നവംബര്‍ 1 : ദൈവദാസന്‍ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ 112-ാം ചരമവാര്‍ഷികം
കാലത്തിനുമുന്നേ നടന്നുനീങ്ങിയ ക്രാന്തദര്‍ശിയും കര്‍മ്മയോഗിയുമാണ് പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍. കത്തോലിക്കാസഭയില്‍ അല്മായരുടെ മഹത്ത്വവും ദൗത്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പൊതുവായൊരു രൂപരേഖ പുറപ്പെടുവിച്ചത് രണ്ടാം വത്തിക്കാന്‍ സൂനഹദോസിലാണ് (1962-1965). അന്ന് സഭ അല്മാരില്‍നിന്നു പ്രതീക്ഷിച്ചതും പ്രത്യാശിച്ചതുമായ കാര്യങ്ങളാണ് 19-ാം നൂറ്റാണ്ടിന്റെ ഇതിഹാസമായി മാറിയ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍ എന്ന അല്മായപ്രേഷിതനിലൂടെ കേരളസഭയ്ക്കും സമൂഹത്തിനും സംലഭ്യമായത്.
എടത്വാ തെക്കേടത്ത് പുത്തന്‍പറമ്പില്‍ പീലിപ്പോസ് -ത്രേസ്യാമ്മ ദമ്പതികളുടെ മകനായി ജൂലൈ 8 ന് പിറന്ന കുഞ്ഞാണ് ജന്മംകൊണ്ടും കര്‍മ്മംകൊണ്ടും ദൈവത്തിന്റെ കൈയൊപ്പു ചാര്‍ത്തി കാലാന്തരത്തില്‍ ദൈവദാസന്‍ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍ അഥവാ കേരള അസ്സീസി എന്നറിയപ്പെടുന്ന സഭാതാരമായി മാറിയത്.
ശിശുവിനു രണ്ടര വയസ്സുള്ളപ്പോള്‍ പിതാവു മരണമടഞ്ഞു. ബാല്യകൗമാരങ്ങള്‍ പിന്നിട്ട തൊമ്മച്ചന്‍ ഒരു സന്ന്യാസിയായി ജീവിക്കാന്‍ ഏറെ ആഗ്രഹിച്ചു. എന്നാല്‍, തന്റെ ഏകമകനെ സന്ന്യാസത്തിനയയ്ക്കാന്‍ വിധവയായ അമ്മ ഒട്ടും തത്പരയായിരുന്നില്ല. അമ്മയുടെ ഹിതമറിഞ്ഞ തൊമ്മച്ചന്‍ തീരുമാനങ്ങള്‍ക്കു മാറ്റംവരുത്തിക്കൊണ്ട് ഇരുപതാമത്തെ വയസ്സില്‍ പുളിങ്കുന്നിലുള്ള വടക്കേവീട്ടില്‍ മാത്തച്ചന്റെ മകള്‍ അന്നമ്മയെ വിവാഹം ചെയ്തു. തൊമ്മച്ചന്‍-അന്നമ്മ ദമ്പതികള്‍ക്ക് ഒരാണ്‍കുഞ്ഞിനെയും രണ്ടു പെണ്‍കുഞ്ഞുങ്ങളെയും നല്‍കി ദൈവം അനുഗ്രഹിച്ചു. അവരെ വിശ്വാസത്തിലും വിശുദ്ധിയിലും വളര്‍ത്തി പ്രായത്തിന്റെ തികവില്‍ അവരുടെ വിളിക്കനുസൃതമായ ജീവിതാന്തസ്സിലും പ്രവേശിപ്പിച്ചു. അങ്ങനെ തന്റെ കുടുംബത്തിന്റെ എല്ലാ ഉത്തരവാദിത്വങ്ങളും അതിന്റെ പൂര്‍ണ്ണതയില്‍ നിറവേറ്റിയതോടൊപ്പം തൊമ്മച്ചന്‍ താനാഗ്രഹിച്ച പ്രേഷിതവേലയും പടിപടിയായി വിപുലമാക്കിക്കൊണ്ടിരുന്നു.
