ഫ്രാന്‍സിസ് പാപ്പായുടെ ചാക്രികലേഖനവും കോതയും തമ്മില്‍ എന്തു ബന്ധം എന്നു നിങ്ങള്‍ അദ്ഭുതപ്പെടുന്നുണ്ടാകും. ''ഫ്രത്തെല്ലി തൂത്തി''യുടെ വ്യാഖ്യാതാക്കള്‍ പലരും പഴയ കോതയുടെ പിന്‍തലമുറക്കാരാണോ എന്നു സ്വാഭാവികമായും സംശയമുളവാകുംവിധമാണ് കാര്യങ്ങളുടെ പോക്ക്.
ഫ്രത്തെല്ലിസഖാക്കള്‍
കാപ്പിറ്റലിസ്റ്റു വ്യവസ്ഥിതിയെക്കുറിച്ച് 2015-ല്‍ ''സുവിശേഷത്തിന്റെ ആനന്ദം''എന്ന അപ്പസ്തോലികാഹ്വാനത്തില്‍ ഫ്രാന്‍സിസ് പാപ്പാ നടത്തിയ ചില നിരീക്ഷണങ്ങള്‍ ''വത്തിക്കാനിലെ കമ്മ്യൂണിസ്റ്റുകാരന്‍'' എന്ന കളിപ്പേര് അദ്ദേഹത്തിനു നല്കാന്‍ റഷ് ലിംബോയെപ്പോലുള്ള ചില അമേരിക്കന്‍ വിമര്‍ശകരെ പ്രേരിപ്പിച്ചിട്ടുള്ളതാണ്. ഈ ചാക്രികലേഖനത്തോടെ അത് കേരളത്തില്‍ ഉറപ്പിച്ചെടുക്കാന്‍ ചിലര്‍ കഷ്ടപ്പെടുന്നതായി തോന്നുന്നു. ''ഫ്രത്തെല്ലി തൂത്തി''യെക്കുറിച്ച് ഇതിനകം കേരളത്തില്‍ പുറത്തിറങ്ങിയ പല ലേഖനങ്ങളിലും എഡിറ്റോറിയലുകളിലും ഫേസ്ബുക്ക് ലൈവുകളിലും നിക്ഷിപ്തതാത്പര്യങ്ങള്‍ വല്ലാതെ മുഴച്ചുനില്ക്കുന്നുണ്ട്. കാപ്പിറ്റലിസത്തെക്കുറിച്ചുള്ള പാപ്പായുടെ നിരീക്ഷണങ്ങള്‍ കമ്മ്യൂണിസ്റ്റു പ്രത്യയശാസ്ത്രത്തിനുള്ള അംഗീകാരമായി വ്യാഖ്യാനിക്കാന്‍ പലരും തത്രപ്പെടുന്നുണ്ട്. ആഴമായ ദൈവവിശ്വാസവും വര്‍ഗീകരണമില്ലാത്ത സാര്‍വത്രികസ്നേഹവും ഓരോ വ്യക്തിയുടെയും അതുല്യമായ ശ്രേഷ്ഠതയുമാണ് ഈ രേഖയുടെ ഊടും പാവും എന്നു തിരിച്ചറിയാനാവാത്തതിന്റെ ദോഷമാണ് അത്തരം വ്യാഖ്യാനങ്ങള്‍ക്കുള്ളത്. ഗബ്രിയേല്‍ മാര്‍സലിനെയും പോള്‍റിക്കറെയുംപോലുള്ളവരുടെ ദര്‍ശനങ്ങളില്‍ പാപ്പാ കാണിക്കുന്ന താത്പര്യവും തത്പരകക്ഷികളുടെ കണ്ണില്‍പെട്ടിട്ടില്ല. മാത്രമല്ല, ലിയോ പതിമ്മൂന്നാമന്‍ പാപ്പായുടെ ''റേരും നൊവാരും'' (1891) മുതലിങ്ങോട്ടുള്ള