ക്രിസ്തു നമ്മുടെ അസ്തിത്വത്തിലേക്ക് പുതിയ ഒന്നിനെ കൊണ്ടുവരുന്നുണ്ട്. അതിന്റെ പേരാണ് ക്രിയാത്മകത. മനുഷ്യനെ തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചവന്റെ സൃഷ്ടിപരത പ്രപഞ്ചത്തില്‍ നിറഞ്ഞുനില്ക്കുന്നു. ദൈവികാര്‍ദ്രതയുടെ ദൃശ്യരൂപമായി ക്രിസ്തു ഭൂമിയിലേക്കു വന്നു. ക്രിസ്തുവിനോളം സര്‍ഗ്ഗശേഷിയുള്ള മറ്റൊരാള്‍ ഇല്ല. ദൈവികപ്രവൃത്തിയുടെ പ്രതിഫലനമാണവന്‍.
ഓരോ നിമിഷവും ക്രിസ്തു എത്ര കര്‍മ്മനിരതനാണ്. അവന് പതിവുശീലങ്ങളില്ല. പരിവര്‍ത്തനത്തിന്റെ പാതയേ ഉള്ളൂ. ഇന്നലെ പറഞ്ഞതും ചെയ്തതും ഇന്നു പറയാറില്ല. ഇന്നലെ 5 അപ്പം വര്‍ദ്ധിപ്പിച്ചെങ്കില്‍ നാളെ ശിഷ്യന്മാരെ വിശ്വാസക്കുറവിനു ശാസിക്കുന്നു. ഇന്നൊരു ശിശുവിനെ തോളിലേറ്റിയെങ്കില്‍ നാളെ ഒരു പരസ്യപാപിനിയുടെ ചൂടുള്ള മുത്തം സ്വീകരിക്കുന്നു. ഇന്നു കടപ്പുറത്തെങ്കില്‍ നാളെ മലമുകളില്‍. എവിടെയുണ്ടാകുമെന്ന് ആര്‍ക്കും നിരൂപിക്കാനാവില്ല. അടുത്ത നിമിഷം അവന്‍ എന്തുചെയ്യുമെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ.
ക്രിസ്തുവിനെ കണ്ടുമുട്ടുന്നവര്‍ക്ക് വന്നതുപോലെ മടങ്ങാനാവില്ല. അവരില്‍ ഒരു മാറ്റം സംഭവിച്ചിരിക്കും. അവന്റെ സൗന്ദര്യവും ക്രിയാത്മകതയും നമുക്കു ജീവനുണര്‍ത്തുന്നില്ലേ? നമ്മുടെ ജീവിതത്തിന് അര്‍ത്ഥം നല്കുന്നില്ലേ? അവനിലൂടെ ദൈവികരഹസ്യങ്ങള്‍ അനാവരണം ചെയ്തുകൊണ്ടിരിക്കുകയാണ്.
നമുക്കു സര്‍ഗ്ഗശേഷിയുണ്ടോ? അനുഗൃഹീതജീവിതത്തില്‍ നമ്മുടെ കര്‍മ്മവീര്യം എങ്ങനെ? ഒരു കലാകാരന്‍ ഒരു സൃഷ്ടിക്കുവേണ്ടി ഒരുപാടു വേദന സഹിക്കുന്നുണ്ട്. അവന്റെ ഭാവന, ഉള്‍ക്കാഴ്ച, സംയമനം, ചിന്ത എല്ലാം ചിതറാതെ സൂക്ഷ്മതയോടെ, മറ്റുകാര്യങ്ങളില്‍നിന്നെല്ലാം തത്ക്കാലം വിട്ടുനിന്ന് അതു പൂര്‍ത്തിയാക്കുന്നു.
