•  3 Apr 2025
  •  ദീപം 58
  •  നാളം 5
ബാലനോവല്‍

കൊട്ടാരക്കെട്ടിലെ ഉറങ്ങാത്ത രാവുകള്‍

   രാത്രി അതിന്റെ അവസാനയാമങ്ങളിലേക്കു കടക്കുകയായിരുന്നു. കുന്നിന്‍ചെരുവിലൂടെ സര്‍വശക്തിയും സംഭരിച്ച് ആ വിചിത്രമനുഷ്യന്‍ മുന്നോട്ടാഞ്ഞു. പിന്നാലെ കാര്‍ഫിയൂസും സംഘവും വച്ചുപിടിച്ചു. ഇരുകൂട്ടരും മിന്നല്‍വേഗത്തില്‍ പാഞ്ഞു.
നല്ല നിലാവുണ്ടായിരുന്നതു നിമിത്തം സകല വഴികളും വ്യക്തമായി കാണാമായിരുന്നു. കാട്ടുചെടികള്‍ ചവിട്ടിമെതിച്ച് അയാള്‍ പാഞ്ഞു. പിന്നാലെ ഓടുന്നവര്‍ക്കിടയിലേക്ക് അയാള്‍ കല്ലുകള്‍ വലിച്ചെറിഞ്ഞു. കല്ലിനടിയില്‍പ്പെട്ട് ഒരു ഭടന്‍ നിലത്തടിച്ചു വീണു.
ആ മനുഷ്യന്‍ ഓടിച്ചെന്ന് വലിയൊരു മരത്തിന്റെ മുകളില്‍ കയറി. പിന്നെ മരത്തിന്റെ ചില്ലകള്‍ ഒടിച്ച് താഴെനിന്നവരുടെ തലയിലേക്കിട്ടു. പലരും ഓടിമാറി. സോയൂസ് അലറിപ്പറഞ്ഞു:
''ഇറങ്ങിവന്നാല്‍ നിന്നെ ഞങ്ങള്‍ ഒന്നും ചെയ്യില്ല. ഞങ്ങള്‍ നിന്നെ പിടിക്കുന്നത് നിന്നില്‍നിന്നു രഹസ്യങ്ങള്‍ അറിയാന്‍വേണ്ടിയാണ്. ഇറങ്ങിവരൂ. അല്ലെങ്കില്‍ ഞങ്ങളെല്ലാംകൂടി മരംവെട്ടിയിടും. നിലത്തുവീണ്, പാറക്കല്ലില്‍ തലയടിച്ച് നീ മരിക്കും.'' 
അവര്‍ മുകളിലേക്കു നോക്കി. എങ്ങും അയാളെ കാണുന്നില്ല. ഇത്ര പെട്ടെന്ന് അയാള്‍ എവിടെപ്പോയി? മരച്ചില്ലകള്‍ക്കിടയിലെങ്ങും കാണാനില്ല. ''ഇത് ഒരു വല്ലാത്ത അദ്ഭുതമായല്ലോ.'' കാര്‍ഫിയൂസ് പറഞ്ഞു. കണ്ണിമയ്ക്കാതെ താഴെനിന്നവരെല്ലാം നോക്കിക്കൊണ്ടിരുന്നതല്ലേ? ഇത്ര പെട്ടെന്ന് അയാള്‍ എങ്ങനെ മറഞ്ഞു?
''അതാ പോകുന്നു.'' മേഘനാദന്‍ തെല്ലകലെ മറ്റൊരു മരത്തിലേക്കു കൈചൂണ്ടി. മരങ്ങളില്‍നിന്നു ചാഞ്ഞുകിടക്കുന്ന വള്ളിയിലൂടെ തൂങ്ങിയാടി അയാള്‍ പോവുകയാണ്. സോയൂസും അതേ വള്ളികളിലൂടെ ആടി അയാളെ പിന്‍തുടര്‍ന്നു.
