വിയര്‍പ്പൊഴുക്കി നാടിനെ അന്നമൂട്ടുന്ന നെല്‍ക്കര്‍ഷകര്‍ക്ക് ഈ വര്‍ഷവും കൊയ്തു ബാക്കിയാവുന്നത് വറുതിയുടെ കണ്ണീരുണങ്ങാക്കാലം. കുത്തകമില്ലുകാര്‍ക്കു ലാഭമുണ്ടാക്കാന്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥലോബിയുടെ വഴിവിട്ട കളികള്‍മൂലം കൂടുതല്‍ കിഴിവുനല്കി നെല്ലുവില്‍ക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. കര്‍ഷകന്റെ നേര്‍ക്കു കനിവില്ലാത്ത സര്‍ക്കാര്‍നയത്തിന്റെ ബാക്കിപത്രമാവുന്നത് വര്‍ഷംതോറും കുറഞ്ഞുകൊണ്ടിരിക്കുന്ന നെല്‍ക്കൃഷിയുടെ കണക്കാണ്. നിലവാരമുള്ള നെല്ലിനും സംഭരണത്തില്‍ കിഴിവ് ആവശ്യപ്പെട്ട മില്ലുകാര്‍ നെല്ലുസംഭരണം മുടക്കിയതോടെ കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ നെല്‍ക്കൂനകള്‍ക്കു കാവലിരിക്കുകയാണ് കര്‍ഷകര്‍. മഴയുടെ വരവുകൂടിയായപ്പോള്‍ കര്‍ഷകനെഞ്ചില്‍ ഇടിമുഴക്കം തുടങ്ങി. കോട്ടയം ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ കാഞ്ഞിരം ബ്ലോക്കിലെ 1200 ഏക്കര്‍ കൃഷിയില്‍ 400 ഏക്കറിലെ കൊയ്ത്ത് പൂര്‍ത്തിയാക്കി റോഡരികില്‍ നെല്ല് കൂനകൂട്ടിയിട്ട് 14 ദിവസമായി. അതുപോലെതന്നെ പറേക്കടവ് പാടശേഖരത്തില്‍ 17 ദിവസവും വെമ്പള്ളി പാടശേഖരത്തില്‍ 21 ദിവസവുമായി കൊയ്ത്തുകഴിഞ്ഞിട്ട്. കുമരകം തുമ്പേക്കായല്‍ പാടശേഖരത്തിലും കിഴക്കേ പള്ളിക്കായല്‍ പാടശേഖരത്തിലും കൊയ്ത്തു കഴിഞ്ഞിട്ടു ദിവസങ്ങളായി. സപ്ലൈകോയ്ക്കുവേണ്ടി നെല്ലു സംഭരിക്കുന്ന മില്ലുകാര്‍ എത്താതെ റോഡിലും പാടങ്ങളിലുമായി നെല്‍ക്കൂനയ്ക്കു കാവലിരിക്കുകയാണ് കര്‍ഷകര്‍. സംഭരിക്കുന്ന നൂറു കിലോ നെല്ലിന് രണ്ടു കിലോ കിഴിവു വേണമെന്നാണ് മില്ലുകാരുടെ ആവശ്യം.
എന്താണ് നെല്ലുസംഭരണ ത്തിലെ കിഴിവ്?
നെല്ലിന്റെ ഗുണനിലവാരമനുസരിച്ച്, സംഭരിക്കുന്ന നെല്ലിന്റെ വിലയില്‍ കര്‍ഷകര്‍ക്ക് നിശ്ചിതശതമാനം കുറവുതുക നല്‍കുന്നതിനാണ് കിഴിവ് അഥവാ താര എന്നുപറയുന്നത്. നെല്ലിലെ ജലാംശം 17 ശതമാനത്തില്‍ താഴെയും കറവലും (നെല്ലിന്റെ പുറംഭാഗത്ത് കറുപ്പ് തോന്നിക്കുന്നത്) പതിരും മൂന്നു ശതമാനത്തില്‍ താഴെയുമായിരിക്കണം എന്നതാണ് സപ്ലൈകോ നിശ്ചയിച്ചിരിക്കുന്ന നിലവാരമാനദണ്ഡം.
