നളചരിതം ആട്ടക്കഥയില്‍ ഒരു സംഭവമുണ്ട്. ദമയന്തിയുടെ സ്വയംവരച്ചടങ്ങില്‍ സംബന്ധിക്കാന്‍ പോയി മടങ്ങിവരുന്ന ഇന്ദ്രനും സംഘവും ദുര്‍ദേവനായ കലിയെ കണ്ടുമുട്ടുന്നു. ഇന്ദ്രനെപ്പോലും അവഗണിച്ചുകൊണ്ട് ദമയന്തി നളനെ വരനായി സ്വീകരിച്ചുകഴിഞ്ഞിരുന്നു. അപ്പോഴാണ് കലി കാമകോപമോഹസൈന്യവുമായി ദമയന്തിയെ സ്വന്തമാക്കാന്‍ മോഹിച്ച് ഇറങ്ങിത്തിരിക്കുന്നത്. അതുകൊണ്ടാണ് ഇന്ദ്രന്‍ കലിയോടു ചോദിക്കുന്നത്:
''പാഥസാം നിചയം
വാര്‍ന്നൊഴിഞ്ഞളവ്
സേതുബന്ധനോദ്യോഗ-
മെന്തെടോ?''
പെരുവെള്ളം കുത്തിയൊഴുകിപ്പോയിക്കഴിഞ്ഞ് ചിറകെട്ടിയിട്ട് എന്തു പ്രയോജനം എന്നാണ് ആ ചോദ്യത്തിനര്‍ഥം. അവകുത്തിയൊഴുകി വന്ന് പെരിയാറ്റിലോ പമ്പയിലോ പതിച്ചശേഷം ഒഴുകിവരുന്ന മലവെള്ളത്തിന് ചിറകെട്ടാന്‍ ശ്രമിച്ചിട്ട് എന്തു പ്രയോജനം? ലഹരിയുടെ കുത്തൊഴുക്കിനെ തടയാന്‍ സര്‍ക്കാരും സന്നദ്ധസംഘടനകളും മാധ്യമങ്ങളുമൊക്കെ ചിറകെട്ടാന്‍ ഒരുങ്ങുന്നതു കണ്ടപ്പോഴാണ് ഇന്ദ്രന്‍ കലിയോടു ചോദിച്ച ചോദ്യം ഓര്‍ത്തുപോയത്!
മദ്യത്തിന്റെ ഒഴുക്കിനു കേരളത്തില്‍ ആദ്യം ചിറകെട്ടിയത് ശ്രീനാരായണഗുരുവാണ്. അദ്ദേഹം സമുദായാംഗങ്ങളോടു പറഞ്ഞു: ''മദ്യം എടുക്കരുത് കുടിക്കരുത്, കൊടുക്കരുത്.'' ഈ മന്ത്രത്രയത്തിലെ കുടിക്കരുത് എന്ന നിര്‍ദേശം ഈഴവര്‍ക്കുമാത്രമായിട്ടല്ല അദ്ദേഹം പറഞ്ഞത്. അന്നത്തെ സാഹചര്യത്തില്‍ മറ്റു സമുദായങ്ങളെ, പ്രത്യേകിച്ച് ക്രൈസ്തവവിഭാഗത്തെ ഉദ്ദേശിച്ചായിരിക്കാം. അന്ന് ഷാപ്പുകളും ഉപഷാപ്പുകളുമുണ്ടായിരുന്നു. ഒരു ഉപഷാപ്പില്‍നിന്നു പതിവായി കേട്ടിരുന്ന ഒരു സംവാദമുണ്ട്:
തൊമ്മന്‍: ചക്കിച്ചക്കി
ച്ചോകോത്തീ,
ചക്കരക്കുടത്തില്‍ കള്ളുണ്ടോ?
ചക്കി: തൊമ്മന്‍ തൊമ്മന്‍ നാനാരേ,
തൊപ്പിപ്പാളേലെന്തുണ്ട്?
വേറൊരു ഉപഷാപ്പിലെ പറ്റുപടിക്കാരന്‍ ഈനാച്ചന്‍ കുടി കഴിഞ്ഞിറങ്ങിയപ്പള്‍ പാടിയ മൂളിപ്പാട്ട്:
കാളിയെന്നെ പറ്റിച്ചേ
കള്ളില്‍ വെള്ളം ചേര്‍ത്തേ;
ഞാനുമവളെ പറ്റിച്ചേ
കള്ളപ്പണം കൊടുത്തേ!
