•  2 May 2024
  •  ദീപം 57
  •  നാളം 8
കഥയും കാര്യവും

ജീവിതം മധുരം

പത്താംക്ലാസിലെ പരീക്ഷയുടെ റിസള്‍ട്ടു വന്നു. ജയിച്ച കുട്ടികളെല്ലാം പരസ്പരം കൂട്ടുകാരെ വിളിച്ച് സന്തോഷം പങ്കുവച്ചു.
പ്രസാദ് തോറ്റു. കൂട്ടുകാരെല്ലാം ജയിച്ചു. പരീക്ഷ എഴുതിയവരില്‍ പ്രസാദ് മാത്രമാണ് പരാജയപ്പെട്ടത്. ഓര്‍ത്തപ്പോള്‍ സങ്കടം സഹിക്കാനായില്ല. മാനസികമായി തളര്‍ന്നു. 
എന്തു ചെയ്യണമെന്നറിയാതെ അവന്‍ വീടുവിട്ടിറങ്ങി. അവിടെയും ഇവിടെയും ചുറ്റിനടന്നു. ആരോടെങ്കിലും മനസ്സി    ലെ സങ്കടം പറഞ്ഞു കരയണമെന്നു തോന്നി. സുഹൃത്തുക്കളെ ആരെയും കണ്ടുമുട്ടിയില്ല.
രാത്രിയായപ്പോള്‍ കാലടിപ്പാലത്തില്‍വന്ന് പുഴയിലേക്കു നോക്കിനിന്നു; പുഴയിലേക്കു ചാടിമരിക്കാന്‍വേണ്ടി. അപ്പോള്‍ പാലം വിജനമായിരുന്നു. അവന്‍ ഒറ്റയ്ക്ക് പാലത്തില്‍ നിന്നു. നെഞ്ചു ശക്തിയായി ഇടിക്കുന്നുണ്ടായിരുന്നു. അമ്മയുടെ കാര്യം ഓര്‍ത്തപ്പോള്‍ അവനു കരച്ചില്‍ വന്നു. 
തിരിച്ചുപോയാലോ എന്നു ചിന്തിച്ചു. അങ്ങനെ നിന്നപ്പോള്‍ ഒരു കാറുവന്ന് അവന്റെ അടുത്തുനിറുത്തി. കാറില്‍ ആടുഫാമിന്റെ ഉടമ ചന്ദ്രബോസായിരുന്നു.പ്രസാദിന്റെ അയല്‍വാസി. ചന്ദ്രബോസ് ചോദിച്ചു: ''ഈ സമയത്ത് പ്രസാദ് എന്താ ഇവിടെ നില്‍ക്കുന്നത്? വരൂ വണ്ടിയില്‍ കയറൂ, വീട്ടില്‍ ആക്കാം.''
പ്രസാദ് കാറില്‍ കയറി. വിശേഷങ്ങള്‍ ചോദിച്ച കൂട്ടത്തില്‍ ചന്ദ്രബോസിനോട് പരീക്ഷയില്‍ തോറ്റ വിവരം പറഞ്ഞു: ''വളരെ ബുദ്ധിമുട്ടിയാണ് അമ്മ പഠിപ്പിക്കുന്നത്. സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുണ്ട്. ഇനി എങ്ങനെ പഠിക്കും? എന്തു ചെയ്യും?  എനിക്കറിയാന്‍ വയ്യാ. ഓര്‍ത്തിട്ട് ഒരന്തവും കുന്തവുമില്ല.'' അവന്‍ കരയാന്‍ തുടങ്ങി.
ചന്ദ്രബോസ് പറഞ്ഞു: ''പ്രസാദ് കരയണ്ടാ. എല്ലാത്തിനും പരിഹാരമുണ്ടാക്കാം. ഞാന്‍ നിന്നെ സഹായിക്കാം. നീ ഒട്ടും പേടിക്കണ്ട. നിനക്കു പഠിക്കാനുള്ള സാമ്പത്തികസഹായം ഞാന്‍ ചെയ്തുതരാം. ഒരു ചെറിയ ജോലിയും തരാം. ശമ്പളവും തരാം. ഒഴിവുസമയങ്ങളില്‍ ആടുഫാമില്‍ വന്ന് വേണ്ടകാര്യങ്ങള്‍ നോക്കണം. ജോലിക്ക് ~ഒരു നേപ്പാളിയുണ്ട്. എനിക്കു ഫാമില്‍ വരാന്‍ കഴിയാത്ത അവസരത്തില്‍ വേണ്ടതുപോലെ കാര്യങ്ങള്‍ നോക്കി ചെയ്യിക്കണം.
''പരീക്ഷയില്‍ തോറ്റെന്നു കരുതി നീ നിരാശപ്പെടണ്ടാ. പരീക്ഷ എഴുതിപ്പാസ്സാകാം. മനസ്സിനെ നല്ല രീതിയില്‍ പാകപ്പെടുത്താന്‍ കഴിഞ്ഞാല്‍ മനുഷ്യന് അപ്രാപ്യമായി ഒന്നുമില്ല. ശരീരവും മനസ്സും പരസ്പരപൂരകമാണ്. മനസ്സിനെ നിയന്ത്രണത്തില്‍ കൊണ്ടുവരിക. മെഡിറ്റേഷനിലൂടെ മനസ്സിനെ നിയന്ത്രിച്ചു ശീലിച്ചാല്‍ ആത്മവിശ്വാസം വര്‍ദ്ധിക്കും. മനസ്സ് ശരിയായാല്‍ പിന്നെന്തു പ്രശ്‌നം? നീ എന്തിനെക്കുറിച്ച് ഏറ്റവും കൂടുതല്‍ ചിന്തിക്കുന്നുവോ അതായിത്തീരും. ഞാന്‍ പരീക്ഷ എഴുതി ഒന്നാമനായി പാസ്സാകും, സര്‍ക്കാര്‍ ജോലി നേടും എന്നു ചിന്തിക്കുക. അതായിത്തീരും. നീ മനസ്സില്‍ കാണുന്നുണ്ടെങ്കില്‍ അത് കൈയില്‍ വരും.''
ചന്ദ്രബോസിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ പ്രസാദിന് എന്തെന്നില്ലാത്ത സന്തോഷവും ആത്മവിശ്വാസവും തോന്നി. ഒരു വാക്കു മതി ഒരു ജീവന്‍ രക്ഷിക്കാന്‍. പുഴയില്‍ ചാടി മരിക്കാന്‍ പോയ പ്രസാദിന് ജീവിക്കണമെന്നു തോന്നി.
അവന്‍ തുടര്‍ന്നു പഠിച്ചു, വിജയിച്ചു. പി.എസ്.സി. ടെസ്റ്റ് എഴുതി വില്ലേജ് ആഫീസില്‍ ക്ലാര്‍ക്കായി ജോലി നേടി. പ്രസാദിന്റെ ജീവിതവിജയത്തിന്റെ രഹസ്യം ചന്ദ്രബോസിന്റെ വാക്കുകളാണ്. പ്രസാദിന് ഇന്ന് ജീവിതം മധുരം.

 

Login log record inserted successfully!