ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു.' 'നിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍; ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍'' എന്ന് അരുള്‍ചെയ്തു. സൃഷ്ടിയുടെ മകുടമായ സ്ത്രീയോടു ദൈവം പറഞ്ഞു: ''നിന്റെ ഗര്‍ഭാരിഷ്ടതകള്‍ ഞാന്‍ വര്‍ധിപ്പിക്കും. നീ വേദനയോടെ കുഞ്ഞുങ്ങളെ പ്രസവിക്കും.'' അങ്ങനെ സ്ത്രീയുടെ മാതൃത്വത്തിന് ദൈവം കൈയൊപ്പു ചാര്‍ത്തി അവളുടെ ദൗത്യം ഉയര്‍ത്തിപ്പിടിച്ചു.
യുഗയുഗാന്തരങ്ങള്‍ പിന്നിട്ടു...! മാതൃത്വത്തിന്റെ മഹനീയത കൈമോശം വന്നുകൊണ്ടിരിക്കുന്ന സൈബര്‍യുഗത്തിലാണു നാമിന്നു ജീവിക്കുന്നത്. ഭൗതികസംസ്‌കാരം എത്രകണ്ടു വളര്‍ന്നാലും പ്രകൃതിനിയമങ്ങള്‍ക്കോ അടിസ്ഥാനതത്ത്വങ്ങള്‍ക്കോ യാതൊരുവിധ മാറ്റവും വരാന്‍ പാടില്ല. മാതൃത്വമെന്നത് സ്ത്രീയില്‍മാത്രം നിക്ഷിപ്തമായിരിക്കുന്ന ഒരു 'കാരിസ'മാണ്. അമ്മ ജീവനോട് ഏറ്റവും അടുത്തിരിക്കുന്നവളും ജീവന്റെ ഉറവിടമായ ദൈവത്തോടു സഹകരിക്കേണ്ടവളുമാണ്. ഭൂമിയില്‍ ദൈവത്തിന്റെ പകരക്കാരിയാണവള്‍. ജെറമിയാപ്രവാചകനിലൂടെ ദൈവം അരുള്‍ചെയ്തു: ''മാതാവിന്റെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനുമുമ്പേ ഞാന്‍ നിന്നെ അറിഞ്ഞു. ജനിക്കുന്നതിനുമുന്നേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു. ജനതകള്‍ക്കു പ്രവാചകനായി നിന്നെ ഞാന്‍ നിയോഗിച്ചു.'' ഒരു ശിശുവിന്റെ ജനനം ഏതു രൂപത്തിലും ഭാവത്തിലും തരത്തിലും തലത്തിലുമാണെങ്കിലും സ്രഷ്ടാവിനു സൃഷ്ടിയുടേമേല്‍ ശുഭകരമായ ഒരു പ്ലാനും പദ്ധതിയുമുണ്ട്. അതുകൊണ്ടാണല്ലോ അന്ധരും ബധിതരും മൂകരും തുടങ്ങി വിവിധതരം ഭിന്നശേഷിക്കാരായ മനുഷ്യര്‍ ലോകത്തിനു ശബ്ദമായി, വെളിച്ചമായി, മാര്‍ഗമായി, മാതൃകയായി തങ്ങളുടെ ജീവിതവീഥികളില്‍ വിളങ്ങിനില്‍ക്കുന്നത്!!
