•  3 Apr 2025
  •  ദീപം 58
  •  നാളം 5
ബാലനോവല്‍

കൊട്ടാരക്കെട്ടിലെ ഉറങ്ങാത്ത രാവുകള്‍

   അനന്തവിസ്തൃതമായ കൊട്ടാരക്കെട്ടുകള്‍ക്കുള്ളില്‍ രാത്രി ഒരുപോള കണ്ണടയ്ക്കാന്‍ പോലും കഴിയാതെ ദേവദത്തന്‍ അസ്വസ്ഥതയുടെ ചാട്ടവാറടികളേറ്റു പുളയുകയായിരുന്നു. എത്ര ദിനമായി ഉറങ്ങിയിട്ട്! ജ്യേഷ്ഠ
നെചതിച്ച് സിംഹാസനം കൈക്കലാക്കിയെങ്കിലും സ്വസ്ഥമായി ഒരു നിമിഷംപോലും കഴിഞ്ഞിട്ടില്ല.
കാര്‍ഫിയൂസിനെ തന്ത്രപൂര്‍വം അച്ഛന്റെ ശവവുമായി മറ്റൊരു രാജ്യത്തേക്കു കടത്തി. എങ്കിലും അവന്‍ ഇതാ കൊട്ടാരത്തിനു സമീപമെത്തിയിരിക്കുന്നു. പര്‍വതത്തില്‍നിന്നു ശിലകള്‍ ഉരുട്ടിയും അമ്പെയ്തും കൊല്ലാമെന്നായിരുന്നു കരുതിയത്. പക്ഷേ, അവിടെയും കണക്കുകൂട്ടലുകളെല്ലാം തെറ്റി. ദേവദത്തന്റെ സൈനികത്തലവനായ അഡോക്കിയാസിനെവരെ അവര്‍ തങ്ങളുടെ പക്ഷത്താക്കി. ആനയുടെ ചവിട്ടേറ്റ് നൂറോളം പടയാളികളാണു ഛിന്നഭിന്നമായത്.
ആ സംഭവത്തോടെ തന്റെ ഭടന്മാരുടെ ആത്മധൈര്യം നന്നേ ചോര്‍ന്നുപോയി. അവരും കനത്ത നിരാശയിലും ഭീതിയിലുമായിരിക്കുന്നു.
രാജ്യത്തെ പ്രജകളും കാര്‍ഫിയൂസിനോടൊപ്പമാണ്. അവരും അവന്‍ തിരിച്ചുവരാന്‍ കാത്തിരിക്കുന്നവരാണ്. സ്വന്തം പിതാവിനെ ചതിച്ചുകൊന്ന്, ജ്യേഷ്ഠനെ തന്ത്രപൂര്‍വം നാടുകടത്തിയ നീചനായിട്ടാണ് ആദിത്യപുരത്തെ പ്രജകള്‍ ദേവദത്തനെ കാണുന്നത്.
''തിരുമേനീ, എന്താ ഉറങ്ങാത്തത്? ഞങ്ങള്‍ കൊട്ടാരത്തിനു കാവലുണ്ടല്ലോ.'' ഭടന്മാരുടെ പ്രധാനി വന്നു പറഞ്ഞു.
''നമ്മുടെ കുതിരപ്പടയാളികള്‍ കാര്‍ഫിയൂസിനെ നേരിടാനായി സര്‍വസന്നാഹങ്ങളോടെയും നീങ്ങിയിട്ടുണ്ട്.'' സേനാധിപന്‍ പറഞ്ഞു.
''ഇത്തവണ അവരെ കുതിരപ്പടയാളികള്‍ നിലംപൊത്തിക്കും, കാര്‍ഫിയൂസിന് ഒരു കുതിരപോലുമില്ല.''
നിമിഷങ്ങള്‍ പിന്നെയും കടന്നുപോയി. പെട്ടെന്ന് അവിടേക്ക് രാജദൂതന്‍ ഓടിക്കിതച്ചെത്തി. ''കൊച്ചുതിരുമേനീ, എല്ലാം തകര്‍ന്നു. നമ്മുടെ കുതിരപ്പടയാളികളെല്ലാം ഉടലില്‍നിന്നു തലവേര്‍പെട്ടു മരിച്ചു. കുറെപ്പേരുടെ കഴുത്തില്‍ ആഴത്തില്‍ മുറിവും ഏറ്റു. നമ്മുടെ കുതിരകളെയെല്ലാം അവര്‍ കൈക്കലാക്കി.
ഇടിവെട്ടേറ്റതുപോലെ ദേവദത്തന്‍ മരവിച്ചുനിന്നുപോയി. കണ്ണില്‍ ഇരുട്ടുകയറി ഒന്നും കാണാനാവാത്ത അവസ്ഥ. ഭടന്റെ വാക്കുകള്‍ ദേവദത്തനെ വല്ലാതെ ഭയചകിതനാക്കി...
ദേവദത്തന്‍ ഭടനോടു ചോദിച്ചു: ''ഞാനെന്താണീ കേള്‍ക്കുന്നത്? നമ്മുടെ സൈന്യത്തിന്റെ കൈവശം ആയുധങ്ങള്‍ ഒന്നും ഇല്ലായിരുന്നോ?'' 
''ശത്രുക്കള്‍ വളരെ ദൂരെയായിരുന്നു. അവരെ നേരിടാനായി പാഞ്ഞുപോകുമ്പോള്‍ വഴിയില്‍ കഴുത്തിന്റെ ഉയരം കണക്കാക്കി ചെറിയൊരു കമ്പി വലിച്ചുകെട്ടിയിരുന്നു. 
