•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഹൃദയപക്ഷം കാത്ത ഇടയശ്രേഷ്ഠന്‍

കേരളത്തിന്റെ ആത്മീയ മണ്ഡലത്തിലെ ഒരു ആല്‍മരമായിരുന്നു അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ. സഭയിലെ നവോത്ഥാനപ്രസ്ഥാനത്തിന്റെ പാരമ്പര്യവഴിയില്‍ പാലക്കുന്നത്തിന്റെ കൊടിയും കൊടിമരവുമായി നമ്മുടെ കാലത്ത് ഉയര്‍ന്നുനിന്ന ആത്മീയനേതൃത്വത്തിന്റെ മഹാഗോപുരമായിരുന്നു കാലത്തെ കടന്നുപോയ ഐറേനിയസ് തിരുമേനി എന്ന മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷനായിരുന്ന ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ.
എല്ലാ അര്‍ത്ഥത്തിലും വ്യത്യസ്തനായിരുന്നു മെത്രാപ്പോലീത്താ, കാഴ്ചയിലും കാര്യത്തിലുമെല്ലാം. സിംഹരാജന്റെ എടുപ്പും മുഖഗൗരവവും. കാപട്യമോ നയതന്ത്രമോ തിരുമേനിക്ക് അത്ര വഴങ്ങുമായിരുന്നില്ല. വേദപുസ്തകം പറയുംപോലെ, തിരുമേനിയുടെ വാക്കുകള്‍ എപ്പോഴും അതേ എന്നോ, അല്ല എന്നോ മാത്രമായിരുന്നു. എന്നും നേര്‍ വാക്കായിരുന്നു അദ്ദേഹം. പറയുവാനുള്ളത് ആരോടും നേരേ പറയും. അതില്‍ മുഖം നോട്ടമുണ്ടായിരുന്നില്ല. എതിര്‍പ്പുകളെ ഒട്ടും വകവച്ചിരുന്നതുമില്ല.  ദൈവംതമ്പുരാനെയല്ലാതെ ജോസഫ് മാര്‍ത്തോമ്മാ തിരുമേനി ആരെയും ഒരിക്കലും ഭയപ്പെട്ടതുമില്ല.
നിലപാടുകളില്‍ എന്നും കണിശക്കാരനായിരുന്നു മെത്രാപ്പോലീത്താ. സഭയില്‍ വൈദികരുടെയും അല്മായരുടെയും അച്ചടക്കരാഹിത്യം തിരുമേനി വച്ചുപൊറുപ്പിച്ചിരുന്നില്ല. അതിന്റെ സംഘര്‍ഷങ്ങളെയോ പ്രതിഷേധങ്ങളെയോ തിരുമേനി അശേഷം വകവച്ചതുമില്ല. സഭയുടെ നിയമങ്ങള്‍ മാത്രമല്ല പാരമ്പര്യങ്ങളും കീഴ്‌വഴക്കങ്ങളും പോലും തിരുമേനി ഒരിക്കല്‍പ്പോലും വരവണ്ണം തെറ്റിച്ചതുമില്ല. സഭയെ സംബന്ധിച്ചു നല്ല കാഴ്ചയും ഉള്‍ക്കാഴ്ചയും തിരുമേനിക്കുണ്ടായിരുന്നുവെന്നതാണ് യഥാര്‍ത്ഥ്യം. 
സുറിയാനിയിലും ദൈവശാസ്ത്രത്തിലും മാത്രമല്ല, സഭാചരിത്രത്തിലും നല്ല അവഗാഹമുണ്ടായിരുന്ന തിരുമേനിക്കു വേദപുസ്തകം ഏതാണ്ട് കാണാപ്പാഠമായിരുന്നുവെന്നതാണ് ശരി. കോഴഞ്ചേരിപ്പള്ളിയില്‍ വച്ചു നടന്ന ഒരു വിവാഹകര്‍മ്മം ആശീര്‍വദിക്കവേ ബന്ധപ്പെട്ട ഏവന്‍ഗെലിയോന്‍ഭാഗം മുന്‍പില്‍ വച്ചിരുന്ന വേദപുസ്തകത്തില്‍ നോക്കാതെ ഓര്‍മ്മയില്‍നിന്നു മുഴുവന്‍ മനഃപാഠം പറഞ്ഞതിനു സാക്ഷിയായത് ഇന്നും ഞാന്‍ അദ്ഭുതത്തോടെ ഓര്‍മ്മിക്കുന്നു. തിരുമേനിയുടെ വേദപുസ്തകപരിചയത്തിന്റെ ആധികാരികതകൂടിയാണിതു വെളിവാക്കുന്നത്.
