ജൈവവൈവിധ്യം തകര്‍ന്നാല്‍ പ്രകൃതിയുടെ താളം തെറ്റും. ഈ താളംതെറ്റല്‍ കൊവിഡിനെക്കാള്‍ പ്രഹരശേഷിയുള്ള മഹാമാരികളെ ക്ഷണിച്ചുവരുത്തുമെന്ന് ഉറപ്പാണ്. പഴയ പറുദീസാനുഭവത്തിലേക്കുള്ള മനുഷ്യന്റെ തിരിച്ചുപോക്ക് അനിവാര്യമായിരിക്കുന്നു. അതുവരെ മഹാമാരികള്‍ ഒന്നിനു പിറകെ മറ്റൊന്നായി മനുഷ്യനെ വേട്ടയാടും.
നാലരക്കോടിയിലേറെ പേരെയെങ്കിലും ഇതിനോടകം പ്രത്യക്ഷമായി ബാധിച്ചുകഴിഞ്ഞ കൊറോണ വൈറസുകളെ ഭൂമുഖത്തുനിന്ന് ഉന്മൂലനം ചെയ്യാന്‍ മനുഷ്യനു കഴിയുമോ? ലോകനേതാക്കള്‍ തലപുകഞ്ഞാലോചിക്കുകയും ശാസ്ത്രജ്ഞന്മാര്‍ കിണഞ്ഞു പരിശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
179 തരം വാക്‌സിനുകളുടെ നിര്‍മ്മാണമാണ് വിവിധ രാജ്യങ്ങളിലെ വമ്പന്‍ കമ്പനികള്‍വഴി പൂര്‍ത്തിയായിവരുന്നത്. മോഡേണ, അസ്ട്രാ സെനേക്ക, പ്‌ഫൈസര്‍, സ്‌നോഫി, ജോണ്‍സണ്‍ & ജോണ്‍സണ്‍ എന്നിവയാണ് കമ്പനികളില്‍ പ്രധാനപ്പെട്ടവ. ഇംഗ്ലണ്ടിലെ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി, പൂനയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയും പട്ടികയിലുണ്ട്. മൂന്നാംഘട്ടപരീക്ഷണങ്ങള്‍കൂടി വിജയിച്ചാല്‍ അടുത്തവര്‍ഷം ജനുവരിയില്‍ വാക്‌സിനുകള്‍ വിപണിയിലെത്തിക്കാനാവുമെന്നാണ് കമ്പനികളുടെ അവകാശവാദം.
ഭൂമിയില്‍ ആകെയുള്ള ജീവജാലങ്ങളില്‍ 99 ശതമാനവും ഏകകോശജീവികളായ വൈറസുകളോ ബാക്ടീരിയകളോ ആണെന്നു കണ്ടെത്തിയത് ആന്റണി വാന്‍ലൂ മെന്‍ഹുക്ക് എന്ന ശാസ്ത്രജ്ഞനാണ്. 1674 ലെ ഈ കണ്ടുപിടിത്തമാണ് എണ്ണിയാലൊടുങ്ങാത്ത സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനങ്ങളിലേക്കു വെളിച്ചം വീശിയത്. അവയില്‍ ഒരു കൂട്ടര്‍ മിത്രങ്ങളാണെങ്കില്‍ മറ്റൊരു കൂട്ടര്‍ പകര്‍ച്ചവ്യാധികള്‍ക്കും മാറാരോഗങ്ങള്‍ക്കും കാരണക്കാരാകുന്നു. രണ്ടു കൂട്ടരും തമ്മിലുള്ള സന്തുലിതാവസ്ഥയില്‍ വന്ന തകരാറുകളാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്കു കാരണം.
മഹാമാരികളുടെ പരമ്പര
ലോകത്തെ ഏറ്റവും പഴക്കമുള്ള പകര്‍ച്ചവ്യാധി വസൂരിയാണെന്നാണ് അനുമാനം. കാരണം, ഈജിപ്തിലെ ഫറവോയായിരുന്ന റാംസെസ് അഞ്ചാമന്റെ മൃതദേഹത്തില്‍ വസൂരിയുടെ വടുക്കള്‍ ഉണ്ടായിരുന്നത്രേ! 14-ാം നൂറ്റാണ്ടില്‍ യൂറോപ്യന്‍രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട ബ്യൂബോണിക് പ്‌ളേഗ് 20 കോടി മനുഷ്യരുടെ ജീവനെടുത്തിട്ടുള്ളതായി പറയപ്പെടുന്നു. മാനവചരിത്രത്തിലെ ഏറ്റവും വലിയ മഹാമാരിയായിട്ടാണ് ഇത് എണ്ണപ്പെട്ടിരിക്കുന്നത്. 1346 മുതലുള്ള എട്ടുവര്‍ഷം യൂറോപ്പിനെ വിറപ്പിച്ച ഈ പകര്‍ച്ചവ്യാധി രണ്ടാം ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ടതിനെക്കാള്‍ കൂടുതലാളുകളുടെ ജീവനാണു കവര്‍ന്നത്. 'ബ്‌ളാക് ഡെത്ത്' എന്ന് പില്‍ക്കാലത്ത് കുപ്രസിദ്ധി നേടിയ ഈ മഹാമാരി എലികളില്‍നിന്നാണ് മനുഷ്യരിലെത്തിയത്. എലികളെ ബാധിച്ചിരുന്ന 'പെര്‍സിനിയ പെസ്റ്റിസ്' എന്ന ബാക്ടീരിയകളായിരുന്നു രോഗവാഹകര്‍. എലികളുടെ രക്തം കുടിച്ചു വളരുന്ന കീടങ്ങള്‍ വഴി രോഗാണുക്കള്‍ മനുഷ്യരില്‍ കയറിപ്പറ്റുകയായിരുന്നു.