രാത്രിയായിരുന്നതിനാല്‍ അതു കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍, കുതിരകള്‍ക്ക് ഒന്നും പറ്റിയില്ല. കുതിരകളുടെ ശിരസ്സിനു മുകളിലായിരുന്നു കമ്പി കെട്ടിയിരുന്നത്. കമ്പിയില്‍ത്തട്ടി കഴുത്തു മുറിഞ്ഞാണു ഭടന്മാര്‍ മരിച്ചത്.''
ഇത് അന്തിമയുദ്ധമാണ്. ഇതു പരാജയമടഞ്ഞാല്‍ എല്ലാം തീര്‍ന്നതുതന്നെ. ഇനി ഏതാനും കൊട്ടാരകാവല്‍ക്കാര്‍മാത്രമേ ഇവിടെ അവശേഷിച്ചിട്ടുള്ളൂ.
ദേവദത്തന്‍ കൊട്ടാരത്തിന്റെ മുകള്‍നിലയിലൂടെ വെറുതെ നടന്നു. രാത്രിയിലും ശരീരം ചുട്ടുപൊള്ളുന്ന അവസ്ഥ. തന്റെ കാല്‍ക്കീഴിലെ മണ്ണ് ഓരോ നിമിഷവും ചോര്‍ന്നുപോകുന്നു.
വീണ്ടും കാര്യസ്ഥന്‍ ഓടിയെത്തി. 
ആ വരവു കണ്ട് ദേവദത്തന്‍ ഒന്നുകൂടി ഭയന്നു.
കാര്യമായ എന്തോ സംഭവിച്ച ലക്ഷണമുണ്ട്. 
''എന്താ? എന്തുണ്ടായി?''
''തിരുമേനീ, അങ്ങ് അയച്ച അവസാനത്തെ സൈനികരെ ജനം കൂട്ടമായി ആക്രമിച്ചു. വീരസേനനെ തിരുമേനി ചതിച്ചു കൊന്നുവെന്നും പറഞ്ഞ് ആയിരക്കണക്കിനാളുകള്‍ അവരെ വളഞ്ഞു കല്ലെറിഞ്ഞു കൊന്നു... 
എല്ലാം തകര്‍ന്നിരിക്കുന്നു! തന്റെ പിതാവിന്റെ ആത്മാവും തന്നെ വേട്ടയാടുകയാണെന്ന് ദേവദത്തനു തോന്നി. പിതാവിന്റെ കോപം എന്നേക്കുമായി തന്റെമേല്‍ പതിച്ചിരിക്കുന്നു.
പെട്ടെന്ന് പുറത്തു വലിയൊരു ബഹളം. ജനം ഒന്നടങ്കം തെരുവില്‍ ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു.
അവരുടെ മുമ്പില്‍ കാര്‍ഫിയൂസൂം പടയാളികളും.
ദേവദത്തന്‍ ഭയന്നുപോയി.
അയാള്‍, താനിരുന്ന സിംഹാസനം വലിച്ചെറിഞ്ഞു. പാനപാത്രങ്ങള്‍ എറിഞ്ഞുടച്ചു. വിശിഷ്ടവസ്തുക്കള്‍ ഒന്നൊന്നായി തല്ലിയുടച്ചു.
സേവകര്‍ ഓടിയെത്തി. ''തിരുമേനീ എന്താണിത്? അങ്ങേക്കു ഭ്രാന്തായോ?''
''കൊല്ലും, എല്ലാറ്റിനെയും ഞാന്‍ കൊല്ലും. ഞാന്‍മാത്രം മതി. കൊട്ടാരത്തിലെ എല്ലാ തെണ്ടിപ്പരിക്ഷകളും പുറത്തുപോകൂ.''
ദേവദത്തന്‍ ഒരു വാള്‍ കൈയിലെടുത്തു. സേവകന്മാര്‍ ആ രംഗം കണ്ടു ഭയന്നോടി. ദേവദത്തനു ഭ്രാന്തായി. അയാള്‍ വാളുകൊണ്ട് കൊട്ടാരത്തിലെ തൂണുകളില്‍ ആഞ്ഞുവെട്ടി.
''തിരുമേനീ, പിന്നില്‍നിന്ന് ഒരു നിലവിളികേട്ട് ദേവദത്തന്‍ ഞെട്ടി. കാര്‍ഫിയൂസിന്റെ ഭടന്മാരാണെന്നു കരുതി. എന്നാല്‍, ആ രൂപം കണ്ട് ദേവദത്തന്‍ ഞെട്ടി.  തൊട്ടുമുമ്പില്‍ മന്ത്രവാദി മാര്‍ജാരന്‍! വല്ലാത്ത കിതപ്പോടെ കേണപേക്ഷിച്ചു: ''തിരുമേനി, എന്നെ പിടിക്കാന്‍ ഭടന്മാര്‍ വരുന്നു. എന്നെ രക്ഷിക്കണം.''
ദേവദത്തന്‍ വാള്‍ വീശി മന്ത്രവാദിയെ ഓടിച്ചു. അടുത്തനിമിഷം കാര്‍ഫിയൂസിന്റെ സൈന്യം കൊട്ടാരം വളഞ്ഞു. അവര്‍ മന്ത്രവാദിയെ ബന്ധിച്ച് മരത്തില്‍ കെട്ടിയിട്ടു. പിന്നെ പൊതിരെ തല്ലി. അതുകണ്ട് ദേവദത്തന്‍ രണ്ടാംനിലയില്‍നിന്നു താഴേക്കു ചാടി.
 
(തുടരും)

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)