ലീഗ് റൗണ്ടിലെ വിജയം കലാശക്കളിയില്‍ ആവര്‍ത്തിക്കുക; അതും ആധികാരികമായിത്തന്നെ. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നായകന്‍ രോഹിത്ശര്‍മതന്നെ ഇന്ത്യന്‍ ടീമിന്റെ വിജയത്തിനു വഴിതുറന്നു. രോഹിത് 83 പന്തില്‍ നേടിയ 78 റണ്‍സ് തന്നെയാണ് ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലന്‍ഡിനെ നാലു വിക്കറ്റിനു തോല്പിക്കാന്‍ ഇന്ത്യയെ മുഖ്യമായും തുണച്ചത്. ഏതാനും നാളായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ രോഹിതിന്റെയും വിരാട് കോലിയുടെയും ബാറ്റിങ് ഫോം ആയിരുന്നു ആശങ്ക ഉയര്‍ത്തിയിരുന്നത്. അവര്‍ ഫോം വീണ്ടെടുത്തപ്പോള്‍ ടീമിനു വിജയം കൈവന്നു.
ചാപ്യന്‍സ് ട്രോഫിയില്‍ 2002 ല്‍ ശ്രീലങ്കയുമായി കിരീടം പങ്കുവച്ച ഇന്ത്യ 2013 ല്‍ ജേതാക്കളായി. ഇത് മൂന്നാം കിരീടജയം. 2024 ല്‍ ട്വന്റി 20 ലോകകപ്പ് ജയിച്ച ഇന്ത്യയ്ക്കു കഴിഞ്ഞ ഏകദിനലോകകപ്പ് ഫൈനലില്‍ സംഭവിച്ച തോല്‍വിക്കു പരിഹാരമായി. അതിലുപരി ന്യൂസിലന്‍ഡില്‍നിന്നും ഓസ്‌ട്രേലിയയില്‍നിന്നും നേരിട്ട തിരിച്ചടികളില്‍നിന്നൊരു തിരിച്ചുവരവും. ബംഗ്ലാദേശിനെയും പാക്കിസ്ഥാനെയും ന്യൂസിലന്‍ഡിനെയും പരാജയപ്പെടുത്തി സെമിയില്‍ കടന്ന ഇന്ത്യ സെമിയില്‍ ഓസ്‌ട്രേലിയയെ നാലു വിക്കറ്റിനു പരാജയപ്പെടുത്തിയപ്പോള്‍ത്തന്നെ ട്രോഫി നേട്ടം ദൃഷ്ടിപഥത്തിലെത്തിയിരുന്നു.
പക്ഷേ, ഓസ്‌ട്രേലിയന്‍ ടീമിന് യഥാര്‍ഥ കരുത്തില്ലായിരുന്നു. നിലവിലെ ഏകദിനലോകകപ്പ് ചാംപ്യന്‍മാരായ ഓസ്‌ട്രേലിയന്‍നിരയില്‍നിന്ന് ക്യാപ്റ്റന്‍ മിച്ചല്‍ സ്റ്റാര്‍ക് വ്യക്തിപരമായ കാരണങ്ങളാല്‍ പിന്‍വാങ്ങിയിരുന്നു. പാറ്റ് കമ്മിന്‍സും ജോഷ് ഹാസില്‍വുഡും പരുക്കിന്റെ പിടിയിലായത് അവരുടെ ബൗളിങ്ങിന്റെ മൂര്‍ച്ച കുറച്ചിരുന്നു.
പാക്കിസ്ഥാനൊപ്പം ഗ്രൂപ്പ് 'എ' യില്‍ സ്ഥാനംപിടിച്ച ഇന്ത്യ സുരക്ഷാകാരണങ്ങളാല്‍ പാക്കിസ്ഥാനില്‍ കളിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഇന്ത്യയുടെ അവസരങ്ങള്‍ ദുബായിയിലേക്കു മാറ്റുകയായിരുന്നു. പാക്കിസ്ഥാനും ഇന്ത്യയെ നേരിടാന്‍ എത്തേണ്ടിവന്നു. ന്യൂസിലന്‍ഡിനാകട്ടെ ഇന്ത്യയ്‌ക്കെതിരായ ലീഗു റൗണ്ടു കഴിഞ്ഞ് സെമി കളിക്കാന്‍ പാക്കിസ്ഥാനില്‍പോയി ഫൈനലിനായി ദുബായ്ക്കു മടങ്ങേണ്ടിവന്നു. സ്പിന്നിനെ തുണയ്ക്കുന്ന ദുബായ്പിച്ചില്‍ തുടരെ കളിക്കാന്‍ ഇന്ത്യയ്ക്കു സാധിച്ചു.
