കാര്‍ഫിയൂസിന്റെ സൈന്യം കൊട്ടാരത്തിനു ചുറ്റും ഒരു വലയംതന്നെ തീര്‍ത്തു.കൊട്ടാരം കാവല്‍ക്കാര്‍ സ്വന്തം ആയുധങ്ങള്‍പോലും ഉപേക്ഷിച്ച് ജീവനുംകൊണ്ടോടി. ചിലരെ കൈയോടെ പിടിച്ച് പ്രജകള്‍തന്നെ കൈകാര്യം ചെയ്തു.
ഭടന്മാര്‍ വാളുകളുമായി ദേവദത്തനെ പിടിക്കാന്‍ ഗോവണിയിലൂടെ കയറുമ്പോഴാണ് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് താഴേക്ക് എടുത്തുചാടിയത്.
എന്നാല്‍, താഴെനിന്ന ജനക്കൂട്ടത്തിനിടയിലേക്കു വീഴുന്നതിനുമുമ്പുതന്നെ അവര്‍ ദേവദത്തനെ കൈകളില്‍ താങ്ങിയെടുത്തു.
''എടാ ദുഷ്ടാ, വഞ്ചകാ... സ്വന്തം അച്ഛനെ കൊന്ന നിന്നെ ഞങ്ങള്‍ ഇഞ്ചിഞ്ചായി കൊല്ലും.'' ജനം അലറിക്കൊണ്ടു പറഞ്ഞു.
പെട്ടെന്ന് ഭടന്മാര്‍ ഓടിയെത്തി ദേവദത്തനെ ജനങ്ങളില്‍നിന്നു മോചിപ്പിച്ച് തടവറയിലാക്കി. ഒപ്പം മന്ത്രവാദിയെയും...
തടവറയ്ക്കുമുമ്പില്‍ ജനം തടിച്ചുകൂടി.
''ദേവദത്തനെയും മന്ത്രവാദിയെയും കൈകാലുകള്‍ വെട്ടി ഇഞ്ചിഞ്ചായി കൊല്ലണം.'' ജനം അലറി.
''കൊല്ലണം.''
രാജ്യമെമ്പാടും ഒരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു. പ്രജകള്‍ നൃത്തംവച്ചും പന്തങ്ങള്‍ കൊളുത്തിയും സന്തോഷചിത്തരായി. നാട്ടിലും നഗരങ്ങളിലുമെല്ലാം കാര്‍ഫിയൂസിനെ വാഴ്ത്തിക്കൊണ്ടുള്ള സംഗീതങ്ങള്‍ ഉയര്‍ന്നു.
കൊട്ടാരത്തിനുമുമ്പില്‍ തടിച്ചുകൂടിയ പ്രജകള്‍ അപ്പോഴും പിരിഞ്ഞുപോയില്ല.
ജനം കൊട്ടാരത്തിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നു.
കാര്‍ഫിയൂസ് കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ കയറിനിന്നു. പെട്ടെന്ന് ജനം ഒന്നടങ്കം നിശ്ശബ്ദരായി. എല്ലാ കണ്ണുകളും കാര്‍ഫിയൂസിന്റെ മുഖത്തു തറഞ്ഞുനിന്നു.
സ്ഥാനഭ്രഷ്ടനായ ശേഷം തിരിച്ചെത്തിയ തിരുമേനി ആദ്യമായി പ്രജകളെ സംബോധനചെയ്യാന്‍ പോകുകയാണ്:
''നിങ്ങള്‍ ദയവായി ഇനി വീടുകളിലേക്കു പോകണം.''
''ഇല്ല, കൊട്ടാരത്തില്‍ കയറി മഹാരാജാവിനെ ദംശിച്ച ആ പാമ്പിനെക്കുറിച്ചും അതിനെ എങ്ങനെ മുറിക്കുള്ളില്‍ എത്തിച്ചെന്നും ഞങ്ങള്‍ക്കറിയണം.''
''ഇനി നിങ്ങളുടെ ആഗ്രഹം എന്താണ്? നാം എല്ലാം പ്രജകളുടെ ഇഷ്ടംപോലെയേ പ്രവര്‍ത്തിക്കൂ.''
''രണ്ടാമത്തെ ഞങ്ങളുടെ ആവശ്യം...''
''ദേവദത്തനെയും മന്ത്രവാദിയെയും തൂക്കിക്കൊല്ലണം.''
