•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പകയുടെ ദുര്‍മുഖങ്ങള്‍

  എന്റെ കൗണ്‍സലിങ് അനുഭവത്തിലെ  മറക്കാനാവാത്ത ഒന്നാണ്, സഹോദരഭാര്യയെ കൊല്ലാന്‍ കത്തി പണിയിപ്പിച്ച്, സഹോദരനെയോര്‍ത്ത് അവരെ കൊല്ലാതെ കൗണ്‍സലിങ്ങിനെത്തിയ മനുവിന്റെ വാക്കുകള്‍: ''ഒരു പെണ്ണ് കുടുംബത്തിലുള്ളവരെ തമ്മിലടിപ്പിക്കുന്നത് എങ്ങനെയാണെന്നു സാറിനോടു ഞാന്‍ പറയാം.'' മനു പറഞ്ഞുനിര്‍ത്തിയപ്പോള്‍ ഞാന്‍ അയാളെ ഓര്‍മപ്പെടുത്തി: ''എല്ലാ പെണ്ണുങ്ങളും അങ്ങനെയല്ല.'' അതിനു മറുപടി അയാളുടെ തുറിച്ചുനോട്ടം മാത്രമായിരുന്നു. മനുവിനു ശക്തമായ ഡിപ്രഷനും അതുമായി ബന്ധപ്പെട്ട ആത്മഹത്യാപ്രവണതയുമുണ്ടായിരുന്നു. അയാളെ നീണ്ട പരിശോധനയ്ക്കും മരുന്നുകള്‍ നല്കുന്നതിനുമായി ഒരു സൈക്യാട്രിസ്റ്റിന്റെ അടുക്കലേക്ക് അയയ്ക്കുകയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ മനുവിന്റെ സഹോദരഭാര്യയടക്കം കുടുംബത്തിലുള്ള എല്ലാവരെയും കാണുകയും ചെയ്തു.
സഹോദരഭാര്യ മീനാക്ഷി വിദ്യാസമ്പന്നയാണ്. നന്നായി അഭിനയിക്കും. കോളജില്‍ പഠിക്കുന്ന കാലത്തെ ഏറ്റവും പ്രധാന വിനോദം ആണ്‍കുട്ടികളെ വളയ്ക്കുകയും അവര്‍ വീണുകഴിഞ്ഞുവെന്നുറപ്പാകുമ്പോള്‍ ഉപേക്ഷിക്കുകയുമായിരുന്നു. അവളുടെ ഈ തമാശയില്‍പ്പെട്ടു ദുഃഖിച്ചവര്‍ എഴുപതുപേരുണ്ടെന്നാണ് മീനാക്ഷിയുടെ ഏകദേശക്കണക്ക്. മനുവിനെ ഇവരില്‍ ഒരാളാക്കിമാറ്റാന്‍ മീനാക്ഷി ശ്രമിച്ചു പരാജയപ്പെട്ടപ്പോള്‍ ആ കലിയില്‍ കുടുംബത്തിലുള്ള  എല്ലാവരെയും അവര്‍ തെറ്റിച്ചു. ഇന്നു മീനാക്ഷി ആ കുടുംബത്തിന്റെ വിളക്കാണ്. അവളുടെ തെറ്റിന്റെ ആഴം അവള്‍ തിരിച്ചറിഞ്ഞ നിമിഷം എന്റെ കൗണ്‍സലിങ്ജീവിതത്തിലെ അവിസ്മരണീയമായ അനുഭവങ്ങളിലൊന്നാണ്. മനു ഇന്നു വിദേശത്താണ്. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണ്.
എന്തായിരുന്നു മീനാക്ഷിയുടെ ദുഷ്പ്രവൃത്തികളുടെ അടിസ്ഥാനം?
