കുറവിലങ്ങാട് ദേവമാതാ കോളജ് മുന്‍പ്രിന്‍സിപ്പല്‍, മാതൃകാധ്യാപകന്‍, ഗ്രന്ഥകാരന്‍, രാജ്യം ശ്രദ്ധിച്ച ഫിലാറ്റലിസ്റ്റ്, വിശ്വാസപരിശീലകന്‍, ചരിത്രകാരന്‍ എന്നീ നിലകളില്‍ സമാനതകളില്ലാത്ത വ്യക്തിത്വത്തിനുടമയായിരുന്നു കഴിഞ്ഞ ദിവസം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ പ്രഫ. ജോര്‍ജ് ജോണ്‍ നിധീരി എന്ന ജോര്‍ജുകുട്ടി സാര്‍.
ദേവമാതാ കോളജിന്റെ പിറവിക്കുപിന്നില്‍ പ്രഫ. ജോര്‍ജ് ജോണിന്റെ ചിന്തകളും പരിശ്രമങ്ങളുമുണ്ടായിരുന്നു. ദേവമാതാ കോളജിലെ ആദ്യനിര അധ്യാപകനായി കൊല്ലത്തെ അധ്യാപകജോലി ഉപേക്ഷിച്ചെത്തിയത് നാടിനോടുള്ള കടപ്പാടിന്റെ തെളിവായിരുന്നു. അധ്യാപനത്തിനപ്പുറം ചരിത്രരചനയിലും വലിയ സംഭാവനയാണ് ജോര്‍ജ് ജോണ്‍ ക്രൈസ്തവലോകത്തിനും ഇടവകയ്ക്കും നല്‍കിയത്. അടുത്തനാളില്‍ കുറവിലങ്ങാടിന്റെ വിശ്വാസപാരമ്പര്യത്തെ അനാവരണം ചെയ്ത പുതിയ പുസ്തകം മാര്‍പാപ്പായുടെ കൈകളില്‍ എത്തിയതും അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിനുള്ള അംഗീകാരമായി. 'ക്രിസ്തുവിന്റെ ജീവിതം' എന്ന പേരിലുള്ള സ്റ്റാമ്പ് പ്രദര്‍ശനം രാജ്യമാകെ ശ്രദ്ധിച്ചതാണ്. പെനിബ്ലാക്ക് സ്റ്റാമ്പിന് തന്റെ ശേഖരത്തില്‍ ഇടം ലഭിച്ചതോടെ സ്റ്റാമ്പ് ശേഖരം കാണാനെത്തുന്നവരുടെ എണ്ണം ഏറെയായിരുന്നു.
അറിവും വിനയവും തമ്മില്‍ അഭേദ്യബന്ധമാണുള്ളതെന്ന് ജീവിതത്തിലൂടെ അനേകായിരങ്ങളെ പഠിപ്പിച്ച അധ്യാപകശ്രേഷ്ഠനായിരുന്നു പ്രഫ. ജോര്‍ജ് ജോണ്‍ നിധീരി. ദീപനാളത്തിന്റെ ലേഖകസുഹൃത്തും അഭ്യുദയകാംക്ഷിയുമായിരുന്ന ജോര്‍ജുകുട്ടി സാറിന് ദീപനാളം കുടുംബാംഗങ്ങളുടെ സ്മരാണാഞ്ജലി.