•  2 May 2024
  •  ദീപം 57
  •  നാളം 8
പാട്ടിന്റെ പാലാഴി

സംഗീതാചാര്യന്മാര്‍

പട്ടണം സുബ്രഹ്മണ്യയ്യര്‍  

കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ജീവിച്ചിരുന്ന സുപ്രസിദ്ധഗായകനും സംഗീതത്രിമൂര്‍ത്തികളുടെ കാലത്തിനുശേഷമുണ്ടായ വാഗ്ഗേയകാരന്മാരില്‍ അഗ്രേസരനുമായിരുന്നു പട്ടണം സുബ്രഹ്മണ്യയ്യര്‍. ഇദ്ദേഹം മാനമ്പുചാവടി വെങ്കടസുബ്ബയ്യരുടെ ശിഷ്യനായിരുന്നു. മഹാവൈദ്യനാഥയ്യരുടെ സമകാലികനായിരുന്നു. ഭാരതം വൈദ്യനാഥയ്യരായിരുന്നു ഇദ്ദേഹത്തിന്റെ പിതാവ്. അമ്മാവനായിരുന്ന മേലാറ്റൂര്‍ ഗണപതിശാസ്ത്രിയില്‍നിന്ന് സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ അഭ്യസിച്ചു. ത്യാഗരാജകൃതികള്‍ തന്മയത്വത്തോടെ പാടുന്നതിനും പല്ലവികള്‍ പാടുന്നതിനും അതീവസമര്‍ത്ഥനായിരുന്നു. സിംഹനന്ദനം എന്നൊരു അപൂര്‍വ്വതാളത്തില്‍ ഇദ്ദേഹം ഒരു സദസ്സില്‍ പാടിയതായി പറയപ്പെടുന്നു.
തിരുവയ്യാറില്‍ കുറച്ചുകാലം താമസിച്ചതിനുശേഷം ഇദ്ദേഹം ചെന്നൈ പട്ടണത്തില്‍ സ്ഥിരതാമസമാക്കി. അതിനാലാണ് പട്ടണം സുബ്രഹ്മണ്യയ്യര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. ബേഗഡ രാഗത്തിലുള്ള അസാമാന്യപ്രാവീണ്യം നിമിത്തം ഇദ്ദേഹത്തെ 'ബേഗഡസുബ്രഹ്മണ്യയ്യര്‍' എന്നും വിളിച്ചിരുന്നു. ത്യാഗരാജസ്വാമികളുടെ ശൈലി പിന്തുടര്‍ന്നതിനാല്‍ ഏറെപ്പേര്‍ ഇദ്ദേഹത്തെ 'ചിന്നത്യാഗരാജ' എന്നും വിളിച്ചിരുന്നു.
വെങ്കടേശ്വര എന്ന മുദ്രയോടുകൂടി അനേകം കൃതികള്‍, വര്‍ണങ്ങള്‍, ജാവലികള്‍, തില്ലാനകള്‍ എന്നിവ സംസ്‌കൃതം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇവയെല്ലാം അത്യന്തം രാഗഭാവം നിറഞ്ഞതും മനോഹരമായ സംഗതികള്‍ നിറഞ്ഞവയുമായിരുന്നു. കദനകുതൂഹലം എന്ന രാഗം ഇദ്ദേഹം സൃഷ്ടിച്ചതാണ്. ഈ രാഗത്തിലുള്ള 'രഘുവംശസുധാം' എന്ന കൃതിയും 'ഏരാനാപൈ' എന്ന തോഡിരാഗവര്‍ണവും, വലച്ചവച്ചി എന്ന നവരാഗമാലികാവര്‍ണ്ണവും സംഗീതലോകത്ത് ഇദ്ദേഹത്തിന്റെ യശസ്സ് ശാശ്വതമാക്കുന്നു. ഒരു ഫലിതപ്രിയനായിരുന്ന ഇദ്ദേഹം ഒരതിഥി പറഞ്ഞതനുസരിച്ച്, മൂക്കുപ്പൊടി വാങ്ങാന്‍ പോയിട്ട് അതു ലഭിക്കാഞ്ഞതിനാല്‍ തോടിരാഗത്തില്‍ 'ധൂമപത്രധൂളി' എന്നൊരു ഗാനം രചിച്ചുപാടിയത് പ്രസിദ്ധമാണ്.
രാമനാട് ശ്രീനിവാസ അയ്യങ്കാര്‍, സി.എസ്. കൃഷ്ണസ്വാമി അയ്യങ്കാര്‍, മൈസൂര്‍ വരദാചാര്‍, ടൈഗര്‍ വരദാചാരി എന്നീ പ്രസിദ്ധര്‍ ഇദ്ദേഹത്തിന്റെ അരുമശിഷ്യന്മാരായിരുന്നു. ഇന്ന് നമ്മള്‍ കേള്‍ക്കുന്ന കച്ചേരികളില്‍ ഇദ്ദേഹത്തിന്റെ പ്രസിദ്ധമായ കൃതികള്‍ ധാരാളം പാടിവരുന്നു. പഞ്ചനദീശ (പൂര്‍ണ്ണചന്ദ്രികരാഗം), പരിതാനമിച്ചിതേ (ബിലഹരിരാഗം), വരമുരലസഗി(കീരവാണി രാഗം), മരിവെരെ ദിക്കവരയ്യ (ഷണ്‍മുഖപ്രിയരാഗം), എന്തനേര്‍ച്ചിന (സാവേരി), മനവി ചെക്കോരവയ്യ(സരസാംഗി) അപരാധമുലനിയു(ലതാംഗി) ഇതൊക്കെ അതില്‍ ചിലതുമാത്രം. 1902 ജൂലായ് 31-ാം തീയതി പട്ടണം സുബ്രഹ്മണ്യയ്യര്‍ അന്തരിച്ചു.

 

Login log record inserted successfully!