മൂന്നു പ്രധാന മഹാസമുദ്രങ്ങളാണു ഭൂമിയിലുള്ളത്. അറ്റ്‌ലാന്റിക് മഹാസമുദ്രം (ആര്‍ട്ടിക് സമുദ്രവും ഇതില്‍ ഉള്‍പ്പെടുന്നു.), ഇന്ത്യന്‍ മഹാസമുദ്രം, പസഫിക് മഹാസമുദ്രം എന്നിവയാണവ. പസഫിക് മഹാസമുദ്രവും ഇന്ത്യന്‍ മഹാസമുദ്രവും വേര്‍തിരിയുന്നത് ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, അന്റാര്‍ട്ടിക്ക എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന സാങ്കല്പികരേഖയിലൂടെയാണ്.
മഹാസമുദ്രങ്ങളില്‍ 97.957 ശതമാനവും ഹിമപാളികളിലും മഞ്ഞുമലകളിലുമായി 1.641 ശതമാനവും ഭൂഗര്‍ഭജലം 0.365 ശതമാനവും തടാകങ്ങളിലും പുഴകളിലും 0.036 ശതമാനവും അന്തരീക്ഷത്തില്‍ 0.001 ശതമാനവുമായാണ് ഭൂമിയിലെ ജലം നിലകൊള്ളുന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ടുകൊണ്ടാണ് മഹാസമുദ്രങ്ങളെക്കുറിച്ചുള്ള അറിവുകളുടെ ഭൂരിഭാഗവും നമ്മള്‍ നേടിയത്. 1872 ല്‍ ചലഞ്ചര്‍ നൗകയുടെ പര്യവേക്ഷണത്തോടെയാണ് ഗൗരവമായ സമുദ്രപഠനം തുടങ്ങിയതെന്നു പറയാം. സമുദ്രവിജ്ഞാനം സമുദ്രത്തെക്കുറിച്ച് നമുക്കറിവുള്ള സര്‍വതിനെയുംകുറിച്ചുള്ള പഠനംതന്നെയാണ്. സമുദ്രത്തിന്റെ ഉത്പത്തി, ഭൂവിജ്ഞാനീയം, ധാതുസമ്പത്ത്, മത്സ്യസമ്പത്ത്, ജീവശാസ്ത്രം എന്നിവയെല്ലാമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
ജലവുമായി ബന്ധപ്പെട്ടാണ് മനുഷ്യനും മറ്റു ജീവജാലങ്ങളും നിലനില്‍ക്കുന്നത്. സമുദ്രങ്ങളെക്കുറിച്ചുള്ള പഠനത്തിലൂടെ നമ്മുടെ നിലനില്പിനെത്തന്നെ നിയന്ത്രിക്കുന്ന മഹാകാര്യത്തിന്റെ സവിശേഷതകളിലേക്കാണ് നമ്മള്‍ എത്തിച്ചേരുന്നത്. ഇതുവഴി കാലാവസ്ഥാവ്യതിയാനങ്ങളും മറ്റും പ്രവചിക്കാന്‍ നമുക്കാകുന്നുണ്ട്. ഭൂമിയുടെ അവശിഷ്ടനിര്‍മാര്‍ജനസ്ഥലം എന്നതിനെക്കാള്‍ നമുക്കാവശ്യമായ സകലതിന്റെയും പ്രധാന സ്രോതസ്സായിക്കണ്ട് സമുദ്രങ്ങളെ പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്.
ആര്‍ട്ടിക് മഹാസമുദ്രവും തെക്കന്‍ മഹാസമുദ്രവും മഹാസമുദ്രങ്ങളുടെകൂടെ കൂട്ടിച്ചേര്‍ക്കാവുന്നതാണ്. അതിനു പുറമേ ചെറുസമുദ്രങ്ങള്‍, കര ചുറ്റിനുമുള്ള കടലുകള്‍, വലിയ തീരദേശത്തുള്ള സമുദ്രങ്ങള്‍ അങ്ങനെ സമുദ്രങ്ങളുടെ ഘോഷയാത്രതന്നെ ഭൂമിയിലുണ്ട്. സമുദ്രങ്ങളുടെ മഹാരഹസ്യങ്ങള്‍ എത്ര പഠിച്ചാലും തീരില്ല.
(തുടരും)