തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്രബഹുമതിയായ ജെ.സി. ഡാനിയേല്‍ പുരസ്‌കാരത്തിന് സംവിധായകന്‍ ഹരിഹരന്‍ അര്‍ഹനായി. മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കാണ് അവാര്‍ഡ്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം.
എം.ടി. വാസുദേവന്‍നായര്‍ ചെയര്‍മാനും സംവിധായകന്‍ ഹരികുമാര്‍, നടി വിധുബാല, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരികവകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരജേതാവിനെ കണ്ടെത്തിയത്.
കോഴിക്കോട് സ്വദേശിയായ ഹരിഹരന്‍ 1965 ലാണ് സിനിമാരംഗത്തെത്തുന്നത്. 1971 ല്‍ പുറത്തിറങ്ങിയ ലേഡീസ് ഹോസ്റ്റലാണ് ആദ്യചിത്രം. ശരപഞ്ജരം, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, ആരണ്യകം, ഒരു വടക്കന്‍ വീരഗാഥ, സര്‍ഗം, പഴശിരാജ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കി. മികച്ച സംവിധായകനുള്ള സംസ്ഥാനപുരസ്‌കാരം നേടിയ അദ്ദേഹത്തിന് മൂന്നു തവണ ദേശീയപുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.