രാമപുരം: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയും ദളിത് കത്തോലിക്കാ മഹാജനസഭയുടെ (ഡി.സി.എം.എസ്.) സപ്തതിവര്‍ഷവും പ്രമാണിച്ച് നവംബര്‍ 17 ന് രാമപുരത്തു നടന്ന ക്രൈസ്തവമഹാസമ്മേളനവും ദേശീയസിമ്പോസിയവും രൂപതയുടെ വിശ്വാസദാര്‍ഢ്യത്തിന്റെയും സമുദായൈക്യത്തിന്റെയും നേര്‍സാക്ഷ്യമായി.
രാവിലെ 9 ന് രാമപുരം സെന്റ് അഗസ്റ്റിന്‍സ് പാരിഷ് ഹാളില്‍ നടന്ന ദേശീയ സിമ്പോസിയം കെസിബിസി എസ്‌സി/ എസ്ടി/ ബിസി കമ്മീഷന്‍ ചെയര്‍മാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം ഉദ്ഘാടനം ചെയ്തു. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. മാര്‍ ജേക്കബ് മുരിക്കന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ വിപ്ലവകരമായ പ്രേഷിതചൈതന്യത്തിന്റെ വെളിച്ചത്തില്‍ ജീവിതത്തെ പുനഃപരിശോധനയ്ക്കു വിധേയമാക്കണമെന്നു അധ്യക്ഷപ്രസംഗത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
''ദളിത് ക്രൈസ്തവരുടെ നിജസ്ഥിതിയും ശക്തീകരണവഴികളും'' എന്ന വിഷയത്തില്‍ ഡോ. സിജോ ജേക്കബും 'ദളിത് ക്രൈസ്തവവിമോചനത്തിന്റെ സമഗ്രത-സഭയില്‍' എന്ന വിഷയത്തില്‍ ഫാ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേലും 'വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍ ദളിത് ക്രൈസ്തവരുടെ മാര്‍ഗദര്‍ശി' എന്ന വിഷയത്തില്‍ ബിനോയി ജോണും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. വൈസ് പോസ്റ്റുലേറ്റര്‍ ഫാ. തോമസ് വെട്ടുകാട്ടില്‍ മോഡറേറ്ററായിരുന്നു.
ഉച്ചകഴിഞ്ഞ് 1.30 ന് രാമപുരംപള്ളി മൈതാനിയിലെ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍ നഗറില്‍ നടന്ന ക്രൈസ്തവമഹാസമ്മേളനം ചങ്ങനാശേരി അതിരൂപത ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യാതിഥിയായിരുന്നു.
വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ ഒരു ജനസമൂഹം അവഗണിക്കപ്പെടുന്നതും മതത്തിന്റെ പേരില്‍ പ്രത്യേകനിയമങ്ങള്‍ ഓരോ സമുദായത്തില്‍പ്പെട്ടവര്‍ക്കായി നിര്‍മിക്കുന്നതും ഒരു രാജ്യത്തിനും ഭൂഷണമല്ലെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ പറഞ്ഞു. സാമൂഹികസാഹചര്യങ്ങള്‍ ഒരുപോലെ നിലനില്ക്കുന്ന രാജ്യത്ത് സംവരണത്തിലെ വിവേചനം നീതിരഹിതവും മനുഷ്യത്വരഹിതവുമാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യവും ഭരണഘടനയും പൗരന്മാര്‍ക്കു നല്കുന്ന സുരക്ഷിതത്വബോധത്തില്‍ മുറിവുകള്‍ ഉണ്ടാക്കരുതെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. ഏതെങ്കിലും മതത്തിന്റെ പേരിലല്ല ദളിതര്‍ അറിയപ്പെടേണ്ടത്; ഇന്ത്യന്‍ ദളിത് എന്ന നിലയിലാകണമെന്നും കര്‍ദിനാള്‍ പറഞ്ഞു.
മതത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നത് ഭരണഘടനയ്ക്കുതന്നെ അപമാനമാണ്. ദളിത് സമൂഹത്തിന്റെ പിന്നാക്കാവസ്ഥ ഒരുപോലെ കാണണം. ദളിത് ക്രൈസ്തവരോടൊപ്പം കേരളസഭ ഹൃദയംകൊണ്ടു ചേര്‍ന്നുനില്ക്കുന്നുവെന്നും കര്‍ദിനാള്‍ പറഞ്ഞു.
പാലാ രൂപതയുടെ ആറിലൊന്നോളം ആളുകള്‍ ദളിത് കത്തോലിക്കാവിഭാഗത്തില്‍പ്പെട്ടവരാണ്. അതൊരു വലിയ സംഖ്യയാണ്, അതൊരു ശക്തിയാണ്. രൂപതയുടെതന്നെ
സ്വത്വം നിര്‍ണയിക്കുന്നതില്‍ വലിയ പങ്ക് ഡി.സി.എം.എസ്. സഹോദരങ്ങള്‍ വഹിച്ചുകൊണ്ടിരിക്കുന്നു. ഇവരുടെ ന്യായമായ അവകാശങ്ങളോടു പക്ഷം ചേരേണ്ടതും അവരുടെ സര്‍വതോമുഖമായ പുരോഗതിക്കുവേണ്ടി യത്‌നിക്കേണ്ടതും എല്ലാ ക്രൈസ്തവരുടെയും ഉത്തരവാദിത്വമാണെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
കെസിബിസി എസ്‌സി/ എസ്ടി/ ബിസി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം അനുഗ്രഹപ്രഭാഷണം നടത്തി. മന്ത്രി റോഷി അഗസ്റ്റിന്‍ ജൂബിലിസന്ദേശം നല്‍കി.
എം.പി. മാരായ ജോസ് കെ.മാണി, ആന്റോ ആന്റണി, എം.എല്‍.എ മാരായ മോന്‍സ് ജോസഫ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍.ജോസഫ് തടത്തില്‍, സിഞ്ചെല്ലൂസുമാരായ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മോണ്‍. ജോസഫ് കണിയോടിക്കല്‍, ഡി.സി.എം.എസ്. സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍, രൂപത പ്രസിഡന്റ് ബിനോയി ജോണ്‍, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, രാമപുരം ഫൊറോനാവികാരി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, ഡി.സി.എം.എസ്. രൂപത ഡയറക്ടര്‍ ഫാ. ജോസ് വടക്കേക്കുറ്റ്, രൂപത സെക്രട്ടറി ബിന്ദു ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
രാമപുരം ഫൊറോനാപ്പള്ളിയും പന്തലും പരിസരവൂം നിറഞ്ഞുകവിഞ്ഞ ജനസഞ്ചയം സമ്മേളനത്തിന്റെ സംഘാടനമികവിന്റെയും രൂപതയുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും കെട്ടുറപ്പിന്റെയും തെളിവായി. കാലാകാലങ്ങളില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ദളിത് ക്രൈസ്തവരോടു കാണിക്കുന്ന നീതിനിഷേധം സമ്മേളനത്തില്‍ ചര്‍ച്ചയായി.
പ്രാദേശികം
സമുദായശക്തീകരണത്തിന്റെ സമുജ്ജ്വലസാക്ഷ്യമായി ക്രൈസ്തവമഹാസമ്മേളനം