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തില്‍ ചൂണ്ടിക്കാണിക്കുന്നു: ''മനുഷ്യജീവന്‍ ഗര്‍ഭകാലത്തിന്റെ ആദ്യനിമിഷംമുതല്‍ പരിപൂര്‍ണമായും ബഹുമാനിക്കപ്പെടേണ്ടതാണ്. ജീവന്റെ ആരംഭംമുതല്‍ത്തന്നെ ഒരു മനുഷ്യശിശുവിന് ഏതൊരു വ്യക്തിക്കുമുള്ള അവകാശങ്ങള്‍ അംഗീകരിച്ചുകൊടുക്കേണ്ടിയിരിക്കുന്നു.'' പോള്‍ ആറാമന്‍ മാര്‍പാപ്പായുടെ 'ഹ്യൂമാനേ വീത്തേ' എന്ന ചാക്രികലേഖനവും ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ 'ജീവന്റെ സുവിശേഷം' എന്ന ചാക്രികലേഖനവും ഭ്രൂണഹത്യ എന്ന മരണസംസ്‌കാരത്തെ അപഗ്രഥിക്കുകയും ഗൗരവപാപമായി അപലപിക്കുകയും ചെയ്യുന്നു. ''ഗര്‍ഭച്ഛിദ്രം മാപ്പില്ലാത്ത കുറ്റം. ഓരോ ശിശുവും ഒരു കുടുംബത്തിന്റെതന്നെ ചരിത്രം മാറ്റിമറിക്കുന്ന സമ്മാനമാണ്.'' ഫ്രാന്‍സീസ് മാര്‍പാപ്പായുടെ വാക്കുകളാണിത്.
ലോകത്ത് ഒരുവര്‍ഷം അഞ്ചരക്കോടിയോളം ശിശുക്കള്‍ അമ്മയുടെ ഉദരത്തില്‍വച്ച് അതിദാരുണമായി വധിക്കപ്പെടുന്നു. അതില്‍ ഒന്നരക്കോടിയോളം കുഞ്ഞുങ്ങള്‍ അഹിംസയ്ക്കു പുകള്‍പെറ്റ ആര്‍ഷഭാരതത്തിലും മൂന്നു ലക്ഷത്തോളം കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാടെന്നു വിളിപ്പേരുള്ള സാക്ഷരകേരളത്തിലുമായി വധിക്കപ്പെടുന്നു. വനിതാകമ്മീഷന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ പതിനഞ്ചുലക്ഷത്തോളവും കേരളത്തില്‍ അരലക്ഷത്തോളവും പെണ്‍ഭ്രൂണഹത്യകളാണ് ഓരോ വര്‍ഷവും നടക്കുന്നത്. വിവിധ കാരണങ്ങളാല്‍ പരാജയപ്പെടുന്ന ഗര്‍ഭച്ഛിദ്രങ്ങള്‍മൂലം ലോകമെമ്പാടുമായി ലക്ഷക്കണക്കിനു സ്ത്രീകള്‍ മരണപ്പെടുകയും ശാരീരികമാനസികവൈകല്യങ്ങളിലേക്കു വഴുതിവീണ് ദുരിതത്തിലാവുകയും ചെയ്യുന്നുണ്ട്. ഡോക്ടര്‍മാരുടെ ഹൃദയസ്പര്‍ശിയായ 'ഹിപ്പോക്രാറ്റിക്' പ്രതിജ്ഞകളെല്ലാം വെറും ജലരേഖകളാക്കി സത്യവും നീതിയും കരുണയും മറന്ന് അബോര്‍ഷന്‍ ക്ലിനിക്കുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. ജീവന്റെ കാവല്‍ക്കാരാകേണ്ടവര്‍ ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങി ഈ ഭൂമിയെ നനച്ച നിഷ്‌കളങ്കരക്തത്തിന്, ശബ്ദമില്ലാത്ത നിലവിളിക്ക് എന്താണു പരിഹാരം? എവിടെയാണു പ്രതിവിധി? ദൈവം ക്ഷമിക്കട്ടെ!!
