•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

മനഃസാക്ഷി ഉണര്‍ന്നപ്പോള്‍


കോടതിവരാന്തയിലെ തൂണില്‍ ചാരിനിന്നുകൊണ്ട് മൊബൈല്‍ ഫോണില്‍ പരതുകയായിരുന്നു മാത്തച്ചന്‍. സമയം പത്തരയോടടുക്കുന്നതേയുള്ളു. കോടതി തുടങ്ങാന്‍ ഇനിയും സമയമെടുക്കും. കക്ഷികള്‍ ഒറ്റയ്ക്കും കൂട്ടായും വന്നുകൊണ്ടിരിക്കുന്നു. വാദികളും പ്രതികളും. പിന്നെ വക്കീലുമാരും അവരുടെ ഗുമസ്തന്മാരും.                                         
''മാത്തച്ചാ....!''                                                                        
ആരോ വിളിച്ചതുപോലെ. ചുറ്റിലും നോക്കി. ആരെയും കണ്ടില്ല. ശ്രദ്ധ പിന്നെയും ഫോണിലേക്കു തിരിഞ്ഞു.                      
'എടാ മാത്തച്ചാ....!'                                                                  
വീണ്ടും അതേ സ്വരം. ആരെയും കാണുന്നുമില്ല.                    
'ആരാ....?'                                                                         
'ഞാനാ...! നിന്റെ മനഃസാക്ഷി...! നിന്റെ കേസ് വിളിക്കുന്നതിനുമുമ്പ് എന്റെ വക ഒരു വിചാരണ. വിരോധമില്ലല്ലോ....?'                                                                
'ഇല്ല...!'                                                                                   
'എങ്കില്‍, ദാ ആ തുറന്നുകിടക്കുന്ന ജാലകത്തിലൂടെ  സ്ത്രീകളുടെ കാത്തിരിപ്പുമുറിയിലേക്ക് ഒന്നു നോക്കിയാട്ടെ. ആ ബെഞ്ചില്‍ ഇടത്തുനിന്ന് മൂന്നാമതിരിക്കുന്ന സ്ത്രീയെ കണ്ടോ? ദീനത തളം കെട്ടിക്കിടക്കുന്ന നിര്‍ജ്ജീവമായ ആ നയനങ്ങള്‍ ഇമ വെട്ടാതെ തറഞ്ഞുനില്ക്കുന്നത് നിന്റെ മുഖത്താണ്. ശ്രദ്ധിച്ചോ...?'                                                        
'കണ്ടു....!'                                                                              
'അതാരാ....?'                                                                         
മാത്തച്ചന്‍ ഉത്തരം പറഞ്ഞില്ല.                                             
'പറയാന്‍ ബുദ്ധിമുട്ടുണ്ടല്ലേ...? ഞാന്‍ പറയാം. അത് മോളി. പതിന്നാലു മാസങ്ങള്‍ക്കുമുമ്പ് നിന്റെ കാലില്‍ വീണ്  കെട്ടിപ്പിടിച്ചു കരഞ്ഞിട്ടും ചെവിക്കൊള്ളാതെ നിന്റെ വീട്ടില്‍നിന്ന് നീ ചവിട്ടിപ്പുറത്താക്കിയ നിന്റെ ഭാര്യ...! പന്ത്രണ്ടും പത്തും വീതം പ്രായമുള്ള നിന്റെ മോളോടും മോനോടും നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ യാത്രപറഞ്ഞിറങ്ങിപ്പോയ നിന്റെ സ്വന്തം ഭാര്യ...! നൊന്തു പ്രസവിച്ച് പാലൂട്ടി വളര്‍ത്തിയെടുത്ത സ്വന്തം മക്കളെ ഒന്നുകാണാന്‍പോലും അതില്‍പിന്നെ നീ അവളെ അനുവദിച്ചിട്ടില്ല. അമ്മയെ കാണാന്‍ കൊതിപറഞ്ഞ അവരെ നീ വടിയെടുത്ത് നിശ്ശബ്ദരാക്കി. സ്വന്തമെന്നു പറയാന്‍ അവശേഷിച്ചിട്ടുള്ള ഒരേയൊരു സഹോദരന്റെ വീട്ടില്‍ അടുത്ത് അവള്‍ അഭയം തേടിയെന്ന് അന്വേഷിച്ചറിഞ്ഞ നീ ഇല്ലാത്ത കാരണങ്ങള്‍ നിരത്തി വിവാഹമോചനത്തിനു കേസു കൊടുത്തു.