മീനാക്ഷി മാതാപിതാക്കളുടെ ഏകപുത്രിയാണ്. എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചു വളര്‍ന്നവള്‍. ഉയര്‍ന്ന ആത്മധൈര്യവും സൗന്ദര്യവും അഭിനയപാടവവും പഠനകാലത്ത് അവളെ മറ്റുള്ളവരില്‍നിന്നു വേര്‍തിരിച്ചു. മീനാക്ഷിയോടു സംസാരിക്കാന്‍ ആണ്‍കുട്ടികള്‍ തിക്കിത്തിരക്കി. മീനാക്ഷി തന്റെ പിതാവുമായി വളരെ അടുപ്പത്തിലാണ്. വിദേശത്തു ജോലിയുണ്ടായിരുന്ന ഇദ്ദേഹം പേഴ്‌സണാലിറ്റി ഡിസോര്‍ഡറിന് അടിമയായിരുന്നു. അയാള്‍ മകള്‍ക്ക്  ഉപദേശിച്ചുകൊടുത്ത അടവാണ് ആണ്‍കുട്ടികളെ വളച്ചിട്ട്  ഉപേക്ഷിക്കുക എന്നത്. ഇത്തരം കഥകള്‍ മീനാക്ഷിയുടെ പിതാവ് അവള്‍ക്കു വിവരിച്ചുനല്കിയിരുന്നു. തന്റെ മുമ്പിലിരിക്കുന്നതു മകളാണ് എന്നതുപോലും മറന്ന് അയാള്‍ തന്റെ വൈകൃതകഥകള്‍ മകളുടെ മുമ്പില്‍ വിളമ്പിയിരുന്നു. അപ്പനെ അമിതമായി സ്‌നേഹിക്കുന്ന മകള്‍ അതു ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി. അപ്പനില്‍നിന്നു ലഭിച്ച ഈ വൈകൃതം വിവാഹാനന്തരം ഭര്‍ത്തൃഗൃഹത്തില്‍ പല രീതികളില്‍ മീനാക്ഷി പരീക്ഷിച്ചു. തന്റെ വൈകൃതങ്ങള്‍ മനസ്സിലാക്കാന്‍ ഇടംകൊടുക്കാതെ തന്റെ ഭര്‍ത്താവിനെ അവള്‍ കൈവെള്ളയിലൊതുക്കി. ഇതെല്ലാം മനസ്സിലാക്കിയിരുന്ന, സഹോദരനുമായി അകലേണ്ടിവന്ന, മോശം സ്വഭാവക്കാരനായി ചിത്രീകരിക്കപ്പെട്ട  മനു സാവധാനം ഡിപ്രഷന് അടിമയായി. കത്തി പണിയിച്ച് മീനാക്ഷിയെ കൊല്ലാന്‍ തക്കംപാര്‍ത്തു. യാദൃച്ഛികമായി എന്റെ ഒരു വീഡിയോ കണ്ട അയാള്‍ കൗണ്‍സലിങ്ങിനായെത്തുന്നു. എല്ലാം ഭംഗിയായി പര്യവസാനിച്ചു!
എന്തുകൊണ്ട് മീനാക്ഷി കൗണ്‍സലിങ്ങിനെത്തി?
കുടുംബത്തിലുള്ള എല്ലാവരും മനുവിന്റെ ജീവന്‍ രക്ഷിക്കാനായി ഒരുമിച്ചപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെയാണ് മീനാക്ഷി കൗണ്‍സലിങ്ങിനെത്തിയത്. മീനാക്ഷിക്ക് എന്നില്‍ തോന്നിയ വിശ്വാസം ഉപകാരമായി. തന്റെ ഭര്‍ത്തൃസഹോദരന്‍ ജീവന്‍ അപകടത്തിലാകാന്‍ സാധ്യതയുള്ള ആത്മഹത്യാപ്രവണതയില്‍ എത്തിനില്‍ക്കുന്നത് താന്‍ കാരണമാണെന്ന ഉള്‍വിളി അവളെ അലട്ടി. മണിക്കൂറുകള്‍ നീണ്ട കൗണ്‍സലിങ് സെഷന്‍ വിജയിച്ചു!
മീനാക്ഷിയില്‍ ഉണ്ടായിരുന്ന സ്വഭാവവൈകൃതത്തെ മനഃശാസ്ത്രപരമായി എങ്ങനെ നോക്കിക്കാണാം?
