രണ്ടാഴ്ചയായി, ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ സര്‍ക്കാരിനെ ഭീഷണിപ്പെടുത്തിവരികയായിരുന്നു. തത്കാലത്തേക്കൊന്നു ശാന്തമായെന്നു തോന്നുന്നു. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണുവാണ് കക്ഷി.
അദ്ദേഹത്തിന്റെ വകുപ്പിലെ സര്‍വേ ഡയറക്ടര്‍ വി.ആര്‍. പ്രേംകുമാറിനെ സ്ഥലംമാറ്റിയതാണു പ്രകോപനകാരണം. സ്ഥലം മാറ്റിയതു മന്ത്രിസഭാംഗങ്ങളുടെ കൂട്ടായ തീരുമാനപ്രകാരമാണ്. അത് വേണുവിന് ഇഷ്ടപ്പെട്ടില്ലത്രേ. സര്‍വ്വേ ഡയറക്ടറെ മാറ്റാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അനുവാദം വേണമെന്ന് സര്‍വ്വീസ് ചട്ടങ്ങളിലെങ്ങും ഉള്ളതായിട്ടറിവില്ല. എന്നിട്ടും വേണു പ്രതിഷേധിച്ചു.
അദ്ദേഹം ചീഫ് സെക്രട്ടറിയെ പ്രതിഷേധമറിയിച്ചു. മന്ത്രിസഭാതീരുമാനത്തെ വിമര്‍ശിച്ചുകൊണ്ട് ഐ.എ.എസ്. കാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ പ്രതികരണമെഴുതി. മന്ത്രിസഭ തീരുമാനത്തില്‍ ഉറച്ചുനിന്നതോടെ അദ്ദേഹം പ്രതിഷേധസൂചകമായി രണ്ടു ദിവസത്തെ അവധിയെടുത്തു. വീണ്ടും നീണ്ട അവധിയെടുക്കുമെന്നു ഭീഷണിപ്പെടുത്തി.
പക്ഷേ, മുഖ്യമന്ത്രി കുലുങ്ങിയില്ല. കൊറോണാബാധയുടെ പശ്ചാത്തലത്തില്‍ അവധിയിലുള്ള വകുപ്പുസെക്രട്ടറിമാരെല്ലാം ജോലിക്കെത്തണമെന്ന് അദ്ദേഹം കര്‍ശനനിര്‍ദ്ദേശം നല്കുകയും ചെയ്തു. വേണുവും അനുസരിക്കുമെന്നാണ് ഒടുവിലത്തെ വിവരം.
ഡോ. വേണു നല്ലൊരു ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. മെഡിക്കല്‍ ഡോക്ടറായിരുന്ന അദ്ദേഹം 1990 ലാണ് ഐ.എ.എസിലെത്തിയത്. കേന്ദ്രത്തില്‍ അദ്ദേഹം സാംസ്‌കാരികവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു. കേരളത്തിലും അദ്ദേഹം സാംസ്‌കാരികവകുപ്പു സെക്രട്ടറിയായിരുന്നു. ടൂറിസത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്നു. കേരളാടൂറിസത്തിനു ജനകീയമുഖച്ഛായ നല്കുന്നതില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മികച്ച പങ്കുവഹിച്ചതായി എല്ലാവരും അഭിപ്രായപ്പെടുന്നു.
അതൊക്കെ നല്ലതുതന്നെ. പക്ഷേ, മന്ത്രിസഭാതീരുമാനത്തിനെതിരേ പ്രതിഷേധിച്ചപ്പോള്‍ അദ്ദേഹം വിവാദത്തില്‍പ്പെട്ടു. ലക്ഷ്മണരേഖ ലംഘിച്ചു. അതു പാടില്ലായിരുന്നു.
ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥന്‍, അയാളെത്ര പ്രഗല്ഭനുമായിക്കൊള്ളട്ടെ, നിയമപരമായി പൊതുഖജനാവില്‍നിന്നു പ്രതിഫലംപറ്റി ജോലിചെയ്യുന്ന ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ്. ബാക്കിയുള്ളതൊക്കെ അധികയോഗ്യതകളാണ്. മിനിമം യോഗ്യത നഷ്ടപ്പെടുത്തിയാല്‍ അധികയോഗ്യതകളെല്ലാം അധികപ്പറ്റാകും!
