മലയാളസിനിമയുടെ അമ്പതാമത് അവാര്‍ഡ് പ്രഖ്യാപനം ഇത്തവണ വലിയ വിവാദങ്ങളില്ലാതെ കടന്നുപോയി. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമ്മൂട് മികച്ച നടനുള്ള പുരസ്‌കാരം കരസ്ഥമാക്കി. ബിരിയാണി എന്ന ചിത്രത്തിലൂടെ മികച്ച അഭിനയം കാഴ്ചവച്ച കനി കുസൃതിയാണ് മികച്ച നടി. റഹ്മാന്‍ സഹോദരങ്ങള്‍ സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം. ജെല്ലിക്കെട്ടിലൂടെ ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനായി. കുമ്പളങ്ങി നൈറ്റ്‌സിലെ വില്ലന്‍ കഥാപാത്രത്തിലൂടെ ഫഹദ് ഫാസില്‍ മികച്ച സ്വഭാവനടനായും, ബിരിയാണി എന്ന ചിത്രത്തിലൂടെ സ്വാസിക വിജയ് മികച്ച സ്വഭാവനടിയായും തിരഞ്ഞെടുക്കപ്പെട്ടു. നിവിന്‍ പോളി (മൂത്തോന്‍), അന്ന ബെന്‍ (ഹെലന്‍), പ്രിയംവദ കൃഷ്ണന്‍ എന്നിവര്‍ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശത്തിനും അര്‍ഹരായി.
മധു സി. നാരായണന്റെ കുമ്പളങ്ങി നൈറ്റ്‌സാണ് കലാമൂല്യമുള്ള മികച്ച ജനപ്രിയചിത്രം. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഒരുക്കിയ രതീഷ് പൊതുവാള്‍ മികച്ച നവാഗതസംവിധായകനുള്ള പുരസ്‌കാരം നേടി. സുഷിന്‍ ശ്യാമാണ് മികച്ച സംഗീതസംവിധായകന്‍. ചിത്രം കുമ്പളങ്ങി നൈറ്റ്‌സ്. നടന്‍ വിനീത് കൃഷ്ണന്‍ ലൂസിഫര്‍, മരക്കാര്‍, അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളിലൂടെ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്‌കാരം നേടി. ഇഷ്‌ക് എന്ന ചിത്രത്തിലൂടെ കിരണ്‍ ദാസ് മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരം നേടി. നജിം അര്‍ഷാദാണ് മികച്ച ഗായകന്‍. മധുശ്രീ മികച്ച ഗായികയായി. പ്രതാപ് വി. നായരാണ് മികച്ച ഛായാഗ്രാഹകന്‍. ഫഹദ്, നസ്രിയ, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ നിര്‍മാതാക്കള്‍ക്കുള്ള പുരസ്‌കാരം നേടി. ഡോ. സെബാസ്റ്റ്യന്‍ ജോസഫ്, സുധി സി.ജെ. എന്നിവര്‍ ചേര്‍ന്നെഴുതിയ ജെല്ലിക്കെട്ടിന്റെ ചരിത്രപാഠങ്ങള്‍ എന്ന ലേഖനത്തിന് പ്രത്യേക ജൂറി പരാമര്‍ശം. ബിപിന്‍ ചന്ദ്രന്റെ കോമാളി മേല്‍ക്കൈ നേടുന്ന കാലം മികച്ച ചലച്ചിത്രലേഖനമായി തിരഞ്ഞെടുക്കപ്പെട്ടു.
അവാര്‍ഡ് സിനിമകളിലൂടെ...
മികച്ച നടന്‍ - സുരാജ് വെഞ്ഞാറമ്മൂട്
ചിത്രം - ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍
സുരാജിന്റെ അഭിനയജീവിതത്തിലെ അവിസ്മരണീയമായ ചിത്രമാണ് 'ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍. ഒരു ഹ്യൂമനോയിഡിന്റെ കാഴ്ചപ്പാടിലൂടെ ബന്ധങ്ങളെക്കുറിച്ചുള്ള രസകരമായ കഥയാണിത്. ഭാര്യ മരിച്ചതിനുശേഷം വീട്ടില്‍ ഒറ്റയ്ക്കായ, പിടിവാശികളും നിര്‍ബന്ധങ്ങളുമുള്ള ഭാസ്‌കരപ്പൊതുവാള്‍ എന്ന വൃദ്ധനാണ് സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച കഥാപാത്രം. കമ്പ്യൂട്ടര്‍ എന്‍ജിനീയറായ മകന്‍ സുബ്രഹ്മണ്യം എവിടെ ജോലി ചെയ്താലും രാത്രിയാകുമ്പോള്‍ വീട്ടിലെത്തണമെന്നതാണ് അച്ഛന്റെ നിര്‍ബന്ധങ്ങളില്‍ പ്രധാനം. അച്ഛന്റെ ദുര്‍വാശികള്‍ നിമിത്തം ആഗ്രഹിച്ചതുപോലെ ജോലി ചെയ്യാനും ജീവിക്കാനും കഴിയാതെ സുബ്രഹ്മണ്യന്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനെ നാട്ടിലെത്തിക്കുകയാണ്. സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്‍ തന്റെ സ്വതഃസിദ്ധ ശൈലിയെയും മാനറിസങ്ങളെയും അപ്രത്യക്ഷമാക്കി ഭാസ്‌കരപ്പൊതുവാള്‍ എന്ന വയോധികനായി അടിമുടി പെര്‍ഫോം ചെയ്യുന്നൊരു സിനിമയാണിത്. നരപ്പിച്ച മുടിയുടെയും മുഖത്തെ ചുളിവുകളുടെയും ഇടര്‍ച്ചയും പതര്‍ച്ചയുമുള്ള ശബ്ദത്തിന്റെയും ആനുകൂല്യത്തില്‍ മാത്രമല്ല സുരാജ് വെഞ്ഞാറമ്മൂട് ഭാസ്‌കരപ്പൊതുവാളിനെ പൂര്‍ണതയിലെത്തിക്കുന്നത്. നടപ്പിലും നില്പിലും ചെറുചലനങ്ങളിലും നോട്ടങ്ങളിലും ശരീരഭാഷയിലുമെല്ലാം അടിമുടി പറിച്ചുനടല്‍. ഓരോ സിനിമ പിന്നിടുമ്പോഴും പെര്‍ഫോര്‍മന്‍സ്‌കൊണ്ട് തന്നിലെ അഭിനേതാവിനെ പുതിയ ഉയരത്തിലെത്തിക്കുകയാണ് സുരാജ്. എന്തുകൊണ്ടും ഈ അവാര്‍ഡിന് സുരാജ് അര്‍ഹനാണെന്നു നമുക്ക് നിസംശയം പറയാം.
