•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

കുഞ്ഞാകലിന്റെ കുരിശുമാര്‍ഗം

   വലിയവനാകാനുള്ള വടംവലി അവര്‍ക്കിടയില്‍ അസാധാരണമല്ലായിരുന്നു. എല്ലാം ത്യജിച്ചവരെന്നുന്നുസ്വയം വിളിച്ചെങ്കിലും അവകാശപ്പെട്ടെങ്കിലും, എന്തെങ്കിലുമൊക്കെ കൈയില്‍ തടയണമെന്ന മോഹം വിട്ടുമാറാതെ കൂടെയുണ്ടായിരുന്നു. അതുകൊണ്ടൊക്കെയാണ് സ്ഥാനമാനങ്ങളെ സംബന്ധിച്ചുള്ള തര്‍ക്കങ്ങളും വാക്കേറ്റങ്ങളും അവര്‍ക്കിടയില്‍ ആവശ്യത്തിനുണ്ടായിരുന്നത്. തന്മൂലം അവയെ ഒക്കെ തീര്‍പ്പാക്കാനും, തന്നെ അനുഗമിക്കുന്നതിന്റെ അന്തരാര്‍ഥങ്ങള്‍ അവരെ പറഞ്ഞുപഠിപ്പിക്കാനുമൊക്കെ ആ ഗുരുവിനുനുനന്നേ പണിപ്പെടേണ്ടിയും വന്നു! അതിനുവേണ്ടി അവന്‍ ഉപയോഗിച്ച വൈരുധ്യങ്ങള്‍ നിറഞ്ഞ ചില പ്രതീകങ്ങളില്‍ ഒന്നായിരുന്നു 'ശിശു'. വാനവരാജ്യത്തിലെ വലിയവന്‍ ആരെന്ന ചോദ്യത്തിന് ഉത്തരം കൊടുക്കുന്നതിനുമുമ്പ് അവന്‍ അവരുടെ മധ്യത്തില്‍ നിര്‍ത്തിയത് തന്നെ കേള്‍ക്കാന്‍ ഒത്തുകൂടിയിരുന്നവരില്‍ ആരുടെയോ ഒക്കത്തിരുന്ന ഒരു ശിശുവിനെയായിരുന്നു. ഇത്തിരിപ്പോന്ന ആ പൈതലിനെപ്പോലെ ചെറുതാകുന്നവരാണ് സ്വര്‍ഗരാജ്യത്തിലെ വലിയവര്‍ എന്നതായിരുന്നുരുഅവന്റെ ഭാഷ്യം (മത്താ.18:1-4);. 'പിള്ളേരൊക്കെ മാറിനില്ക്ക്' എന്നതല്ലേ മനുഷ്യരുടെ മനോഭാവം? എന്നാല്‍, മാറ്റിനിര്‍ത്തപ്പെടുന്നവരെ മധ്യത്തില്‍ നിര്‍ത്തുന്നവനാണ് മനുഷ്യപുത്രന്‍. ലോകം ഇകഴ്ത്തുന്നവയെ ദൈവം പുകഴ്ത്തുന്നു. മനുഷ്യന്‍ അവമതിക്കുന്നവയെ അവിടുന്ന് വിലമതിക്കുന്നുണ്ട്. 
