മുട്ടിലിഴഞ്ഞു മോണകാട്ടി ചിരിച്ച് അടുത്തുവന്ന പൊന്നിമോളെ മുത്തശ്ശി വാരിപ്പുണര്‍ന്നെടുത്തു മുത്തം കൊടുത്തു മടിയിലിരുത്തി. ഇതു കണ്ട്, ഓടിയടുത്തു വന്നു മടിയിലേക്കു കയറാന്‍ തുടങ്ങിയ ലുലുമോനെ മുത്തശ്ശി വകഞ്ഞുമാറ്റി അടുത്തു ചേര്‍ത്തിരുത്തി. മുത്തശ്ശിയുടെ പൊന്നിമോള്‍ മമ്മിക്കു പൊന്നിയും പപ്പയ്ക്ക് പൊന്നുമാണ്. ലുലുമോന്‍ മമ്മിക്കു ലുലുവും പപ്പയ്ക്കു ലുലപ്പിയും.
മമ്മി എല്‍.പി. സ്‌കൂള്‍ അദ്ധ്യാപിക, പപ്പ ഹൈസ്‌കൂള്‍ അദ്ധ്യാപകന്‍. മമ്മിയുടെ സ്‌കൂളിലേക്ക് വീട്ടില്‍നിന്ന് ഏഴു കിലോമീറ്റര്‍ അകലം. പപ്പയ്ക്ക് അവിടെനിന്ന് അഞ്ചുകിലോമീറ്റര്‍ കൂടി പോകണം. ഇരുവരും ഒരുമിച്ചു ബൈക്കിലാണു സ്‌കൂളില്‍ പോകുന്നത്. മമ്മിയെ ''ഡ്രോപ്പു'' ചെയ്തിട്ടു പപ്പ പോകും. തിരികെ വരുമ്പോള്‍ ''പിക്കപ്പ്'' ചെയ്യും. ഉച്ചഭക്ഷണം പൊതികെട്ടിക്കൊണ്ടുപോകുന്നതിനാല്‍, രാവിലെ പോയാല്‍ വൈകുന്നേരമേ തിരിച്ചെത്തുകയുള്ളൂ. തൊട്ടടുത്തുള്ള ലക്ഷ്മി അതിരാവിലെ വന്നു മുറ്റമടിച്ചുവെടിപ്പാക്കും. ഭക്ഷണം പാകം ചെയ്യാനും സഹായിക്കും. അതുകഴിഞ്ഞ്, അവര്‍ മടങ്ങിപ്പോകും. അപ്പോള്‍പ്പിന്നെ, മുത്തശ്ശിയും പൊന്നിയും ലുലുവും മാത്രമാണു വീട്ടിലുള്ളത്. മുത്തശ്ശിക്കു പേരക്കുട്ടികള്‍ ജീവനാണ്; അവര്‍ക്കു മുത്തശ്ശിയും.
ഇതിനിടെ, മടിയിലിരിക്കുന്ന പൊന്നിയെ താഴെയിറക്കി അവിടെ കയറിപ്പറ്റാനുള്ള ഒരു വിഫലശ്രമം ലുലു നടത്തി. മുത്തശ്ശി അവനെ പിടിച്ചരുകില്‍ത്തന്നെ ഇരുത്തി. ഇടംകൈവലയത്തില്‍ പൊന്നിയും വലംകൈവലയത്തില്‍ ലുലുവും! അങ്ങനെ ആ ത്രിമൂര്‍ത്തികള്‍ ഒന്നായി. ആ ഇരുപ്പില്‍ മൂവര്‍ക്കും ഒരു സുഖം. ഇരുവരെയും ചേര്‍ത്തുപിടിച്ചുകൊണ്ടു മുത്തശ്ശി
അക്കിലി, ഇക്കലി, ചുണ്ടെലി,
വെട്ടി, പഴുപ്പിക്കാന്‍,
എന്തെല്ലാം വേണം.
തേന്, പാല്, പഴം!
