•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

കാട്ടാത്തിപ്പാറ

നോഹരമായ പച്ചപ്പുല്‍മേടുകളും മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന മലനിരകളും പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകിയെത്തുന്ന പാലരുവികളും വെള്ളച്ചാട്ടവും തടാകങ്ങളുമൊക്കെ ഏവരുടെയും മനംകവരുന്ന പ്രകൃതിദൃശ്യങ്ങളാണ്. അതിനൊപ്പം പഴമക്കാര്‍ പറഞ്ഞുതന്ന ഒരു കഥകൂടി കേട്ടാലോ... മുത്തശ്ശിക്കഥകളെ സ്നേഹിക്കുന്ന ഏവര്‍ക്കുമതൊരു പുതുമയാകും. അങ്ങനെ കാഴ്ചകളുടെ വസന്തവും അനശ്വരപ്രണയത്തിന്റെ പഴങ്കഥയും കോര്‍ത്തിണക്കി നമ്മെ മാടി വിളിക്കുകയാണ് പത്തനംതിട്ട ജില്ലയിലെ കാട്ടാത്തിപ്പാറയെന്ന മനോഹരഭൂമി. പാറയായി മാറിയ കാട്ടാത്തിയെക്കുറിച്ചുള്ള പഴങ്കഥ
 പണ്ടുപണ്ട് ഈ വനത്തില്‍ ഒരു സുന്ദരിയായ ആദിവാസി പ്പെണ്ണ് ജീവിച്ചിരുന്നുവത്രേ. അവളൊരാളെ പ്രണയിച്ചിരുന്നു. എന്നാല്‍, പിന്നീട് തന്റെ കാമുകനെ നഷ്ടപ്പെട്ട അവള്‍ ഈ പാറയുടെ മുകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പഴമൊഴി. പ്രണയസാക്ഷാത്കാരത്തിനായി വനത്തിലെ ആചാരങ്ങള്‍ ധിക്കരിച്ച ആദിവാസിയുവതി ശാപംമൂലം കാട്ടാത്തിപ്പാറയായി മാറിയതാണെന്നും കഥകളുണ്ട്. കഥയെന്തായാലും യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് കൊക്കാത്തോട് കാട്ടാത്തിപ്പാറ ഒരു നല്ല അനുഭവം തന്നെയായിരിക്കും. 
കാട്ടാത്തിപ്പാറയുടെ കാഴ്ചകളിലേക്ക്
നഷ്ടപ്രണയത്തിന്റെ ഓര്‍മ്മകളും പേറി ഇന്നും കന്യകയായി നില്‍ക്കുകയാണ് ഇവിടെ കാട്ടാത്തിപ്പാറ. തന്റെ പ്രിയതമനു കാഴ്ച വയ്ക്കാന്‍ അവള്‍ ഒരുക്കി വച്ചിരിക്കുന്ന വിശേഷങ്ങളിലേക്കാണ് പ്രകൃതി നമ്മെ മാടി വിളിക്കുന്നത്. അച്ചന്‍കോവിലാറിന്റെ കുഞ്ഞോളങ്ങള്‍ തഴുകി വളര്‍ത്തിയ കൊക്കാത്തോട് എന്ന വനാന്തരഗ്രാമത്തിലാണ് കാട്ടാത്തിപ്പാറ സ്ഥിതിചെയ്യുന്നത്. കോന്നി വനം ഡിവിഷന്റെ ഭാഗമാണിവിടം. ഇന്ത്യ - ബര്‍മ യുദ്ധത്തില്‍ ഏര്‍പ്പെട്ട പട്ടാളക്കാര്‍ക്ക് കൃഷി ചെയ്യാന്‍ അന്നത്തെ സര്‍ക്കാര്‍ അനുവദിച്ചുനല്‍കിയ വനമേഖലയാണത്രേ കൊക്കാത്തോട്. വികസനപാതയില്‍ അനേകം നേട്ടങ്ങള്‍ കൊക്കാത്തോട് ഇതിനോടകം കൈവരിച്ചു. ഇക്കോ ടൂറിസം വികസനത്തിലും ഇവിടെ സ്ഥിതി ചെയ്യുന്ന കാട്ടാത്തിപ്പാറയ്ക്കുള്ള സ്ഥാനം വലുതാണ്. ജീര്‍ണാവസ്ഥയിലായ വന്‍മരങ്ങളും പക്ഷികളും കാട്ടരുവികളുമെല്ലാം ഇവിടേക്കുള്ള യാത്രയ്ക്കിടയിലെ നയനമനോഹരകാഴ്ചകളാണ്.