മികച്ച നടി - കനി കുസൃതി
ചിത്രം -ബിരിയാണി
കടല്‍ത്തീരത്തു താമസിക്കുന്ന കദീജയ്ക്കും ഉമ്മയ്ക്കും ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങള്‍ കാരണം നാടുവിടേണ്ടിവരുന്നു. അതിനുശേഷമുള്ള അവരുടെ യാത്രയാണ് ഈ ചിത്രത്തിന്റെ പ്രമേയം. കദീജയായി കനി കുസൃതിയും ഉമ്മയായി ശൈലജയും അഭിനയിക്കുന്നു.തീവ്രവാദബന്ധം ആരോപിക്കപ്പെട്ടാല്‍ ഒരു വ്യക്തിയുടെ കുടുംബം നേരിടേണ്ടിവരുന്ന കനല്‍വഴികളെപ്പറ്റി വ്യത്യസ്തരീതിയിലെ പ്രമേയം കാഴ്ചവച്ച മലയാളചിത്രമാണ് ബിരിയാണി. കദീജയുടെ വേഷം പകര്‍ന്നാടിയ കനി ഈ അവാര്‍ഡ് അര്‍ഹിച്ചതുതന്നെയാണ്.
മികച്ച ചിത്രം - വാസന്തി
റഹ്മാന്‍ സഹോദരങ്ങള്‍ എന്നറിയപ്പെടുന്ന ഷിനോസ് റഹ്മാനും സജാസ് റഹ്മാനും സംവിധാനം ചെയ്ത സിനിമയാണ് വാസന്തി. പരീക്ഷണസിനിമകളോടുള്ള ജനങ്ങളുടെ മനോഭാവത്തില്‍ മാറ്റം വരേണ്ട സമയം അതിക്രമിച്ചുവെന്ന് ഓര്‍മ്മപ്പെടുത്തുന്ന ചിത്രമാണിത്. വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഒരു പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥയാണിത്. ഇന്ദിര പാര്‍ഥസാരഥിയുടെ ഒരു തമിഴ് നാടകത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ളതാണ് വാസന്തി.
മികച്ച സംവിധായകന്‍ - ലിജോ ജോസ് പെല്ലിശേരി.
ചിത്രം - ജെല്ലിക്കെട്ട്.
ഫിലിം മേക്കിംഗിന്റെ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന, മികച്ച ക്രാഫ്റ്റ്‌സ്മാന്‍ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമയാണ് ജെല്ലിക്കെട്ട്. കേരളത്തിലെ മലയോര കുടിയേറ്റഗ്രാമത്തില്‍ ഇറച്ചിവെട്ടുകാരന്‍ വര്‍ക്കി (ചെമ്പന്‍ വിനോദ്) കശാപ്പുചെയ്യാനായി കൊണ്ടു വന്ന പോത്ത് കയറുപൊട്ടിച്ച് ഓടുന്നതും അതിനെ പിടിക്കാനായി ഗ്രാമീണര്‍ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അപൂര്‍വ്വമായൊരു സിനിമാനുഭവം സമ്മാനിക്കുന്നഒരു സിനിമയാണിത്. ഭ്രമകല്പനകളുടെ ചുഴിയില്‍ ഉലഞ്ഞു മാത്രമേ പ്രേക്ഷകര്‍ക്ക് ഈ സിനിമ കഴിയുമ്പോള്‍ തിയേറ്റര്‍ വിട്ട് ഇറങ്ങാനാവൂ. അത്ര മനോഹരമായാണ് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ മികച്ച സംവിധായകനെന്ന പൊന്‍തൂവല്‍ ലിജോക്ക് അര്‍ഹതപ്പെട്ടതുതന്നെ.
ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ടായിരുന്നു ഇക്കുറി ജൂറി ചെയര്‍മാന്‍. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍. ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ്. രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍, ചലച്ചിത്ര അക്കാദമി മെമ്പര്‍ സെക്രട്ടറി സി. അജോയ് എന്നിവര്‍ ജൂറി അംഗങ്ങളും. ഇവരുടെ തിരഞ്ഞെടുപ്പുകള്‍ തെറ്റായിപ്പോയിട്ടില്ല എന്നാണ് ഈ തവണത്തെ അവാര്‍ഡുകള്‍ തെളിയിക്കുന്നത്.