തൊമ്മച്ചന് മലയാളത്തില്‍ മാത്രമല്ല, തമിഴിലും നല്ല പ്രാവീണ്യമുണ്ടായിരുന്നു. അക്കാലത്ത് തമിഴ്‌നാട്ടില്‍ സുവിശേഷപ്രഘോഷണം നടത്തിയിരുന്ന യൂറോപ്യന്‍ കപ്പൂച്ചിന്‍ അച്ചന്മാര്‍ കേരളവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഒരു ദൈവനിയോഗമെന്നതുപോലെ വി. ഫ്രാന്‍സീസ് അസ്സീസിയുടെ ജീവചരിത്രത്തിന്റെ ഒരു തമിഴ് പതിപ്പ് വായിക്കുവാനുള്ള ഭാഗ്യം തൊമ്മച്ചനു ലഭ്യമായി. വി. ഫ്രാന്‍സീസ് സ്ഥാപിച്ച കുടുംബജീവിതക്കാര്‍ക്കായുള്ള ഫ്രാന്‍സിസ്‌കന്‍ അല്മായ സഭ(മൂന്നാംസഭ)യെക്കുറിച്ചുള്ള അറിവ് തൊമ്മച്ചന്റെ ഹൃദയത്തില്‍ ചലനങ്ങളുളവാക്കി.
വിശുദ്ധ ഫ്രാന്‍സീസിനെ ഗുരുവും മാതൃകയും മധ്യസ്ഥനുമായി സ്വീകരിച്ച് ദൈവത്തില്‍ മാത്രം ശരണം വച്ച് തൊമ്മച്ചന്‍ 'ഒറ്റയാള്‍പട്ടാളം' എന്നപോലെ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്കിറങ്ങി! ദരിദ്രരിലും രോഗികളിലും ദൈവമുഖം ദര്‍ശിച്ച തൊമ്മച്ചന്‍ മതസൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും ആള്‍രൂപമായി മാറുകയായിരുന്നു. ഉച്ചനീചത്വങ്ങളുടെയും തീണ്ടല്‍, തൊടീല്‍ തുടങ്ങിയ അനാചാരങ്ങളുടെയും നടുവിലൂടെ നടന്നുനീങ്ങിയ തൊമ്മച്ചന്‍ കീഴ്ജാതിക്കാരുടെ ഭവനങ്ങളില്‍നിന്നു ഭക്ഷണം കഴിക്കുകയും അവരെ അക്ഷരങ്ങള്‍ പഠിപ്പിക്കുകയും ചെയ്തു. കുട്ടനാട്ടില്‍ വസൂരി, കോളറ, തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ചപ്പോള്‍ ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ ഭേദിച്ച് അവരെ ശുശ്രൂഷിക്കുവാന്‍ തൊമ്മച്ചന്‍ ഓടിയെത്തി.
ജീവിതവിശുദ്ധിയും സുവിശേഷവേലയും പ്രേഷിതചൈതന്യവും കുടുംബജീവിതക്കാര്‍ക്ക് കൈയെത്താദൂരത്താണെന്നുള്ള മിഥ്യാധാരണ സ്വന്തം ജീവിതംകൊണ്ട് തൊമ്മച്ചന്‍ തിരുത്തിക്കുറിച്ചു. 1865 ഓടുകൂടി തൊമ്മച്ചന്റെ സുവിശേഷവേലയ്ക്ക് ഒരു സാമൂഹികമാനം കൈവന്നു. നാടുണര്‍ന്നു, അനുയായികള്‍ അനുദിനം വര്‍ദ്ധിച്ചു. ശക്തമായൊരു കൂട്ടായ്മ രൂപംപ്രാപിച്ചു. വിശുദ്ധ ഫ്രാന്‍സീസ് അസ്സീസിയുടെ പ്രബോധനങ്ങള്‍ പങ്കുവച്ചുകൊണ്ട് അവര്‍ രൂപീകരിച്ച 'കയര്‍കെട്ടിയവരുടെ സംഘം' ഫ്രാന്‍സിസ്‌കന്‍ അല്മായസഭയാക്കി മാറ്റുവാന്‍ പാലക്കുന്നേല്‍ വല്യച്ചന്റെ സഹായം തേടുകയും യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കിയ അച്ചന്‍ അതിനു സമ്മതമരുളുകയും ചെയ്തു.