ബ്യൂബോണിക് പ്‌ളേഗിനുശേഷം കാണപ്പെട്ട 19-ാം നൂറ്റാണ്ടിലെ റഷ്യന്‍ ഫ്‌ളൂവും 20-ാം നൂറ്റാണ്ടിലെ വസൂരിയും ഏഷ്യന്‍ ഫ്‌ളൂവും മനുഷ്യകുലത്തെ അമ്മാനമാടിയ മഹാമാരികളാണ്. 1918 മുതല്‍ 1920 വരെയുള്ള മൂന്നു വര്‍ഷങ്ങളിലെ സ്പാനിഷ് ഫ്‌ളൂവും ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും വലിയ പകര്‍ച്ചവ്യാധിയായി ചരിത്രത്തില്‍ ഇടംനേടി. 5 കോടി മനുഷ്യരുടെ ജീവന്‍ അപഹരിച്ച സ്പാനിഷ് ഫ്‌ളൂ 50 കോടി ജനങ്ങളെ നേരിട്ടു ബാധിച്ചു. യുഎസിലെ മാത്രം മരണസംഖ്യ 6.75 ലക്ഷമായിരുന്നു. 100 വര്‍ഷം മുന്‍പുള്ള ആകെ ജനസംഖ്യ 150 കോടിയായിരുന്നു. (ഇന്നത്തെ ജനസംഖ്യ 740 കോടിയില്‍ എത്തിനില്‍ക്കുന്നു) മാസ്‌ക് ധരിച്ചും സാമൂഹികാകലം പാലിച്ചും വ്യക്തിശുചിത്വവും പരിസരശുചിത്വവും കൈവരിച്ചും രോഗബാധിതരെ ഏകാന്തവാസത്തില്‍ പാര്‍പ്പിച്ചും ഫ്‌ളൂവിനെ നിയന്ത്രിക്കുകയായിരുന്നു. ഇവയ്ക്കു സമാനമായ നിര്‍ദ്ദേശങ്ങളാണ് കൊവിഡ് - 19 ന്റെ കാര്യത്തിലും അനുവര്‍ത്തിക്കേണ്ടിയിരുന്നതെങ്കിലും അശ്രദ്ധയും അറിവില്ലായ്മയും അനുസരണക്കേടും ധാര്‍ഷ്ട്യവുമെല്ലാം രോഗവ്യാപനത്തിന് ആക്കംകൂട്ടുകയായിരുന്നു. ജനസംഖ്യയിലുണ്ടായ വലിയ വര്‍ദ്ധനയും ഒരു പ്രധാന ഘടകമാണ്. ഇതെഴുതുമ്പോള്‍ ലോകത്തെ ആകെ രോഗബാധിതര്‍ 4 കോടി 67 ലക്ഷവും ആകെ മരണം 1204883 ഉം ആണ്. നമ്മുടെ രാജ്യത്തെ കൊവിഡ് ബാധിതര്‍ 8184083 ഉം മരണം 12,22,111 ഉം ആണ്.
1956 ല്‍ ചൈനയില്‍ തുടക്കമിട്ട ഏഷ്യന്‍ ഫ്‌ളൂ 20 ലക്ഷം പേരെയാണ് കൊന്നൊടുക്കിയത്. 1998 ല്‍ മലേഷ്യയില്‍ പ്രത്യക്ഷപ്പെട്ട 'നിപ്പ' എന്ന പകര്‍ച്ചവ്യാധിയുടെ ഉറവിടം പഴംതീനി വവ്വാലുകളാണെന്ന് കണ്ടെത്തിയിരുന്നു. നിപ്പ വൈറസുകള്‍ പന്നികളില്‍നിന്ന് പന്നിക്കര്‍ഷകരിലേക്കു ചേക്കേറുകയായിരുന്നു.