സാമൂഹികപ്രബോധനങ്ങളില്‍ വെളിവാകുന്ന, ഇടതു-വലതുപ്രത്യയശാസ്ത്രങ്ങളില്‍നിന്നു വ്യത്യസ്തമായി സഭയ്ക്കുള്ള കാഴ്ചപ്പാടിനെക്കുറിച്ച് ഇവര്‍ക്ക് ഒരു ധാരണയും ഇല്ലെന്നും വ്യക്തമാണ്. വിപണിയെ കേന്ദ്രീകരിക്കുന്ന കാപ്പിറ്റലിസവും അധികാരത്തെ കേന്ദ്രീകരിക്കുന്ന കമ്മ്യൂണിസവും സഭയ്ക്ക് ഒരുപോലെ അനഭിമതങ്ങളാണെന്ന് ''റേരും നൊവാരും'' മുതല്‍ ''ഫ്രത്തെല്ലി തൂത്തി'' വരെ നീളുന്ന സഭാപ്രബോധനങ്ങളും പ്രൊഫ. മൗറിസ് ഗ്ലാസ്മാനെപ്പോലുള്ളവരുടെ കൃതികളും വായിച്ചാല്‍ മനസ്സിലാകും.
സൊറെല്ലെ തൂത്തെ
ഇറ്റാലിയന്‍ ഭാഷയില്‍ ''ഫ്രത്തെല്ലി'' പുല്ലിംഗമായതിനാല്‍ ശീര്‍ഷകത്തില്‍ത്തന്നെ പുരുഷമേധാവിത്വമുണ്ടെന്ന വാദവുമായി ഫെമിനിസ്റ്റുകള്‍ രംഗത്തിറങ്ങി. അസീസിയിലെ വി. ഫ്രാന്‍സിസ് തന്റെ സന്ന്യാസസഭാംഗങ്ങള്‍ക്കു നല്കിയ ഉപദേശത്തില്‍ (admonitions, 6) അഭിസംബോധനയ്ക്കായി അദ്ദേഹം ഉപയോഗിച്ച പ്രയോഗം തന്റെ ചാക്രികലേഖനത്തിന്റെ ശീര്‍ഷകമായി ഫ്രാന്‍സിസ് പാപ്പാ ഉപയോഗിക്കുമ്പോള്‍, മനുഷ്യരെല്ലാവരെയും അത് ഉള്‍ക്കൊള്ളുന്നു എന്നു ചിന്തിക്കാന്‍ സാമാന്യബുദ്ധി ധാരാളം മതി.
വിരുദ്ധസഹോദരങ്ങള്‍
എല്ലാവരും സഹോദരങ്ങളല്ല എന്നു സ്ഥാപിക്കാന്‍ ഈയിടെ ചിലര്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നതും കാണാനിടയായി. ബൈബിളിലെ ചില ഉദ്ധരണികളുടെ സഹായത്തോടെ, യേശുക്രിസ്തുവില്‍ വിശ്വസിച്ച് മാമ്മോദീസാ സ്വീകരിച്ചവര്‍ മാത്രമാണ് സഹോദരര്‍ എന്നു സ്ഥാപിക്കാനാണ് അവരുടെ ശ്രമം. ''ഫ്രത്തെല്ലി തൂത്തി''യിലെ രണ്ടാം അധ്യായം വായിച്ചാല്‍ തീരാവുന്ന പ്രശ്‌നമേ അവര്‍ക്കുള്ളൂവെങ്കിലും, ഫ്രാന്‍സിസ് പാപ്പാ സ്ഥാനമേറ്റെടുത്ത സമയംമുതല്‍ അദ്ദേഹത്തെ അംഗീകരിക്കാതെ സ്വയം ശീശ്മയില്‍ പെട്ടിരിക്കുന്നവര്‍ക്ക് അതു മതിയാവില്ലെന്നതില്‍ സംശയമില്ല.
ഗതികെട്ടവര്‍ വേലിക്കു പുറത്ത്
കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും സ്വീകരിക്കാന്‍ നിരന്തരം ആഹ്വാനം ചെയ്യുന്ന പാപ്പാ ഈ ചാക്രികലേഖനത്തിന്റെ നാലാം അധ്യായം മുഴുവന്‍ ആ വിഷയത്തിനായി നീക്കിവച്ചിരിക്കുന്നതു പലരെയും ചൊടിപ്പിച്ചിട്ടുണ്ട്. ''മണ്ണിന്റെ മക്കള്‍ വാദം'' പലയിടങ്ങളില്‍ പലരീതികളില്‍ ഉയരുമ്പോള്‍ മണ്ണ് ആത്യന്തികമായി ദൈവത്തിന്റേതാണെന്നും അത് എല്ലാ മനുഷ്യര്‍ക്കും - പ്രത്യേകിച്ച്, പാവപ്പെട്ടവര്‍ക്കും അഗതികള്‍ക്കും - അവകാശപ്പെട്ടതാണെന്നും പാപ്പാ വാദിക്കുന്നു! മക്കളില്ലാത്തവര്‍ക്ക് മണ്ണുണ്ടായിട്ട് എന്തു കാര്യം എന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്.
ഇസ്ലാമികകുടിയേറ്റത്തിനുള്ള പ്രോത്സാഹനമായി പാപ്പായുടെ നിലപാടു മാറും എന്നതാണ് ഈ വിഷയത്തില്‍ ചിലരുടെ മുഖ്യമായ ആരോപണം. സ്വന്തം വേരുകള്‍ ബലപ്പെടുത്തിയിട്ടുള്ളവന് അപരര്‍ ഒരിക്കലും ഭീഷണിയല്ല എന്ന 143-ാം ഖണ്ഡികയിലെ പാപ്പായുടെ പ്രസ്താവന പാശ്ചാത്യലോകം തങ്ങളുടെ ക്രൈസ്തവവേരുകള്‍ അംഗീകരിക്കണമെന്ന ധ്വനിതന്നെയാണ് മുഴക്കുന്നത്. ക്രിസ്തുവില്‍ വേരുറപ്പിച്ചിട്ടുള്ളവന് അപരര്‍ സുവിശേഷപ്രഘോഷണത്തിനുള്ള വേദിയാണ് സമ്മാനിക്കുന്നത്. ''എവഞ്ചേലി ഗൗദിയും'', ''ക്രിസ്തൂസ് വീവിത്'' എന്നീ അപ്പസ്തോലികാഹ്വാനങ്ങളിലൂടെയും അസാധാരണ മിഷന്‍മാസപ്രഖ്യാപനത്തിലൂടെയും തുടര്‍ച്ചയായ പ്രബോധനങ്ങളിലൂടെയും ക്രൈസ്തവരുടെ പ്രേഷിതചൈതന്യം ഉജ്ജ്വലിപ്പിക്കാന്‍ ശ്രമിക്കുന്ന ഫ്രാന്‍സിസ് പാപ്പാ സുവിശേഷവത്കരണബോധ്യങ്ങളോടെ ഇത്തരം വിഷയങ്ങളെ സമീപിക്കാനാണ് നമ്മെ പ്രചോദിപ്പിക്കുന്നത്.