ദൈവം തന്റെ പ്രാണനെ മനുഷ്യശരീരത്തിലേക്ക് ഉച്ഛ്വസിച്ചു. അങ്ങനെ മനുഷ്യജീവന്‍ ഉടലെടുത്തുവെന്ന് വി. ഗ്രന്ഥം ഓര്‍മപ്പെടുത്തുന്നു. എന്നാല്‍, ഭൂമിയിലാകട്ടെ - പുരുഷന്റെ ബീജം സ്ത്രീയുടെ അണ്ഡവുമായി കൂടിക്കലരുന്നത് ഫലദായകമായ സമയമാണെങ്കില്‍ ആ നിമിഷത്തില്‍ത്തന്നെ സ്ത്രീയുടെ ഉദരത്തില്‍ പുതുജീവന്‍ രൂപംകൊള്ളുന്നു. എന്നാല്‍, അമ്മ ഈ യാഥാര്‍ഥ്യം മനസ്സിലാക്കുന്നതിനു മുന്നേതന്നെ അവയവങ്ങള്‍ രൂപപ്പെടാനും ഹൃദയമിടിപ്പ്, ശരീരം, മനസ്സ്, ആത്മാവ്, രക്തഗ്രൂപ്പ്, നിറം, ലിംഗവ്യത്യാസം, സര്‍ഗശേഷി, പാരമ്പര്യം തുടങ്ങിയുള്ള എല്ലാ രൂപഭാവങ്ങളോടുംകൂടി ശിശു വളരാനും ആരംഭിക്കുന്നു. ഇങ്ങനെയുള്ള ശിശുക്കളെയാണ് ഒരു കശാപ്പുശാലയിലെന്നപോലെ അമ്മയുടെ ഉദരത്തില്‍വച്ച് നിഷ്‌കരുണം വധിക്കുന്നത്.
ചരിത്രത്താളുകള്‍ പിറകോട്ടു മറിക്കാം. സാമ്പത്തികഭദ്രതയോ അക്ഷരജ്ഞാനമോ പൊതുവിജ്ഞാനമോ എന്തിനധികം, വൈദ്യസഹായംവരെ വിരളമായിരുന്ന മുന്‍കാലങ്ങളില്‍ പത്തും പന്ത്രണ്ടും കുഞ്ഞുങ്ങള്‍ക്കു ജന്മം നല്കിയിരുന്ന മാതാപിതാക്കള്‍ വീടിന്റെ വിളക്കായിരുന്നു, നാടിന്റെ സമ്പത്തായിരുന്നു. തലമുറകളുടെ പാഠപുസ്തകങ്ങളായിരുന്നു. തങ്ങളുടെ മക്കളെ അടുക്കും ചിട്ടയും അനുസരണവും ദൈവാശ്രയബോധവും നല്കി വളര്‍ത്തി. ഓരോരുത്തരുടെയും അന്തസ്സിനും അഭിരുചിക്കുമനുസൃതമായ ജീവിതാന്തസ്സ് തിരഞ്ഞെടുത്ത് സഭയ്ക്കും സമൂഹത്തിനും രാഷ്ട്രത്തിനും സമര്‍പ്പിച്ചു. ആ പഴമയിലേക്കുള്ള തിരിച്ചുപോക്ക് ഇനി സാധ്യമാണോ?