ജനാധിപത്യസംവിധാനത്തില്‍ എല്ലാ അധികാരങ്ങളും ജനപ്രതിനിധികളുടെ കൂട്ടായ്മയായ നിയമസഭയിലോ പാര്‍ലമെന്റിലോ നിക്ഷിപ്തമാണ്. അവരില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട മന്ത്രിമാരാണ് അധികാരം വിനിയോഗിക്കുന്നത്. ഒരുദ്യോഗസ്ഥനും ഈ സംവിധാനത്തെ വെല്ലുവിളിക്കാന്‍ അനുവാദമില്ല.
പരാതി പറയാം. തെറ്റുകള്‍ ചൂണ്ടിക്കാണിക്കാം. നിയമപരമായ വ്യതിചലനങ്ങള്‍ ക്രമപ്പെടുത്താന്‍ നിയമപരമായിത്തന്നെ ഇടപെടാം. ഇതും പ്രതിഷേധവും രണ്ടാണ്. ഡോ. വേണു മറന്നുപോയത് ഈ തത്ത്വമാണ്.
സര്‍വേ ഡയറക്ടറെ മാറ്റുന്നതിന് വേണുവിന്റെ അനുവാദം മന്ത്രിസഭയ്ക്ക് ആവശ്യമില്ല. ഉദ്യോഗസ്ഥതലത്തില്‍ ചില ചര്‍ച്ചകള്‍ നടക്കാം. അതു ബന്ധപ്പെട്ട മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും. എന്നിട്ടും മന്ത്രിയോ മന്ത്രിസഭയോ മറിച്ചു തീരുമാനമെടുത്താല്‍ അതു ചോദ്യം ചെയ്യാന്‍ ഉദ്യോഗസ്ഥന് അനുവാദമില്ല. അയാള്‍ അനുസരിച്ചേ മതിയാവൂ. അതാണ് അച്ചടക്കം.
ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ എത്ര സമര്‍ത്ഥനായാലും അയാളെ ഒരേ വകുപ്പില്‍തന്നെ എന്നും ഇരുത്താറില്ല. അയാളുടെ മികവ് പല വകുപ്പുകള്‍ക്കും മികവുണ്ടാക്കാന്‍ ആവശ്യമാണ്. പ്രഗല്ഭരായ ഉദ്യോഗസ്ഥരെയാണു സര്‍ക്കാരിനും ജനങ്ങള്‍ക്കും ആവശ്യം. അതു ഭരണവിജയത്തിന് അനിവാര്യമാണ്; ജനക്ഷേമത്തിനു പ്രയോജനകരവുമാണ്.
വേണുവിനെക്കാള്‍ ജൂണിയറായ പ്രേംകുമാറിനെക്കുറിച്ച് മന്ത്രിക്കോ മന്ത്രിസഭയ്‌ക്കോ പരാതിയില്ല. അദ്ദേഹത്തെ തരംതാഴ്ത്തുകയല്ല സര്‍ക്കാര്‍ ചെയ്തത്. ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്‌സ് വിഭാഗം ഡയറക്ടറായി സ്ഥലംമാറ്റുകയാണ്. അതു സര്‍ക്കാരിന്റെ അധികാരത്തിനു വിധേയമായ ഒരു നടപടി മാത്രമാണ്.
അതില്‍ പ്രതിഷേധിക്കാന്‍ വേണുവിനെന്തവകാശം? നാളെ വേണുവിനെ റവന്യൂപ്രിന്‍സിപ്പല്‍ സെക്രട്ടറിസ്ഥാനത്തുനിന്നു മറ്റൊരു വകുപ്പിലേക്കു സര്‍ക്കാര്‍ മാറ്റും. അനുസരിക്കാതിരിക്കാനൊക്കുമോ? ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറിസ്ഥാനത്തുനിന്നല്ലേ അദ്ദേഹത്തെ റവന്യൂവകുപ്പിന്റെ ചുമതലയിലേക്കു മാറ്റിയത്? തങ്ങളെയും തങ്ങള്‍ക്കിഷ്ടമുള്ളവരെയും തങ്ങള്‍തന്നെ നിര്‍ദ്ദേശിക്കുന്ന തസ്തികകളില്‍ നിയമിക്കണമെന്ന് ഉദ്യോഗസ്ഥര്‍ ശഠിച്ചുതുടങ്ങിയാല്‍ എന്താവും സ്ഥിതി?
ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ ഭരണസംവിധാനത്തിന്റെ ആസ്തി മാത്രമല്ല, ബാധ്യത കൂടിയാണ്. ഏറ്റവും ഉയര്‍ന്ന ശമ്പളം, വാഹനങ്ങള്‍, ഔദ്യോഗികവസതി, പേഴ്‌സണല്‍ സ്റ്റാഫ് തുടങ്ങിയ ആനുകൂല്യങ്ങള്‍ അവര്‍ക്കുണ്ട്. ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്ന് ഒട്ടൊന്നുമല്ല അവര്‍ക്കുവേണ്ടി ചെലവഴിക്കപ്പെടുന്നത്. എന്നിട്ടും അവരില്‍ പലരും ജനങ്ങളോടു യാതൊരു പ്രതിബദ്ധതയുമില്ലാത്ത, ജനശത്രുക്കളായ ഉദ്യോഗസ്ഥബൂര്‍ഷ്വാകളായിട്ടാണു പ്രവര്‍ത്തിച്ചുപോരുന്നത്.
എന്നുപറയുമ്പോള്‍ എല്ലാവരെയും ഉദ്ദേശിക്കുന്നില്ല എന്നു വ്യക്തമാണല്ലോ. പല ഐ.എ.എസുകാരും ഭരണനിര്‍വ്വഹണത്തില്‍ മന്ത്രിമാരെ ആത്മാര്‍ത്ഥമായി സഹായിക്കുന്നവരാണ്. നിയമങ്ങളും ചട്ടങ്ങളുമൊന്നും പഠിച്ചിട്ടല്ല എല്ലാവരും മന്ത്രിമാരാകുന്നത്. അതു പ്രായോഗികമല്ലല്ലോ. അതുകൊണ്ടാണ്, അതെല്ലാം അറിയാവുന്ന ഉദ്യോഗസ്ഥരെ ഓരോ വകുപ്പിലും നിയമിച്ചു ഭരണം നടത്താന്‍ മന്ത്രിമാര്‍ ശ്രമിക്കുന്നത്. അതാണു വേണ്ടതും. അല്ലാതെ, എല്ലാമറിയാമെന്ന ധാര്‍ഷ്ട്യത്തോടെ ഭരണം നടത്തിക്കൊണ്ടുപോകാന്‍ മന്ത്രിമാര്‍ ശ്രമിച്ചാല്‍ അവര്‍ അബദ്ധങ്ങളില്‍പ്പെടുമെന്നു തീര്‍ച്ച.
എല്ലാ മന്ത്രിമാരും പ്രഗല്ഭരല്ല. ഉദ്യോഗസ്ഥരുടെ കാര്യത്തിലെന്നതുപോലെതന്നെ. അതു മനസ്സിലാക്കി അവരെ സഹായിക്കുകയെന്നത് ഉദ്യോഗസ്ഥന്മാരുടെ ചുമതലയാണ്. എന്നാല്‍, അവരില്‍ ചിലരെങ്കിലും മന്ത്രിമാരുടെ കഴിവുകേടുകള്‍ മുതലെടുക്കാന്‍ ശ്രമിക്കാറുണ്ട്. അതു വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുമുണ്ട്. സത്യസന്ധരായ മന്ത്രിമാര്‍പോലും കാര്യക്ഷമതയില്ലാത്തവരെന്നു മുദ്രയടിക്കപ്പെടുന്നതും ആരോപണങ്ങള്‍ക്കു വിധേയരാകുന്നതും ഈ പശ്ചാത്തലത്തിലാണ്.
സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരില്‍ ഒരാളോടു ഞാന്‍ ഒരിക്കല്‍ ചോദിച്ചു: നിങ്ങളെങ്ങനെയാണ് മാറിമാറി വരുന്ന മന്ത്രിമാരുമായി ഒത്തുപോകുന്നത്? അദ്ദേഹത്തിന്റെ മറുപടി രസകരമായിരുന്നു: ''ഒരു പുതിയ മന്ത്രി വരുമ്പോള്‍ ഞങ്ങള്‍ കുറച്ചുനാള്‍ അദ്ദേഹത്തെ നിരീക്ഷിക്കും, പഠിക്കും, അദ്ദേഹത്തിന്റെ താത്പര്യങ്ങള്‍ മനസ്സിലാക്കും. പിന്നെ അതനുസരിച്ചു നീങ്ങും.''