ഏതായാലും ശ്രീനാരായണഗുരുവിന്റെ ചിറകെട്ടല്‍ വലിയ വ്യതിയാനങ്ങള്‍ക്കു നാന്ദികുറിച്ചു എന്നത് ഒരു ചരിത്രവസ്തുതയാണ്.
1930 കളില്‍ പാലാ രൂപതയുടെ പ്രഥമമെത്രാന്‍ അഭിവന്ദ്യമാര്‍ സെബാസ്റ്റ്യന്‍ വയലില്‍ തൃശിനാപ്പള്ളി കോളജില്‍ വിദ്യാര്‍ഥിയായിരുന്നു. അവധിക്കാലങ്ങളില്‍ ഏതാനും സുഹൃത്തുക്കളെ സംഘടിപ്പിച്ച് ഒരു മദ്യവര്‍ജനസമിതി രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചു. സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. ബോധവത്കരണക്ലാസുകള്‍ നടത്തിയും ലഘുലേഖകള്‍ അച്ചടിച്ചു വിതരണം ചെയ്തുമൊക്കെ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോന്നു. ഏതു നല്ല കാര്യത്തിനുമെന്നതുപോലെ ഇതിനു വിമര്‍ശനങ്ങളും എതിര്‍പ്പുകളുമുണ്ടായി. എതിര്‍പ്പുകള്‍ക്കു നേതൃത്വം നല്കിയതു കുടിയന്മാര്‍തന്നെ! അവരുടെ ബദല്‍പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോന്നത് സ്വാഭാവികമായും ഷാപ്പുകളും ഉപഷാപ്പുകളും കേന്ദ്രീകരിച്ചായിരുന്നു.
മറ്റേതൊരു പ്രസ്ഥാനത്തിനുമെന്നതുപോലെ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുകയും നിലച്ചുപോകുകയുമുണ്ടായി. എങ്കിലും, ഈ മുന്നേറ്റത്തില്‍ വലിയ ഒരു ചലനം മീനച്ചില്‍ താലൂക്കില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു.
വിദ്യാര്‍ഥിയായിരുന്നപ്പോള്‍ തുടങ്ങിവച്ച ഈ മുന്നേറ്റം അദ്ദേഹം പാലാ രൂപതയുടെ മെത്രാനായി ചുമതലയേറ്റപ്പോള്‍ പുനരാരംഭിക്കുകയുണ്ടായി. മദ്യവര്‍ജനസമിതി എന്ന പേരിലാണ് ഈ പ്രസ്ഥാനം അറിയപ്പെട്ടിരുന്നത്. ക്രമേണ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റു രൂപതകളിലേക്കും വ്യാപിപ്പിക്കുകയും കെ.സി.ബി.സിയുടെ ആഭിമുഖ്യത്തില്‍ ശ്രദ്ധേയമായ പല പ്രവര്‍ത്തനങ്ങളും നടത്തുകയുമുണ്ടായി. കെ.സി.ബി.സി. മദ്യവര്‍ജനപ്രസ്ഥാനത്തിന്റെ ചുമതല അഭിവന്ദ്യ വയലില്‍പ്പിതാവിനായിരുന്നു. സുദീര്‍ഘമായ ഒരു കാലഘട്ടം കമ്മീഷന്‍ ചെയര്‍മാനായി അഭിവന്ദ്യപിതാവ് തുടര്‍ന്നു. അഭിവന്ദ്യപിതാവിന്റെ പിന്‍ഗാമിയായി വന്ന അഭിവന്ദ്യ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ പിതാവിനെ കെ.സി.ബി.സി. ചെയര്‍മാനായി നിശ്ചയിക്കുകയും അദ്ദേഹവും ദീര്‍ഘകാലം മദ്യവര്‍ജനസമിതിയുടെ ചെയര്‍മാനായി പ്രവര്‍ത്തിക്കുക യും ചെയ്തുപോന്നു. ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച എന്ന നിലയില്‍ അഡാര്‍ട്ട് എന്ന പേരില്‍ പാലായില്‍ ലഹരിക്കടിപ്പെട്ടവരുടെ റിഹാബിലിറ്റേഷനുവേണ്ടി ഒരു സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ഇതിനു സമാന്തരമായി 1980 കളില്‍ പ്രൊഫ. എം.പി. മന്മഥന്‍, പ്രൊഫ. ജി. കുമാരപിള്ള മുതലായവരുടെ നേതൃത്വത്തില്‍ മദ്യനിരോധനസംഘടന ശക്തമായ പ്രവര്‍ത്തനം നടത്തിപ്പോന്നു. മദ്യവര്‍ജനം പോരാ മദ്യനിരോധനംതന്നെ വേണമെന്നായിരുന്നു സമിതിയുടെ നിലപാട്.