  ''ചതുരവൃത്തം'പോലെ 'ചെറിയവലുത്'' എന്ന മനുഷ്യമസ്തിഷ്‌കത്തിനു മനസ്സിലാക്കാനാവാത്ത ഒരു വിരോധാഭാസത്തെ അവന്‍ അവര്‍ക്കു പരിചയപ്പെടുത്തി. ചെറുമയിലേക്കു വളരാനുള്ള ഒരു വിളിയായിരുന്നു അത്. അല്ലേലും ആ ഗുരുരുഅങ്ങനെയാണ്. അവന്‍ അരുള്‍ചെയ്ത അഗ്രാഹ്യങ്ങളായ പലതിന്റെയും സംഗ്രഹത്തിന്റെ പേരല്ലേ സുവിശേഷം? 'മുമ്പന്മാര്‍ പിമ്പന്മാരും, പിമ്പന്മാര്‍ മുമ്പന്മാരുമാകും' (മത്താ. 19:30); 'ആദ്യം വന്നവര്‍ക്കും ഒടുവില്‍ വന്നവര്‍ക്കും ഒരേ വേതനം' (മത്താ. 20:14); 'ഒന്നാമന്‍ അവസാനത്തവനായിരിക്കണം' (മര്‍ക്കോ. 9:35); 'ഉള്ളവനു കൂടുതല്‍ നല്കപ്പെടും; ഇല്ലാത്തവനില്‍നിന്ന് ഉള്ളതുപോലും എടുക്കപ്പെടും' (ലൂക്കാ 8:18); 'തൊണ്ണൂറ്റൊന്‍പതിനേക്കാള്‍ വലുതാണ് ഒന്ന്' (ലൂക്കാ. 15:7) എന്നൊക്കെയുള്ള ആ ഗുരുമൊഴികള്‍ നമ്മുടെയൊക്കെ ബുദ്ധിശക്തിക്ക് അതീതമായവയല്ലേ? പക്ഷേ, അവയൊക്കെയാണ് അവന്റെ സദ്വാര്‍ത്തയുടെ അടിത്തറയും പ്രബോധനങ്ങളുടെ പ്രത്യേകതയും. 
   ചെറുതാകുംതോറും വലുതാകുന്ന  എന്തെങ്കിലും പ്രപഞ്ചത്തിലുണ്ടോ? വളരുംതോറും വലുതാകുക എന്നതാണ് സാധാരണതത്ത്വം. തൊടിയിലെ ചെടികളും വീട്ടിലെ വളര്‍ത്തുജന്തുക്കളുമൊക്കെ വേഗത്തില്‍ വളരുന്നുണ്ടോ എന്നാണ് നാം ആകാംക്ഷയോടെ നോക്കുക. കുഞ്ഞുങ്ങളുടെ കുഞ്ഞുവായിലേക്കു വലിയ ചോറുരുളകള്‍ വച്ചുകൊടുക്കുന്നത് അവര്‍ അനുദിനം വളരാനും വലുതാകാനുംവേണ്ടിയല്ലേ? ചെറുതാകാന്‍ ആരും ആഗ്രഹിക്കാത്ത സമൂഹത്തിന്റെ ഭാഗമാണു നാമെല്ലാം. 'അവരെന്നെ കൊച്ചാക്കി സംസാരിച്ചു'; 'ഞാനങ്ങില്ലാതെ പോയി' എന്നൊക്കെയല്ലേ പലപ്പോഴും പലരുടെയും പരാതിയും പരിഭവവും? എന്നാല്‍, കുഞ്ഞാകലിന്റെ കുരിശുമാര്‍ഗത്തിലൂടെ സഞ്ചരിച്ചാല്‍മാത്രമേ സ്വര്‍ഗരാജ്യത്ത് എത്തിച്ചേരാന്‍ സാധിക്കൂ എന്നതാണു കര്‍ത്തൃവചസ്സ്. 