ജസ്പ്രീത് ബുംറയുടെ അസാന്നിധ്യവും 2023 ലെ ഏകദിനലോകകപ്പിനുശേഷം അധികം ഏകദിനമത്സരങ്ങള്‍ കളിക്കാന്‍ കഴിയാത്തതും ഇന്ത്യയുടെ ദൗര്‍ബല്യമായിരുന്നു. പക്ഷേ, ഇംഗ്ലണ്ടിനെതിരേ നേടിയ 3 - 0 വിജയം ഉണര്‍വേകി. 1998 ല്‍ തുടക്കമിട്ട ചാംപ്യന്‍സ് ട്രോഫി ആദ്യം രണ്ടു വര്‍ഷത്തിലൊരിക്കലും പിന്നീടു മൂന്നുവര്‍ഷത്തെ ഇടവേളയിലും ഒടുവില്‍ നാലുവര്‍ഷത്തിലൊരിക്കലുമായി. എന്നാല്‍ ട്വന്റി 20 ലോകകപ്പു പോലുള്ള മറ്റ് ഐസിസി ടൂര്‍ണമെന്റുകള്‍മൂലം 2017 നു ശേഷം ചാംപ്യന്‍സ് ട്രോഫി നടന്നില്ല. 2017 ലാകട്ടെ പാക്കിസ്ഥാനായിരുന്നു ജേതാക്കള്‍. ഫൈനലില്‍ അവര്‍ തോല്പിച്ചത് ഇന്ത്യയെയും. ഇത്തവണ ലീഗ് മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ ആറു വിക്കറ്റിനു തോല്പിച്ചു.
ഒരു ഓവര്‍ ബാക്കിനില്‍ക്കേയാണ് ഫൈനലില്‍ ഇന്ത്യ വിജയം കൈവരിച്ചത്. അവസാന 10 ഓവറില്‍ 79 റണ്‍സ് നേടി ന്യൂസിലന്‍ഡ് സ്‌കോര്‍ ഏഴിന് 251 ലെത്തിച്ചു. ടൂര്‍ണമെന്റില്‍ ഉടനീളം ഫോമിലായിരുന്ന ബാറ്റര്‍ രചിന്‍ രവീന്ദ്ര നല്ല തുടക്കം നല്‍കിയിരുന്നു. പക്ഷേ, നേരിട്ട രണ്ടാം ബോളില്‍ സിക്‌സര്‍ അടിച്ച് രോഹിത് ശര്‍മ ലക്ഷ്യം വ്യക്തമാക്കി. എന്നാല്‍, വിക്കറ്റ് നഷ്ടപ്പെടാതെ 105 എന്ന സ്‌കോറിലേക്ക് ഇന്ത്യ കൂപ്പുകുത്തി. വിരാട് കോലി ഒരു റണ്ണിനു പുറത്തായത് കനത്ത തിരിച്ചടിയായി. 26.1 ഓവറില്‍ രോഹിതും മടങ്ങി. ശ്രേയസ്സ് അയ്യരും അക്ഷര്‍ പട്ടേലും കെ. എല്‍. രാഹുലും രക്ഷകരായി.
നേരത്തെ മുഹമ്മദ് ഷമി ഒമ്പത് ഓവറില്‍ 74 റണ്‍സ് വിട്ടുകൊടുത്തു. ഹാര്‍ദിക് പാണ്ഡ്യ മൂന്ന് ഓവറില്‍ നല്‍കിയത് 30 റണ്‍സും. പെയ്‌സ് ബൗളിങ്ങിനിടെ തുണയ്ക്കാത്ത പിച്ച് എന്ന ലേബലിന് അടിവരയിട്ടു. വരുണ്‍ ചക്രവര്‍ത്തിയും കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും കാഴ്ചവച്ച സ്പിന്‍മികവാണ് ന്യൂസിലന്‍ഡിനെ 251 ല്‍ ഒതുക്കാന്‍ സഹായിച്ചത്. പക്ഷേ, മുന്‍അവസരങ്ങളില്‍ ഷമി തിളങ്ങിയിരുന്നു എന്നത് മറക്കരുത്.
അടുത്ത ഏകദിനലോകകപ്പിനുമുമ്പ് രോഹിതും കോലിയും രവീന്ദ്ര ജഡേജയുമൊക്കെ വിരമിക്കാനാണു സാധ്യത. എന്നാല്‍, ശക്തമായൊരു മധ്യനിര ബാറ്റര്‍മാര്‍ ഇന്ത്യയ്ക്കുണ്ട്. ജസ്പ്രീത് ബുംറ പരുക്കു ഭേദമായി മടങ്ങിവരും. ഷമി പൂര്‍ണഫോം വീണ്ടെടുക്കും. അവസരം കാത്തുനില്ക്കുന്ന യുവനിര നീണ്ടതാണ്. ലോകക്രിക്കറ്റില്‍ ഇന്ത്യയുടെ ആധിപത്യം തുടരുമെന്നുതന്നെ പ്രതീക്ഷിക്കാം. ഇത്തവണ ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടക്കാതെ പോയത് തിരിച്ചടിയാണ്. കഴിഞ്ഞ രണ്ടു ഫൈനലിലും പരാജയം രുചിക്കുകയും ചെയ്തു. ക്രിക്കറ്റിന്റെ യഥാര്‍ഥ രൂപമായ ടെസ്റ്റില്‍ക്കൂടി ആധിപത്യം കൈവരിക്കാന്‍ കഴിയണം. വരുംനാളുകളില്‍ അതു സാധ്യമാകട്ടെ.