സ്‌നേഹം എന്ന പദത്തിന് ഇന്നു വളരെയധികം അര്‍ഥമാനങ്ങളുണ്ട്. സാഹചര്യങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും സമീകരണങ്ങള്‍ക്കും വേഗക്കൂടുതലുള്ള സമകാലത്ത് അര്‍ഥവ്യതിയാനം വന്നുപോയ ഒരു പദമായിട്ടാണ് സ്‌നേഹസങ്കല്പം കടന്നുപോകുന്നത്. ഒറ്റക്കാരണംകൊണ്ടു നമ്മിലേക്ക് ഓടിയെത്തുകയും ഒരുപാടു കാരണങ്ങള്‍ മെനഞ്ഞെടുത്തു പടിയിറങ്ങി പ്പോവുകയും ചെയ്യുന്ന നൊമ്പരംകൂടിയാണ് ഓരോരുത്തരുടെയും ഉള്ളിലെ സ്‌നേഹസാന്നിധ്യം. അതിന്റെ ആഴങ്ങള്‍ വൈരുധ്യങ്ങളുടെ വിളനിലമാണ്. ആത്മപരിശോധനയും സ്വയംസമര്‍പ്പണവും പരിത്യാഗമനോഭാവവും അവയുടെ വീണ്ടെടുപ്പിനു പ്രേരകങ്ങളാണ്. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള ബന്ധങ്ങളുടെ ആഴം കുറഞ്ഞുവരുന്ന ഈ കാലത്ത് ക്രിസ്തു സ്‌നേഹമാണെന്ന ഉറച്ച വിശ്വാസം നാം ഓരോരുത്തരും ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്.
സ്വയം നിരാകരിക്കുകയും മറ്റുള്ളവരുടെ ജീവിതമുന്നേറ്റങ്ങളെ കണ്ടില്ലെന്നു നടിക്കുകയും നമ്മിലേക്കുതന്നെ നാം ചുരുങ്ങുകയും ചെയ്യുന്നിടത്താണ് ജീവിതബോധ്യങ്ങള്‍ പരസ്പരവിരുദ്ധമാകുന്നത്. കാലം അതിനുള്ള അവസരങ്ങള്‍ തുറന്നുതരുന്നുണ്ട്. ഒന്നിനും പരിധികളും പരിമിതികളുമില്ലാത്ത നിഗൂഢമായ ജീവിതവ്യായോഗങ്ങള്‍ ഓരോരുത്തരുടെയും ജീവിതസന്ദര്‍ഭങ്ങളില്‍ വിള്ളലുകള്‍ സൃഷ്ടിക്കുന്നു. താന്‍പോരിമയുടെയും ലഹരിയുടെയും ഹീറോയിസത്തിന്റെയും പുതിയൊരു സങ്കല്പലോകത്തിലാണ് സമൂഹം ഇന്നു നിലകൊള്ളുന്നത്. അതിനാല്‍ത്തന്നെ സമകാലം എന്നത് എല്ലാറ്റിനെയും തിരസ്‌കരിക്കുന്ന, തെറ്റുകളെ ശരിയെന്നു വിശ്വസിപ്പിക്കുന്ന ഒരു ലോകത്തെയാണ് വിഭാവനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ സ്‌നേഹവും ഏകതാബോധവും വിശുദ്ധ ജീവിതചര്യകളും മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ മനുഷ്യജീവിതം കൂടുതല്‍ തെറ്റുകളിലേക്കു വഴുതിവീഴുന്നു.