  'പിള്ളേരേപ്പോലെ പെരുമാറരുത്' എന്നുപറഞ്ഞ് ചിലപ്പോള്‍ നാം മറ്റുള്ളവരെ ശകാരിക്കാറുണ്ട്. 'നിനക്കൊന്നും അറിയില്ല; കാരണം, നീ കുട്ടിയാണ്' എന്ന് ഷഷ്ടിപൂര്‍ത്തിയായവനോടുള്ള നായകന്റെ സംഭാഷണം ഏതോ ഒരു സിനിമയിലുണ്ട്. ഒന്നും അറിയാത്തവരും, അതുമൂലം ഒന്നിനും കൊള്ളാത്തവരുമാണ് കുട്ടികള്‍ എന്നുള്ള പൊതുധാരണയുടെ ആവിഷ്‌കാരമാണത്. എന്നാല്‍, കുഞ്ഞുങ്ങളെപ്പോലെ ആകാനാണ് കര്‍ത്താവിന്റെ ആഹ്വാനം. ശിശുക്കളെപ്പോലെയാകുക എന്നു പറഞ്ഞാല്‍ അവരുടെ സ്വഭാവസവിശേഷതകള്‍ സ്വന്തമാക്കുക എന്നുതന്നെയാണ്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് അവരുടെ 'ഭാരമില്ലായ്മ'യാണ്. ആര്‍ക്കും ഒരു പൈതലിനെ അനായാസം എടുത്ത് എളിയിലോ തോളിലോ ഇരുത്താനാവും. അതുപോലെ, ദൈവരാജ്യത്തിലെ വലിയവരാകാന്‍ നാം ഓരോരുത്തരും അത്തരം ഭാരമില്ലായ്മയിലേക്കു വളരേണ്ടതുണ്ട്. സുഹൃത്തേ, ഒരു ക്രിസ്ത്യാനിയായ നീ ആത്യന്തികമായി നിന്നോടു ചോദിക്കേണ്ടത് ഇതാണ്: 'ഒരു പൈതലിനെയെന്നപോലെ എന്റെ കര്‍ത്താവിന് ഇന്ന് എന്നെ എടുത്ത് (മര്‍ക്കോ. 9:36) എളിയിലിരുത്താന്‍ കഴിയുമോ?' ഇല്ലെങ്കില്‍, നിന്റെ ആത്മാവിന്റെ അമിതഭാരം അതിനൊരു തടസ്സമാണെന്ന സത്യം നീ തിരിച്ചറിയണം.
നിന്റെ ആത്മരക്ഷയ്ക്ക് ആപത്കരങ്ങളായ രണ്ടു ഭാരങ്ങള്‍ നീ കുറയ്‌ക്കേണ്ടതായുണ്ട്. അവയില്‍ ആദ്യത്തേത് 'അഹംഭാര'മാണ്. അഹങ്കാരംതന്നെയാണത്. സ്വന്തം ആസ്തികളിലും കഴിവുകളിലുമൊക്കെയുള്ള അതിരുകടന്ന ആശ്രയത്വവും, തലയ്ക്കുമീതെയുള്ള തമ്പുരാനെയും ചുറ്റുമുള്ള മറ്റുള്ളവരെയും മറന്നുകൊണ്ട് നിഗളിച്ചുള്ള നടപ്പുമാണത്. അഹങ്കാരം കൂടുംതോറും നിന്റെ അഹംഭാരവും കൂടും. ആയതിനാല്‍, 'അഹങ്കരിക്കരുത്' (ജെറ. 13:15); 'അഹംഭാവം വെറുക്കപ്പെടേണ്ടതാണ് (സുഭാ. 8:13); 'അഹങ്കാരത്തിന്റെ പിന്നാലെ അപമാനവുമുണ്ട്' (സുഭാ. 11:2); 'അഹങ്കാരം നാശത്തിന്റെ മുന്നോടിയാണ്' (സുഭാ.16:18); 'മനുഷ്യന്റെ അഹങ്കാരം അവസാനിപ്പിക്കാനും, ദുഷ്പ്രവൃത്തികളില്‍നിന്ന് അവനെ പിന്തിരിപ്പിക്കാനും ദൈവം അവനു മുന്നറിയിപ്പുകള്‍ നല്കുന്നു' (ജോബ് 33:17); 'ഉള്ളാണ് അഹങ്കാരത്തിന്റെ ഉറവിടം' (മര്‍ക്കോ. 7:22); 'അഹങ്കരിക്കുന്നവരെ ദൈവം ചിതറിക്കുന്നു' (ലൂക്കാ. 1:51); 'ദൈവം അഹങ്കാരികളെ എതിര്‍ക്കുകയും എളിമയുള്ളവര്‍ക്കു കൃപ കൊടുക്കുകയും ചെയ്യുന്നു' (യാക്കോ. 4:6) തുടങ്ങിയ വചനഭാഗങ്ങള്‍ നല്കുന്ന താക്കീതുകള്‍ക്കു കാതോര്‍ത്തുകൊണ്ട് താഴ്മയോടെ വ്യാപരിക്കാന്‍ പഠിക്കുക, പരിശീലിക്കുക. കൂട്ടിനോക്കിയാല്‍ അഹങ്കരിക്കാനുള്ളവയെക്കാള്‍ എളിമപ്പെടാനുള്ള കാരണങ്ങളല്ലേ ജീവിതത്തില്‍ കൂടുതല്‍?
