കുന്നിനുമുകളില്‍നിന്നു താഴേക്കിറങ്ങാന്‍ ആരംഭിച്ചപ്പോഴാണ് ആ കാഴ്ച അവര്‍ക്കു കാണാന്‍ കഴിഞ്ഞത്.
നൂറുകണക്കിനു പടയാളികള്‍ സര്‍വവിധ ആയുധസന്നാഹങ്ങളോടുകൂടി തങ്ങളുടെ നേര്‍ക്കു പാഞ്ഞടുക്കുകയയാണ്. കുതിരകളും ആനകളും ഒട്ടകങ്ങളുമെല്ലാം ആ ഗണത്തിലുണ്ട്.
''ഇനി നമ്മള്‍ എന്തു ചെയ്യും?'' കാര്‍ഫിയൂസ് വേവലാതികൊണ്ടു.
''സാരമില്ല. നാം ആത്മധൈര്യം കൈവെടിയരുത്.'' സോയൂസ് പറഞ്ഞു.
''നമ്മള്‍ എത്ര പണിപ്പെട്ടാണ് കുന്നിന്‍മുകളിലെത്തിയത്. അമ്പുകളും കൂറ്റന്‍കരിങ്കല്ലുകളും കൊലയാനകളുമെല്ലാം നമ്മുടെ നേരേ വന്നില്ലേ? അവയെല്ലാം നമ്മള്‍ സമര്‍ഥമായി നേരിട്ടില്ലേ? അതുപോലെ ഇവിടെയും നാം ചില തന്ത്രങ്ങള്‍ പ്രവര്‍ത്തിക്കും.''
''എന്തോ എനിക്കു വലിയ ഭയമാകുന്നു.'' കാര്‍ഫിയൂസ് വീണ്ടും പറഞ്ഞു.
''കുമാരന്‍ മാനസികമായും ശാരീരികമായും വല്ലാതെ തളര്‍ന്നിരിക്കുകയാണ്. അങ്ങ് ഞങ്ങളോടൊപ്പം ഉണ്ടായിരുന്നാല്‍ മാത്രം മതി.''
അകലെനിന്നു കൊലയാനകള്‍ ചിന്നംവിളിക്കാന്‍ തുടങ്ങി. അവയുടെ അലര്‍ച്ച കുന്നിന്‍മുകളില്‍ത്തട്ടി പ്രതിധ്വനിച്ചു.
''അവര്‍ വളരെ അടുത്തേക്കു വന്നെന്നു തോന്നുന്നു.'' ഒരു ഭടന്‍ പറഞ്ഞു.
''മേഘനാദാ. ഈ വിപത്തിനെ നേരിടാന്‍ താങ്കള്‍ എന്തെങ്കിലും ഒരു ബുദ്ധി പ്രയോഗിക്കൂ...''
സോയൂസ് പറഞ്ഞു.
''നമ്മള്‍ കൈവിരലില്‍ എണ്ണാവുന്ന ആളുകളല്ലെയുള്ളൂ. തിരുമാലിരാജാവു നല്‍കിയ ഭടന്മാരെക്കൂടി ഉള്‍പ്പെടുത്തിയാല്‍പോലും അമ്പതില്‍ താഴെ പടയാളികളേയുള്ളൂ. അവരാണെങ്കില്‍ നൂറുകണക്കിനുണ്ട്.'' മേഘനാദന്‍ പറഞ്ഞു.
''ഇപ്പോള്‍ നമ്മള്‍ കുന്നിന്‍ മുകളിലാണ്. ശത്രുക്കള്‍ താഴെയും. മുകളില്‍ നില്‍ക്കുന്നവര്‍ക്ക് പലതും ചെയ്യാന്‍ കഴിയും. നമ്മള്‍ സമനിലത്തിലായിരുന്നപ്പോള്‍ അവര്‍ എന്തു ചെയ്‌തോ അതുതന്നെ നമ്മളും ചെയ്യുക. നേരം സന്ധ്യയായാല്‍ മറ്റൊരു വലിയ തന്ത്രം എനിക്കു പ്രയോഗിക്കാനുണ്ട്.''
''ഇനി എന്തു ചെയ്യണം?'' കാര്‍ഫിയൂസ് തിരക്കി. ''എത്രയും വേഗം ഒരു വലിയ പാറ കുത്തിയിളക്കി. ഉരുട്ടിവിടൂ.'' മേഘനാദന്‍ അലറുന്ന സ്വരത്തില്‍ പറഞ്ഞു. ''അവറ്റകളെല്ലാം ചതഞ്ഞു ചാകട്ടെ.''
ഭടന്മാര്‍ വലിയ ഒരു ഇരുമ്പുകമ്പി എടുത്തു. പാറക്കെട്ടിനുമീതേ ചാഞ്ഞിരുന്ന വലിയൊരു പാറ വളരെ പണിപ്പെട്ട് കുത്തിയിളക്കി വിട്ടു..
ഭീകരമായ ഒരു ശബ്ദത്തോടെ ശില ഉരുണ്ടുരുണ്ട് താഴേക്കു നീങ്ങി. കടന്നുപോകുന്ന വഴിയിലെ മറ്റു കല്ലുകളും അതോടൊപ്പം താഴേയ്ക്കു ശരവേഗം പാഞ്ഞു.
പാറ നേരേ ചെന്ന് ശത്രുസൈന്യത്തിന്റെ മധ്യത്തിലേക്കു തന്നെ വീണു. അവിടെ വലിയൊരു ആര്‍ത്തനാദം ഉയര്‍ന്നു. കല്ലിനടിയില്‍പ്പെട്ട് കുറേ പടയാളികള്‍ ചതഞ്ഞു മരിച്ചു. രക്തം ഭൂമിയില്‍ തളംകെട്ടി. രണ്ടുമൂന്നു കുതിരകള്‍ ചത്തു. കൊലയാനകള്‍ വിരണ്ടോടി.