കാഞ്ഞിരം ജെ ബ്ലോക്ക് പാടശേഖരത്തെ നെല്ലിന്, നിഷ്‌കര്‍ഷിച്ചിരിക്കുന്ന ഗുണനിലവാരമുണ്ടെന്ന് കഴിഞ്ഞദിവസം രാവിലെ നെല്ലു പരിശോധിച്ചു വ്യക്തമാക്കിയ പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ-മില്ല് ലോബിയുടെ അവിശുദ്ധ കൂട്ടുകെട്ടിന്റെ സമ്മര്‍ദത്തിനു വഴങ്ങി ഉച്ചകഴിഞ്ഞപ്പോള്‍ മലക്കംമറിഞ്ഞു. നൂറു കിലോ നെല്ലിന് രണ്ടു കിലോ കിഴിവു നല്‍കണമെന്ന മില്ലുകാരുടെ ആവശ്യത്തിനൊപ്പം പാഡി ഓഫീസറും സര്‍ക്കാരും ഉറച്ചുനിന്നതോടെ കര്‍ഷകര്‍ പെരുവഴിയിലായി. വേനല്‍മഴയെത്തിയിട്ടും കൂന കൂട്ടിയിട്ടിരിക്കുന്ന നെല്ല് സംഭരിക്കാതെ സമ്മര്‍ദതന്ത്രമൊരുക്കി. ഒടുവില്‍ ഒരു കിലോ നെല്ല് കിഴിവു നല്കാമെന്നു കര്‍ഷകര്‍ സമ്മതിച്ചെങ്കിലും രണ്ടു കിലോ നല്കാമെന്നാണ് അവര്‍ സമ്മതിച്ചതെന്ന് ഉദ്യോഗസ്ഥ-മില്ല് ലോബി വ്യാജപ്രചാരണം നടത്തിയതോടെ വീണ്ടും സംഭരണത്തിന്റെ സ്ഥിതി അവതാളത്തിലായി.
വീണ്ടും ചതി
കൊയ്ത നെല്ല് കൂട്ടിയിട്ടിരിക്കുമ്പോള്‍ത്തന്നെ സമീപപാടശേഖരങ്ങളിലെ നെല്ലും കൊയ്യാന്‍ സമയമായിരിക്കുന്നു. കൊയ്ത്തു തുടങ്ങുമ്പോള്‍മുതല്‍ സംഭരിച്ചാല്‍മാത്രമേ യഥാസമയം കൊയ്ത്തു പൂര്‍ത്തിയാക്കാന്‍ കഴിയൂ. തുടര്‍ച്ചര്‍ച്ചകള്‍ക്കൊടുവില്‍ രണ്ടു കിലോ കിഴിവു നല്കി നെല്ലുസംഭരണം ആരംഭിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായി. ഒപ്പം, കിഴിവു നല്‍കുന്ന നെല്ലിന്റെ കൈകാര്യച്ചെലവും കര്‍ഷകര്‍ക്കുമേല്‍ ചുമത്തിയാണ് കൃഷിമന്ത്രിയടക്കം കുത്തകമില്ലുകാര്‍ക്കുവേണ്ടി നിലകൊണ്ടത്. ഇതോടെ ജെ ബ്ലോക്ക് 9000 പാടശേഖരത്തിലെ കര്‍ഷകര്‍ക്കുമാത്രം നഷ്ടമാവുന്നത് 20 ലക്ഷം രൂപയാണ്. കുട്ടനാട്ടില്‍ പ്രശ്‌നം ഇതിനേക്കാള്‍ രൂക്ഷമാകും. തണ്ണീര്‍ത്തടവും കരിനിലവും കൂടുതലായതിനാല്‍ കുട്ടനാട്ടിലെ നെല്ല് എത്ര മികച്ചതായാലും കറവല്‍ കൂടുതലാവാന്‍ സാധ്യതയുണ്ട്. ഇവിടെ മില്ലുകള്‍ കൂടുതല്‍ കിഴിവ് ആവശ്യപ്പെടും. വെള്ളക്കെട്ട് പ്രദേശമായതിനാലും സര്‍ക്കാര്‍ മില്ലുകാര്‍ക്കൊപ്പം നില്‍ക്കുന്നതിനാലും കര്‍ഷകര്‍ക്ക് അതിനു വഴങ്ങേണ്ടിയും വരും.