എസ്.എം.വൈ.എം., കെ.സി.വൈ.എം. എന്നീ പേരുകളിലറിയപ്പെടുന്ന കത്തോലിക്കാ യുവജനപ്രസ്ഥാനം സി.വൈ.എം. പാലാ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് എണ്‍പതുകളില്‍ മദ്യമയക്കുമരുന്നുകള്‍ക്കെതിരേ വളരെ ശക്തവും ഫലപ്രദവുമായി പ്രവര്‍ത്തിച്ചുപോന്നു. കെ.സി.ബി.സി.യുടെ ആഭിമുഖ്യത്തിലുള്ള മദ്യവര്‍ജനപ്രസ്ഥാനവും പ്രൊഫ. എം.പി. മന്മഥന്റെ നേതൃത്വത്തിലുള്ള മദ്യനിരോധനപ്രസ്ഥാനവുമായി കൂടിച്ചേര്‍ന്നാണ് സി.വൈ.എം.ന്റെ പ്രവര്‍ത്തനങ്ങള്‍ രൂപകല്പന ചെയ്തതും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നതും. സ്റ്റഡീക്ലാസുകള്‍ക്കുപുറമേ, ലഘുലേഖകളും പോസ്റ്ററുകളും വിതരണം ചെയ്തുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോന്നു. പാലാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഡാര്‍ട്ട്, കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രാഡാ എന്നിവയുടെ സഹകരണം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കി. സംഗീതശില്പം, തെരുവുനാടകം, കോല്‍ക്കളി എന്നീ മൂന്നു കലാരൂപങ്ങള്‍ ചേര്‍ത്ത് 40 മിനിറ്റ് ദൈര്‍ഘ്യമുള്ള കലാവിഷ്‌കാരം ജനശ്രദ്ധ പിടിച്ചുപറ്റി. പാലാ, കോട്ടയം, ഇടുക്കി, വൈക്കം ജില്ലകളിലായി ഇരുന്നൂറിലേറെ വേദികളില്‍ ഈ കലാരൂപം അവതരിപ്പിക്കുകയുണ്ടായി. പ്രോജക്ടിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുപോന്ന എം.ജി. യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള എന്‍.എസ്.എസ്. പ്രസ്ഥാനം അവരുടെ സാക്ഷരതാപ്രോജ
ക്ടുമായി ബന്ധിപ്പിച്ചു കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടത്തി. എം.ജി. യൂണിവേഴ്‌സിറ്റി കോര്‍ഡിനേറ്റര്‍ പ്രൊഫ. തോമസ് എബ്രാഹമാണ് അതിനു നേതൃത്വം നല്കിയത്. പ്രൊഫ. എം.പി. മന്മഥനും ജയപ്രകാശ് നാരായണനും പ്രൊഫ. തോമസ് എബ്രാഹവും ചേര്‍ന്നാണ് പരിപാടികള്‍ക്കു നേതൃത്വം നല്‍കിയത്. എന്‍.എസ്. എസ്. പ്രവര്‍ത്തകരുടെയും സി.വൈ.എ. പ്രവര്‍ത്തകരും സന്നദ്ധസംഘം ചേര്‍ന്ന് കോട്ടയം മുന്‍സിപ്പാലിറ്റിയുടെ കീഴിലുള്ള വിവിധ പ്രദേശങ്ങളില്‍നിന്ന് മദ്യമയക്കുമരുന്നുവിരുദ്ധ മുദ്രാവാക്യങ്ങളും ഗാനങ്ങളുമാലപിച്ച് ജാഥയായി കോട്ടയം നഗരത്തിന്റെ കേന്ദ്രങ്ങളിലെത്തി. തെരുവില്‍ത്തന്നെ കലാരൂപങ്ങള്‍ അവതരിപ്പിച്ചുപോന്നു. പ്രൊഫ. മന്മഥന്റെ കഥാപ്രസംഗശൈലിയിലുള്ള പ്രസംഗവും ചേര്‍ന്നുള്ള അവതരണം ബഹുജനശ്രദ്ധയും പിന്തുണയും നേടുന്നതിനിടയാക്കി. ആ പരിപാടികളുടെ സമാപനം മുന്‍മന്ത്രി ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യരുടെ അധ്യക്ഷതയില്‍ മാമ്മന്‍മാപ്പിളഹാളില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ പ്രൊഫ. മന്മഥന്‍, പ്രൊഫ. ജി. കുമാരപിള്ള, സുപ്രസിദ്ധ ഗാന്ധിയന്‍ കെ.ഇ. മാമ്മന്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, എം.ജി. സര്‍വകലാശാല വി.സി. ഡോ. സിറിയക് തോമസ് മുതലായവരുടെ പ്രഭാഷണവും സി.വൈ.എം. പാലായുടെ കലാവിഷ്‌കാരവും വലിയ വാര്‍ത്തയായി എല്ലാ പത്രങ്ങളും റിപ്പോര്‍ട്ടു ചെയ്തിരുന്നു. പാലാ രൂപതയില്‍ ഒമ്പത് ഫൊറോനകളിലും കലാവിഷ്‌കാരത്തിനുള്ള ടീമുകളെ പരിശീലിപ്പിച്ച്, അവരുടെ നേതൃത്വത്തില്‍ രൂപതയിലെ മിക്കവാറും എല്ലാ ഇടവകകളിലും പരിപാടി അവതരിപ്പിക്കുകയും അഡാര്‍ട്ടിന്റെ റിസോഴ്‌സ് പേര്‍
സണന്‍സ് ഡോ. എന്‍. എം. സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ ബോധവത്കരണക്ലാസുകള്‍ നടത്തുകയും ചെയ്തുപോന്നു. പാലാ, കോട്ടയം, തൊടുപുഴ മുതലായ സ്ഥലങ്ങളിലുള്ള മിക്കവാറും കോളജുകളിലും ഈ പരിപാടികള്‍ അവതരിപ്പിക്കുക
യുണ്ടായി. അങ്ങനെ, ആരംഭത്തില്‍ സൂചിപ്പിച്ച ചെറുചാലുകള്‍ വഴിയും കൈത്തോടുകള്‍ വഴിയുമൊക്കെ ഒഴുകിവന്ന മദ്യ-മയക്കുമരുന്നുകളെ ചിറകെട്ടിനിര്‍ത്താന്‍ ഒരു പരിധിവരെ സാധിച്ചു. എന്നാല്‍, മറ്റു പ്രദേശങ്ങളിലുണ്ടായ കനത്ത കുത്തൊഴുക്കുകളെ നിയന്ത്രിക്കാന്‍ കഴിയാതെപോയി. സര്‍ക്കാരിന്റെ നിസംഗതയും നിസ്സഹകരണവും കുത്തൊഴുക്കിന്റെ ആക്കം വര്‍ധിപ്പിച്ചു എന്നു ഖേദപൂര്‍വം പറയട്ടെ, ഇന്നിപ്പോള്‍ ആ കുത്തൊഴുക്ക് കൂലംകുത്തിയൊഴുക്കായി മാറിയിരിക്കുന്നു. ഒരൊറ്റദിവസത്തെ പത്രവാര്‍ത്തകള്‍ നോക്കാം; തലക്കെട്ടുകള്‍മാത്രം:
''ലഹരി പൂത്തുലയുന്ന കേരളം.'' ''ഹോളിക്ക് കഞ്ചാവ്: റെയ്ഡ് - മൂന്ന് എസ്.എഫ്.ഐ.ക്കാര്‍ അറസ്റ്റില്‍ - കുടുക്കിയതെന്നാരോപിച്ച് എസ്.എഫ്.ഐ. - കൃത്യമായ തെളിവോടെയെന്ന് എ.സി.പി. ബത്തേരി, ഹോസ്പിറ്റലില്‍ കഞ്ചാവ് എത്തിച്ചത് ഹോളി ആഘോഷം കൊഴുപ്പിക്കാനെന്നു പൊലീസ്.'' ''കോഴിക്കേട്ടേക്ക് ലഹരി എത്തിക്കുന്ന ടാന്‍സാനിയ സ്വദേശികള്‍ അറസ്റ്റില്‍.'' കഞ്ചാവുമായി അസം സ്വദേശി ചങ്ങനാശ്ശേരിയില്‍ പിടിയില്‍.''