മനുഷ്യജീവിതം അതിന്റെ ആത്മീയവും ഭൗതികവുമായ ഔന്നത്യം നേടിയെടുക്കുന്നതു സ്‌നേഹബന്ധങ്ങളിലൂടെയാണ്. ആ സ്‌നേഹം അനുഭവിച്ചറിയുന്നവര്‍ നല്ല ജീവിതം ആഘോഷിച്ചു തൃപ്തിയടയുന്നു. വിവേചനങ്ങളും വൈരുധ്യങ്ങളും വൈരാഗ്യബോധ്യങ്ങളും ഇല്ലാതെ ലോകത്തെ മുഴുവന്‍ സ്‌നേഹിച്ച ഒരുവനാണ് ക്രിസ്തു. തന്നെത്തന്നെയുള്ള സമര്‍പ്പണത്തിലൂടെയാണ് അവന്‍ തന്റെ സ്‌നേഹസാന്നിധ്യം ലോകത്തിലേക്കു വെളിപ്പെടുത്തിയത്. ആ ഉദ്‌ബോധനങ്ങളിലേക്കാണ് 'അവന്‍ നമ്മെ സ്‌നേഹിച്ചു' (ദിലെക്‌സിത്ത് നോസ്) എന്ന ദര്‍ശനത്തിലൂടെ ഫ്രാന്‍സിസ് പാപ്പാ ആഗോളജനതയെ ക്ഷണിക്കുന്നത്. ദൈവസ്‌നേഹം എന്നത് ഹൃദയത്തിനുള്ളില്‍നിന്നു മറ്റുള്ളവരിലേക്ക് എത്തിക്കേണ്ടïനിസ്വാര്‍ഥസ്‌നേഹമെന്നാണു വിവക്ഷ. തിരുഹൃദയസ്‌നേഹത്തെക്കുറിച്ചും തിരുഹൃദയഭക്തിയെക്കുറിച്ചും ലോകജനത ഉറ്റുനോക്കേണ്ട ആവശ്യകത ഈ വിചിന്തനത്തില്‍ അന്തര്‍ലീനമാണ്. യുദ്ധങ്ങളും സാമൂഹികാസമത്വങ്ങളും വര്‍ണവിവേചനങ്ങളും അസ്വാതന്ത്ര്യപ്രകടനങ്ങളും സാങ്കേതികവിദ്യയുടെ ഭീഷണിപ്പെടുത്തുന്ന വളര്‍ച്ചയും ലഹരിയുടെ സങ്കല്പലോകവിഭാവനകളും മറ്റും ഇന്നത്തെ ലോകത്തിനു ഹൃദയം നഷ്ടപ്പെടാന്‍ കാരണമായ ഘടകങ്ങളാണ്. ഹൃദയനഷ്ടമെന്നത് സ്‌നേഹനഷ്ടംകൂടിയാണ് എന്നു നാം തിരിച്ചറിയാതെപോകുന്നു. ക്രിസ്തുവിലൂടെ, ക്രിസ്തുവിനോടുകൂടെ ചേര്‍ന്നുനിന്ന് ആ സ്‌നേഹം നാം വീണ്ടെടുക്കേണ്ടതുണ്ട്. അവനവനില്‍, കുടുംബത്തില്‍, സമൂഹത്തില്‍, ദേശത്തില്‍, രാഷ്ട്രത്തില്‍, പ്രപഞ്ചത്തില്‍ ആകമാനം ആ സ്‌നേഹം പങ്കുവയ്ക്കപ്പെടുകയും വേണം.
എന്താണു സ്‌നേഹമെന്നും എന്തിനാണു സ്‌നേഹം പങ്കുവയ്ക്കപ്പെടേണ്ടതെന്നും സ്‌നേഹത്തിന്റെ ആഴം എത്രത്തോളമാകണമെന്നും ക്രിസ്തുവിന്റെ ജീവിതം നമ്മെ ഓരോരുത്തരെയും പഠിപ്പിക്കുന്നുണ്ട്. മോശയ്ക്കു ദൈവം പകര്‍ന്നുകൊടുത്ത പത്തുകല്പനകള്‍ അവയുടെ ആഴം അടയാളപ്പെടുത്തുന്നുണ്ട്. ജീവിതത്തില്‍ നാം സ്വീകരിക്കേണ്ടതും തിരസ്‌കരിക്കേണ്ടതുമായ ചിന്തകളുടെ പ്രാഥമികപാഠങ്ങള്‍ അവയുടെ അടരുകളിലുണ്ട്. അവയുടെ സംഗ്രഹത്തില്‍ 'എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്‌നേഹിക്കണമെന്നും, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കണ'മെന്നും ആവര്‍ത്തിക്കുന്ന ക്രിസ്തുവിനെ നമുക്കു കാണാം. ക്രിസ്തു ജീവിതാനുഭവമായി, ജീവിതസന്ദര്‍ഭമായി, ജീവിതാശയമായി മാറുന്നിടത്താണ് സ്‌നേഹം പ്രാവര്‍ത്തികമാകുന്നത്. പ്രാര്‍ഥനകളിലൂടെ, വിശ്വാസസത്യങ്ങളിലൂടെ, പരസ്‌നേഹത്തിലൂടെമാത്രമേ അതു വീണ്ടെടുക്കാനാവുകയുള്ളൂ. ഈ നോമ്പുകാലത്തില്‍ നാം ഉയര്‍ത്തിപ്പിടിക്കുന്ന വിശ്വാസവും ശരണവും ഉപവിയും അതിനുവേണ്ടിയുള്ള പ്രേരകഘടകങ്ങളാകട്ടെ. അതിലൂടെമാത്രമേ നാം ക്രിസ്തുവിന്റെ യഥാര്‍ഥ അനുയായികളായിത്തീരുകയുള്ളൂ.