ദീപിക മുന്‍ ഡെപ്യൂട്ടി എഡിറ്ററും ദീപനാളത്തിന്റെ ലേഖകസുഹൃത്തുമായിരുന്ന ജോസഫ് കട്ടക്കയത്തിന്റെ നിര്യാണത്തോടെ മലയാളപത്രപ്രവര്‍ത്തനരംഗത്തെ ഒരു മുതിര്‍ന്ന കാരണവരെ നമുക്കു നഷ്ടമായിരിക്കുന്നു. മൂന്നരപ്പതിറ്റാണ്ടോളം ദീപികയുടെ വാര്‍ത്താപേജുകളെ അനന്യവും അവിസ്മരണീയവുമായി നിലനിര്‍ത്തുന്നതില്‍ ജോസഫ് സാര്‍ വഹിച്ച പങ്ക് വളരെ വലുതാണ്.
ഇന്ത്യാ-പാക് യുദ്ധം, അടിയന്തരാവസ്ഥപ്രഖ്യാപനം, ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പുതോല്‍വി, ഖലിസ്ഥാന്‍വിഘടനവാദം, ഇന്ദിരയുടെയും രാജീവിന്റെയും രക്തസാക്ഷിത്വം തുടങ്ങി ദീപികയില്‍ വിന്യസിക്കപ്പെട്ട പല വന്‍വാര്‍ത്തകളും കട്ടക്കയംസാറിന്റെ കൈയൊപ്പുപതിഞ്ഞവയായിരുന്നു. ഇംഗ്ലീഷ് ബിരുദാനന്തരബിരുദധാരിയായ ഇദ്ദേഹം മികച്ച ഒരു വാര്‍ത്താപരിഭാഷകന്‍ എന്ന നിലയില്‍ അന്താരാഷ്ട്രവാര്‍ത്തകള്‍ക്കു പുതിയ മാനം പകര്‍ന്നു.
ദീപികയില്‍നിന്നു വിരമിച്ചതിനുശേഷം അദ്ദേഹം ദീപനാളത്തില്‍ ധാരാളമായി എഴുതുകയുണ്ടായി. അനേകം ലേഖനങ്ങളും പരമ്പരകളുംകൊണ്ട് ദീപനാളത്തിന്റെ പേജുകളെ സമ്പന്നമാക്കി. മലയാളചലച്ചിത്രലോകത്തെ അനശ്വരഗാനങ്ങളെയും ഗായകരെയും അനുസ്മരിച്ചുകൊണ്ട് അദ്ദേഹം ദീപനാളത്തിലെഴുതിയ 'പാട്ടിന്റെ പാലാഴി' എന്ന പരമ്പര പ്രത്യേകം ഓര്‍ക്കുന്നു.
തികഞ്ഞ ഒരു സഹൃദയനായിരുന്നു കട്ടക്കയംസാര്‍. യേശുദാസ് ആരാധ്യപുരുഷനായിരുന്നു. ഒപ്പം, വയലാറും ദേവരാജനും ഷേക്‌സ്പിയറും വേര്‍ഡ്‌സ്‌വര്‍ത്തുമെല്ലാം അദ്ദേഹത്തിന്റെ മനസ്സില്‍ കൂടുകൂട്ടി. വലിയൊരു സൗഹൃദവലയം അദ്ദേഹത്തിനുണ്ടായിരുന്നു. ആത്മാര്‍ഥമായ സമീപനവും സത്യസന്ധമായ പെരുമാറ്റവും. അതുകൊണ്ടുതന്നെ ഒരിക്കല്‍ പരിചയപ്പെടുന്നവരുടെയെല്ലാം മനസ്സില്‍ അദ്ദേഹം ചിരപ്രതിഷ്ഠ നേടി. അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്കുമുമ്പില്‍ പ്രണാമം.