''കഞ്ചാവ്: മുളക്കുളത്ത് വീണ്ടും നാലുപേര്‍ പിടിയില്‍.''
''കഞ്ചാവുമായി പത്തൊമ്പതുകാരന്‍ പിടിയില്‍.''
''കഞ്ചാവു കേസിലെ പ്രതി ചാരായവുമായി പിടിയില്‍.''
''യുവാവ് കുത്തേറ്റു മരിച്ചു. കുത്തിയതു മനു, മരിച്ചതു വിഷ്ണു. ഇരുവരും ലഹരിയിലായിരുന്നു.''
''വയോധികയായ മാതാവിനു മര്‍ദനം - ലഹരിക്കടിമയായ മകന്‍ അറസ്റ്റില്‍'' സംസ്ഥാനത്തെ കൊലപാതകങ്ങളില്‍ പകുതിയും ലഹരിയുമായി ബന്ധപ്പെട്ട്.'' കഞ്ചാവ് എത്തിച്ചവരെക്കുറിച്ചു സൂചന ലഭിച്ചു. എ.സി.പി.'' ''പരിശോധന വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍: പ്രിന്‍സിപ്പല്‍.''
''ലഹരി: ആരോപണപ്രത്യാരോപണവുമായി എസ്.എഫ്.ഐയും കെ.എസ്.യുവും.'' പെരുമ്പാവൂരില്‍ മദ്യലഹരിയില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു.'' ''ലഹരിയുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം 5239.''
ലഹരിയുടെ കുത്തൊഴുക്കിന്റെ ശക്തിയറിയാന്‍ ഇതില്‍ക്കൂടുതല്‍ തെളിവിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. ചിറയല്ല, ഡാം കെട്ടിയാലും തടയാന്‍ പറ്റുമെന്നു തോന്നുന്നില്ല. പണ്ടത്തെക്കാലത്തെപ്പോലെ, കാട്ടുകല്ലും കുഴമണ്ണുമിട്ടു ചിറകെട്ടാനുള്ള ശ്രമത്തിലാണ് സര്‍ക്കാരും സന്നദ്ധസംഘടനകളും! ചിറകെട്ടി നിര്‍ത്തിയ വെള്ളത്തില്‍നിന്ന് ചിലര്‍ നഞ്ചുകലക്കി മീന്‍ പിടിക്കുന്നു. ഓരോ പാര്‍ട്ടിക്കാരും തങ്ങളുടെ ചിറയാണു വലുതെന്ന് അവകാശപ്പെടുന്നു. അതു പിന്നെ അടിപിടി, കത്തിക്കുത്ത് മുതലായവയ്ക്കു വഴിവയ്ക്കുന്നു. 'ലഹരിയുംവേണ്ട ലഹളയും വേണ്ട.' എന്നും മറ്റുമുള്ള മുദ്രാവാക്യവുമായി ചാനലുകള്‍ ലഹരിവാര്‍ത്തകള്‍ വിറ്റു കാശുണ്ടാക്കുന്നു.
ഒരു ഒറ്റമൂലി നിര്‍ദേശിക്കട്ടെ: വിദ്യാലയങ്ങളില്‍ രാഷ്ട്രീയം വിലക്കുക. കുട്ടികള്‍ പഠിക്കട്ടെ. അധ്യാപകര്‍ പഠിപ്പിക്കട്ടെ. ഒറ്റയടിക്ക് ലഹരി തുടച്ചുനീക്കാം.