സ്റ്റാലോവ വോള: രണ്ടര പതിറ്റാണ്ടിലധികം ആഗോള കത്തോലിക്കാസഭയെ നയിച്ച വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പോളണ്ടിലെ സ്റ്റാലോവ വോള നഗരത്തില്‍ വിശുദ്ധന്റെ പടുകൂറ്റന്‍ ചുവര്‍ച്ചിത്രം ആശീര്‍വദിച്ചു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 18 ന് സാന്‍ഡോമിയേഴ്‌സിലെ മുന്‍ സഹായമെത്രാനായിരുന്ന എഡ്വേര്‍ഡ് ഫ്രാങ്കോവ്‌സ്‌കിയാണ് തെക്കുകിഴക്കന്‍ പോളണ്ടിലെ സ്റ്റാലോവ വോള നഗരത്തിലെ ജോണ്‍ പോള്‍ രണ്ടാമന്‍ അവന്യൂ അപ്പാര്‍ട്ട്‌മെന്റിന്റെ ഭിത്തിയില്‍ വരച്ചിരിക്കുന്ന 30 അടി വീതിയും 100 അടി ഉയരവുമുള്ള ചുവര്‍ച്ചിത്രത്തിന്റെ വെഞ്ചരിപ്പുകര്‍മ്മം നിര്‍വഹിച്ചത്. അംശവടിയും പിടിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടു നില്‍ക്കുന്ന രീതിയിലാണ് വിശുദ്ധന്റെ ചുവര്‍ച്ചിത്രം വരച്ചിരിക്കുന്നത്.
ചുവര്‍ച്ചിത്ര ത്തിന്റെ അടിയിലായി സ്റ്റാലോവ വോള നഗരത്തെക്കുറിച്ച് വിശുദ്ധന്‍ പറഞ്ഞിരിക്കുന്ന, ''അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ വലിയ വിശ്വാസത്തിന്റെ പ്രതീകമായ സ്റ്റാലോവ വോള നഗരത്തെ ഞാന്‍ ഹൃദയത്തോടു ചേര്‍ക്കുന്നു'' എന്ന വാക്യവും എഴുതിച്ചേര്‍ത്തിട്ടുണ്ട്. ചുവര്‍ച്ചിത്രം രൂപകല്പന ചെയ്യുന്നതിനായി നടത്തിയ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പിയോട്ടര്‍ ടോപ്പ്‌സില്‍ക്കോ എന്ന കലാകാരനാണ് ചിത്രത്തിനു പിന്നില്‍.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ സ്റ്റാലോവ വോള നഗരം സന്ദര്‍ശിച്ചപ്പോള്‍, കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ എതിര്‍പ്പിനെപ്പോലും വകവയ്ക്കാതെ 'ഔര്‍ ലേഡി ക്വീന്‍ ഓഫ് പോളണ്ട്' ദേവാലയം നിര്‍മ്മിച്ച നഗരവാസികളുടെ നിശ്ചയദാര്‍ഢ്യത്തെ അഭിനന്ദിച്ചിരുന്നു. 1973-ല്‍ ക്രാക്കോവിലെ മെത്രാപ്പോലീത്തയായിരിക്കേയാണ് ഈ ദേവാലയം കൂദാശ ചെയ്തത്. പിന്നീട് മാര്‍പാപ്പായായപ്പോള്‍ ജോണ്‍ പോള്‍ രണ്ടാമന്‍ ഈ ദേവാലയത്തെ മൈനര്‍ ബസലിക്കയായി ഉയര്‍ത്തിയിരുന്നു.