ആണ്‍കുട്ടികളെ വളയ്ക്കുക, അവരെ ഉപേക്ഷിക്കുക എന്ന മാനസികപ്രശ്‌നം പല കാരണങ്ങളാലാണ് മീനാക്ഷിയില്‍ പ്രത്യക്ഷപ്പെട്ടതെന്നു വിശദമായ കൗണ്‍സലിങ്ങിലൂടെ മനസ്സിലായി. വിലയിരുത്താനുള്ള ആഗ്രഹം, ഓടിച്ചുപിടികൂടുന്നതിലെ സംതൃപ്തി, അടക്കിവാഴാനുള്ള വെമ്പല്‍, പരിഹരിക്കപ്പെടാത്ത കുട്ടിക്കാലപ്രശ്‌നങ്ങള്‍, തെറ്റായ മാതൃത്വവും പിതൃത്വവും, ലൈംഗികഹോര്‍മോണുകളുടെ അധിക ഉത്പാദനം തുടങ്ങിയവയൊക്കെ ഈ പ്രശ്‌നത്തിനു കാരണങ്ങളായിട്ടുണ്ടാവാം. മനുവിനെ വശീകരിക്കാന്‍ മീനാക്ഷി ശ്രമിച്ചപ്പോഴാണ് അവന് അംഗീകരിക്കാന്‍ പറ്റാതെവന്നതും ഡിപ്രഷനിലേക്കു കൂപ്പുകുത്തിയതും.
ഇത്തരക്കാരുടെ പൊതുരീതികള്‍ താഴെപ്പറയുന്നു:
- വ്യക്തിയെ വശീകരിക്കാന്‍ കഠിനപ്രയത്‌നം നടത്തും.
- നേരത്തേ വശീകരിക്കപ്പെട്ടവരുമായി പുതിയവരെ താരതമ്യം ചെയ്യും.
- പെരുമാറ്റ, സ്വഭാവവൈകല്യമുള്ളവരെ ഇഷ്ടപ്പെടാനുള്ള ത്വര.
- പെട്ടെന്ന് ബന്ധത്തില്‍നിന്നു പിന്മാറുക.
- താനാഗ്രഹിച്ചയാളെ വശീകരിച്ച വിവരം മറ്റുള്ളവരുമായി പങ്കുവയ്ക്കുക.
- ബന്ധത്തിലായിരുന്ന വ്യക്തിയെ യാതൊരു സങ്കോചവും കൂടാതെ ഉപേക്ഷിക്കുകയും അനുദിനജീവിതം സമൃദ്ധമായി മുമ്പോട്ടുകൊണ്ടുപോകുകയും ചെയ്യുക.
മീനാക്ഷിയില്‍ കണ്ട ഈ പ്രശ്‌നത്തെ 'ലൗ ഇന്‍ഡ്യൂസ്ഡ് കോഗ്‌നിറ്റീവ് ഇമ്പയര്‍മെന്റ്' എന്നു വിളിക്കാം.
മനു - മീനാക്ഷി പ്രശ്‌നങ്ങളെ എങ്ങനെ പരിഹരിച്ചു?
കൗണ്‍സലിങ്ങിനായി ആദ്യമെത്തിയത് മനു ആയിരുന്നു. അവന്റെ ഡിപ്രഷനെ കുറയ്ക്കുക, പ്രതികാരദാഹത്തെ അകറ്റുക എന്നിവയായിരുന്നു ആദ്യത്തെ കൗണ്‍സലിങ് ലക്ഷ്യങ്ങള്‍. ഹിപ്‌നോതെറാപ്പി, സി.ബി.റ്റി., മെഡിറ്റേഷന്‍, മരുന്ന് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ അതു നേടിയെടുത്തു. (നേരത്തേ  സൂചിപ്പിച്ചിരുന്നതുപോലെ മനുവിന് സൈക്യാട്രിസ്റ്റിന്റെ സേവനവും ലഭിച്ചിരുന്നു.)
മീനാക്ഷിയില്‍ അവരുടെ പ്രവൃത്തികളെക്കുറിച്ചുള്ള ധാരണ ഉണ്ടാക്കിയെടുക്കുകയായിരുന്നു പ്രധാനം. അതു നേടിയെടുത്തതിനുശേഷം  കാര്യങ്ങള്‍ എളുപ്പമായിത്തുടങ്ങി. സി.ബി.റ്റി., ഹിപ്‌നോതെറാപ്പി, ടി.സി.ഐ., ഹീലിങ് ടെക്‌നിക്‌സ്, മൈന്‍ഡ് കണ്‍ട്രോള്‍ മെതേഡ്‌സ് എന്നിവയൊക്കെ അവളില്‍ ഫലംകണ്ടു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)