പ്രസംഗകലയും തിരുമേനിക്കു നന്നായി വഴങ്ങും. വിദേശത്തു പഠിച്ചതിന്റെകൂടി ഗുണമാവണം ഒന്നാംതരം ഇംഗ്ലീഷാണ്. തനി ഓക്‌സ്‌ഫോര്‍ഡ് ആക്‌സന്റിലാണ് ഇംഗ്ലീഷ് പ്രഭാഷണങ്ങള്‍. കാഴ്ചയില്‍ ഗൗരവക്കാരനെന്നു തോന്നുമെങ്കിലും മെത്രാപ്പോലീത്തായ്ക്കു നല്ല ഹ്യൂമര്‍ സെന്‍സുമുണ്ടായിരുന്നു. പക്ഷേ, നാട്ടില്‍ നര്‍മ്മത്തിന്റെ കുത്തക ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായ്ക്കായതുകൊണ്ടാവണം ജോസഫ് മാര്‍ത്തോമ്മാ തിരുമേനി ആ വഴിയില്‍ വലിയ പരീക്ഷണങ്ങള്‍ക്കൊന്നും മുതിരാതിരുന്നത്. സ്‌നേഹമുള്ളവരെ ചേര്‍ത്തു നിര്‍ത്തുന്നതായിരുന്നു മെത്രാപ്പോലീത്തയുടെ രീതിയും ശൈലിയും. സൗഹൃദങ്ങളില്‍ തിരുമേനിക്കു സഭാവ്യത്യാസങ്ങളോ സമുദായ രാഷ്ട്രീയഭേദചിന്തകളോ ഒന്നും ഒരിക്കലും ഉണ്ടായിട്ടില്ല. ഇഷ്ടമായാല്‍ ഇഷ്ടംതന്നെ. ഇഷ്ടമുള്ളവരെ ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തുവാനുള്ള അപാരമായ ഒരു സിദ്ധിയും തിരുമേനിക്കു സ്വന്തമായിരുന്നു.
പുലാത്തീന്‍ അരമനയില്‍ ഒരിക്കല്‍പ്പോലും എനിക്കു കാത്തിരിക്കേണ്ടിവന്നിട്ടില്ല. ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ കാലത്തും ക്രിസോസ്റ്റം വലിയമെത്രാപ്പോലീത്തായുടെ ഭരണനാളുകളിലും പിന്നീട് ഡോ. ജോസഫ് മാര്‍ത്തോമ്മാ തിരുമേനിയുടെ കാലത്തും പുലാത്തീന്‍ അരമന എനിക്ക് ഒരു രണ്ടാം ഭവനംതന്നെ ആയിരുന്നുവെന്ന് അഭിമാനത്തോടെ ഞാന്‍ ഓര്‍മ്മിക്കുന്നു. തിരുമേനി സഫ്രഗന്‍ മെത്രാപ്പോലീത്തായായിരുന്ന കാലത്താണ് ഞാന്‍ കോട്ടയത്ത് വൈസ് ചാന്‍സലറായിരുന്നത്. ഒരിക്കല്‍ കേരളത്തില്‍ സന്ദര്‍ശനത്തിനു വന്ന അന്നത്തെ ആര്‍.എസ്.എസ്. തലവന്‍ സുദര്‍ശന്‍ജി ഐറേനിയസ് സഫ്രഗന്‍ തിരുമേനിയെയും അന്നത്തെ ദേശീയ കത്തോലിക്കാമെത്രാന്‍ സമിതി അധ്യക്ഷനായിരുന്ന ഡോ. സിറിള്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്തയെയും ആലുവയില്‍ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചപ്പോള്‍ വിശ്വാസികളെ പ്രതിനിധീകരിച്ച് അന്ന് കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ-സി.സി.ഐ. - വൈസ് ചെയര്‍മാനായിരുന്ന എന്നെയാണ് അവര്‍ക്കൊപ്പം കൊണ്ടുപോയത്. എത്ര നിര്‍ഭയമായും യുക്തിഭദ്രമായുമാണ് മെത്രാപ്പോലീത്താ തിരുമേനിമാര്‍ സഭയുടെയും ക്രൈസ്തവസമൂഹത്തിന്റെയും ഉറച്ച നിലപാടുകളും ന്യൂനപക്ഷ വിഭാഗമെന്ന നിലയ്ക്കുള്ള ആശങ്കകളും ആര്‍.