2002 ല്‍ ചൈനയുടെ തെക്കന്‍ പ്രവിശ്യയായ ജുവാംഗ് ഡോംഗില്‍ പടര്‍ന്നുപിടിച്ച സാര്‍സ്-1 കൊറോണ വൈറസ് വവ്വാലുകളില്‍നിന്ന് മരപ്പട്ടിവഴിയാണ് മനുഷ്യശരീരത്തില്‍ കയറിപ്പറ്റിയത്. രോഗംബാധിച്ച 8000 പേരില്‍ 774 പേര്‍ മാത്രമേ മരണപ്പെട്ടുള്ളൂ. 2005 ല്‍ തുടങ്ങിയ എച്ച്.ഐ.വി. /എയ്ഡ്‌സ് രോഗബാധ അതിരുകടന്ന ലൈംഗികവൈകൃതങ്ങള്‍ക്കുള്ള പ്രകൃതിയുടെ തിരിച്ചടിയായിരുന്നു. മ്‌ളേച്ഛതയും സ്വവര്‍ഗ്ഗരതിയും വ്യഭിചാരവും രോഗകാരണങ്ങളായി കണ്ടെത്തിയിരുന്നു. 3.50 ലക്ഷം പേരുടെയെങ്കിലും ജീവന്‍ എയ്ഡ്‌സ് രോഗം അപഹരിച്ചതായാണ് കണക്കുകള്‍. 2012 ല്‍ ഗള്‍ഫ്‌നാടുകളില്‍ കാണപ്പെട്ട മെര്‍സ് വൈറസുകള്‍ 27 രാജ്യങ്ങളിലെ 2519 പേരിലെത്തിയെങ്കിലും മരണസംഖ്യ 866 മാത്രമായിരുന്നു. ഒട്ടകത്തിന്റെ ഇറച്ചിയും ഒട്ടകപ്പാലും കഴിക്കുന്നവരിലാണ് രോഗം ആദ്യം കണ്ടെത്തിയത്.
ഇതിനിടെ വടക്കന്‍ ചൈനയിലെ ബയ്ണിയര്‍ നഗരത്തില്‍ ബ്യൂബോണിക് പ്ലേഗ് തലപൊക്കിയതായി ഔദ്യോഗികവാര്‍ത്താ ഏജന്‍സിയായ പീപ്പിള്‍സ് ഡെയ്‌ലി റിപ്പോര്‍ട്ടു ചെയ്തു. 17 ഉം 27 ഉം വയസ്സുള്ള രണ്ടു സഹോദരന്മാരിലാണ് രോഗം സ്ഥിരീകരിച്ചത്. ചൈനയില്‍ സുലഭമായി കാണുന്ന എലിവര്‍ഗ്ഗത്തില്‍പെട്ട മാര്‍മോത്ത് എന്ന ജീവിയുടെ മാംസം കഴിച്ചിരുന്നതായി ഇരുവരും വെളിപ്പെടുത്തിയിട്ടുണ്ട്. മാര്‍മോത്തിന്റെ മാംസം ഭക്ഷിക്കരുതെന്ന് ജനങ്ങളെ വിലക്കുകയും സമ്പര്‍ക്കപ്പട്ടികയിലുള്ള 146 പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. ബ്യൂബോണിക് പ്‌ളേഗ് ബാധിച്ചാല്‍ മരണം ഉറപ്പാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. മനുഷ്യശരീരത്തിലെ കോശങ്ങളുമായി കൂടിച്ചേരാന്‍ ശേഷിയുള്ള ജി 4 എന്ന ഒരു പുതിയ വൈറസിനെ ഒരു ചൈനീസ് ഫാമിലെ പന്നികളില്‍നിന്നു കണ്ടെത്തിയതും ഭീതിയുളവാക്കിയിട്ടുണ്ട്. ചൈനയിലെ വുഹാന്‍ നഗരത്തിലെ ഹുനാനന്‍ വന്യജീവി ചന്തയില്‍നിന്നാണല്ലോ സാര്‍സ് - 2 കൊറോണവൈറസുകള്‍ പടര്‍ന്നുപിടിച്ചത്.