നല്ല ശേലുള്ള ചൊല്ല്. ചൊല്ലിനൊപ്പിച്ചുള്ള മുത്തശ്ശിയുടെ ചടുലമായ ചലനം, ചലനത്തിനൊപ്പിച്ചുള്ള തലയുടെ കുലുക്കം, കുലുക്കത്തിനൊപ്പിച്ചുള്ള കുണുക്കിന്റെ കുണുക്കം എല്ലാംകൂടിയായപ്പോള്‍ കുഞ്ഞുങ്ങള്‍ക്കാകെ ഹരമായി. മുത്തശ്ശി, അറിയാതെ തന്റെ കുഞ്ഞുന്നാളിലെ ഓര്‍മ്മയിലേക്കു പോയി. ഏഴു പതിറ്റാണ്ടുമുമ്പ് അവര്‍ തന്റെ അമ്മയുടെ മടിയിലിരിക്കുന്നതും അമ്മ ഈ ചൊല്ല് ചൊല്ലിക്കേള്‍പ്പിക്കുന്നതും, ചൊല്ലി പഠിപ്പിക്കുന്നതുമെല്ലാം ചികഞ്ഞെടുത്തു. അതോടെ, മുത്തശ്ശി ഫോമിലായി. ഈ ചൊല്ല് തന്റെ പേരക്കുട്ടികളെ പഠിപ്പിക്കാന്‍ തുടങ്ങി. ''അക്കിലി, ഇക്കിലി'' എന്നു ചൊല്ലിയിട്ട് ഏറ്റുചൊല്ലാന്‍ പറഞ്ഞു. ''അച്ചിലി, ഇച്ചിലി'' ലുലു ചൊല്ലിയപ്പോള്‍ അങ്ങനെയാണു വന്നത്. അങ്ങനെയല്ല, ''അക്കിലി, ഇക്കിലി''... അവര്‍ ആവര്‍ത്തിച്ചു. പക്ഷേ, ലുലുവിനു പിന്നെയും 'അച്ചിലി' തന്നെ... പൊന്നിക്കു മോണ കാട്ടിയുള്ള ചിരി മാത്രം. പലതവണ ആവര്‍ത്തിച്ചിട്ടും ലുലുവിനത് 'അച്ചിലി' തന്നെ.
മുത്തശ്ശിക്ക് ഉച്ചാരണത്തിന്റെ സ്വരസ്ഥാനത്തെ സംബന്ധിച്ചുള്ള ശാസ്ത്രീയമായ ജ്ഞാനമൊന്നുമില്ലെങ്കിലും ''ക്ക'' പറയുമ്പോള്‍ നാവിന്‍തുമ്പ് തൊണ്ടയില്‍ മുട്ടുന്നുണ്ടെന്നറിയം. അവര്‍ സാവകാശം ലുലുവിന്റെ വായ് പൊളിച്ചു വിരലുകൊണ്ട് അവന്റെ നാവ് വളച്ചു തൊണ്ടയില്‍ മുട്ടിച്ചിട്ട് ''അക്കിലി'' എന്നു ചൊല്ലിച്ചു. അപ്പോള്‍ ലുലുവിന്റെ വായില്‍നിന്ന് ''ക്ക'' പുറത്തുവന്നു! അക്കിലി ഇക്കിലി, ചുണ്ടെലി, വെട്ടി, പഴുപ്പിക്കാന്‍.... അവിടംവരെ ലുലു എത്തി. പക്ഷേ, ''പഴുപ്പിക്കാന്‍'' വഴങ്ങുന്നില്ല. ''പയിപ്പിക്കാന്‍'' അല്ലെങ്കില്‍ ''പരിപ്പിക്കാന്‍'' എന്നാണു വരുന്നത്. മുത്തശ്ശി പഴയപടി അവന്റെ നാവ് മേലണ്ണാക്കില്‍ മുട്ടിച്ചപ്പോള്‍''യ''ഉം ''ര'' ഉം മാറി ''ഴ'' തെളിഞ്ഞു.
മുത്തശ്ശിക്കു പെട്ടെന്നൊരു അരുതായ്ക...! നാവു കുഴയുന്നു...! ചുണ്ടു വരളുന്നു...! ആകെ ഒരു തളര്‍ച്ച...! വല്ലാതെ വിയര്‍ക്കുന്നു...! ബിപിയും ഷുഗറും സന്തതസഹചാരികളായിട്ടു വര്‍ഷങ്ങളായി. ഹാര്‍ട്ട് പണ്ടേ വീക്കാണ്. മൂന്നു നാരകീയശക്തികള്‍ ഒരുമിച്ചു തലപൊക്കി! ''പപ്പയെ വിളി മോനേ...'' അത്രയും പറഞ്ഞൊപ്പിച്ചു. അവന്‍ പപ്പയെ വിളിക്കുന്നതിനു പകരം ഉച്ചത്തിലൊരു നിലവിളി! പൊന്നിയും ചേര്‍ന്നു കൂട്ട നിലവിളി...! മുത്തശ്ശി വളരെ പണിപ്പെട്ട് മൊബൈല്‍ കൈയിലെടുത്ത് ഒരു വിധത്തില്‍ നമ്പര്‍ ഞെക്കി...!
പതിവിന്‍പടിയുള്ള മൂന്നു ചുമ ആദ്യം! പിന്നെ, ആ പെണ്ണുമ്പിള്ള ''കലപിലാന്നു' ഹിന്ദിയില്‍ ''നാക്കും മൂക്കും എല്ലാം ചേര്‍ത്തുള്ള പുലമ്പല്‍...! പിന്നെ ഇംഗ്ലീഷ്... അവസാനം മലയാളം. ''അത്യാവശ്യമെങ്കില്‍ അടുത്തുള്ള ആരോഗ്യകേന്ദ്രം സന്ദര്‍ശിക്കുക..'' എന്നുവരെ മുത്തശ്ശി കേട്ടു. പിന്നെ ബോധം മറഞ്ഞു.
