'ഉപ്പു'പ്പെന്നു കരഞ്ഞു പറക്കുന്നോ-
രുപ്പനെക്കണ്ടുവോ കൂട്ടുകാരേ?
പാടും കുയിലിന്റെ വംശജനിപ്പക്ഷി;
പാടവമില്ലെന്നാല്‍ പാട്ടുപാടാന്‍.
ഈശ്വരന്‍കാക്ക, ചകോരം, ചെമ്പോത്തുമി-
പ്പേശലഗാത്രന്റെ പര്യായങ്ങള്‍!
സുന്ദരിമാരെച്ചകോരാക്ഷിമാരെന്നു
നമ്മള്‍ വിളിക്കുന്നു പണ്ടുതൊട്ടേ,
ചെന്നിറമുള്ളോരുടുപ്പിട്ടുലാത്തുന്നു
മണ്ണി,ലിരതേടിയായിരിക്കാം.
കണ്ടാലുമോരോ പദം വയ്പും, ഹാ! ഘന-
ഗംഭീരമെന്നേ പറഞ്ഞിടേണ്ടൂ!
മണ്ണില്‍നിന്നൊറ്റക്കുതിപ്പാലിവന്‍ മര-
ക്കൊമ്പത്തനായാസമെത്തിടുന്നു!
പച്ചിലക്കൂട്ടിലിരിക്കുന്നു സൗന്ദര്യ-
വിഗ്രഹംപോലെയിപ്പക്ഷിരാജന്‍!
ഗ്രീസിലെപ്പൈങ്കിളിയാണുചകോരമെ-
ന്നോതുന്നവര്‍ പാരമിമ്പമോടെ.
കണ്ണിണ സൗന്ദര്യപ്പൊട്ടുപോലല്ലയോ
മിന്നിത്തിളങ്ങുന്നിരുവശത്തും
സൃഷ്ടിവൈചിത്ര്യങ്ങളോര്‍ത്തോര്‍ത്തു നമ്മുടെ
ചിത്തം വിനീതമായ്ത്തീര്‍ന്നിടേണം
2
ചന്ദ്രന്റെ പൂനിലാപ്പാലുണ്ണും പക്ഷിയാ-
ണെന്നും ചകോരത്തിന്‍ കീര്‍ത്തിമുദ്ര!
പാമ്പിന്റെ കണ്ണുകള്‍ കൊത്തിപ്പറിക്കുന്ന
വമ്പനുമാണിവനെന്നു കേള്‍പ്പൂ!
എങ്ങുപാര്‍ക്കുന്നു നീ, ചേക്കിരിക്കുന്നു നിന്‍
ഭംഗിയാലാകൃഷ്ടരാണു ഞങ്ങള്‍!
കൂട്ടിന്നിണയില്ലേ? കൂട്ടുകാരായി നിന്‍
കൂട്ടില്‍ക്കുറുകും കിടാങ്ങളില്ലേ?
സുപ്രഭാതത്തിന്‍ വെളിച്ചത്തില്‍നീന്തുന്നൊ-
രദ്ഭുതരൂപനാം കൂട്ടുകാരാ,
നീ മറക്കാതെ വരണമേ നിത്യവും
ഭൂമിക്കു രോമാഞ്ചമേകുവാനായ്!