ഇക്കഴിഞ്ഞയാഴ്ചയില്‍ കേരളസമൂഹം കണ്ട നടുങ്ങുന്ന കാഴ്ച, അതിക്രൂരമായ റാഗിങ്ങിനു വിധേയനാകുന്ന ഒരു നഴ്‌സിങ്‌വിദ്യാര്‍ഥിയുടെ വീഡിയോയാണ്. അവന്റെ നിസ്സഹായതയും നിലവിളിയും ഇപ്പോഴും മനസ്സില്‍നിന്നു മാഞ്ഞിട്ടില്ല. പ്രതികള്‍ പിടിക്കപ്പെടുകയും അവര്‍ തുടര്‍പഠനത്തില്‍നിന്നു വിലക്കപ്പെടുകയും ചെയ്തുവെന്നത് ആശ്വാസകരമെങ്കിലും സമാനമായ അതിക്രമങ്ങളും പീഡനങ്ങളും കൊലപാതകപരമ്പരകള്‍തന്നെയും നിത്യേനയെന്നോണം ഇവിടെ അരങ്ങേറിക്കൊണ്ടിരിക്കുന്നു.
യുവാക്കള്‍ മാത്രമല്ല, എല്ലാ പ്രായക്കാരുമുണ്ട് കുറ്റവാളികളുടെ ലിസ്റ്റില്‍. ഒരു കൊലക്കുറ്റത്തിന്റെ ശിക്ഷ പൂര്‍ത്തിയാക്കിയിട്ടും തൃപ്തിവരാതെ വീണ്ടും കൊലക്കത്തിയുമായി പാഞ്ഞുനടക്കുന്ന കാരണവന്മാരും അഞ്ചും ആറുംപേരെയും കൊന്നിട്ടും കലിയടങ്ങാത്ത യുവാക്കളും മധ്യവയസ്‌കരുമെല്ലാം കേരളമനഃസാക്ഷിക്കുമുമ്പില്‍ ചോദ്യചിഹ്നമായി നില്ക്കുന്നു. കേരളം എങ്ങോട്ടാണ്?
ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ സംസാരിക്കുന്നതു കേരളത്തിന്റെ വികസനത്തെക്കുറിച്ചാണ്. നിക്ഷേപസംഗമങ്ങള്‍തന്നെയും അതിനുവേണ്ടി സംഘടിപ്പിക്കുന്നു. ഒക്കെയും നല്ലതുതന്നെ. പക്ഷേ, ഇവരാരും മനുഷ്യമനസ്സിനെ സംസ്‌കാരസമ്പന്നമാക്കുന്നതിനു മിനക്കെടാറില്ല. അതവരുടെ ചുമതലയല്ല. ആണെങ്കില്‍ത്തന്നെ അതിനു സമയമില്ല. കിട്ടുന്ന വേദികളില്‍ അവസരമൊത്താല്‍ ചില സാരോപദേശങ്ങള്‍ നടത്താമെന്നു മാത്രം. പിന്നെ ആരാണു മനുഷ്യനെ നന്നാക്കാനുള്ളത്?
ഒരുവനു സാംസ്‌കാരികമൂല്യങ്ങള്‍ പകര്‍ന്നുകിട്ടേണ്ടതു വീട്ടില്‍നിന്നും വിദ്യാലയത്തില്‍നിന്നുമാണ്. പക്ഷേ, ഇവയുടെ നടത്തിപ്പുകാരെയും സാംസ്‌കാരികച്യുതി ബാധിച്ചിരിക്കുന്നു. തിന്മയക്കു വളംവയ്ക്കുന്ന ക്രൈം കഥകളും ലൈംഗികവിവരണങ്ങളും വ്യക്തിഹത്യകളും ദുഷ്പ്രചാരണങ്ങളും ആഭാസവീഡിയോകളും അശ്ലീലറീലുകളുമായി സോഷ്യല്‍ മീഡിയ അരങ്ങുതകര്‍ക്കുമ്പോള്‍ ആര്‍ ആരെ നന്നാക്കും?
എന്തായാലും റാഗിങ് ക്രൂരതയെപ്പറ്റി അനില്‍ ജെ. തയ്യില്‍ തയ്യാറാക്കിയ 'ഈ പേക്കൂത്ത് ആരവസാനിപ്പിക്കും?' എന്ന ലേഖനം ഒരു ഓര്‍മപ്പെടുത്തലായി.
ജോസ് പി.ജെ.പുല്‍പ്പള്ളി