അടുത്തനിമിഷംതന്നെ മറ്റൊരു ശിലയും താഴേക്കു തള്ളിയിട്ടു.
പടയാളികള്‍ നാലുപാടും ചിതറിയോടി. കുന്നിനുമുകളില്‍നിന്ന് നൂറുകണക്കിന് അമ്പുകള്‍ ശത്രുക്കള്‍ക്കു നേരേ തൊടുത്തുവിട്ടു. അമ്പേറ്റു പലരും മരിച്ചുവീണു. കുതിരകള്‍ മുഴുവനും അമ്പേറ്റു വീണു.
ശത്രുക്കള്‍ തത്കാലം പിന്‍വാങ്ങിയെന്നു പൂര്‍ണമായും ബോധ്യമായപ്പോള്‍ മേഘനാദന്‍ പറഞ്ഞു:
''ഇനി നമുക്ക് സാവധാനം താഴോട്ടിറങ്ങാം. വളരെ ശ്രദ്ധാപൂര്‍വം വേണം. ശത്രുക്കള്‍ പതിയിരുന്ന് ആക്രമിക്കാന്‍ സാധ്യതയുണ്ട്.''
അവര്‍ കുന്നിറങ്ങി താഴെയെത്തി. അപ്പോഴാണ് ആ കാഴ്ച കണ്ടത് കല്ലിന്റെ പ്രയാണത്തിനിടയില്‍ ചതഞ്ഞു മരിച്ച ഡസന്‍ കണക്കിനു പടയാളികള്‍. നേരം സന്ധ്യയായി. അപ്പോള്‍ മേഘനാദന്‍ പറഞ്ഞു: ''ഇനി ഒരു തന്ത്രം പ്രയോഗിക്കാന്‍ സമയമായി. രാത്രി ഏതു സമയവും ശത്രുക്കളുടെ ആക്രമണം പ്രതീക്ഷിക്കാം. ശിലയ്ക്കിടയില്‍പ്പെട്ട് മരിച്ചതിന്റെ പ്രതികാരം അവര്‍ ചെയ്യാതിരിക്കില്ല.
രാത്രി ഏതാനും യാമങ്ങള്‍ കടന്നുപോയി. ഭടന്മാരെല്ലാം ആയുധങ്ങളുമായി ജാഗരൂകരായിരിക്കുകയാണ്. ശത്രു ഏതു നിമിഷവും ചാടി വീഴാം.
കാര്‍ഫിയൂസിന് വലിയൊരാശ്വാസം തോന്നി. ആദിത്യപുരം ദേശത്തിന്റെ മണ്ണിലെത്തിക്കഴിഞ്ഞിരിക്കുന്നു. ഇവിടെക്കിടന്നു മരിച്ചാലും ദുഃഖമില്ല. തന്റെ മണ്ണ്. തന്റെ രാജ്യം. താന്‍ ജനിച്ചു വളര്‍ന്ന നാട്.
''കുമാരന്‍ ഇനിയും ഉറങ്ങിയില്ലേ?'' മേഘനാദന്‍ ചോദിച്ചു.
''ഇല്ല. എനിക്കുറക്കം വരുന്നില്ല.''
''നമ്മള്‍ വിജയിച്ചുകൊണ്ടിരിക്കുകയാണ്. ശത്രുക്കളുടെ താവളങ്ങള്‍ തകര്‍ത്ത് നമുക്കു കൊട്ടാരത്തിലെത്തണം. രാജസ്ഥാനം ചതിയിലൂടെ തട്ടിയെടുത്ത ദേവദത്തനെ പിടികൂടണം. ഇതിനെല്ലാം കൂട്ടുനിന്ന മന്ത്രവാദിയെ തൂക്കിക്കൊല്ലണം. അങ്ങ് ഇവിടെ എത്തിയതറിഞ്ഞാല്‍ പ്രജകളും നമ്മോടൊപ്പം ചേരും. അപ്പോള്‍ നമ്മുടെ ദൗത്യം വേഗം വിജയിക്കും.''
മേഘനാദന്‍ രാത്രി എണീറ്റ് തീര്‍ത്തും വണ്ണം കുറഞ്ഞ നീളമുള്ള ഒരു കമ്പിയുമായി നടന്നുമറഞ്ഞു.
നേരം പുലരാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം.
മേഘനാദന്റെ കല്പനപ്രകാരം എല്ലാവരും എണീറ്റ് മെല്ലെ മുന്നോട്ടു നീങ്ങി. പിന്നെ അവര്‍ അത്യുച്ചത്തില്‍ ദേവദത്തന്റെ സൈന്യത്തെ വെല്ലുവിളിച്ചു. നൂറുകണക്കിനു കുതിരപ്പടയാളികള്‍ അവര്‍ക്കു നേരേ പാഞ്ഞടുത്തു. കുതിരക്കുളമ്പടികള്‍ ആകാശം മുട്ടെ ഉയര്‍ന്നു.
അവരെക്കണ്ടു ഭയന്നതായി അഭിനയിച്ച് കാര്‍ഫിയൂസിന്റെ സംഘം അല്പം പിന്മാറി.
പാഞ്ഞുവന്ന കുതിരപ്പടയാളികള്‍ ഒന്നൊന്നായി വലിയ നിലവിളിയോടെ കഴുത്തുമുറിഞ്ഞ് നിലത്തുവീണു. എങ്ങും ആര്‍ത്തനാദം മുഴങ്ങി. അതുകേട്ട് ദേവദത്തനും ഞെട്ടി.
(തുടരും)