ഇത് അവസരവാദപരമായ ഒരു നിലപാടാണെന്നോ വ്യക്തിത്വമില്ലായ്മയാണെന്നോ വ്യാഖ്യാനിക്കാന്‍ പാടില്ല. ജനാധിപത്യസംവിധാനത്തില്‍ അങ്ങനെതന്നെയാണു വേണ്ടത്. മന്ത്രിമാര്‍ ജനങ്ങള്‍ക്കിടയില്‍ നിന്നു വരുന്നവരാണ്. അവരുടെ മനസ്സില്‍ നിയമങ്ങള്‍ക്കല്ല ജനതാത്പര്യങ്ങള്‍ക്കായിരിക്കും മുന്‍ഗണന. എന്നുകരുതി നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ പാടുണേ്ടാ?
മന്ത്രിമാരുടെയും മന്ത്രിസഭയുടെയും എല്ലാ തീരുമാനങ്ങളും നടപടികളും നിയമവിധേയമായിരിക്കണം. നിയമത്തിന്റെ ധനാത്മകവശങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന ഉദ്യോഗസ്ഥരെ കണ്ണുമടച്ചു തള്ളിക്കളയരുത്. അല്ലെങ്കില്‍ അവഗണിക്കരുത്. ഇങ്ങനെയുണ്ടായ ചില നടപടികളുടെ അനന്തരഫലങ്ങളാണ് സംസ്ഥാനരാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കിയ ലാവ്‌ലിന്‍ കേസും പാമൊലീന്‍കേസുമൊക്കെ.
എന്നുകരുതി ഉദ്യോഗസ്ഥര്‍ മന്ത്രിമാരെ ഭരിക്കാന്‍ തുടങ്ങിയാലോ? എല്ലാക്കാര്യങ്ങളിലും തിരുത്താന്‍ തുടങ്ങിയാലോ? നിയമവിധേയമായി ഒരു കാര്യവും ചെയ്യാന്‍ കഴിയില്ല എന്ന അവസ്ഥ സൃഷ്ടിച്ചാലോ? അതൊരിക്കലും ആശാസ്യമല്ല. അത്തരം ഉദ്യോഗസ്ഥരെ മാറ്റി പകരം ആളെ നിയമിക്കാന്‍ മന്ത്രിമാര്‍ നിര്‍ബന്ധിതരാവും.
മന്ത്രിമാര്‍ പ്രതിനിധാനം ചെയ്യുന്ന നിയമസഭയ്ക്കാണ് നിയമനിര്‍മ്മാണാധികാരം. ജനക്ഷേമകരമായ നടപടികള്‍ സ്വീകരിക്കുന്നതില്‍നിന്നു ചില നിയമങ്ങള്‍ മന്ത്രിമാരെ തടയുന്നു എന്നുവന്നാല്‍ വകുപ്പു സെക്രട്ടറിമാര്‍ നല്‌കേണ്ട ഉപദേശം ആ നിയമം എങ്ങനെ ജനക്ഷേമകരമായി പരിഷ്‌കരിക്കാമെന്നാണ്. കാലഹരണപ്പെട്ടതോ ജനതാത്പര്യവിരുദ്ധമോ ആയ നിയമങ്ങള്‍ മാറ്റി പുതിയ നിയമങ്ങള്‍ നിയമസഭയ്ക്കു നിര്‍മ്മിക്കാവുന്നതേ ഉള്ളൂ.
ഇതാണു ശരിയായി വഴി. പക്ഷേ, അഹങ്കാരികളും ധിക്കാരികളുമായ ചില ഐ.എ.എസ്. വെള്ളാനകള്‍ എപ്പോഴും നിഷേധാത്മകമായ നിലപാടുകളേ സ്വീകരിക്കൂ. അവര്‍ക്കു രാഷ്ട്രീയക്കാരെ പുച്ഛമാണ്. തങ്ങളെപ്പറ്റിയാകട്ടെ വലിയ മതിപ്പുമാണ്!
ഒരാള്‍ മിടുക്കനാണെന്നു മറ്റുള്ളവര്‍ പറയുന്നത് അഭിമാനകരമാണ്. പക്ഷേ, താന്‍ കുറേ മിടുക്കനാണെന്ന് ഒരാള്‍ക്കു സ്വയം തോന്നിത്തുടങ്ങിയാലോ? അപകടം. ഇതല്ലേ, വേണുവിനും പറ്റിപ്പോയതെന്നു സംശയിക്കണം.
