നനഞ്ഞുകിടക്കുന്ന പച്ചപ്പുല്ലിന്റെ മേലതിര് കാലറ്റത്തു തട്ടിയപ്പോള്‍ വര്‍ക്കിച്ചന് ഒന്നു കുളിര്‍ന്നു.
ആദ്യസംഗമത്തില്‍ത്തന്നെ വിവശയായ മണവാട്ടിയെപ്പോലെ ഉടയോന്റെ പാദസ്പര്‍ശത്താല്‍ മണ്ണും തളിര്‍ത്തുലഞ്ഞു.
''അപ്പന്‍ സ്വപ്നം കണ്ട് നിക്കാണ്ട് നടക്കപ്പാ, അളക്കല് രണ്ടുമണിക്കു മുന്നം തീര്‍ന്നാലേ സര്‍വ്വേയര്‍ക്ക് സ്‌കെച്ചെടുക്കാന്‍ പറ്റൂ.'' ജിന്‍സണ്‍ ഒച്ചയുയര്‍ത്തി.
ഒരല്പം അങ്കലാപ്പോടെ വര്‍ക്കിച്ചന്‍ പറമ്പിനതിരിലേക്കു നീളനെ നോക്കി. കഴിഞ്ഞ അമ്പതുവര്‍ഷം തന്റെ കാല്‍ച്ചൂടേറ്റ മണ്ണ്. പിള്ളക്കച്ചപോലെ പുല്ലും പാറയും മാത്രം പൊതിഞ്ഞുകിടന്നിരുന്ന മണ്ണിപ്പോ കാനാന്‍ദേശമായിരിക്കുന്നു.
ഇതിനെ അറുത്തുമുറിച്ച് രണ്ടാണ്‍ മക്കള്‍ക്കു കൊടുക്കണം. താന്‍ വേലയെടുത്തപോലെ അവര് വേലയെടുക്കുമോ? വേലയെടുത്തില്ലേല്‍ പെണ്ണു പെണങ്ങുംപോലെ മണ്ണും പെണങ്ങും.
അതീ പോത്തന്‍മാര്‍ക്കറിയ്യോ? ഇനി കൊറോണെയെങ്ങാനും വന്ന് അപ്പനു വല്ലോം പറ്റ്യെങ്കി ജിന്‍സനും ജെയിസനും തമ്മില്‍ സ്വത്തുതര്‍ക്കമുണ്ടാവരുത് എന്നുള്ള മൂത്തമോടെ അഭിപ്രായം പാലായീന്നു വന്നപ്പഴാ വര്‍ക്കിച്ചനും ഭൂമി വീതം വച്ചേക്കാമെന്നു തോന്നീത്.
''മൊതലാളി വല്യ ആലോചനേലാണല്ലോ?''
സര്‍വ്വേയര്‍ക്ക് പൊറകിലായി തരിപ്പിട്ടു നടന്ന സ്ഥിരം പണിക്കാരന്‍ മത്തായി ഒന്നാഞ്ഞു നടന്ന് വര്‍ക്കിച്ചന്റെ ഒപ്പമെത്തി.
''സ്ഥലോളക്കലിന്റന്ന് എല്ലാ കാര്‍ന്നോന്‍മാര്‍ക്കും ഇങ്ങനൊരാന്തല്ണ്ടാവും മൊതലാളീ... കാര്യാക്കണ്ട, ഇനീപ്പ രണ്ടാണ്‍മക്കള് നോക്കട്ടെന്നെ..''
മത്തായി കുപ്പിയുടെ മൂടി തുറന്നൊന്ന് വായ്ക്കുള്ളിലേക്കു കമിഴ്ത്തി.വീണ്ടും മുട്ടറ്റം നീണ്ടുകിടക്കണ നിക്കറിലേക്കു കുപ്പി നിക്ഷേപിച്ച് ചിറി തുടച്ചോണ്ടു പറഞ്ഞു:
''മൊതലാളി വെഷമിക്കണ്ട.
