•  17 Apr 2025
  •  ദീപം 58
  •  നാളം 7
കടലറിവുകള്‍

കടലിന്റെ ആഴം

  ഭൂമിയുടെ മൂന്നില്‍ രണ്ടു ഭാഗവും വെള്ളമാണല്ലോ. മഹാസമുദ്രങ്ങള്‍ ഭൂമിയെ ആവരണം ചെയ്തുകിടക്കുന്ന കാഴ്ചയുണ്ട്. കടലിന്റെ ശരാശരി ആഴം 13,000 അടിയാണ്. ഒന്നുപമിച്ചാല്‍, കേരളത്തിലെ ഏറ്റവും ഉയരംകൂടിയ മലയായ ആനമുടിയേക്കാള്‍ 5000 ത്തോളം അടി കൂടുതലെന്നു സാരം. എന്നാല്‍, പസിഫിക് സമുദ്രത്തിലെ ചില ഭാഗങ്ങള്‍ 25000 അടിയിലും ആഴത്തിലാണെന്നു കാണാം. ഭൂമിയിലെ ഏറ്റവും ആഴമേറിയ പ്രദേശം പസഫിക് സമുദ്രത്തിലെ മരിയാന കിടങ്ങാണെന്നു പറയണം. അതിന്റെ ആഴം ഏതാണ്ട് 38,500 അടിയാണ്. അതായത് 11,137 മീറ്റര്‍ എന്നു കണക്കാക്കാം. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ എവറസ്റ്റിന് 8848 മീറ്ററേ ഉയരമുള്ളൂവെന്നോര്‍ക്കണം. എവറസ്റ്റ് പൊക്കിയെടുത്ത് മരിയാന കിടങ്ങിലിട്ടാല്‍ അതിനുമേലേ ആറായിരത്തോളം അടിവെള്ളം കാണും.
    സമുദ്രത്തില്‍ ആകെ എന്തുമാത്രം വെള്ളമുണ്ടാകുമെന്നു പറയാമോ? അളക്കാനോ ഗണിക്കാനോ പറ്റാത്തവിധം കടലുകളില്‍ വെള്ളമുണ്ടെന്നു പറഞ്ഞ് രക്ഷപ്പെടുകയേ നിവൃത്തിയുള്ളൂ. എന്നാല്‍, മറ്റൊരു തരത്തില്‍ പറഞ്ഞ് ഇതേപ്പറ്റി കൂടുതല്‍ വ്യക്തത കൊണ്ടുവരാം. ഭൂമിയിലെ സര്‍വമലകളും കുന്നുകളും സമുദ്രനിരപ്പില്‍നിന്നുയര്‍ന്നു നില്‍ക്കുന്ന സകലസ്ഥലങ്ങളും പീഠഭൂമികളും ഇടിച്ചുപൊട്ടിച്ച് കടലില്‍ കൊണ്ടിടുകയാണെങ്കിലും കടല്‍ നികന്നുവരില്ല. മാത്രമല്ല, അതിനുമീതേ, 800 അടി ഉയരത്തില്‍ പിന്നെയും കടല്‍ ഭൂമിയിലെങ്ങും അലതല്ലിക്കിടക്കുന്ന കാഴ്ച കാണാം. 
    ഭൂമിയെ മുഴുവന്‍ വിഴുങ്ങിക്കളയാന്‍ കെല്പുള്ള ഭീമനും ഭീകരനുമാണ് കടലെന്ന് ഇപ്പോള്‍ മനസ്സിലായല്ലോ. ബൈബിളില്‍ പ്രതിപാദിക്കുന്ന നോഹയുടെ കാലത്തെ മഹാപ്രളയം ഇത്തരുണത്തില്‍ ചിന്തനീയംതന്നെ. അതുപോലെ കല്പാന്തകാലത്തെ പ്രളയം എന്നു പുരാണങ്ങളില്‍ പറയുന്നതും ഇത്തമൊരു സ്ഥിതിവിശേഷമാകാം, ലോജിക്കും വിശ്വാസസംഹിതകളുമൊക്കെ ഒന്നു മാറ്റിനിര്‍ത്തിയാല്‍ ഒന്നുറപ്പിക്കാം: എന്നെങ്കിലും കടലുകള്‍ വിചാരിച്ചാല്‍ നമ്മുടെ ഇത്തിരിപ്പോന്ന ഈ കരകളെ വെള്ളത്തില്‍ മുക്കിക്കളയാന്‍ നിഷ്പ്രയാസം സാധിക്കും. 
  
     (തുടരും)
 
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)