ജൈവവൈവിധ്യം തകര്‍ന്നാല്‍ പ്രകൃതിയുടെ താളം തെറ്റും. ഈ താളംതെറ്റല്‍ കൊവിഡിനെക്കാള്‍ പ്രഹരശേഷിയുള്ള മഹാമാരികളെ ക്ഷണിച്ചുവരുത്തുമെന്ന് ഉറപ്പാണ്. ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനവും വ്യാപകമായ വനനശീകരണവും കൂടിച്ചേര്‍ന്നപ്പോള്‍ അന്തരീക്ഷോഷ്മാവ് ക്രമാതീതമായി ഉയര്‍ന്നത് കാലാവസ്ഥാവ്യതിയാനത്തിലേക്കു നയിച്ചു. അടുത്ത നാളുകളില്‍ ആസ്‌ത്രേലിയായിലും യുഎസിലെ ഏതാനും സംസ്ഥാനങ്ങളിലുമുണ്ടായ 'കാട്ടുതീ' ദശലക്ഷക്കണക്കിന് ഏക്കര്‍ വനങ്ങളെയാണ് വിഴുങ്ങിയത്. യുഎസിലെ ഓറിഗണ്‍, മസാചുസെറ്റ്‌സ്, കാലിഫോര്‍ണിയ, വാഷിംഗ്ടണ്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ 50 ലക്ഷം ഏക്കര്‍ വനമാണ് കത്തിയമര്‍ന്നത്. 'കാട്ടുതീ' യെന്നു വിശേഷിപ്പിക്കുമെങ്കിലും മിക്കവയും മനുഷ്യസൃഷ്ടിയാണെന്ന് എല്ലാവര്‍ക്കുമറിയാം. ബ്രസീലിലെ ആമസോണ്‍ മഴക്കാടുകള്‍ തീയിട്ടു നശിപ്പിച്ച് കൃഷി ചെയ്യാന്‍ അനുവാദം നല്‍കിയത് കഴിഞ്ഞവര്‍ഷം പ്രസിഡന്റായി അധികാരമേറ്റ ജയിര്‍ ബോണ്‍ സനാരോയാണ്. 'ഭൂമിയുടെ ശ്വാസകോശം' എന്നറിയപ്പെട്ടിരുന്ന ആമസോണ്‍ കാടുകളുടെ വിസ്തീര്‍ണം 55 ലക്ഷം ചതുരശ്രകിലോമീറ്ററായിരുന്നു. ഇത് ഇന്ത്യയുടെ വലുപ്പത്തെക്കാള്‍ കൂടുതല്‍ വരും. ഇന്ത്യയുടെ ആകെ വിസ്തീര്‍ണം 32 ലക്ഷം ചതുരശ്രകിലോമീറ്ററേ ഉള്ളൂ എന്നോര്‍ക്കണം. ഇത്തരം നശീകരണങ്ങള്‍ കാലാവസ്ഥയില്‍ വരുത്തിയേക്കാവുന്ന മാറ്റങ്ങളെക്കുറിച്ചു ചിന്തിക്കാത്തതെന്ത്? വനഭൂമിയെല്ലാം മരുഭൂമിയാകുമ്പോള്‍ അന്തരീക്ഷോഷ്മാവ് 5 ഡിഗ്രി സെല്‍ഷ്യസ് എങ്കിലും വര്‍ദ്ധിക്കുമെന്നാണ് യുഎന്‍ പഠനം. ഓരോ മിനിറ്റിലും 57 ഏക്കര്‍ സ്ഥലം മരുഭൂമിയായി മാറുന്നുണ്ടെന്നും യുഎന്‍ കണ്ടെത്തിയിട്ടുണ്ട്.
പ്രപഞ്ചത്തെയും ജീവജാലങ്ങളെയും സൃഷ്ടിച്ചശേഷമാണല്ലോ സര്‍വ്വശക്തനായ ദൈവം മനുഷ്യനു രൂപംകൊടുത്തത്. 'ഭൂമിയിലും കടലിലും ആകാശത്തുമുള്ള സകല ജീവജാലങ്ങളുടെയുംമേല്‍ അവന് ആധിപത്യം നല്‍കി' (ഉത്പത്തി 1,26-28). 'ആധിപത്യം' എന്ന വാക്ക് എല്ലാം നശിപ്പിക്കുക എന്ന അര്‍ത്ഥത്തിലല്ല അവിടെ ഉപയോഗിച്ചിരിക്കുന്നത്. പിന്നെയോ ഓരോ വ്യക്തിയും ഭൂമിയുടെയും സര്‍വ്വജീവജാലങ്ങളുടെയും സംരക്ഷകനായിരിക്കണം എന്നാണ് അവിടുന്ന് അഭിലഷിക്കുന്നത് എന്നു തിരിച്ചറിയണം. പഴയ പറുദീസാനുഭവത്തിലേക്കുള്ള മനുഷ്യന്റെ തിരിച്ചുപോക്ക് അനിവാര്യമായിരിക്കുന്നു. അതുവരെ മഹാമാരികള്‍ ഒന്നിനു പിറകെ മറ്റൊന്നായി മനുഷ്യനെ വേട്ടയാടും. കൊവിഡ് 19 നേക്കാള്‍ പ്രഹരശേഷിയുള്ള പുതിയ മഹാമാരികള്‍ പ്രത്യക്ഷപ്പെട്ടേക്കാമെന്ന മുന്നറിയിപ്പുകളും അവഗണിക്കാതിരിക്കാം.