എസ്. എസ്. തലവനുമായി അന്നു ചര്‍ച്ച ചെയ്തതെന്നു ഞാനോര്‍മിക്കുന്നു. തിരുമേനിമാരുടെ അപാരമായ ഇംഗ്ലീഷ് പ്രാവീണ്യവും പ്രൗഢമായ ഇടപെടലും സുദര്‍ശന്‍ജിയെ സംഭാഷണാരംഭത്തിലെ ഔപചാരികതകളില്‍നിന്നു വളരെപ്പെട്ടെന്നുതന്നെ അനായാസമായ ഒരു ആശയവിനിമയ തലത്തിലേക്കു കൊണ്ടുവന്നുവെന്നതും ഞാന്‍ ശ്രദ്ധിക്കുകയുണ്ടായി. ഞങ്ങളുടെ കൂടിക്കാഴ്ചയില്‍ വിശ്വസിക്കാവുന്ന ഒരു സാക്ഷികൂടി വേണമെന്നു വിചാരിച്ചാണു സാറിന്റെ പേരുകൂടി നല്‍കിയതെന്ന് മെത്രാപ്പോലീത്താമാര്‍ മടക്കയാത്രയില്‍ പറഞ്ഞതു സഭാപിതാക്കന്മാരില്‍നിന്നു എനിക്കു ലഭിച്ച ഏറ്റവും വലിയ ബഹുമതിയും അംഗീകാരവുമായി ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്നു.
പരിചയപ്പെട്ട കാലം മുതല്‍ മെത്രാപ്പോലീത്താ തിരുമേനി എന്നെ അദ്ദേഹത്തിന്റെ ഹൃദയത്തോടു ചേര്‍ത്തുപിടിച്ചുവെന്നതാണ് എനിക്കു ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം. എപ്പോള്‍ വേണമെങ്കിലും ഫോണില്‍ വിളിക്കുവാനുള്ള സ്വാതന്ത്ര്യം തിരുമേനി എനിക്ക് അനുവദിച്ചു തന്നിരുന്നു. കത്തയച്ചാല്‍ മറുപടിയും ഉറപ്പായിരുന്നു. ജീവിതത്തില്‍ ഇതുപോലെ ചിട്ടയും ക്രമവും പാലിച്ചിരുന്നവര്‍ വേറേ അധികമുണ്ടാകുവാനിടയില്ല. മനുഷ്യരെയും പ്രകൃതിയെയും മാത്രമല്ല, പൂവിനെയും ചെടികളെയും മലകളെയും മരങ്ങളെയും പശുവിനെയും പക്ഷികളെയുംപോലും തിരുമേനി എന്നും ഹൃദയത്തോടു ചേര്‍ത്തുപിടിച്ചു. തിരുമേനിയുടെ കുര്‍ബ്ബാനയും പ്രാര്‍ത്ഥനകളും അതിന്റെ സ്വരപ്രൗഢികൊണ്ടും ഉച്ചാരണഭംഗികൊണ്ടും ചൊല്ലുന്നതിന്റെ താളക്രമങ്ങള്‍കൊണ്ടും എത്രയോ ആകര്‍ഷകവും അനുഗ്രഹസമ്പന്നവുമായിരുന്നുവെന്ന് ഒരിക്കലെങ്കിലും അതില്‍ സംബന്ധിച്ചിട്ടുള്ളവര്‍ സമ്മതിക്കാതിരിക്കുകയില്ല. 
നവതിയുടെ നിറവിലാണ് മെത്രാപ്പോലീത്താ തിരുമേനി നമ്മെ കടന്നു പോയത്. ആത്മീയതയാണു ജീവിതവഴിയായി തിരഞ്ഞെടുത്തതെങ്കിലും തിരുമേനിക്കു രാജയോഗവും കര്‍മ്മയോഗവും കൂടെച്ചെല്ലുകയായിരുന്നിരിക്കണം. എല്ലാ അര്‍ത്ഥത്തിലും സ്ഥിതപ്രജ്ഞനായ ഒരു കര്‍മ്മയോഗിയായിരുന്നു ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ തിരുമേനി. കാലത്തെ പിന്നിലാക്കി തിരുമേനിയും ഇപ്പോള്‍ കടന്നുപോയിരിക്കുന്നു. കണ്ണീര്‍ പ്രണാമം!

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)