'നീ ഓര്‍മ്മിക്കുന്നോ മാത്തച്ചാ, പതിനാറു വര്‍ഷംമുമ്പ് ഇടവകപ്പള്ളിയിലെ അള്‍ത്താരയുടെ മുമ്പില്‍നിന്ന് അവളോടൊപ്പം വിശുദ്ധ ബൈബിളില്‍ കൈവച്ച് നീ ചെയ്ത വാഗ്ദാനം? പിന്നീട് ഭാവിയെക്കുറിച്ച് മനംനിറയെ നെയ്തുകൂട്ടിയ ഒത്തിരിയൊത്തിരി കിനാക്കളുമായി നിന്റെ പിന്നാലെ നിന്റെ വീട്ടിലേക്കു വലതുകാല്‍കുത്തി കയറിവന്നവളാണവള്‍. അന്നൊക്കെ നിന്റെ ജീവിതത്തിലെ ഇരുണ്ട നാളുകളില്‍ വെള്ളിവെളിച്ചം വീശിയ പാല്‍ച്ചന്ദ്രികയായി പ്രകാശിച്ചവള്‍! നിനക്കു ജോലി കിട്ടാനും ഇന്നുവരെയുള്ള നിന്റെ ഉന്നമനത്തിന്റെ പടവുകള്‍ പടിപടിയായി ചവിട്ടിക്കയറാനും ശക്തമായ കൈത്താങ്ങു തന്നവള്‍. നിനക്ക് മക്കളെ പ്രസവിച്ച് വളര്‍ത്തിത്തന്ന നിശ്ശബ്ദസഹനത്തിന്റെ വെണ്‍മലരായവള്‍! നീയും മക്കളും ഉണരുന്നതിനുമുമ്പേ ഉറക്കമുണര്‍ന്നവള്‍. നിങ്ങള്‍ കിടന്നതിനുശേഷംമാത്രം ഉറങ്ങാന്‍ കിടന്നവള്‍! നിങ്ങള്‍ മൂവര്‍ക്കും പ്രഭാതഭക്ഷണവും പാഴ്‌സലാക്കിയ ഉച്ചയൂണും തന്ന് യാത്രയാക്കാതെ സ്വന്തം വിശപ്പിന്റെ കാര്യം ചിന്തിച്ചിട്ടില്ലാത്ത നിസ്വാര്‍ത്ഥതയുടെ ആള്‍രൂപമായവള്‍! പിന്നെ പശുവും തൊഴുത്തും പാത്രം കഴുകലും അടിച്ചുവാരലും അലക്കും കുളിയും ഒക്കെയായി നിങ്ങള്‍ തിരിച്ചെത്തിയാലും തീരാത്ത ജോലികളില്‍ സന്തോഷം കണ്ടവള്‍. നിങ്ങളുടെ വൈകുന്നേരങ്ങള്‍ അകത്തും പുറത്തുമുള്ള നേരമ്പോക്കുകളിലൂടെ കടന്നുപോകുമ്പോഴും ക്ഷീണിതയായിട്ടും ക്ഷീണമറിയിക്കാതെ നിങ്ങള്‍ക്കുവേണ്ടി ഓരോരോ ജോലികളില്‍ മുഴുകിക്കഴിഞ്ഞ ശമ്പളമില്ലാത്ത അപൂര്‍വം ചില ജോലിക്കാരിലൊരുവള്‍! നിനക്ക് ഒരു ജലദോഷം വന്നാല്‍ ആവി വലിപ്പിക്കാനും ചുക്കുകാപ്പി കുടിപ്പിക്കാനും പിന്നാലെ നടന്നവള്‍!                                              
നീ കുളിമുറിയില്‍ തെന്നിവീണ് കാലിന്റെ അസ്ഥി പൊട്ടി പ്ലാസ്റ്ററിട്ട് കിടന്നില്ലേ ആഴ്ചകളോളം? അന്നൊക്കെ വിഷാദം അലതല്ലുന്ന മുഖഭാവത്തോടെ ഉണ്ണാതെ, ഉറങ്ങാതെ നിനക്കു കാവലിരുന്ന മാലാഖയല്ലേ അവള്‍? നിന്റെ തല ഉയര്‍ത്തിവച്ച് നേരാനേരങ്ങളില്‍ നിനക്ക് ഭക്ഷണപാനീയങ്ങളും മരുന്നും എടുത്തുതന്നതും നിന്റെ മലമൂത്രങ്ങള്‍ എടുത്തുമാറ്റി നിന്നെ വൃത്തിയാക്കിയതും സര്‍വംസഹയായ നിന്റെ ആ ജീവിതപങ്കാളിയായിരുന്നില്ലേ?                                              
ഒരുദിവസം നിനക്ക് ഉച്ചഭക്ഷണം പാഴ്‌സലാക്കാന്‍ തിരക്കുമൂലം അല്പം വൈകിപ്പോയതിന്റെ പേരില്‍ നീ കോപിച്ച് ഭക്ഷണം കൂടാതെ ഇറങ്ങിപ്പോയത് ഓര്‍ക്കുന്നോ? അവള്‍ ക്ഷമ ചോദിച്ചും കരഞ്ഞുനിലവിളിച്ചും നിന്റെ പിന്നാലെ പൊതിച്ചോറുമായി ഓടിവന്നു. നീ തിരിഞ്ഞുപോലും നോക്കിയില്ല. ഉച്ചയ്ക്ക് നീ കൂട്ടുകാരോടൊപ്പം ബാര്‍ഹോട്ടലില്‍ പോയി വിഭവസമൃദ്ധമായി ആഘോഷിച്ചു. പശ്ചാത്താപവിവശയായ അവള്‍ പച്ചവെള്ളംപോലും കഴിക്കാതെ നിന്നെ കാത്തിരിക്കുകയായിരുന്നു എന്ന് നീ പിന്നീടറിഞ്ഞു. എന്നിട്ടും ഒരാശ്വാസവാക്കുപോലും പറയാന്‍ നിനക്കു തോന്നിയില്ല.    