1868 ല്‍ കുറുമ്പനാടം പള്ളിയില്‍വച്ച് പാലക്കുന്നേല്‍ വല്യച്ചന്‍ അല്മായസഭയുടെ ഔദ്യോഗികവേഷമായ നീണ്ട സഭാവസ്ത്രവും ചരടും നല്‍കി. അതോടെ തൊമ്മച്ചന്റെ താപസജീവിതം പാടേ മാറിമറിയുകയായിരുന്നു. ദാരിദ്ര്യത്തെ പ്രേമിക്കുവാനും ലാളിത്യത്തെ വരിക്കുവാനും സഹനത്തെ പുല്‍കുവാനും തീരുമാനമെടുത്തു. അല്മായപ്രേഷിതത്വത്തിന് തിരി തെളിച്ചുകൊണ്ട് അനുയായികള്‍ക്കു മാതൃകയും പ്രചോദനവും പകര്‍ന്നു. നോമ്പുകാലങ്ങളില്‍ വനാന്തരങ്ങളിലും ഗുഹകളിലും ഉപവാസവും പ്രാര്‍ത്ഥനയും പരിഹാരപ്രവൃത്തികളുമായി അദ്ദേഹം കഴിഞ്ഞുകൂടി. കേരളത്തിലുടനീളവും തമിഴ്‌നാടിന്റെ പല ഭാഗങ്ങളിലും അദ്ദേഹം നടത്തിയ പ്രേഷിതയാത്രകള്‍ ഫ്രാന്‍സിസ്‌കന്‍ അല്മായസഭയുടെ ശക്തീകരണത്തിനു വഴിതെളിച്ചു. ഇക്കാലയളവില്‍ ആരുടെയോ കള്ളപ്പരാതിയുടെ ഫലമായി ലെണാര്‍ദ് മെത്രാപ്പോലീത്താ തൊമ്മച്ചന് പള്ളിവിലക്ക് നല്‍കി കല്പന പുറപ്പെടുവിച്ചു. സഭയോടും സഭാധികാരികളോടും വിധേയനായി ജീവിച്ച തൊമ്മച്ചന്‍ തനിക്കു കിട്ടിയ ശിക്ഷയും നിന്ദയും അപമാനവും ശാന്തതയോടും സംയമനത്തോടുംകൂടി ഹൃദയത്തിലേറ്റുവാങ്ങി വിനീതദാസനായി ദൈവത്തോടൊട്ടിച്ചേര്‍ന്ന് പ്രാര്‍ത്ഥനയുടെ മനുഷ്യനായിക്കഴിഞ്ഞു. ഏതാനുംനാളുകള്‍ക്കുശേഷം സത്യം തെളിയുകയും പള്ളിവിലക്ക് പിന്‍വലിക്കുകയും ചെയ്തു.
പൂന്തോപ്പുപള്ളിയുടെ നിര്‍മ്മാണം, അഗതിമന്ദിരം, ദളിതര്‍ക്കു മതബോധനം, സുവിശേഷപ്രഘോഷണം, ജീവകാരുണ്യപ്രവൃത്തികള്‍ തുടങ്ങി ആ താപസന്‍ കൈവയ്ക്കാത്ത മേഖലകള്‍ കേരളത്തില്‍ അക്കാലത്ത് ഇല്ലെന്നുതന്നെ പറയാം.
ഇന്ന് സീറോമലബാര്‍, ലത്തീന്‍ റീത്തുകളിലായി 17 രൂപതകളില്‍ അല്മായസഭ സജീവമാണ്. അക്കാലത്ത് തൊമ്മച്ചന്‍ കടന്നുപോയ ആഗ്നേയവീഥികള്‍ ചരിത്രത്താളുകളിലും 'നാളാഗമ'ങ്ങളിലും നമുക്കു കണ്ടെത്താനാവും. മരണം മുന്നേകൂട്ടി അറിയുകയെന്നത് നീതിമാനു ലഭിക്കുന്ന സൗഭാഗ്യമാണ്! സകല വിശുദ്ധരുടെയും തിരുനാളിന്റെ അന്ന് താന്‍ ഇഹലോകവാസം വെടിഞ്ഞ് സ്വര്‍ഗ്ഗത്തിലായിരിക്കുമെന്ന് തൊമ്മച്ചന്‍ നാളുകള്‍ക്കുമുന്നേ പറഞ്ഞിരുന്നു. 1908 നവംബര്‍ 1 ന് തന്റെ 72-ാമത്തെ വയസ്സില്‍ ആ പ്രവാചകശബ്ദം എന്നേക്കുമായി നിലച്ചു. എടത്വാ സെന്റ് ജോര്‍ജ് പള്ളിയിലെ സിമിത്തേരിയില്‍ ഈ പുണ്യാത്മാവിന്റെ കബറിടം സ്ഥിതിചെയ്യുന്നു. 2012 ജൂണ്‍ 29 ന് ഈ ധന്യാത്മാവിനെ ദൈവദാസനായി ഉയര്‍ത്തി.