മലയാള ഭാഷാപഠനരംഗത്തും ക്രൈസ്തവസഭാചരിത്രത്തിലും സാഹിത്യചരിത്രത്തിലും നിറസാന്നിദ്ധ്യമായ പ്രൊഫ. മാത്യു ഉലകംതറ നവതിയിലെത്തിയിരിക്കുന്നു. അധ്യാപകന്‍, എഴുത്തുകാരന്‍, കവി, വൈയാകരണന്‍ എന്നിങ്ങനെ വിവിധ തരത്തില്‍ ഒരു തലമുറയുടെ ശ്രദ്ധാകേന്ദ്രമായിരുന്നു അദ്ദേഹം.
'ക്രിസ്തുഗാഥ' എന്ന കാവ്യത്തിലൂടെ വിശ്വാസികളുടെ മനസ്സില്‍ ഇടംപിടിച്ച കവിയാണ് പ്രൊഫ. മാത്യു ഉലകംതറ. ലളിതസുന്ദരപദാവലികള്‍ കോര്‍ത്തൊരുക്കിയ ഒരു അനശ്വരകാവ്യമാണ് ക്രിസ്തുഗാഥ. ഗദ്യവും പദ്യവും ഒരുപോലെ ഉപയോഗിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അനന്യമാണ്. ക്രിസ്തുഗാഥ കൂടാതെ ആലോചനാമൃതം, സാഹിത്യപീഠിക, അര്‍ണോസ് പാതിരി, വെളിച്ചത്തിന്റെ മക്കള്‍ തുടങ്ങി അമ്പതോളം സ്വതന്ത്രകൃതികളും നിരവധി സുറിയാനിഗീതങ്ങളുടെ തര്‍ജ്ജമയും അദ്ദേഹത്തിന്റേതായി കൈരളിക്കു ലഭിച്ചിട്ടുണ്ട്. നന്നേ ചെറുപ്പത്തില്‍ത്തന്നെ കവിതയ്ക്കുള്ള കട്ടക്കയം അവാര്‍ഡ് അദ്ദേഹം സ്വന്തമാക്കി. തുടര്‍ന്ന് ഉള്ളൂര്‍ അവാര്‍ഡ്, കെ.വി. സൈമണ്‍ അവാര്‍ഡ്, കെസിബിസി അവാര്‍ഡ് തുടങ്ങിയ അവര്‍ഡുകളും കേരളസഭാതാരം, മാര്‍ത്തോമ്മാ പുരസ്‌കാരം എന്നിങ്ങനെയുള്ള ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. ബഷീര്‍, സി. മേരി ബനീഞ്ഞാ, പാലാ നാരായണന്‍നായര്‍ മുതലായവരുടെ കൃതികള്‍ക്ക് അദ്ദേഹമെഴുതിയ അവതാരികകളും പ്രസിദ്ധമാണ്.
വൈക്കം കിഴക്കുംഭാഗം ഉലകംതറവീട്ടില്‍ വര്‍ക്കി-അന്ന ദമ്പതികളുടെ മകനായി 1931 ജൂണ്‍ 6 നു ജനിച്ചു. കേരള യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബി.എയും മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് എം.എയും ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചു.
1954 ല്‍ തേവര എസ്.എച്ച്. കോളേജില്‍ ട്യൂട്ടറായി നിയമിതനായി. തുടര്‍ന്ന് അവിടെത്തന്നെ ലക്ചററായും പ്രൊഫസറായും സേവനമനുഷ്ഠിച്ചു. ശ്രീശങ്കരയൂണിവേഴ്‌സിറ്റിയില്‍ ഓണററി പ്രൊഫസറായും ദീപിക ആഴ്ചപ്പതിപ്പിന്റെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരള, എം.ജി. യൂണിവേഴ്‌സിറ്റികളില്‍ ചീഫ് എക്‌സാമിനര്‍, എക്‌സാമിനേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍, പാഠപുസ്തകക്കമ്മിറ്റിയംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെ മൂന്നു യൂണിവേഴ്‌സിറ്റികള്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ പാഠ്യക്രമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നവതിയുടെ നിറവിലെത്തിനില്‍ക്കുന്ന പ്രൊഫ. മാത്യു ഉലകംതറയ്ക്ക് ദീപനാളം കുടുംബത്തിന്റെ പിറന്നാള്‍ മംഗളങ്ങള്‍.