നീ ഓഫീസിലെ കൂട്ടുകാരോടൊത്ത് മൂന്നുദിവസം ദീര്‍ഘിച്ച വിനോദയാത്ര കഴിഞ്ഞു തിരിച്ചെത്തുമ്പോള്‍ അവള്‍ അങ്ങേവീട്ടിലെ അന്തപ്പായിയോട് എന്തോ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നത് നീ കണ്ടു. അതല്ലേ നിന്നെ ചൊടിപ്പിച്ചത്? അന്ന് സാത്താന്‍ സംശയത്തിന്റെ രൂപത്തില്‍ നിന്നില്‍ വാസമുറപ്പിച്ചു. കുറ്റങ്ങളും കുറവുകളും മാത്രം എടുത്തുപറഞ്ഞ് നീ അവളെ പീഡിപ്പിച്ചു. തിരിച്ചൊന്നും പറയാതെ നിറകണ്ണുകളോടെ ഏകാന്തതയിലിരുന്ന്  ഏങ്ങിക്കരയാനേ ആ പാവത്തിന് അറിയാമായിരുന്നുള്ളു. പക്ഷേ, മാത്തച്ചാ, നിന്റെ മനഃസാക്ഷി പറയുന്നു, അവള്‍ വിശ്വസ്തയാണ്. നിന്നെ മാത്രം സ്‌നേഹിക്കുന്ന, നിനക്കുവേണ്ടി മാത്രം ജീവിക്കുന്ന അവള്‍ നിന്റെ മാത്രം ഭാര്യയാണിന്നും. മറക്കരുത്.                                  
ആ കേസിന്റെ വിചാരണയാണിന്ന്. ശുദ്ധയും വിശ്വസ്തയുമായ നിന്റെ ജീവിതപങ്കാളി അകാരണമായി ഏറ്റുവാങ്ങിയ ആത്മനൊമ്പരങ്ങളെ നെഞ്ചോടു ചേര്‍ത്തുവച്ച് ഇത്രയും നാള്‍ ജീവിച്ചതിന് നീ മാത്രമാണ് ഉത്തരവാദി. കുറ്റക്കാരനും നീതന്നെ. ദൈവത്തിന്റെ കോടതിയില്‍ ഒരു വിചാരണ വരാനുണ്ടെന്നു മറക്കരുത്. അവിടെനിന്നുണ്ടാകുന്ന വിധിയുടെ ആളിപ്പടരുന്ന തീജ്വാലകളില്‍ നീ കത്തിയെരിഞ്ഞ് ഭസ്മമായി മാറാതിരിക്കേണ്ടതിന് ദൈവം യോജിപ്പിച്ചതിനെ നീ വേര്‍പെടുത്തരുത്. ഈ കേസ് നീ പിന്‍വലിക്കുക. കടലോളം കദനമിരമ്പുന്ന കണ്ണുകളുമായി ആ ജനാലയിലൂടെ ദീനദീനം നിന്നെത്തന്നെ നോക്കിയിരിക്കുന്ന നിന്റെ ഭാര്യയെ പുറത്തേക്കു വിളിച്ച് സന്തോഷത്തോടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോവുക. അമ്മയെ കാണാന്‍ കൊതിയോടെ കാത്തിരിക്കുന്ന നിന്റെ മക്കള്‍ക്ക് ഇതിനേക്കാള്‍ വലിയ ഒരു സമ്മാനം കൊടുക്കാന്‍ ഈ ജന്മത്ത് നിനക്കാവില്ല.                                                               
'മനഃസാക്ഷിയുടെ സ്വരം' കേട്ട മാത്തച്ചന്‍ ജാള്യം വകവയ്ക്കാതെ കുറ്റബോധത്തോടെ ജനാലയ്ക്കരികിലേക്കു നടന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)