കുങ്കുമക്കൂടൊരുക്കുന്നു കിഴക്കു ശ്യാമാംബരം
ഉദയത്തെ കൈക്കുമ്പിളിലെടുക്കുവാനെന്നപോലെ
കരിമുകില്‍ മാനത്തുനിന്നു മാഞ്ഞുപോയി
മഞ്ഞപ്പട്ടെറിഞ്ഞുകൊടുത്തു പ്രപഞ്ചമപ്പോള്‍
വയറ്റാട്ടി നാലുംകൂട്ടി മുറുക്കി നീട്ടിത്തുപ്പി
കിഴക്കിന്റെ ആകാശസീമതന്‍ അടിത്തട്ടിലേക്ക്
അരുണോദയത്തിന്റെ ചാരുത നുകരുവാന്‍
നിലാവലയുടെ ഇരുളില്‍നിന്നു മാറാതെ
പകലിന്‍ പടിവാതിലില്‍ ഒളിച്ചുനിന്നു ചന്ദ്രനും
വേദനയുടെ വീര്‍പ്പുമുട്ടലും വിഷമവും നെഞ്ചിലേറ്റി
കടലമ്മ പാതിയടഞ്ഞ കണ്ണുകളാല്‍ മകനെ ഒന്നു കണ്ടു
ബാലാര്‍ക്കന്റെ വരവറിയിച്ചുകൊണ്ട് കോവിലില്‍നിന്ന്
സുപ്രഭാതം ഒഴുകിയിറങ്ങി കര്‍ണപുടങ്ങള്‍ക്കമൃതായി
പുല്‍നാമ്പുകളില്‍ തിളങ്ങും മഞ്ഞുകണങ്ങള്‍
താഴെ വീഴാന്‍ മടിച്ചുനില്‍ക്കുമ്പോള്‍ മന്ദമാരുതന്‍
ഭൂമിയെ തൊട്ടുതലോടി പുളകിതയാക്കുന്നു.
മതിമറന്നു കുയിലുകള്‍ പ്രേമഗീതം പാടുമ്പോള്‍
പൂന്തേന്‍ നുകരുവാനെത്തുന്നു ശലഭങ്ങള്‍
കളകളംപാടി ഒഴുകും പുഴയുടെ തീരങ്ങളില്‍
തഴച്ചുവളരും മരച്ചില്ലകളില്‍ അണ്ണാറക്കണ്ണന്മാര്‍
മയൂരനൃത്തത്തിനൊപ്പം 'ഛില്‍ഛില്‍' താളമിടുന്നു
സുസ്‌മേരവദനയായ് നമ്രമുഖിയായ് ഭൂമിപ്പെണ്ണ്
തങ്കത്തേരിലേറി വെള്ളിനൂലുകള്‍ ഇഴയിട്ടുവരുന്ന
പൊന്‍സൂര്യനെ പൊന്നാട ചാര്‍ത്തി വരവേല്ക്കുന്നു.
പുത്തനുണര്‍വും പുതിയ പ്രതീക്ഷയുമായി
ചരാചരങ്ങളും നാടും നഗരവും ഉണരുകയായി.