•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ലാളിത്യം കൈമുതലാക്കിയ കര്‍മയോഗി

ലാളിത്യം കൈമുതലാക്കിയ ഒരു കര്‍മ്മയോഗിയായിരുന്നു ഒക്‌ടോബര്‍ 30 ന് നമ്മെ വിട്ടുപിരിഞ്ഞ ജോസഫ് ജെ. കക്കാട്ടില്‍ എന്ന ചെറുപുഷ്പം കൊച്ചേട്ടന്‍. ചെറുപുഷ്പം ഫിലിംസിന്റെ ഉടമയും പാലായിലെ ആദ്യകാലവ്യാപാരിയുമായിരുന്ന അദ്ദേഹം കൈവച്ച മേഖലകളിലെല്ലാം വിജയക്കൊടി പാറിച്ചു. 
1975 ല്‍ പുറത്തിറങ്ങിയ 'അനാവരണ'മാണ് ചെറുപുഷ്പം ഫിലിംസിന്റെ ആദ്യമലയാളചിത്രം. പ്രഥമചിത്രം വലിയ വിജയം സമ്മാനിച്ചില്ല. പിന്നീട് സിനിമാമേഖലയില്‍നിന്ന് അല്പകാലം വിട്ടുനിന്നെങ്കിലും, യാദൃച്ഛികമായി തന്റെ വീട്ടിലെത്തിയ സംഗീതസംവിധായകന്‍ ദേവരാജന്‍മാസ്റ്ററുടെയും മാധുരിയുടെയും പ്രോത്സാഹനത്താല്‍ വീണ്ടും സിനിമാലോകത്തു തിരിച്ചെത്തി. 1977 ല്‍ ശ്രീദേവി, മധു എന്നിവര്‍ നായികാനായകന്മാരായ 'ആ നിമിഷ'ത്തിന്റെ വിജയത്തെത്തുടര്‍ന്ന് അദ്ദേഹം സിനിമാരംഗത്തു ചുവടുറപ്പിച്ചു. 
നിദ്ര, വീട്, ഹിമവാഹിനി, മൗനനൊമ്പരം, ഇതിലേ ഇനിയും വരൂ, അനുരാഗി, പാവം പാവം രാജകുമാരന്‍ തുടങ്ങി അനേകം ഹിറ്റുകള്‍ അദ്ദേഹം മലയാളസിനിമയ്ക്കു സമ്മാനിച്ചു. കമലഹാസന്‍, മധു, ഷീല, സീമ എന്നീ താരങ്ങളെ അണിനിരത്തി 1978 ല്‍ നിര്‍മ്മിച്ച 'ഈറ്റ'യുടെ വന്‍വിജയത്തോടെ മലയാളസിനിമയിലെ നിറസാന്നിദ്ധ്യമായി ചെറുപുഷ്പം ഫിലിംസും നിര്‍മ്മാതാവ് കൊച്ചേട്ടനും.  തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലായി ചെറുപുഷ്പം ഫിലിംസ് 23 സിനിമകള്‍ തിയേറ്റില്‍ എത്തിച്ചു. അന്നുവരെയുള്ള ഏറ്റവും ചെലവേറിയ സിനിമ 'ദുബായ്' ഏറ്റെടുക്കാന്‍ പല വിതരണക്കാരും മടിച്ചപ്പോള്‍ സധൈര്യം അത് തിയേറ്ററില്‍ എത്തിച്ചത് ചെറുപുഷ്പമായിരുന്നു. യുണൈറ്റഡ് ഫിലിം ഓര്‍ഗനൈസേഷന്‍ (യു.എഫ്.ഒ.) എന്ന സാറ്റലൈറ്റ് സിനിമ റിലീസ് ആദ്യമായി കേരളത്തില്‍ നടപ്പിലാക്കിയതും ചെറുപുഷ്പം ഫിലിംസാണ്. കൊച്ചി ഉദയം പേരൂരില്‍ അഞ്ചേക്കറിലുള്ള ചെറുപുഷ്പം സ്റ്റുഡിയോ അടുത്തകാലംവരെ സിനിമാകേന്ദ്രമായിരുന്നു.
സിനിമയുടെ പാലായിലെ കേന്ദ്രമായാണ് കൊച്ചേട്ടന്റെ പുലിയന്നൂരിലുള്ള വീട് അറിയപ്പെട്ടിരുന്നത്. അക്കാലത്ത് പ്രദേശത്തെ ഏറ്റവും വലിയ വീടായിരുന്നു ഇത്. ഈ വീട്ടിലാണ് ചിത്രീകരണകാലത്ത് സിനിമാ പ്രവര്‍ത്തകരും നടീനടന്മാരും താമസിച്ചിരുന്നത്. നിരവധി സിനിമകളിലും കക്കാട്ടില്‍ വീട് ലൊക്കേഷനായി.
പാലാ ചെറുപുഷ്പം ട്രസ്റ്റ് ഹോസ്പിറ്റല്‍, ചെറുപുഷ്പം ടെക്‌സ്റ്റൈല്‍സ്, ചെറുപുഷ്പം ഡിപ്പോ എന്നീ സ്ഥാപനങ്ങളുടെ ഉടമയായിരുന്നു ചെറുപുഷ്പം കൊച്ചേട്ടന്‍. ദീപനാളത്തിന്റെ സുഹൃത്തും അഭ്യുദയകാംക്ഷിയുമായിരുന്ന കൊച്ചേട്ടന് ദീപനാളം കുടുംബാംഗങ്ങളുടെ സ്മരണാഞ്ജലി!
 -  ജോയി മുത്തോലി

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)