പാലാ: പാലാ രൂപതാംഗങ്ങളായ പ്രവാസികളുടെ ഏകോപനത്തിനും ഉന്നമനത്തിനുമായി പാലാ രൂപത കേന്ദ്രത്തില്‍ പുതിയ പ്രവാസികാര്യാലയം തുറന്നു.
പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ച യോഗത്തില്‍ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, വികാരി ജനറാള്‍മാരായ മോണ്‍. അബ്രഹാം കൊല്ലിത്താനത്തുമലയില്‍, മോണ്‍. ജോസഫ് തടത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രവാസികളുടെ കോ ഓര്‍ഡിനേറ്ററായി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറവും അസിസ്റ്റന്റ് കോഓര്‍ഡിനേറ്ററായി ഫാ. സിറില്‍ തയ്യിലും നിയമിതനായി.
കേരളത്തിനും ഇന്ത്യയ്ക്കും വെളിയിലുള്ള പ്രവാസികള്‍ തങ്ങളുടെ കുടുംബങ്ങള്‍ക്കു മാത്രമല്ല, മാതൃരാജ്യത്തിനും സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ച വയ്ക്കുന്നതെന്ന് ബിഷപ് അനുസ്മരിച്ചു. സാമൂഹികക്ഷേമപ്രവര്‍ത്തനങ്ങളില്‍ എന്നും സജീവമായി പ്രവര്‍ത്തിക്കുന്ന പ്രവാസികള്‍ ലോകം മുഴുവനും ബാധിച്ചിരിക്കുന്ന കോവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ ഏറെ ക്ലേശങ്ങള്‍ അനുഭവിക്കുന്നുണ്ട്. വിദേശങ്ങളിലുള്ളവരും നാട്ടില്‍ അവരുടെ കുടുംബാംഗങ്ങളും വ്യത്യസ്തമായ പ്രതിസന്ധികളെ നേരിടുമ്പോള്‍ സാധ്യമായ സഹായസഹകരണങ്ങള്‍ രൂപതയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് ബിഷപ് പറഞ്ഞു.