പെട്ടെന്ന് തൂങ്ങിയാടിയ ഒരു വള്ളി ഞെട്ടറ്റ് അയാള്‍ വലിയൊരു ശബ്ദത്തോടെ നിലത്തേക്കു വീണു. പിന്നാലെ വള്ളിയില്‍ തൂങ്ങിയ സോയൂസ് വള്ളിയിലൂടെ പിടിച്ച് മരച്ചില്ലയില്‍ കയറി. 
എല്ലാവരും ചേര്‍ന്ന് അയാളെ കൈകാലുകള്‍ ബന്ധിച്ചു. സോയൂസും മരത്തില്‍നിന്നിറങ്ങി വന്നു. 
എല്ലാവരും ആഹ്ലാദസൂചകമായി ആര്‍പ്പുവിളിച്ചു. ശത്രുഗണത്തില്‍പ്പെട്ട ഒരാളെ ജീവനോടെ ലഭിച്ചിരിക്കുന്നു. എങ്കിലും സ്വപിതാവിന്റെ മരണവും തക്കസമയത്ത് കൊട്ടാരത്തിലെത്താന്‍ കഴിയാത്തതും കാര്‍ഫിയൂസിനെ വല്ലാതെ തളര്‍ത്തിയിരുന്നു. കുമാരന് സമീപഭാവിയിലെങ്ങും മനംതുറന്നു സന്തോഷിക്കാനാവില്ല. 
ആ മനുഷ്യന്റെ ശരീരമാകെ ഇരുമ്പുതകിടുകള്‍ ഒട്ടിച്ചുവച്ചിരിക്കുകയാണ്. മുഖത്തും ഏതോ ഒരു ആവരണം അണിഞ്ഞിരിക്കുന്നു. തന്നിമിത്തം ഒറ്റനോട്ടത്തില്‍ ആ മനുഷ്യനെ ആരും തിരിച്ചറിയില്ല.
അയാളെ താങ്ങിയെടുത്ത് താഴേക്കു നീങ്ങി. വളരെ ശ്രദ്ധാപൂര്‍വം നടന്നില്ലെങ്കില്‍ വല്ല പാറക്കെട്ടിലും തട്ടി വീണെന്നിരിക്കും.
അയാള്‍ അവരുടെ കൈയിലിരുന്ന് ഞരങ്ങുകയും മൂളുകയും ചെയ്തു. വള്ളിപൊട്ടി നിലത്തുവീണ് നല്ല പരിക്കുപറ്റിയിരുന്നു.
സമതലത്തിലെ പുതിയ താവളത്തിലെത്തി ആ മനുഷ്യനെ തറയില്‍ക്കിടത്തി. വീഴ്ചയില്‍ ബോധം നഷ്ടപ്പെട്ട വിവരം അപ്പോഴാണ് അവര്‍ അറിഞ്ഞത്.
''നമുക്ക് കാലിലെ കെട്ടഴിക്കാം. കൈയിലേതുമാത്രം കിടന്നാല്‍ മതി. ബോധം തെളിയാതെ ഒന്നും ചോദിച്ചറിയാന്‍ പറ്റില്ലല്ലോ.'' മേഘനാദന്‍ പറഞ്ഞു.
''ഇയാള്‍ ആരാണെങ്കിലും വലിയ തന്ത്രശാലിതന്നെയാണ്.'' കാര്‍ഫിയൂസ് പറഞ്ഞു.
എല്ലാവരും അയാളെത്തന്നെ നോക്കിനിന്നു. ഇരുമ്പുതകിടിനുമുകളില്‍ ഏതോ കാട്ടുമൃഗത്തിനെക്കൊന്ന് രക്തം പുരട്ടിയിരിക്കുകയാണ്. കാണുന്നവര്‍ക്ക് ഒറ്റനോട്ടത്തില്‍ സ്വശരീരത്തിലെ രക്തമാണെന്നു തോന്നും.
''ഇനി ഇരുമ്പുതകിടുകള്‍ അടര്‍ത്തി മാറ്റൂ.'' സോയൂസ് പറഞ്ഞു.