മല കയറാം യാത്ര തുടരാം
മലമ്പണ്ടാരവിഭാഗത്തില്‍പ്പെട്ട ആദിവാസികളുടെ ഊര് കടന്നു വേണം മല കയറാന്‍. വനത്തിലൂടെ പിന്നെയും നാലുകിലോ മീറ്റര്‍ ഉള്ളിലേക്കു നടക്കണം. കാട്ടുവള്ളികള്‍ കുടപിടിച്ച വനം, വിശാലമായ പുല്‍പ്പരപ്പ്, ഇടയ്ക്ക് ക്ഷീണമകറ്റാനായി നീരുറവയില്‍ മുഖം കഴുകി കാട്ടു പുല്ലുകളെ വകഞ്ഞുമാറ്റി മലകയറാം. കുത്തനേയുള്ള മലകയറുമ്പോള്‍ അങ്ങകലെ കിഴക്ക് തലയുയര്‍ത്തി നില്‍ക്കുന്ന അനേകം പാറകളും കാണാം. ഉളക്ക ചാണ്ടി, കൊതകുത്തി, പാപ്പിനി എന്നിങ്ങനെയാണ് ഈ പാറകളുടെ വിളിപ്പേരുകള്‍. യാത്രാമദ്ധ്യേ ചിലപ്പോള്‍ ആന, കാട്ടുപോത്ത്, കേഴ, മ്ലാവ്, കൂരന്‍, പന്നി എന്നിവയെയും കണ്ടേക്കാം. പ്രകൃതിസൗന്ദര്യം ആവോളം ആസ്വദിച്ച് അനേകം ചെറുകുന്നുകള്‍ കയറി മുകളിലെത്തുമ്പോള്‍ തലയുയര്‍ത്തി നില്‍ക്കുന്ന കാട്ടാത്തിപ്പാറ കാണാം. ചുറ്റും വലിയ പാറക്കൂട്ടങ്ങള്‍, താഴ്‌വരകള്‍, കാട്ടരുവികള്‍, മഞ്ഞുതുള്ളികള്‍ പേറിയെത്തുന്ന കുളിര്‍കാറ്റ് ഇവകൂടിയാകുമ്പോള്‍ കിലോമീറ്ററുകള്‍ നടന്നതിന്റെ ക്ഷീണമൊക്കെ പമ്പകടക്കും.
കാട്ടിനുള്ളിലെ കാട്ടാത്തിപ്പാറ
പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍നിന്ന് ഏകദേശം 20 കിലോമീറ്റര്‍ അകലെ കല്ലേലി റൂട്ടിലാണ് കാട്ടാത്തിപ്പാറ. അച്ചന്‍കോവില്‍വഴിയും കാട്ടാത്തിയിലെത്താം. ഞാവനാല്‍ ചെക്പോസ്റ്റിലെ പരിശോധനകള്‍ക്കു ശേഷമേ സ്വകാര്യവാഹനങ്ങള്‍ ഇവിടേക്കു കടത്തിവിടുകയുള്ളൂ. കോന്നി റിസര്‍വ് ഫോറസ്റ്റിനുള്ളിലാണിത്. ചെക്‌പോസ്റ്റ് കടന്ന് മുന്നോട്ടുചെല്ലുമ്പോള്‍ കൊക്കാത്തോട് പാലം കാണാം. പാലം കടന്ന് ഏകദേശം 8 കിലോമീറ്റര്‍ കഴിയുമ്പോഴാണ് കാട്ടാത്തി ബസ് സ്‌റ്റോപ്പ്. ഇവിടം ജനവാസമേഖലയാണ്. അവിടെനിന്ന് വലത്തേക്കുള്ള കയറ്റം കയറി വേണം പാറയിലെത്താന്‍. ഈ വഴി അല്പം ദുര്‍ഘടം പിടിച്ചതാണ്. കാട്ടാത്തി ആദിവാസി വനസംരക്ഷണസമിതി ഓഫീസിനു മുന്നില്‍ അവസാനിക്കുന്ന ഈ വഴിയിലൂടെ വീണ്ടും വനത്തിലേക്കു പ്രവേശിക്കാം.
സാഹസികരുടെ ഇഷ്ടദേശം
ഏതൊരു യാത്രയ്ക്കും ശ്രദ്ധ ആവശ്യമാണ്. അത് കാട്ടിലേക്കാകുമ്പോള്‍ അല്പം കരുതലും ഉണ്ടാകണം. സാഹസികയാത്ര ഇഷ്ടപ്പെടുന്നവരാണ് കാട്ടാത്തിപ്പാറയുടെ സന്ദര്‍ശകര്‍. ചെറിയ നടപ്പാതയിലൂടെയാണ് പാറയിലേക്കുള്ള യാത്ര. വനപാതയിലൂടെ രണ്ടര കിലോമീറ്ററോളം ചെല്ലുമ്പോള്‍ കാട്ടാത്തിപ്പാറയുടെ അടിവാരത്ത് എത്തും. വഴുക്കലിനോടൊപ്പം ചെറിയ പാറക്കഷണങ്ങളും മുകളിലേക്കുള്ള കയറ്റത്തിന്റെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. രക്തം കുടിക്കുന്ന കുളയട്ടകളുടെ ശല്യവും ഇവിടെയുണ്ട്. മഴയ്ക്കുമുമ്പ് കാട്ടില്‍നിന്ന് തിരിച്ചിറങ്ങണം. കാട്ടുമൃഗങ്ങളും മറ്റും ഉള്ളതിനാല്‍ വളരെ കരുതലോടെ വേണം യാത്ര. മഞ്ഞു വീണ് വഴി മറയുന്നതിനുമുമ്പ് തിരിച്ചിറങ്ങുന്നതാണ് നന്ന്. വനപ്രദേശമായതിനാല്‍ ഭക്ഷണവും വെള്ളവും കൈയില്‍ കരുതുന്നത് നന്നായിരിക്കും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)