മനുഷ്യത്വം മരവിച്ച ഈ കാലഘട്ടത്തില്‍ മനുഷ്യന്‍ വിലകെട്ട ഒരു വസ്തുവായി മാറിയെന്നതിന് ഇന്നിന്റെ നേര്‍ക്കാഴ്ചകള്‍ സാക്ഷ്യമാണ്. ദേശീയോദ്യാനത്തില്‍നിന്നൊരു പുഷ്പം പറിച്ചാല്‍, വനസംരക്ഷണമേഖലയില്‍നിന്നൊരു മരം മുറിച്ചാല്‍ കാടിറങ്ങിയ വന്യമൃഗത്തെ ഉപദ്രവിച്ചാല്‍, അലഞ്ഞുനടക്കുന്ന തെരുവുനായ്ക്കളുടെ ജീവന്‍ ഹനിച്ചാല്‍, എന്തിനധികം, ജീവനു ഭീഷണിയായി ഫണമുയര്‍ത്തുന്ന പാമ്പിനെ കൊന്നാല്‍വരെ കനത്ത സുരക്ഷാസന്നാഹം ശിക്ഷാനടപടികളുമായി പാഞ്ഞെത്തുന്നു. എന്നാല്‍, ഈ രാജ്യത്ത് അനുദിനം എത്രമാത്രം കൊല്ലും കൊലയുമാണ് അരങ്ങേറുന്നത്! എത്രയോ കുഞ്ഞുങ്ങളാണ് ഭ്രൂണഹത്യയ്ക്കിരയാകുന്നത്! പ്രായത്തിനു വ്യത്യാസമുണ്ടെങ്കിലും പ്രാണനു വ്യത്യാസമില്ലല്ലോ. ബലാത്സംഗവും കൂട്ടമാനഭംഗവും കത്തിക്കുത്തും അവിഹിതവേഴ്ചകളും ലൈംഗികചൂഷണവും ലഹരിവേട്ടകളുമെല്ലാം മരണസംസ്‌കാരത്തിന്റെ മുഖമുദ്രയല്ലേ? ഇതെല്ലാം വാര്‍ത്താമാധ്യമങ്ങള്‍ വിശ്രമമില്ലാതെ വിളമ്പുന്നുണ്ടല്ലോ. എന്നാല്‍, അമ്മയുടെ ഉദരത്തില്‍വച്ചു വധിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ നിലയ്ക്കാത്ത നിലവിളിക്കുനേരേ കാതോര്‍ക്കാന്‍, നിഷ്‌കളങ്കരക്തം വീണു നനയുന്ന മണ്ണിലേക്കു നോക്കി നെടുവീര്‍പ്പിടാന്‍, അരുംകൊലയ്‌ക്കെതിരേ ശബ്ദമുയര്‍ത്താന്‍ മാനവരാശി ഒന്നടങ്കം സടകുടഞ്ഞെഴുന്നേല്‍ക്കട്ടെ. അപ്പോള്‍ ഈ ഭൂമിയില്‍ സമാധാനവും ശാന്തിയും സംജാതമാകും.
'സുരക്ഷയുള്ള ജീവന്‍ പ്രത്യാശയുള്ള കുടുംബം!' ഇതാണല്ലോ ഈ വര്‍ഷത്തെ പ്രോലൈഫ് ദിനത്തിന്റെ ആപ്തവാക്യം. പരിശുദ്ധ കന്യാമറിയത്തിന്റെ മംഗളവാര്‍ത്തത്തിരുനാള്‍ദിനമായ മാര്‍ച്ച് 25 നാണ് ആഗോളകത്തോലിക്കാസഭ പ്രോലൈഫ് ദിനമായി തിരഞ്ഞെടുത്തിരിക്കുന്നത്. യഹൂദവംശത്തിലുള്ള ഒരു കന്യകയുടെ ഗര്‍ഭധാരണവും സാമൂഹികപശ്ചാത്തലവും പ്രത്യാഘാതങ്ങളും വി. ഗ്രന്ഥത്തില്‍ വ്യക്തമായും കൃത്യമായും രേഖപ്പെടുത്തിയിരിക്കുന്നു. ജീവന്റെ സുവിശേഷം അതിന്റെ പൂര്‍ണതയില്‍ ആവഹിച്ചത് പരിശുദ്ധകന്യാമറിയംമാത്രമാണ്. അവള്‍മാത്രമാണ് മാതൃത്വത്തിന്റെ മഹനീയമാതൃക! അതുകൊണ്ട് അവളുടെ കരംപിടിച്ച് സ്ത്രീലോകം ഉണരട്ടെ! ശക്തരാവട്ടെ! പ്രബുദ്ധരാകട്ടെ... പുതുപുത്തന്‍ തലമുറകളെ വാര്‍ത്തെടുക്കട്ടെ!