ജേക്കബ് തോമസ് എന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ പെടാപ്പാടു പെടുന്നതു കുറേനാളുകളായി നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണല്ലോ. അദ്ദേഹം സത്യസന്ധതയും കാര്യക്ഷമതയുമുള്ള ഒരു ഉദ്യോഗസ്ഥനാണെന്നു പരക്കെ സമ്മതിയുണ്ടായിരുന്ന ആളാണ്. ഇതദ്ദേഹത്തിന് ആത്മവിശ്വാസമുണ്ടാക്കേണ്ട വസ്തുതയായിരുന്നു. പക്ഷേ, അത് ആത്മപ്രശംസയ്ക്കും പരപുച്ഛത്തിനും വഴിമാറി. അങ്ങനെയാണദ്ദേഹം മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുമായി അഭിപ്രായവ്യത്യാസത്തിലായത്. അന്നദ്ദേഹം ഫയര്‍ ആന്‍ഡ് സേഫ്റ്റി വകുപ്പു ഡയറക്ടര്‍. ചില കെട്ടിടങ്ങള്‍ക്കു സുരക്ഷാസര്‍ട്ടിഫിക്കറ്റു കൊടുക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. അതു സര്‍ക്കാര്‍താത്പര്യത്തിനു വിരുദ്ധമായിരുന്നു.
ഇതിനെതിരേ അദ്ദേഹം പരസ്യമായി പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരേ നിലപാടെടുത്തു. വാര്‍ത്താമാധ്യമങ്ങള്‍ ഇതിനു വലിയ പ്രാധാന്യം നല്കിയതോടെ അദ്ദേഹം മതിമറന്നു. പിന്നാലെ മലയാളത്തിലെ ഒരു ചാനല്‍ അദ്ദേഹത്തെ വാര്‍ത്താതാരമായി തിരഞ്ഞെടുക്കുകയും ചെയ്തു. സ്വയം കയറിപ്പോകുന്ന കുരങ്ങിന് ഏണി ചാരിക്കൊടുത്തതുപോലെ. ഉമ്മന്‍ചാണ്ടിയാകട്ടെ ഇതൊന്നും വലിയ കാര്യമല്ല എന്ന മട്ടില്‍ അവഗണിച്ചുകളഞ്ഞു.
അന്നു മുഖ്യമന്ത്രി കര്‍ശനമായ നടപടി എടുത്തിരുന്നുവെങ്കില്‍, ജേക്കബ് തോമസിന്റെ കഷ്ടകാലം ഒഴിവായിപ്പോകുമായിരുന്നിരിക്കണം. അതുണ്ടായില്ല. ഫലമോ? സ്വയം കുഴിച്ച കുഴിയില്‍നിന്ന് ഇന്നുമദ്ദേഹത്തിന് കയറിപ്പോരാന്‍ കഴിഞ്ഞിട്ടില്ല!
വേണുവിനു ഭയപ്പെടാനില്ല. ഐ.എ.എസ്. ഉദ്യോഗസ്ഥരെ നിലയ്ക്കുനിര്‍ത്താന്‍ തനിക്കറിയാമെന്നു പലകുറി തെളിയിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ജേക്കബ് തോമസിന്റെ ചില നടപടികളില്‍ അസന്തുഷ്ടരായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കൂട്ട അവധിയെടുക്കാനെത്തിയ ഐ.എ.എസ്. പട വാലുമടക്കി മടങ്ങുന്നത് നമ്മള്‍ കണ്ടുകൊണ്ടിരുന്നതാണല്ലോ.
മന്ത്രിസഭാതീരുമാനത്തിനെതിരേ പ്രമേയം പാസാക്കിയ ഐ.എ.എസ്. അസോസിയേഷനും വേണുവിനോടൊപ്പം കൂട്ടഅവധിയെടുക്കാനൊരുങ്ങിയ ജൂണിയര്‍ ഐ.എ.എസ്. മിടുക്കരും 'വിജയകരമായി പിന്മാറു'മെന്ന കാര്യത്തില്‍ സംശയമില്ല. അതാണു വേണ്ടതും. കൊത്തിക്കൊത്തി മുറത്തില്‍ കയറി കൊത്തരുത്.