പുസ്തകം വായിക്കുവിന്‍, പുസ്തകം വായിക്കുവിന്‍,
നിസ്തുലജ്ഞാനത്തിന്റെ ശ്രീകോവില്‍ തുറക്കുവിന്‍!
അവിടെ പ്രവേശിച്ചു, നിത്യസത്യത്തിന്‍ മുമ്പില്‍
നവമാമുപാസന സാദരമര്‍പ്പിക്കുവിന്‍!
വായന, മനുഷ്യനു പൂര്‍ണ്ണതയേകീടുന്ന
വായന വെടിയൊല്ലേ,ബുദ്ധിമാന്മാരേ, നിങ്ങള്‍
ഓരോരോ സല്‍ഗ്രന്ഥവും, ശ്രേഷ്ഠമൊരാത്മാവിന്റെ
ജീവരക്തത്തെത്തന്നെ നമുക്കായ് സൂക്ഷിക്കുന്നു.
നാമതു പാരായണം ചെയ്യവേയതിന്‍ ചൂടും
ചൂരുമീ നമുക്കേതും നവമാമൊരുന്മേഷം!
ആശയപുഷ്പങ്ങളു,മാദര്‍ശഫലങ്ങളും
പേശലമവയുടെ താളുകള്‍ സമ്മാനിക്കും
വായിപ്പോന്‍ വളര്‍ന്നീടു,മെങ്കിലോ നിസ്സംശയം
വായനയില്ലാത്തവന്‍ വളയുമെന്നിങ്ങനെ
കുഞ്ഞുണ്ണിമാഷാം കവി ചൊല്ലിയ വചസ്സുകള്‍
നഞ്ഞല്ല, പരമാര്‍ത്ഥമാണെന്നു ധരിക്കുവിന്‍!
മുത്തച്ഛന്‍, പ്രിയമോടെ, തന്‍പേരക്കിടാങ്ങളെ
മുത്തമിട്ടടുപ്പിച്ചു നെഞ്ചോടു ചേര്‍ക്കുംപോലെ,
പുസ്തകങ്ങളെ മുദാ മാറോടു ചേര്‍ത്തീടുവിന്‍
ചിത്തങ്ങള്‍ വികസിക്കുവാനവ വായിക്കുവിന്‍.
പുസ്തകകീടങ്ങളായ് നിങ്ങളെത്തരംതാഴ്ത്തി
നിസ്ത്രപം പുച്ഛിക്കുന്ന ശത്രുക്കളെല്ലാവരും
നാളെ മസകം താഴ്ത്തും ശബളാഭമായിടും
കോമളശലഭങ്ങളായ് നിങ്ങള്‍ മാറീടവേ.
അദ്ഭുതതരസം ചേരും വിശ്വമാം മഹാഗ്രന്ഥം
നിത്യവും പഠിക്കണം നമ്മളാദരവോടെ
എങ്കിലുമതുമാത്രം പോരാ, സംഗ്രന്ഥങ്ങളില്‍
തങ്ങുന്ന വെളിപാടും കാണണം പഠിക്കണം.
പക്വമാനസരായി ജീവിതസമരത്തില്‍
ഉത്കൃഷ്ടമൂല്യങ്ങളെ കൈക്കൊള്ളാന്‍ വിജയിക്കാന്‍,
പുസ്തകം വായിക്കുവിന്‍, പുസ്തകം വായിക്കുവിന്‍
നിസ്തുലജ്ഞാനത്തിന്റെ ശ്രീകോവില്‍ തുറക്കുവിന്‍.