മൊതല് മക്കള് കൊണ്ടോയാലും
ഈ മത്തായി മൊതലാളിയെ
വിട്ടുപോകൂല്ല.''
വര്‍ക്കിച്ചന്‍ മുന്നേ നടന്ന് തോട്ടരികിലുള്ള ശീമപ്ലാവിന്റരികിലെത്തി. ചക്കയ്ക്ക് തൊട്ടുകൂട്ടാനായിട്ടെന്ന പോലെ കാന്താരിച്ചെടികള്‍ കൂട്ടത്തോടെ തലയുയര്‍ത്തി നില്ക്കുന്നു...
''മത്തായ് യ്യേ ....
ഈ വരിക്കപ്ലാവ് ഞാനും തെര്‍ത്ത്യേം കൂടെ നട്ടതാ... ഇത്‌പോല്‍ത്തെ ഒരെണ്ണം ഈ മലബാറില് കിട്ടൂല. ഈ പറമ്പിലാ ഇളയവന്റെ കണ്ണ്. അവനു കൊടുത്താ പിന്നെ ഈ ഡിസംബറില് ചക്ക വിരീക്കാന്‍ എവളുണ്ടാവൂല. അവന്റെ പെരപണിയ്ക്ക് ഇവളെ വെട്ടും.''
അയാള്‍ നടന്ന് മണിനെല്ലൂരിന്റതിരാകാശത്തിലെത്തി.
വര്‍ക്കിച്ചന്‍ കണ്ണും നീട്ടി മണ്ണിനേം മരങ്ങളേം പാറക്കെട്ടുകളും തോട്ടിറമ്പിനേം നോക്കി.
മണ്ണില്‍ പണീം കഴിഞ്ഞ് തോട്ടിലിറങ്ങി കയ്യും മേലും കഴുകി താനും തെര്‍ത്ത്യേം കൂടി ചൂടാറിയ പാറക്കെട്ടില് ആകാശം കണ്ട് കിടക്കുന്നതയാള്‍ ഓര്‍ത്തു. മൂത്തവനു കൊടുത്താ അത് ക്വാറിക്കാര് കൊണ്ടോവും. അയാള്‍ക്ക് നെഞ്ചു പിടച്ചു.
വര്‍ക്കിച്ചന്‍ ഒരിക്കല്‍ക്കൂടി പാറക്കെട്ടിലിരുന്നു.
മണവാട്ടിയെയെന്നപോലെ മണ്ണിനെ നോക്കി. എന്റെ കാനാന്‍ ദേശം, എന്റെ വിശുദ്ധസ്ഥലം. എന്റെ മണ്ണ്, എന്റെ ശരീരം, എന്റെ വിയര്‍പ്പ്, എന്റെ വിളക്ക്, എന്റെ മുന്തിരിത്തോപ്പ്, കാവല്‍ക്കാരന്‍ ഒരാളു മതി.
''സര്‍വ്വേയറേ.. അളക്കലിപ്പോ വേണ്ട. ഈ നെലോന്നു പറയണത് ജീവനുള്ള ശരീരാ... ഇതു മുറിച്ചാ മണ്ണ് നെലോളിക്കും. അതിര്‍ത്തി ഇല്ലാത്ത ഭൂപടംപോലെ എന്റെ നെലം മുറിഞ്ഞുകെടക്കണത് എനിക്കു കാണാമ്പറ്റൂല.. അതോണ്ട് സര്‍വ്വേയറ് പോയാട്ടെ..''
അന്തംവിട്ടു നില്‍ക്കുന്ന സര്‍വ്വേയറേം തരിപ്പിട്ടു നില്‍ക്കുന്ന മത്തായിയേം പിന്നിലാക്കി വര്‍ക്കിച്ചന്‍ ഇറയത്തു നോക്കിനില്ക്കുന്ന ''തെര്‍ത്ത്യേടെ'' അടുത്തേക്കു നടന്നു