നീണ്ട കാത്തിരുപ്പിനുശേഷം ടൂറിസം മേഖല സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ കേരളത്തിലെ വിനോദസഞ്ചാരമേഖലയില്‍ പ്രതീക്ഷയുടെ പുതുവെളിച്ചം. കൊവിഡ്‌വ്യാപനത്തെത്തുടര്‍ന്നാണ് ടൂറിസം മേഖലയും നിശ്ചലമായത്. ഇതോടെ ഈ മേഖലയെ ആശ്രയിച്ചു കഴിയുന്ന പതിനായിരക്കണക്കിനാളുകള്‍ പട്ടിണിയിലായി. മറ്റു മേഖലകളിലെല്ലാം ഇളവുകള്‍ പ്രഖ്യാപിച്ചപ്പോഴും ടൂറിസം മേഖല നിശ്ചലമായിത്തുടരുകയായിരുന്നു. കേരളപ്പിറവിദിനത്തില്‍ ബീച്ചുകളടക്കമുള്ള കേന്ദ്രങ്ങള്‍ തുറന്നതോടെയാണ് വിനോദസഞ്ചാരമേഖലയില്‍ പ്രതീക്ഷയുടെ വെളിച്ചം വീശിയത്.
കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കണം ടൂറിസം മേഖലയുടെ പ്രവര്‍ത്തനമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മേഖല വീണ്ടും സജീവമായെങ്കിലും വിദേശടൂറിസ്റ്റുകളുടെ വരവിനായി ഇനിയും കാത്തിരിക്കേണ്ടിവരും. കൊവിഡ്ഭീതിയെത്തുടര്‍ന്ന് കേരളീയരും വിനോദസഞ്ചാരത്തിനു തയ്യാറാകുന്നില്ലെന്നതാണ് മേഖലയിലെ മറ്റൊരു തിരിച്ചടി. എന്നാല്‍, ലോക്ഡൗണ്‍ കാലംമുതല്‍ വീടിനുള്ളില്‍ വീര്‍പ്പുമുട്ടുന്ന കുടുംബാംഗങ്ങള്‍ക്കൊപ്പം ഒരു യാത്ര ആഗ്രഹിക്കാത്തവരുണ്ടാവില്ല. ഈ സമയത്ത് ദൂരയാത്ര നന്നല്ല എന്ന അഭിപ്രായക്കാരാണ് മലയാളികളിലധികവും. എന്നാല്‍, നമ്മള്‍ ഗൗരവമായി കാണാത്തതും നമുക്കു ചുറ്റുമുള്ളതുമായ വിനോദസഞ്ചാരമേഖലകളിലെ കാഴ്ചകളിലേക്ക് നാം കണ്ണുതുറക്കേണ്ടിയിരിക്കുന്നു.
ഇല്ലിക്കല്‍കല്ല്
കോടമഞ്ഞിന്റെ പുതപ്പിലൊളിച്ച സായംസന്ധ്യ. കുന്നുകള്‍ക്ക് വെള്ളിയരഞ്ഞാണം ചാര്‍ത്തി ചുറ്റിയൊഴുകുന്ന പാലരുവി, നീലവിഹായസ്സിലൂടെ പറന്നുയരുന്ന പക്ഷിക്കൂട്ടം. ഇങ്ങനെ ശരീരത്തിനും മനസ്സിനും കുളിരേകുന്ന കാഴ്ചകളുടെ വിസ്മയലോകമൊരുക്കി കാത്തിരിക്കുകയാണ് കോട്ടയം ജില്ലയിലെ ഇല്ലിക്കല്‍ക്കല്ല് വിനോദസഞ്ചാരകേന്ദ്രം. ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ടാണ് ഇല്ലിക്കല്‍കല്ല് കേരള ടൂറിസം മാപ്പില്‍ ഇടം നേടിയത്. കടുത്ത വേനലിലും അസ്തമയത്തോടടുക്കുമ്പോള്‍ ഇവിടെ താപനില വെറും 10 ഡിഗ്രി മാത്രമാണ്. പ്രകൃതിഭംഗിയും തണുപ്പുനിറഞ്ഞ കാലാവസ്ഥയുമാണ് ഇല്ലിക്കല്‍കല്ലിലേക്കു സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.