ക്രൈസ്തവികതയില്‍ വേരൂന്നിയ രേഖ
ഈ രേഖയുടെ ഊടും പാവും വിശുദ്ധ ഗ്രന്ഥമായ ബൈബിളും ക്രൈസ്തവദൈവശാസ്ത്രവുമാണ്. ആമുഖവും എട്ട് അധ്യായങ്ങളുമുള്ള ചാക്രികലേഖനത്തിലെ 287 ഖണ്ഡികകളിലും നിറഞ്ഞുനില്ക്കുന്നത് ദൈവത്തിന്റെ പിതൃത്വത്തെയും മനുഷ്യരുടെ ശ്രേഷ്ഠതയെയും കുറിച്ചുള്ള ബോധ്യങ്ങളാണ്. ഈ ബോധ്യങ്ങള്‍ പങ്കുവയ്ക്കാന്‍ സഭാപിതാക്കന്മാരായ വി. ഇരണേവൂസ്, വി. അഗസ്തീനോസ്, വി. അംബ്രോസ്, വി. ബേസില്‍, വി. ജോണ്‍ ക്രിസോസ്റ്റം എന്നിവരെയും സഭാപണ്ഡിതനായ വി. പീറ്റര്‍ ക്രിസലോഗസിനെയും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ രേഖകളെയും തന്റെ മുന്‍ഗാമികളായ മഹാനായ വി. ഗ്രിഗറി, പിയൂസ് പതിനൊന്നാമന്‍, വി. ജോണ്‍ ഇരുപത്തിമൂന്നാമന്‍, വി. പോള്‍ ആറാമന്‍, വി. ജോണ്‍ പോള്‍ രണ്ടാമന്‍, ബെനഡിക്ട് പതിനാറാമന്‍ എന്നീ പാപ്പാമാരുടെ പ്രബോധനങ്ങളെയും പ്രമുഖ ദൈവശാസ്ത്രജ്ഞരായ വി. ബൊനവെഞ്ചര്‍, വി. തോമസ് അക്വിനാസ്, കാള്‍ റാനര്‍ എന്നിവരെയും ഫ്രാന്‍സിസ് പാപ്പാ ഉദ്ധരിച്ചിരിക്കുന്നു.
ത്രിത്വാധിഷ്ഠിതം ഫ്രത്തെല്ലി തൂത്തി
ഈ രേഖയുടെ കേന്ദ്രപ്രമേയങ്ങളായ മനുഷ്യവ്യക്തിയുടെ ശ്രേഷ്ഠതയും കൂട്ടായ്മയുടെ അനിവാര്യതയും പരസ്പരപൂരകങ്ങളാണ്. സത്യത്തില്‍, ത്രിതൈ്വകദൈവവിശ്വാസത്തിന്റെ സ്വാഭാവികമായ പരിണതിയാണിത്. ഏകത്വത്തിലെ നാനാത്വം ക്രൈസ്തവദൈവസങ്കല്പത്തിന്റെ അനിവാര്യതയാണല്ലോ. കേവല ഏകാകിത്വമല്ല (absolute singularity) ക്രിസ്തു വെളിപ്പെടുത്തിയ ദൈവസങ്കല്പം; മറിച്ച്, പരിശുദ്ധ ത്രിത്വമാണ്. ''മൂന്നു ദൈവികവ്യക്തികളുടെ കൂട്ടായ്മയിലാണ് സമൂഹത്തിലെ എല്ലാ ജീവിതത്തിന്റെയും ഉദ്ഭവവും പരിപൂര്‍ണമാതൃകയും നാം കണ്ടുമുട്ടുന്നത്'' എന്നു പാപ്പാ കുറിക്കുമ്പോള്‍ (ഫ്രത്തെല്ലി തൂത്തി, 85) ഈ ചാക്രികലേഖനത്തിന്റെ ദൈവശാസ്ത്ര അടിത്തറതന്നെയാണ് അദ്ദേഹം വെളിവാക്കുന്നത്. മനുഷ്യന്‍ ബന്ധാധിഷ്ഠിതജീവിയാണെന്ന (relational animal) ദാര്‍ശനിക കാഴ്ചപ്പാട് ത്രിത്വച്ഛായയില്‍ സൃഷ്ടിക്കപ്പെട്ടവനാണു മനുഷ്യന്‍ എന്ന സത്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ബൈബിളനുസരിച്ച്, ''നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം'' (ഉത്പ. 