''ശരി, നാം സമ്മതിച്ചിരിക്കുന്നു. മന്ത്രവാദിയെ കൊല്ലാന്‍ തൂക്കുമരം കൊട്ടാരസേവകന്മാര്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. അയാള്‍ പിടഞ്ഞുമരിക്കുന്നത് അധികം താമസിയാതെ നിങ്ങള്‍ക്കെല്ലാം കാണാം. എന്നാല്‍, ദേവദത്തനെ എങ്ങനെ കൊല്ലണമെന്ന് ഞാന്‍ മേഘനാദനോടു ചോദിച്ചു. എന്റെ എല്ലാം മേഘനാദനും സോയൂസുമാണ്. എന്റെ എല്ലാ കഷ്ടതകളിലും അവര്‍ വിശ്വസ്തരായി എന്നോടൊപ്പം നിന്നു. എനിക്കുവേണ്ടി ജീവന്‍ പണയംവച്ചും അവര്‍ പോരാടി. ശത്രുവിന്റെ അമ്പേറ്റു. സോയൂസിന്റെ ഒരു കൈയ്ക്കു നല്ല സ്വാധീനമില്ല. അവരുടെ ഇഷ്ടപ്രകാരമാണ് ഈ രാജ്യത്തെ എല്ലാ കാര്യങ്ങളും നാം വര്‍ത്തിക്കുന്നത്.''
കാര്‍ഫിയൂസ്‌രാജാവ് ഒന്നു നിര്‍ത്തി. അവിടുന്ന് കുറേനേരം എന്തോ ചിന്തിച്ചുശേഷം പറഞ്ഞു: ''ദേവദത്തനെ കൊല്ലുന്നതില്‍ എനിക്കു വിഷമമുണ്ട്. ഞങ്ങള്‍ രണ്ടുപേരും ഒരമ്മയുടെ മക്കളാണ്. ഒരച്ഛന്റെ മക്കളാണ്''
''തിരുമേനീ, ദേവദത്തനെ കൊല്ലുകതന്നെ വേണം.'' ജനം ഒന്നടങ്കം അലറി.
''നിര്‍ത്തൂ.'' സോയൂസ് കടന്നുവന്ന് പ്രജകളെ ശാന്തരാക്കാന്‍ ശ്രമിച്ചു.
കാര്‍ഫിയൂസ് തുടര്‍ന്നു: ''ദേവദത്തനെ എങ്ങനെ കൊല്ലണമെന്ന് എന്നോടു മേഘനാദനും സോയൂസും ഉണര്‍ത്തിച്ചിട്ടുണ്ട്. അതനുസരിച്ച് ഇന്നു കൃത്യം നാലുമണിക്ക് മന്ത്രവാദിയെ കഴുമരത്തില്‍ തൂക്കിക്കൊല്ലും. അതിനടുത്ത് ഒരു വലിയ ഒലിവുമരമുണ്ട്. ആ മരത്തിന്റെ ചുവട്ടില്‍ വച്ച് ഒരു പ്രത്യേകരീതിയില്‍ ദേവദത്തനെ എല്ലാവരുടെയും മുമ്പില്‍ വച്ചു വധിക്കും.''
അതുകേട്ട് ജനം ഒന്നടങ്കം ആഹ്ലാദംകൊണ്ട് തുള്ളിച്ചാടി.
അപ്പോള്‍ തെല്ലകലെ ഇതെല്ലാം കേട്ടുകൊണ്ട് ദേവദത്തനും ഒപ്പം മന്ത്രവാദിയും കിടന്നു. ദേവദത്തന്‍ ഇടയ്ക്കിടെ തടവറയില്‍കിടന്ന് അലറുകയും നിലവിളിക്കുകയും ചെയ്തുകൊണ്ടിരുന്നു.
പെട്ടെന്ന് എല്ലാവരെയും വിസ്മയഭരിതരാക്കിക്കൊണ്ട് ഒരു മനുഷ്യന്‍ മെല്ലെ കൊട്ടാരം ലക്ഷ്യമാക്കി നടന്നടുക്കുകയായിരുന്നു. അയാള്‍ക്കുവേണ്ടി ജനം വഴി മാറിക്കൊടുത്തു.
അയാള്‍ നേരേ തടവറ ലക്ഷ്യമാക്കി നീങ്ങി.
(തുടരും)