ഗൗരവമായ ഒരു കേസുല്‍ഭവിച്ചാല്‍ ഉടന്‍ ഇറങ്ങുകയായി, ചാനലുകളും പോലീസ്ഓഫീസര്‍മാരും രാഷ്ട്രീയനേതാക്കളും. മന്ത്രിമാര്‍ വരെ പരസ്യവിചാരണയും വെളിപ്പെടുത്തലുമായി ഇറങ്ങുന്നു. ഇത് അസംബന്ധമാണ്.
രാഷ്ട്രീയമാനങ്ങളുള്ള കൊലപാതകക്കേസുകളില്‍ അന്വേഷണഘട്ടങ്ങളില്‍ എന്തെല്ലാം ക്രമരഹിതമായ വെളിപ്പെടുത്തലുകളാണ് നേതാക്കളും ചാനലുകാരും നടത്തുന്നത്!
ജാമ്യമില്ലാവകുപ്പുകളില്‍ പ്രതിയായിത്തീര്‍ന്നിരിക്കുന്നവരെ ചാനലുകളില്‍ വിളിച്ചിരുത്തി, പരസ്യവിചാരണ അവരെക്കൊണ്ടു തന്നെ നടത്തിക്കുന്നത് എത്ര വിചിത്രമാണ്! ഒരു കേസന്വേഷണ ഘട്ടത്തില്‍ പ്രതികളുടെയും സാക്ഷികളുടെയും മൊഴികള്‍ പരസ്യപ്പെടുത്തി, ഇനിയെന്ത് അടുത്ത നടപടി എന്നു മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ പത്രസമ്മേളനത്തില്‍ പറയുന്നത് എതു നിയമത്തിന്റെ പിന്‍ബലത്തിലാണ്?
ഇപ്പോള്‍ ഈ നാട്ടില്‍ കുറ്റാന്വേഷണരംഗത്തു കാട്ടിക്കൂട്ടുന്നതേറെയും തെറ്റാണ്. കേസന്വേഷണകാലത്ത് നടന്നു കൂടാത്ത ഒട്ടനവധി നാടകങ്ങള്‍ ഇപ്പോള്‍ അരങ്ങേറുന്നു. പ്രതികളെ പിടിച്ചിരുത്തി, പത്രസമ്മേളനങ്ങള്‍ നടത്താനും കുറ്റകൃത്യത്തിലെ സംഭവവിവരണം നടത്താനും എന്തു കാര്യം? കുറ്റാരോപിതരുടെ പിറകേ ചാനലുകാര്‍ ക്യാമറയുയര്‍ത്തി ഓടുന്നതും തെറ്റുതന്നെ. ഇതെല്ലാം തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതിയുടെ നിരീക്ഷണങ്ങളും നിര്‍ദ്ദേശവും ഒരു വഴിത്തിരിവാണ്. പൊതുജനങ്ങള്‍ക്ക് ഇതു വളരെ ആശ്വാസപ്രദമാണ്. ഹൈക്കോടതിയെ നമിക്കുന്നു.
കേസു കളിക്കാന്‍ മാത്രം
അടുത്തകാലത്തായി കേരളത്തില്‍ തുമ്മുന്നതിനും ചീറ്റുന്നതിനും കേസിനു പോവുക എന്നൊരു പ്രവണത വളര്‍ന്നിരിക്കുന്നു.
കേസുകളുടെ പ്രളയംകൊണ്ടു കോടതികള്‍ വീര്‍പ്പുമുട്ടുകയാണ്. പഴയകാലനിയമത്തില്‍ വരാത്ത അനേക കാര്യങ്ങള്‍ക്കു കോടതിയും കേസും എന്ന നിലവന്നിരിക്കുന്നു. ക്ഷമ കൊണ്ടും വിട്ടുവീഴ്ചകൊണ്ടും അനുരഞ്ജനംകൊണ്ടും മധ്യസ്ഥതകൊണ്ടും, കോടതികളില്‍ പോകാതെ പരിഹരിക്കാവുന്ന അനേകം തര്‍ക്കങ്ങള്‍ക്ക്, ഇപ്പോള്‍ മനുഷ്യര്‍ കോടതി കയറുകയാണ്.
ജനാധിപത്യസംവിധാനത്തില്‍ ഇത്തരം അനുരഞ്ജനമാര്‍ഗങ്ങള്‍ അവലംബിക്കാതെ സര്‍ക്കാരും മന്ത്രിമാരും പ്രതിപക്ഷ നേതാവും ജനപ്രതിനിധികളും കോടതി കയറുന്ന ലജ്ജാകരമായ അവസ്ഥയാണിപ്പോള്‍.
അതിനും പുറമേയാണു വിവിധ മതവിശ്വാസങ്ങളും മതാചാരങ്ങളും കോടതികളിലെ തര്‍ക്കവിഷയങ്ങളായി മാറ്റുന്നത്! ക്ഷേത്രങ്ങളിലെ പൂജാവിഷയങ്ങളും പള്ളികളിലെ കൂദാശകളും കോടതികളുടെ പരിഗണനയ്ക്കു വിട്ടാല്‍ ആര്‍ക്കു രമ്യമായി പരിഹരിക്കാനാവും? ഇതിനൊരു മാറ്റം വരാന്‍ സമയമായി.
വലിയ നിയമപ്രശ്‌നമില്ലാത്ത സാധാരണ കാര്യങ്ങള്‍ കോടതിക്കു പുറത്തു വച്ചേ ധാരണയില്‍ തീര്‍ക്കാനുള്ള സന്മനസ് പൗരന്മാരും പ്രസ്ഥാനങ്ങളും സര്‍ക്കാരുമൊക്കെ കാണിക്കണം. ഒരു മതവിഭാഗവും മതവിശ്വാസം സംബന്ധിച്ചു കേസുമായി കോടതി കയറാന്‍ പാടില്ല. എന്തും കോടതിയില്‍ തീരുമാനിക്കപ്പെടട്ടെ എന്ന നിലപാടു വിനാശകരമാണ്. കേസുകളിച്ച് ആരും ജയിക്കുന്നില്ല. കേസുകളില്‍ വാദികളും പ്രതികളും കക്ഷികളും തോല്‍ക്കുന്നതേയുള്ളൂ.