കുഞ്ഞുങ്ങളുടെ കൂട്ടനിലവിളി ഉച്ചസ്ഥായിയിലായി. നിലയ്ക്കാതെയുള്ള നിലവിളികേട്ട് ലക്ഷ്മി ഓടിയെത്തി... മുത്തശ്ശി തളര്‍ന്നു തറയില്‍ കിടക്കുന്നതുകണ്ട് അവരും അറിയാതെ നിലവിളിച്ചുപോയി...! സമനില വീണ്ടെടുത്ത്, അവര്‍ തന്റെ ഭര്‍ത്താവിന്റെ നമ്പര്‍ ഞെക്കി. മറുപടി ആ പെണ്ണുമ്പിള്ളയുടെ ''കലപില'' മാത്രം! അവസാനം ''കോള്‍ സ്വീകരിക്കുന്നില്ല...''!
അവര്‍ രണ്ടും കല്പിച്ച് വഴിയിലേക്കിറങ്ങി ഓടി... അപ്പോള്‍, അതാ ഒരു കാറ് നേരേ വരുന്നു. അവര്‍ കൈ കാണിച്ചു. പക്ഷേ, ഡ്രൈവര്‍ എന്തോ ആംഗ്യം കാണിച്ചിട്ടു വിട്ടുപോയി. അവര്‍ വീണ്ടും മുമ്പോട്ട് ഓടി... അപ്പോള്‍ പിറകില്‍നിന്ന് ഒരു ഓട്ടോ വരുന്നു. അവര്‍ കൈകാണിച്ചു; ഓട്ടോ തിരിച്ചുവിടാന്‍ ഡ്രൈവര്‍ സന്മനസ്സു കാണിച്ചു. അയാള്‍ വിട്ടടിച്ചു വീട്ടിലെത്തി. അയാളുംകൂടി സഹായിച്ച്, മുത്തശ്ശിയെ ഓട്ടോയില്‍ കയറ്റി അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.
കാഷ്വാലിറ്റിയില്‍ കയറ്റി... ഡോക്ടര്‍ പരിശോധിച്ചു... ''അപകടനിലയിലാണല്ലോ''! ഡോക്ടറുടെ പ്രതികരണം! ഐസിയുവിലേക്കു കയറ്റാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്കി.
അപ്പോഴേക്കും മുത്തശ്ശിയുടെ മോന്‍ കേട്ടറിഞ്ഞ്, ഓടിക്കിതച്ചു തറയിലെത്തി... അനുവാദം വാങ്ങി അയാള്‍ 'ഐസിയുവില്‍ കയറി... ഡോക്ടര്‍ പരിശോധന തുടരുന്നു... നേഴ്‌സുമാര്‍ ചുറ്റിലുമുണ്ട്... അവര്‍ ''ട്രിപ്പ്'' ഇട്ടു... അല്പം നേരത്തെ ആലോചനയ്ക്കുശേഷം, ഡോക്ടര്‍തന്നെ ഒരു ഇന്‍ജക്ഷന്‍ കൊടുത്തു. അദ്ദേഹം അവിടെനിന്നു മാറാതെ നിരീക്ഷിച്ചുകൊണ്ടിരുന്നു...
അപ്പോഴേക്കും മമ്മി പൊന്നിയെയും ലുലുവിനെയുംകൊണ്ട് ആശുപത്രിയിലെത്തിയിരുന്നു. കുഞ്ഞുങ്ങളെയുംകൊണ്ട് ഐസിയൂവിലേക്കു കടത്തിവിടാന്‍ സെക്യുരിറ്റി മടിച്ചെങ്കിലും അവസാനം അനുവാദം കൊടുത്തു. അവര്‍ കുഞ്ഞുങ്ങളെയും കൊണ്ടകത്തു കടന്നു... ഡോക്ടര്‍ മാറാതെ രോഗിയുടെ അടുത്തുതന്നെയുണ്ട്. ഇന്‍ജക്ഷനോടുള്ള രോഗിയുടെ പ്രതികരണം നിരീക്ഷിച്ചുകൊണ്ടാണദ്ദേഹം നില്ക്കുന്നത്. ഇടയ്ക്കിടെ അദ്ദേഹം വാച്ചില്‍ നോക്കുന്നുമുണ്ട്... അകത്തുകയറിയ ലുലു നേരേ മുത്തശ്ശിയുടെ അടുത്തേക്കോടി... ''മുത്തശ്ശീ'' അവന്‍ ഉറക്കെ വിളിച്ചു... മുത്തശ്ശി കണ്ണു തുറന്നു! ഡോക്ടറുടെ മുഖം തെളിഞ്ഞു. അദ്ദേഹം ബി.പി നോക്കി... ''പേടിക്കണ്ട'', അദ്ദേഹം പറഞ്ഞു. കറുത്തിരുണ്ട മഴക്കാറു നീങ്ങി, നിലാവ് പടര്‍ന്ന പ്രതീതി...!