജന്റെ രൂപവുമുണ്ട്.
തടിക്കഷണങ്ങള്‍ പശ ഉപയോഗിച്ച് കൂട്ടിയോജിപ്പിച്ചാണ് നിര്‍മാണം. ജീവന്‍ തുടിക്കുന്ന ചുവര്‍ച്ചിത്രങ്ങളും തേക്കിലും മഹാഗണിയിലും തീര്‍ത്ത ഡിസൈനുകളും ബിനീഷിന്റെ നിര്‍മ്മാണശേഖരത്തിലുണ്ട്. ചെറുവള്ളിക്കാവ് ക്ഷേത്രത്തിന്റെ മാതൃക, മധുരമീനാക്ഷി ക്ഷേത്രത്തിലെ ആന വലിക്കുന്ന രഥം, തെര്‍മ്മോക്കോളില്‍ തീര്‍ത്ത വീണ തുടങ്ങിയവയും അക്കൂട്ടത്തിലുണ്ട്.
എസ്എസ്എല്‍സിക്കുശേഷം പാലാ ഫൈന്‍ ആര്‍ട്‌സ് കോളജില്‍ മൂന്നു വര്‍ഷം ചിത്രരചനയും ശില്പരചനയും പഠിച്ചു. കുന്നേപ്പറമ്പില്‍ പരേതനായ വാസുദേവന്റെയും കുട്ടിയമ്മയുടെയും മകനാണ്.