അതിനേക്കാള്‍ ഗൗരവമുള്ള കാര്യമാണ് ക്രൈസ്തവന്റെ ക്രിയാത്മകത. ക്രിയാത്മകത നല്കുന്നത് സന്തോഷവും സന്തുഷ്ടിയും മാത്രമല്ല, വേദനയും സഹനവും അതിന്റെ പരിപോഷകഘടകമാണ്. ആര്‍ദ്രഹൃദയനായ ക്രിസ്തുവിന്റെ സവിശേഷതയാണ് ക്രിയാത്മകത. ക്രിസ്തുശിഷ്യന്മാര്‍ ആ ക്രിയാത്മകതയില്‍ ബോധപൂര്‍വ്വം സഹകാരികള്‍ ആകണം.
ദൈവികാര്‍ദ്രതയുടെ രൂപഭാവങ്ങളാണ് ജീവിതത്തിന്റെ ചുറ്റുപാടുകളില്‍ നാം സൃഷ്ടിക്കേണ്ടത്. ദൈവികശക്തി നമ്മില്‍ പ്രകടമാകുമ്പോള്‍ അത് സത്യവും സുന്ദരവുമാകുന്നു. ദൈവം ബുദ്ധിയിലൂടെ പ്രകാശിക്കുമ്പോള്‍ സത്യമായും, ഹൃദയത്തിലൂടെ പ്രകാശിക്കുമ്പോള്‍ സൗന്ദര്യമായും, കര്‍മ്മത്തിലൂടെ പ്രകാശിക്കുമ്പോള്‍ നന്മയായും അനുഭവപ്പെടുന്നു.
ബുദ്ധികൊണ്ടും ഹൃദയംകൊണ്ടും കര്‍മ്മംകൊണ്ടും നാം ക്രിസ്തുവിന്റെ ക്രിയാത്മകതയില്‍ പങ്കുചേരണം. മൂന്നും സന്തുലിതമായിരിക്കണം. മനുഷ്യജന്മത്തിന്റെ ഏറ്റവും അമൂല്യമായ കാലഘട്ടമാണ് യുവത്വത്തിന്റേത്. യുവത്വത്തെ എങ്ങനെ വിനിയോഗിക്കുന്നു എന്നതിലാണ് അതിന്റെ മൂല്യം നിശ്ചയിക്കുക.
ക്രിയാത്മകമായ ക്രൈസ്തവജീവിതത്തില്‍നിന്ന് കഴിയുന്നതും അകന്നുനില്ക്കാനും എതിര്‍ത്തുനില്ക്കാനും മൂല്യങ്ങള്‍ എല്ലാം തട്ടിത്തെറിപ്പിക്കാനുമുള്ള പ്രേരണ പുറംലോകം നമുക്ക് സമ്മാനിക്കുന്നുണ്ട്. ഇതറിയാതെപോകരുത്. സാത്താന്‍സേവകരായ ജനസേവകരുണ്ട്, സമ്പന്നന്മാരുണ്ട്, നീതിന്യായം വാദിക്കുന്ന വക്കീലന്മാരുണ്ട്, കൂലി ചാനല്‍പണിക്കാരുണ്ട്. ഇവരില്‍ത്തന്നെ ജ്ഞാനസ്‌നാനജലം ശിരസ്സില്‍ വീണവരും മതപഠനക്ലാസ്സുകളില്‍ ഒരുപക്ഷേ റാങ്കുവാങ്ങിയവരുമുണ്ട്. അവരൊക്കെത്തന്നെയാണ് ക്രൈസ്തവസമൂഹത്തിന്റെ സര്‍ഗ്ഗശേഷി തകര്‍ത്തുകൊണ്ടിരിക്കുന്നത്.
ക്രിസ്തുവിന്റെ ക്രിയാത്മകതയില്‍ പങ്കുചേരുന്നതിന് കുറച്ചു പ്രയാസമുണ്ട്. കാരണം, ക്രിസ്തു അല്ലാത്തതിനെക്കൊണ്ട് ഹൃദയം കുത്തിനിറയ്ക്കുമ്പോള്‍ എങ്ങനെയാണ് ക്രിസ്തുവിന് അവിടെ പ്രവേശിക്കാനാവുന്നത്? ക്രിസ്തുവിന്റെ ക്രിയാത്മകത ആത്മസത്തയുടെ പ്രകാശനമായിരുന്നു.