ഉടന്‍തന്നെ മേഘനാദന്‍ നെഞ്ചിലും ഉദരത്തിലും പുറത്തുമെല്ലാം പതിപ്പിച്ച നേര്‍ത്ത ഇരുമ്പുതകിടുകള്‍ വലിച്ചുപറിച്ചെടുത്തു.
അവസാനം മുഖത്തെ തകിടുകള്‍ ഒന്നൊന്നായി അടര്‍ത്തിയെടുത്തു. 
ആ കാഴ്ചകണ്ട് സോയൂസ് ഇടിവെട്ടേറ്റതുപോലെ ഞെട്ടിപ്പോയി.
ആദിത്യപുരംരാജ്യത്തെ ഏറ്റവും ധൈര്യശാലിയായ ഭടന്‍ അഡോക്കിയാസ്.
ജാലകപ്പഴുതിലൂടെ എത്തിനോക്കി രാജാവിന്റെ മുറിയിലെ ഭീകരസര്‍പ്പത്തെ ആദ്യമായിക്കണ്ടവന്‍. എന്നിട്ടും ഭയന്നു നിലവിളിക്കാത്തവന്‍. 
ആ കാഴ്ച കണ്ട് കാര്‍ഫിയൂസ് ഹൃദയം സ്തംഭിച്ചതുപോലെ തരിച്ചുനിന്നു. മേഘനാദനും സ്തംഭിച്ചുപോയി. 
സ്വപ്നത്തില്‍പോലും പ്രതീക്ഷിക്കാത്ത ഒരു കാഴ്ച. ഒരു വലിയ കുടിലതന്ത്രം മറനീക്കി പുറത്തുവന്നിരിക്കുന്നു!
എല്ലാ സംശയങ്ങളും ഇവിടെ തീര്‍ന്നിരിക്കുന്നു. 
സോയൂസ് കുറച്ചു വെള്ളം അയാളുടെ മുഖത്തു തളിച്ചു. അയാള്‍ ഞെട്ടിയുണര്‍ന്ന് ചുറ്റും നോക്കി. ചുറ്റും കൂടി നില്ക്കുന്നവരെ കണ്ട് അയാള്‍ ഭയച്ചു വിറച്ചു. ''എന്നെ ഒന്നും ചെയ്യല്ലേ.'' അയാള്‍ അവരോടു കെഞ്ചി.
''ഇല്ല. നിന്നെ ഞങ്ങള്‍ ഒന്നും ചെയ്യില്ല. എല്ലാം തുറന്നു പറഞ്ഞാല്‍ നിനക്ക് ഞങ്ങളോടൊപ്പം കൂടാം. അതല്ലെങ്കില്‍ നീ നല്ല ഒരു മരണത്തിന് ഒരുങ്ങിക്കൊള്ളുക.'' 
''ഞാന്‍ നിങ്ങളോടൊപ്പം കൂടാം. എന്നെ ദേവദത്തന്‍ ഭീഷണിപ്പെടുത്തി ഇങ്ങോട്ടയച്ചതാണ്. എന്നോടു ക്ഷമിക്കണം. എല്ലാം കൊച്ചുരാജാവിന്റെ ചതിയായിരുന്നു. രാജാവിന്റെ ജഡവുമായി തിരുമാലിയിലേക്കു പോകാന്‍ തീരുമാനിച്ചതും ബോധം കെട്ടുവീണതും മന്ത്രവാദിപറഞ്ഞതും എല്ലാം സിംഹാസനം തട്ടിയെടുക്കാനുള്ള തന്ത്രങ്ങളായിരുന്നു.'' 
കാര്‍ഫിയൂസ് പൊട്ടിക്കരഞ്ഞു.
പെട്ടെന്ന് നാലു കൊലയാനകള്‍ അവര്‍ക്കു മുമ്പിലേക്ക് അലറിയടുത്തു.
 
(തുടരും)
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)