കര്‍ഷകനൊമ്പരങ്ങള്‍
കാലാവസ്ഥാവ്യതിയാനവും കൊയ്ത്തുയന്ത്രത്തിന്റെയും വളത്തിന്റെയും ക്ഷാമവുമടക്കം ഏറെ പ്രതിസന്ധികളിലൂടെയാണ് നെല്‍ക്കര്‍ഷകര്‍ കടന്നുപോകുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഉത്പാദനച്ചെലവ് 70 ശതമാനത്തോളം കൂടിയിട്ടും നെല്ലിന്റെ സംഭരണവിലയില്‍ വര്‍ധനയുണ്ടായിട്ടില്ല. ക്വിന്റലിന് 12 രൂപ എന്ന വര്‍ഷങ്ങളായി ലഭിക്കുന്ന കൈകാര്യച്ചെലവുതുകയും കൂട്ടിനല്കിയിട്ടില്ല. ബാങ്കുകളില്‍നിന്ന് വായ്പയെടുത്തും സ്വര്‍ണം പണയം വച്ചും മറ്റും പാടത്തു കൃഷിയിറക്കുന്നവര്‍ക്ക് യഥാസമയം നെല്ലിന്റെ വിലയും കിട്ടുന്നില്ല. കൃഷിയിലെ നഷ്ടവും സംഭരിച്ച നെല്ലിന്റെ തുക സമയത്തു ലഭിക്കാത്തതും കര്‍ഷകരെ ആത്മഹത്യാമുനമ്പിലേക്കു നയിക്കുന്നു. നെല്‍ക്കര്‍ഷകര്‍ക്ക് അഞ്ചു പൈസ കൂട്ടിക്കൊടുക്കാത്ത സര്‍ക്കാര്‍, ആവശ്യപ്പെടാതെതന്നെ പിഎസ്‌സി അംഗങ്ങള്‍ക്കും ഡല്‍ഹി പ്രതിനിധി എന്ന ഉപയോഗശൂന്യപദവിക്കുമായി ഈ വര്‍ഷം വര്‍ധിപ്പിച്ചുനല്കിയത് ലക്ഷങ്ങളാണെന്നിരിക്കേ, കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് വെളിവായിരിക്കുന്നു.
പരിഹാരമില്ലാത്ത പ്രശ്‌നമൊന്നുമല്ല ഇത്. യഥാസമയത്ത് ഗുണനിലവാരമുള്ള വിത്തും വളവും വിതരണം ചെയ്യുകയും കൊയ്ത്തുയന്ത്രങ്ങളുടെ ലഭ്യത ഉറപ്പാക്കുകയും വേണം. ഒപ്പം, യഥാകാലം നെല്ലുസംഭരണം നടത്താനും, സംഭരണവിഷയത്തില്‍ കര്‍ഷകര്‍ക്കൊപ്പം ഉറച്ചുനില്‍ക്കാനും സംഭരിച്ച നെല്ലിന്റെ വില കൃത്യമായി നല്കാന്‍ സപ്ലൈകോയ്ക്കു ഫണ്ട് ലഭ്യമാക്കാനും സര്‍ക്കാര്‍ തയ്യാറാവണം. കര്‍ഷകര്‍ ഇല്ലാതായാല്‍ അന്നമില്ലാതാവുമെന്ന തിരിച്ചറിവ് എന്നാണ് നമുക്കുണ്ടാവുക?