പാലാ: കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (സിസിഐ) പതിനഞ്ചാമത് ദേശീയസമ്മേളനം പാലായില്‍ സമാപിച്ചു. മൂന്നു ദിവസങ്ങളിലായി അരുണാപുരം അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ നടന്ന സമ്മേളനത്തില്‍ സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ സഭകളിലെ വൈദികമേലധ്യക്ഷന്മാര്‍, വൈദികര്‍, സന്ന്യസ്തര്‍, അല്മായര്‍ എന്നിവരുടെ പ്രതിനിധികള്‍ സംബന്ധിച്ചു. ''ഇന്ത്യയിലെ സാമൂഹികരാഷ്ട്രീയപശ്ചാത്തലത്തില്‍ അല്മായരുടെ സവിശേഷപങ്ക്'' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു ഈ വര്‍ഷത്തെ സമ്മേളനം.
നവംബര്‍ 15ന് വൈകുന്നേരം അഞ്ചു മണിക്ക് ലത്തീന്‍ക്രമത്തിലുള്ള വിശുദ്ധ കുര്‍ബാനയോടെയായിരുന്നു സമ്മേളനത്തിന്റെ തുടക്കം. സമ്മേളനത്തില്‍ സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു.
ഭരണഘടനയില്‍ വിശ്വസിക്കുന്നതിനോടൊപ്പം മതപരമായ വിശ്വാസത്തിലും ഉറച്ചുനില്‍ക്കണമെന്നും നമ്മുടെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിക്കുന്നതിനു മടികാണിക്കരുതെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു.
മൂന്നു ദിനങ്ങളിലായി നടന്നസമ്മേളനത്തില്‍ മുനമ്പത്തും മണിപ്പുരിലും ക്രൈസ്തവസമൂഹം നേരിടുന്ന പ്രതിസന്ധി ഗൗരവപൂര്‍വമായ ചര്‍ച്ചയ്ക്കു വിധേയമായി. ഭരണഘടനാപരമായ മൂല്യങ്ങള്‍ പ്രചരിപ്പിക്കല്‍, വിശ്വാസികളുടെ സജീവപങ്കാളിത്തം പ്രോത്സാഹിപ്പിക്കല്‍, മീഡിയയും നിയമപരമായ പിന്തുണയും ശക്തിപ്പെടുത്തല്‍, ഭരണഘടനാപരമായ അവകാശങ്ങള്‍, ദളിത്ക്രിസ്ത്യാനികളുടെ നിയമസുരക്ഷ, ന്യൂനപക്ഷസമുദായങ്ങളുടെ ആശങ്കകള്‍, സൃഷ്ടിയുടെ സംരക്ഷണം എന്നിവയായിരുന്നു വിവിധ ചര്‍ച്ചകളിലെ പ്രധാനവിഷയങ്ങള്‍.
മുംബൈ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ചങ്ങനാശേരി മെത്രാപ്പോലീത്താ ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍, പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സി.ബി.സി.ഐ. വൈസ് പ്രസിഡന്റ് ബിഷപ് ജോസഫ് മാര്‍ തോമസ്, കണ്ണൂര്‍ ബിഷപ് റവ. ഡോ. അലക്‌സ് വടക്കുംതല, കെസിബിസി വൈസ് പ്രസിഡന്റ് മാര്‍ പോളി കണ്ണൂക്കാടന്‍, സിസിബിഐ ലെയ്റ്റി കമ്മീഷന്‍ പ്രസിഡന്റ് ബംഗളൂരു ആര്‍ച്ചുബിഷപ് പീറ്റര്‍ മച്ചാഡോ, ഫ്രാന്‍സിസ് ജോര്‍ജ് എം.പി., ജോസ് കെ മാണി എം.പി., മാണി സി. കാപ്പന്‍ എംഎല്‍എ, സി.സി.ഐ. സെക്രട്ടറി ഫാ. എ.ഇ. രാജു അലക്സ്, സിസിഐ വൈസ് പ്രസിഡന്റുമാരായ ആന്റൂസ് ആന്റണി, ക്ലാര ഫെര്‍ണാണ്ടസ്, സിആര്‍ഐ ദേശീയ സെക്രട്ടറി സി. എല്‍സ മുട്ടത്ത്, സിബിസിഐ ലെയ്റ്റി കമ്മീഷന്‍ സെക്രട്ടറി ഷെവ. അഡ്വ. വി. സി. സെബാസ്റ്റ്യന്‍, പി.ജെ. തോമസ് ഐ.എ.എസ്., ചാക്കോ കാളംപറമ്പില്‍, ഡോ. മാത്യു സി.ടി., ഡോ. തരകന്‍, സാബു ഡി മാത്യു, ഫാ. ജോസ് തറപ്പേല്‍, സിസിഐ സെന്‍ട്രല്‍ എക്‌സിക്യൂട്ടീവംഗം മോണ്‍. ജോളി വടക്കന്‍ എന്നിവര്‍ മൂന്നു ദിനങ്ങളിലായി നടന്ന സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിച്ചു.