ചിന്താമാലിന്യങ്ങള്‍ അന്തരീക്ഷത്തെ ഒട്ടാകെ ബാധിക്കും. ഇവിടെ നിലനില്ക്കുന്ന ആത്മീയോര്‍ജ്ജം പ്രവഹിക്കാതാകും. കാരണം, ഉറച്ച വിശ്വാസവും ദര്‍ശനവുമില്ലാത്ത മനുഷ്യന്‍ തിന്മചെയ്യാന്‍ പ്രലോഭിതനാകും. ചെറിയ അജഗണം പിടിച്ചുനില്ക്കും.
ക്രിയാത്മകജീവിതം അത്ര സുഖിപ്പിക്കുന്നതൊന്നുമല്ല. ക്രിസ്തുവിന്റെ അനുഭവംതന്നെ എടുക്കാം. ക്രിയാത്മകതയും സൗന്ദര്യബോധവും സന്തോഷവും മാത്രമല്ല, സഹനവും വേദനയും അവനു നല്കി. ചുറ്റുമുള്ളവര്‍ നല്കിയതാണ്. അപ്പോഴും മനുഷ്യജീവിതത്തിന്റെ ദുരവസ്ഥയിലേക്കു സ്വയംമറന്ന് എടുത്തുചാടി.
ഇക്കാലത്ത് ഒരുപാടു സഹിക്കാനും പൊറുക്കാനുമുണ്ട്. പ്രതികരണശേഷി ഇല്ലാത്തതുകൊണ്ടല്ല. ക്രിസ്ത്യാനികളുടെ ഉള്ളിലൂടെ ഒഴുകുന്നത് ക്രിസ്തുവിന്റെ ഊര്‍ജ്ജമാണ്. ആ ഊര്‍ജ്ജം വെറുതെ പാഴാക്കാനുള്ളതല്ല.
സ്‌നേഹം അത്യുന്നതശക്തിയാണ്. ക്രിസ്ത്യാനിയുടെ യഥാര്‍ത്ഥ പ്രകൃതം സ്‌നേഹമാകുന്നു. ഈ ലോകത്തില്‍നിന്ന് യാതൊന്നും പ്രതീക്ഷിക്കരുത്, മോഹിക്കരുത്, സ്വപ്നം കാണരുത്. അപ്പോള്‍ ക്രിസ്തുസ്‌നേഹം നമ്മോടു കൂടുതല്‍ക്കൂടുതല്‍ സമീപസ്ഥമാകുന്നു. എല്ലാം നമ്മുടെ ആത്മസത്തയുടെ വളര്‍ച്ചയ്ക്കുള്ള പോഷണങ്ങളായി സ്വീകരിക്കാം. ക്രിസ്തുവിന്റെ കാരുണ്യവര്‍ഷത്തിനായി സ്വയം സമര്‍പ്പിക്കാം. പ്രത്യക്ഷത്തില്‍ തിന്മയെന്നു തോന്നുന്നതു പലതും അവന്റെ ദൃഷ്ടിയില്‍ നന്മയുണ്ടാക്കുന്നതായിരിക്കുമെന്ന് വിശ്വസിക്കാം. വളര്‍ച്ചയുടെ വഴിത്താരയില്‍ കല്ലും മുള്ളും കുഴികളും സ്വാഭാവികം. നദികള്‍ ഉദ്ഭവിക്കുന്നത് പര്‍വ്വതശിഖരങ്ങളിലാണ്. കാടും മേടും കടന്ന് വീഴ്ചയും തടസങ്ങളും തരണം ചെയ്ത് അതു പ്രശാന്തമായ സമതലഭൂമിയില്‍ എത്തിച്ചേരുന്നു. അതുപോലെ, നാമും പ്രയാസങ്ങളെ തരണംചെയ്യേണ്ടതുണ്ട്. അതുവഴി സൗഖ്യത്തിന്റെയും വിമോചനത്തിന്റെയും സാന്നിധ്യമാകാന്‍ ക്രിസ്തുവിന്റെ ക്രിയാത്മകതയുടെ വെളിപാട് നമുക്കു ലഭിക്കുകതന്നെ വേണം.