1,26) എന്നായിരുന്നല്ലോ ദൈവത്തിന്റെ ആദ്യത്തെ ആത്മഗതം. ഒരു മനുഷ്യനും ഒരു ദ്വീപല്ല എന്ന ചൊല്ലില്‍ പതിരു തീരെയില്ലെങ്കില്‍ അതിനു കാരണം മനുഷ്യനിലെ ഈ ദൈവികച്ഛായയാണ്. പാരസ്പര്യമില്ലാത്ത മനുഷ്യജീവിതം ദൈവനിഴല്‍ പതിയാത്ത ഊഷരഭൂമിയാണ്. രാഷ്ട്രങ്ങളും സമൂഹങ്ങളും നിലനില്ക്കുന്നത് - വ്യക്തിയും സമൂഹവും തമ്മിലുള്ള സന്തുലിതത്വത്തിലാണ്. എവിടെ സമൂഹത്തിന്റെ ഭീമപാദത്തിന്‍കീഴില്‍ വ്യക്തി ചവിട്ടിമെതിക്കപ്പെടുന്നുവോ, അവിടെ വര്‍ത്തമാനവും ഭാവിയും ഇരുളടഞ്ഞതാണ്. എവിടെ വ്യക്തിബോധം സാമൂഹികബോധത്തെ കശാപ്പുചെയ്യുന്നുവോ അവിടെ അരാജകത്വം കൊടികുത്തിവാഴും. വ്യക്തിയും സമൂഹവും തമ്മിലുള്ള സമഞ്ജസമായ സമ്മേളനവും സര്‍ഗാത്മകമായ പരസ്പരാപേക്ഷികതയുമാണ് ത്രിത്വത്തിന്റെ നിഴലായി കരുതാന്‍ കഴിയുന്നത്.
ഞങ്ങളുടെ പിതാവേ...
ഫ്രാന്‍സിസ് പാപ്പാ സാര്‍വത്രികസാഹോദര്യത്തിന്റെയും സാമൂഹികസൗഹൃദത്തിന്റെയും ശീലുകള്‍ പാടുന്നത് ദൈവത്തിന്റെ പിതൃത്വവും ക്രിസ്തുവില്‍ പ്രകടമായ സ്നേഹപൂര്‍ണതയും സഭയുടെ മിഷനറിദൗത്യവും പശ്ചാത്തലസംഗീതമായി മീട്ടിക്കൊണ്ടാണ്. ''എല്ലാവരുടെയും പിതാവിലേക്ക് തുറവിയില്ലാതെ, സാഹോദര്യത്തിനായി വാദിക്കാന്‍ സാരവും സ്ഥായിയുമായ കാരണങ്ങള്‍ കണ്ടെത്താനാവില്ല''(ഫ്രത്തെല്ലി തൂത്തി, 272) എന്നും ''നാമോരോരുത്തര്‍ക്കുംവേണ്ടി ക്രിസ്തു തന്റെ രക്തം ചിന്തി... ആരും അവിടത്തെ സാര്‍വത്രികസ്നേഹത്തിന്റെ വ്യാപ്തിക്കു പുറത്തല്ല'' (85) എന്നും ''ഇന്നത്തെ ലോകത്ത് സാക്ഷ്യജീവിതത്തിനും... വിശ്വാസത്തിനും പ്രത്യാശയ്ക്കും സ്നേഹത്തിനും തുറവിയുള്ളവളാണ്'' (276) സഭ എന്നും പാപ്പാ വ്യക്തമാക്കുമ്പോള്‍ ഈ സംഗീതമാണ് നാം ശ്രവിക്കുന്നത്.
സാഹോദര്യത്തിന്റെ സൗന്ദര്യവും ജീവന്റെ പരമസ്ഥാനവും സത്യവും നീതിയും സമാധാനവും ഐക്യവും വികസനവും മനുഷ്യന്റെ അവകാശമാണെന്നും വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ആഗോളസംവിധാനങ്ങളുടെയും യോജിച്ച പ്രവര്‍ത്തനത്തിലൂടെ അതു സാക്ഷാത്കരിക്കാവുന്നതാണെന്നും ഫ്രാന്‍സിസ് പാപ്പ വിശ്വസിക്കുന്നു.