രണ്ടാമത്തേത് 'അംഗഭാര'മാണ്. നിന്നിലെ പാപപ്രേരണകളാകുന്ന അവയവങ്ങളുടെ കനമാണത്. അവയെ ഓരോന്നായി അറുത്തുമാറ്റാനാണ് കര്‍ത്താവ് ആവശ്യപ്പെടുന്നത.് അംഗവൈകല്യമാണ് ആകെയുള്ള ആത്മനാശത്തെക്കാള്‍ അഭികാമ്യം എന്നതാണ് അവന്റെ അഭിപ്രായം (മത്താ. 5:30).  കൊണ്ടുനടക്കാന്‍ കൊതിക്കുന്നതും മാറ്റിനിര്‍ത്താന്‍ മടിക്കുന്നതുമായ പൈശാചികപ്രലോഭനങ്ങളെയും ദുഷ്‌പ്രേരണകളെയുമൊക്കെ ദൂരെയകറ്റാന്‍ നീ ധൈര്യപ്പെടണം. എങ്കിലേ, വിശുദ്ധിയുടെ വഴിയിലൂടെ കാറ്റിനെപ്പോലെ കനമില്ലാതെ സഞ്ചരിക്കാന്‍ നിനക്കുക്കു സാധിക്കൂ. ശരീരത്തിന്റെ പൊണ്ണത്തടി കുറയ്ക്കാന്‍ കാട്ടുന്ന ശുഷ്‌കാന്തിയുടെ എത്രയോ മടങ്ങു കൂടുതല്‍ നിന്റെ പാപഭാരം ഇല്ലാതാക്കാന്‍ നീ കാണിക്കേണ്ടതായുണ്ട്! ആത്മാര്‍ഥമായ അനുതാപത്തോടെ കുമ്പസാരക്കൂടിനെ സമീപിക്കുക. അതിനുള്ളില്‍ അദൃശ്യനായിരിക്കുന്ന കരുണയുള്ള കര്‍ത്താവ് നിനക്കു കടങ്ങളുടെ പൊറുതിയും അനുഗ്രഹത്തിന്റെ ആശീര്‍വാദവും നല്കും. ശിശുസഹജമായ ഭാരമില്ലായ്മ കൈമോശം വരാതെ കാത്തുസൂക്ഷിക്കുക. അതിന്നുഅനുദിനം ജനിക്കുക എന്ന ഏക പോംവഴിയേയുള്ളൂ. ക്രിസ്ത്യാനിയായ നിന്റെ പുതുജന്മത്തിന്റെ ഈറ്റില്ലമായിരിക്കട്ടെ കുമ്പസാരക്കൂട്. 
    ആയുസ്സിന്റെ ഇന്നലെകളില്‍ ആവശ്യത്തിലധികം ഭാരം നീ ആര്‍ജിച്ചെടുത്തിട്ടുണ്ട്. നിന്റെ ശരീരം എത്ര വളര്‍ന്നാലും ആത്മാവില്‍ മൃതിവരെ ഒരു ശിശുവുണ്ടാകണം. ചെറുതായിക്കൊണ്ട് വളരാനുള്ള അവസരമായ ഈ വലിയനോമ്പുകാലത്ത് നിനക്ക് അനുകരിക്കാന്‍ ഒരുരുകുഞ്ഞപ്പത്തിന്റെ ചെറുമയിലേക്കു വളര്‍ന്ന് കുര്‍ബാനയായി മാറിയ വലിയവനായ നിന്റെ നാഥനെക്കാള്‍ മഹിതമായ ഒരു മാതൃകയായി വേറേ ആരാണുള്ളത്? ഓര്‍ക്കണം, പെരുമയെ വിലമതിക്കുകയും, ചെറുമയെ അവമതിക്കുകയും ചെയ്യുന്ന സമൂഹത്തില്‍ സ്വയം ചെറുതായിക്കൊണ്ട് വലുതാകാനുള്ള സാധ്യത അവന്റെ അനുയായിയായ നിനക്കു മാത്രമേയുള്ളൂ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)