വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന രണ്ടു വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി. 90 വയസ്സുകാരനെ കടിച്ചുകൊന്നു. അന്യനാട്ടിലെങ്ങുമല്ല, ആരോഗ്യകേരളത്തില്‍ നടമാടുന്ന കാര്യങ്ങളാണിതൊക്കെ. അമേരിക്കയില്‍ ഒരു പട്ടി കുരച്ച് അയല്‍വാസിക്കു ശല്യമുണ്ടാക്കിയാല്‍ കേസെടുക്കും. നമുക്ക് പട്ടിയും പട്ടിയെ വളര്‍ത്തുന്നതും കുറ്റമല്ല. എല്ലാ നഷ്ടവും അയല്‍വാസി സഹിക്കണം.
എന്തുകൊണ്ടാണ് കേരളത്തില്‍ തെരുവുനായ്ക്കള്‍ ഇത്രമാത്രം ആക്രമണകാരികളാവുന്നത്? വൃത്തിയുണ്ടെന്നഭിമാനിക്കുന്ന മലയാളി, പട്ടണങ്ങളിലെ മെയിന്റോഡരികില്‍ പത്തു സെന്റ് സ്ഥലം വാങ്ങി അവിടെ വില്ല പണിത്, മുറ്റം ടൈലിട്ട് സ്വിമ്മിങ് പൂളും നിര്‍മിച്ച് തന്റെ വീട്ടിലെ മലിനജലം ഓടയിലേക്കോ തോട്ടിലേക്കോ ഒഴുക്കിവിടുന്നു. ഖരമാലിന്യം പ്ലാസ്റ്റിക്ബാഗിലാക്കി തെരുവോരത്തു കൊണ്ടുപോയി നിക്ഷേപിക്കുന്നു. ഇതു തിന്നാണ് നമ്മുടെ തെരുവുനായ്ക്കള്‍ ഇത്രയും കാലം ജീവിച്ചിരുന്നത്. നാട്ടുകാരും സര്‍ക്കാരും മാലിന്യനിക്ഷേപകരെ പിടികൂടാന്‍ തുടങ്ങിയതോടെ ഉള്‍പ്രദേശത്തോ, ആറ്റിലോ, തോട്ടിലോ, തോട്ടങ്ങളിലോ നിക്ഷേപിക്കാന്‍ തുടങ്ങി. നമ്മുടെ തെരുവുനായ്ക്കള്‍ പട്ടിണിയിലുമായി. അവ മനുഷ്യരെയും മൃഗങ്ങളെയും ആക്രമിച്ചു കൊന്നുതിന്നാനും തുടങ്ങി. അവയെ പിടിച്ച് വന്ധീകരിച്ച് തല്‍സ്ഥാനത്തുതന്നെ വിട്ടാല്‍ അവയുടെ വിശപ്പുമാറുമോ? വിദേശയിനം നല്ല നായ്ക്കളെ വളര്‍ത്തി, അവയ്ക്കു പ്രായവും രോഗവും ആകുമ്പോള്‍ റോഡിലിറക്കി വിടുന്നവരുടെ പേരില്‍ കേസെടുക്കണം. എല്ലാ നായ്ക്കളെയും രജിസ്റ്റര്‍ ചെയ്യുകയും അവയുടെ ഉടമസ്ഥന്റെ പേരു രേഖപ്പെടുത്തിയ ചിപ്പ് ഘടിപ്പിക്കുകയും വേണം.
ചെറിയവെള്ളച്ചാട്ടങ്ങളില്‍നിന്നും സൂര്യപ്രകാശം, കാറ്റ്, മാലിന്യങ്ങള്‍ എന്നിവയില്‍നിന്നും ഗുണമേന്മയുള്ള തുടര്‍ച്ചയായ വൈദ്യുതി, റബറൈസ്ഡ് റോഡ്, റബറൈസ്ഡ് തടയണ, പ്ലാസ്റ്റിക് തടയണ ഇവയുണ്ടാക്കി നാടിനെ മാലിന്യമുക്തവും സമ്പല്‍സമൃദ്ധവും ആക്കാമെന്നും മാലിന്യം ഒരു നിധിയാണെന്നും പറഞ്ഞ പുരോഹിതനെ ജയിലില്‍ പിടിച്ചിടുകയും മഹാരാഷ്ട്രയിലേക്കു നാടുകടത്തുകയും ചെയ്തു.
കുഴിയില്ലാത്ത നല്ല റോഡുകള്‍, നല്ല നടപ്പാത, ഓട, ഇരുപുറവും കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ് സാവധാനമൊഴുകുന്ന നല്ല ശുദ്ധജലമാര്‍ന്ന ആറും തോടും - ഇതായിരുന്നു ഫാദര്‍ വടക്കേമുറിയുടെ സ്വപ്നം. മനുഷ്യസ്‌നേഹിയായ പട്ടി നമ്മുടെ കുറ്റംകൊണ്ടാണ് ആക്രമണകാരിയായത്. മനുഷ്യക്കുട്ടികള്‍ക്കു പോഷകാഹാരം കൊടുക്കാന്‍ കഴിയാത്ത നമുക്ക് എങ്ങനെ തെരുവുനായ്ക്കളെ സംരക്ഷിക്കാന്‍ കഴിയും?
എം.കെ. സിറിയക് മറ്റത്തുമാനാല്‍ മരങ്ങാട്ടുപിള്ളി