ടൂറിസം മേഖലയിലെ
ഗിരിശ്രേഷ്ഠന്‍
സമുദ്രനിരപ്പില്‍നിന്ന് 3500 അടി ഉയരത്തിലാണ് ഇല്ലിക്കല്‍ പര്‍വ്വതനിരകളുടെ സ്ഥാനം. വെയില്‍ മങ്ങുന്നതോടെ ഇവിടം കോടമഞ്ഞില്‍ കുളിക്കും. കോട്ടയം ജില്ലയിലെ ഏത് ഉയര്‍ന്ന പ്രദേശത്തുനിന്നു നോക്കിയാലും ആകാശത്തോടൊപ്പം തലയുയര്‍ത്തിനില്‍ക്കുന്ന ഈ മലനിരകള്‍ കാണാം. പേഴയ്ക്കല്‍, പുള്ളിക്കാനം, പുഴക്കാനം എന്നീ പ്രദേശങ്ങളും ഇവിടെനിന്നു നോക്കിയാല്‍ കാണാം. ഇല്ലിക്കല്‍ താഴ്വര പിന്നിട്ട് മൊട്ടക്കുന്നുകളിലെത്തിയാല്‍ മൂന്നിലവ്, മേലുകാവ് പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട ആയിരക്കണക്കിനേക്കര്‍ സ്ഥലങ്ങള്‍കൂടി കാണുന്നതോടെ ഒരു പ്രദേശം മുഴുവന്‍ കീഴടക്കിയ പ്രതീതിയിലാകും കാഴ്ചക്കാര്‍.
അല്പം സാഹസികം ശ്രദ്ധവേണം
തലനാട് പഞ്ചായത്തിലെ മേലടുക്കത്തുനിന്ന് 22 ഹെയര്‍പിന്‍ വളവുകള്‍ പിന്നിട്ടാല്‍ ഇല്ലിക്കല്‍താഴ്വരയിലെത്താം. ഈരാറ്റുപേട്ടയ്ക്കടുത്ത് മൂന്നിലവ്, തലനാട് പഞ്ചായത്തുകളുടെ അതിര്‍വരമ്പുകള്‍ നിശ്ചയിക്കുന്നത് ഈ മലനിരകളാണ്.
കുന്നു കയറി മറുവശത്തേക്കിറങ്ങിയാല്‍ഇല്ലിക്കല്‍കല്ലിന്റെ താഴ്‌വാരം കാണാം. ഇവിടെ രണ്ടു പാറക്കെട്ടുകള്‍ക്കിടയിലായി 20 അടി താഴ്ചയില്‍ വലിയൊരു വിടവുണ്ട്. വിടവിനു കുറുകെ അരയടി വീതിയുള്ള ഒരു കരിങ്കല്‍ പാലവും. ഇത് 'നരകപാലം' എന്നാണ് അറിയപ്പെടുന്നത്. പേരുപോലെതന്നെ നരകപാലത്തിലൂടെയുള്ള യാത്ര അല്പം സാഹസം നിറഞ്ഞതാണ്. പ്രകൃതിരമണീയമായ ഈ പ്രദേശത്തേക്ക് ഇപ്പോള്‍ പുതിയ ഒരു നാട്ടുവഴികൂടി നിര്‍മിച്ചിട്ടുണ്ട്. അതിനാല്‍ വിനോദസഞ്ചാരികള്‍ക്ക് വലിയ ആയാസംകൂടാതെ ഇനി ഇല്ലിക്കല്‍കല്ലിലെത്താം. എന്നാല്‍ കിഴുക്കാംതൂക്കായി നില്‍ക്കുന്ന ഈ പാറക്കെട്ടുകള്‍ കീഴടക്കണമെങ്കില്‍ അല്പം ധൈര്യം കൂടിയേതീരൂ.
വിനോദസഞ്ചാരികളുടെ
പ്രിയ കേന്ദ്രം
ആറു വര്‍ഷം മുമ്പാണ് ഈ പ്രദേശം ടൂറിസം മേഖലയായി പ്രഖ്യാപിച്ചത്. ഇലവീഴാപൂഞ്ചിറ, വാഗമണ്‍ കുരിശുമല, തങ്ങള്‍പാറ എന്നിവയാണ് സമീപത്തുള്ള മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങള്‍.
നീലക്കൊടുവേലി തേടി...
ഇല്ലിക്കല്‍കല്ലിനുമുകളിലായി ആകാശം നോക്കി വാ പിളര്‍ന്നിരിക്കുന്ന വലിയ പാറക്കൂട്ടമാണ് കൂടക്കല്ല്. ഈ പാറക്കെട്ടിനുള്ളില്‍ കാട്ടരുവികള്‍ ചേര്‍ന്നൊരു കുളമുണ്ട്. ഈ കുളത്തിനുള്ളില്‍ നീലക്കൊടുവേലിയുണ്ടെന്നാണ് വിശ്വാസം. കര്‍ക്കിടകമാസത്തിലെ കറുത്തവാവിന് ദിവസങ്ങളില്‍ കുളം നിറഞ്ഞൊഴുകുമെന്നും നീലക്കൊടുവേലിയുടെ ഇലകള്‍ ഈ വെള്ളത്തിലൂടെ മീനച്ചിലാറുവഴി ഒഴുകിയെത്തുമെന്നും പറയപ്പെടുന്നു. ഇങ്ങനെ ഒഴുകിയെത്തുന്ന ഇലകള്‍ കിട്ടുന്നവര്‍ സമ്പന്നരാകുമെന്നുമാണ് പഴമക്കാരുടെ വിശ്വാസം. കള്ളന്മാര്‍ നീലക്കൊടുവേലി മോഷ്ടിക്കാതിരിക്കാന്‍ ഉഗ്രവിഷമുള്ള സര്‍പ്പങ്ങള്‍ നീലക്കൊടുവേലിക്ക് കാവലിരിക്കുന്നുണ്ടെന്നും ഒരു മുത്തശ്ശിക്കഥപോലെ ഇവിടുത്തുകാര്‍ വിശ്വസിച്ചുപോരുന്നു.
മനംകവരുന്ന കാന്‍വാസ്
പ്രകൃതി നമുക്കായി ഒരുക്കി വച്ച സുന്ദരസ്വപ്നഭൂമിയാണ് ഇല്ലിക്കല്‍മലനിരകള്‍. ഇല്ലിക്കലിന്റെ സൗന്ദര്യം ഫ്രെയിമുകളില്‍ പകര്‍ത്താന്‍ തിരക്കുകൂട്ടുന്നവരാണ് ഇവിടെയെത്തുന്നവരില്‍ ഏറെയും. ഫോട്ടോ എടുക്കാന്‍ അറിയാത്തവര്‍ക്കുപോലും ഇല്ലിക്കല്ലില്‍ എത്തിയാല്‍ ആ ദൃശ്യ ചാരുത പകര്‍ത്താതിരിക്കാനാകില്ല. അല്ലെങ്കില്‍ ഫോട്ടോയ്‌ക്കൊന്നു പോസ് ചെയ്യാനെങ്കിലും ശ്രമിക്കും. അത്ര മനോഹരമാണ് ഈ മലനിരകള്‍. അതുകൊണ്ടുതന്നെ ഹണിമൂണ്‍ ആഘോഷിക്കാനും സിനിമപിടിക്കാനുമൊക്കെയായി ആളുകള്‍ ഇവിടേക്കെത്തുന്നതും.
ഇല്ലിക്കല്‍കല്ലിലേക്കുള്ള വഴി
കേരളത്തിന്റെ സ്വിറ്റ്സര്‍ലാന്‍ഡ് എന്നറിയപ്പെടുന്ന വാഗമണ്‍ വഴിതന്നെയാണ് ഇല്ലിക്കല്‍ കല്ലിലേക്കും പോകേണ്ടത്. കിഴുക്കാംതൂക്കായി കിടക്കുന്ന ഭീമന്‍ പാറകള്‍, അഗാധമായ കൊക്കകള്‍, അങ്ങകലെ കോടമഞ്ഞില്‍ പുതച്ചുകിടക്കുന്ന മലനിരകള്‍ ഇങ്ങനെ പോകുന്നു ഇല്ലിക്കല്‍കല്ലിലേക്കുള്ള റോഡിന്റെ വന്യമായ ഹരിതഭംഗി. നിഗൂഢതകള്‍ ഉള്ളിലൊളിപ്പിച്ച സൂയിസൈഡ് പോയിന്റാണ് യാത്രയ്ക്കിടയിലെ മറ്റൊരു വിസ്മയക്കാഴ്ച. കോട്ടയത്തുനിന്ന് 60 കിലോമീറ്റര്‍ ദൂരമുണ്ട് ഇല്ലിക്കല്‍കല്ലിലേക്ക്. തലനാട്‌വഴിയും അയ്യമ്പാറ വഴിയും പോകാം. ഈരാറ്റുപേട്ടയില്‍നിന്ന് ഏകദേശം 18 കിലോമീറ്റര്‍ ദൂരമാണുള്ളത്. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. കൊച്ചിയാണ് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്. തീവണ്ടിമാര്‍ഗ്ഗമാണ് യാത്രയെങ്കില്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങണം.