•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

സാലറിയുടെ (അധഃ)പതനം

സാലറി നല്‍കുന്ന സമ്പ്രദായം ആരംഭിക്കുന്നത് 'നിയോലിത്തിക്' (neolithic) വിപ്ലവസമയത്ത്, ബി.സി 10,000-നും 6000-നും ഇടയിലുള്ള കാലഘട്ടത്തിലായിരിക്കാമെന്നാണ് പൊതുവേയുള്ള നിഗമനം. എ. ഡി 301-ല്‍ ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കാലത്ത് പട്ടാളക്കാര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ നല്‍കിയിരുന്നതായി രേഖകളുണ്ട്. മധ്യമകാലഘട്ടത്തില്‍ പോലും സാലറിക്കു നിയതരൂപം ഉണ്ടായിട്ടില്ല എന്നാണ് പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. ചരക്കിനു പകരം ചരക്കു കൈമാറുന്ന 'ബാര്‍ട്ടറിംഗ് സിസ്റ്റം' (Bartering System) ആയിരുന്നു നിലവിലിരുന്നത്.
നമ്മുടെ നാട്ടിലും പണ്ടുകാലത്ത് കൈമാറ്റക്കച്ചവടം (Bartering System) നിലവിലിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് നാണയങ്ങള്‍ നിലവിലുണ്ടായിരുന്നിട്ടുപോലും ഈ സമ്പ്രദായം തുടര്‍ന്നുപോന്നു. വേതനനിര്‍ണ്ണയകാര്യത്തില്‍, രാജഭരണകാലത്തു രാജനീതിയായിരുന്നു. ബ്രിട്ടീഷുഭരണകാലത്ത് അവരുടെ നിയമവ്യവസ്ഥിതിയനുസരിച്ചുള്ള വേതനരീതിയും തുടര്‍ന്നുപോന്നു.
സ്വതന്ത്ര ഇന്ത്യയില്‍ 1952-ലെ സാലറീസ് ആന്‍ഡ് അലവന്‍സ് ഓഫ് ഓഫീസേഴ്‌സസ് ഓഫ് പാര്‍ലമെന്റ് ആക്ട് പ്രകാരം വ്യവസ്ഥാപിതമായി സാലറി നല്കുന്ന രീതി നിലവില്‍ വന്നു. കേരളത്തില്‍ 1956-ല്‍ സംസ്ഥാനം നിലവില്‍ വന്നയുടനെ 1957-ല്‍ അന്നുവരെ തിരുവിതാംകൂര്‍ - കൊച്ചി സംസ്ഥാനത്തും മദ്രാസ് സ്റ്റേറ്റിന്റെ ഭാഗമായി നിന്ന മലബാര്‍ ഡിസ്ട്രിക്റ്റിലുണ്ടായിരുന്ന ശമ്പളവ്യവസ്ഥിതിയെ ഏകീകരിക്കുന്നതിനു ശ്രീശങ്കരനാരായണ അയ്യര്‍ ചെയര്‍മാനായി പേ കമ്മീഷന്‍ (Pay Commission) രൂപീകരിച്ചു. 1965-ല്‍ പേ കമ്മീഷന്‍ പൂര്‍ണ്ണമായ രൂപത്തില്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു. അങ്ങനെ, നമ്മുടെ നാട്ടില്‍ വ്യവസ്ഥാപിതമായ സാലറി സമ്പ്രദായം ഉണ്ടായി. കേന്ദ്രത്തില്‍ പാര്‍ലമെന്റും കേരളത്തില്‍ അസംബ്ലിയും നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കുകയും കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ നടത്തുകയും ചെയ്തുവരുന്നു.
സാലറിയുടെ ഉദ്ഭവത്തിന്റെയും ഗതിയുടെയും സാമാന്യരൂപമിതാണ്. ഇനി, അവശേഷിക്കുന്നതു പതനമാണ്. പതനമാണോ അധഃപതനമാണോ എന്ന കാര്യം പഠനവിഷയമാക്കേണ്ടതുണ്ട്.
കേരളത്തില്‍ സാലറി 'പതി'ച്ചു കിട്ടിയിട്ടുള്ള ഭാഗ്യശാലികള്‍ 5,15,689 പേരാണ്. ഇതില്‍ 3, 77,065 സര്‍ക്കാര്‍ ജീവനക്കാരും 1,38,574 അധ്യാപകരുമാണ്. ആകെ 3,51,22,966 മനുഷ്യരുള്ള കേരളത്തില്‍ 3,46,07,927 പേരും നിര്‍ഭാഗ്യരുടെ ലിസ്റ്റിലാണ്. സാമാന്യം ഭേദപ്പെട്ട സര്‍ക്കാര്‍ ജോലിയില്‍ സാമാന്യം മെച്ചപ്പെട്ട തുക അലവന്‍സ് ഇനത്തിലുമുണ്ട്. അതിനു പുറമേ, മരണംവരെ പെന്‍ഷനും കിട്ടും. ഈ ഭാഗ്യശാലികളെ തീറ്റിപ്പോറ്റേണ്ട ഉത്തരവാദിത്വവും നിര്‍ഭാഗ്യരുടേതാണ്.
റവന്യൂ വരുമാനത്തിന്റെ 60%ത്തോളം ശമ്പളത്തിനും പെന്‍ഷനുമായാണു ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. 2,700 കോടിയിലേറെയാണ് ശമ്പളത്തിനുമാത്രം വേണ്ടത്. ശമ്പളം പരിഷ്‌കരിക്കുന്നതിനുവേണ്ടി ഒരു കമ്മീഷന്‍ തന്നെയുണ്ട്. കമ്മീഷനാകുമ്പോള്‍ സാലറി കാണുകേലായിരിക്കും. അപ്പോള്‍ ഓമനപ്പേരില്‍ 'അലവന്‍സ്' എന്നാകും നല്കുന്ന തുകയുടെ പേര്. അവരുടെ ജോലി എന്നു പറയുന്നത് ഈ ഭാഗ്യശാലികളുടെ ഭാഗ്യം വര്‍ദ്ധിപ്പിക്കുക എന്ന ഒരേയൊരു കാര്യമാണ്. ശമ്പളം പരിഷ്‌കരിക്കുമ്പോള്‍, നിലവിലുള്ളതു വര്‍ദ്ധിപ്പിക്കുക എന്നല്ലാതെ ശമ്പളയിനത്തില്‍ കൊടുക്കുന്ന തുകയുടെ ന്യായന്യായങ്ങള്‍ പരിശോധിക്കാനോ അഞ്ചുരൂപയെങ്കിലും കുറയ്ക്കാനോ വകുപ്പില്ല. ശമ്പളപരിഷ്‌കരണക്കമ്മീഷന്‍ എന്നതിനു പകരം ശമ്പളവര്‍ദ്ധനക്കമ്മീഷന്‍ എന്നാകുന്നതാവും ശരി.
കഴിഞ്ഞവര്‍ഷം ശമ്പളപരിഷ്‌കരണം വഴി 7500 കോടിയുടെ അധികച്ചെലവാണുണ്ടായത് എന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഓമനപ്പേരിലറിയപ്പെടുന്ന ഒരു സ്‌പെഷ്യല്‍ വിഭാഗമാണ് 'കമ്മീഷന്‍' തൊഴിലാളികള്‍. ഉദാഹരണത്തിന് ഭരണപരിഷ്‌കരണകമ്മീഷന്‍, മുന്നാക്ക വികസന കമ്മീഷന്‍, പിന്നെ മുന്‍പു സൂചിപ്പിച്ച ശമ്പളപരിഷ്‌ക്കരണകമ്മീഷന്‍...! സെക്രട്ടറിയേറ്റില്‍ അഡീഷണല്‍, ജോയിന്റ്, ഡെപ്യൂട്ടി എന്നിങ്ങനെ ജോലിയില്ലാത്ത ഒട്ടേറെ തസ്തികകള്‍ ഉണെ്ടന്ന് ഈയിടെ പത്രവാര്‍ത്ത കണ്ടു. അതുപോലെ, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ്എന്നീ തസ്തികകളില്‍ വേണ്ടത് 450 പേര്‍; നിലവിലുള്ളതാകട്ടെ 750 പേര്‍. മന്ത്രിമാര്‍ക്കും കാബിനറ്റ് റാങ്കിലുള്ളവര്‍ക്കും അവരുടെ തൊഴിലിനു പുറമേ സ്വന്തം നിലയില്‍ തൊഴില്‍ സൃഷ്ടിക്കാനുള്ള വകുപ്പുണ്ട്. ഉദാഹരണമാണ് പേഴ്‌സണല്‍ സ്റ്റാഫ്. ഒരു മന്ത്രിക്കോ ക്യാബിനറ്റ് റാങ്കിലുള്ള ഒരാള്‍ക്കോ 30 പേഴ്‌സണല്‍ സ്റ്റാഫ് വരെയാകാം. രണ്ടു കൊല്ലം കഴിയുമ്പോള്‍ പെന്‍ഷനും കിട്ടും. അപ്പോള്‍ ഒരു ഷിഫ്റ്റ് ക്രമീകരിച്ചാല്‍ 50 പേരെയെങ്കിലും തൊഴിലാളികളാക്കാം.
തൊഴില്‍രഹിതര്‍ക്കുള്ള തൊഴിലാണ് രാഷ്ട്രീയം. അതിലൂടെ ഒരു ജനപ്രതിനിധിയായി തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍, അവനും അവന്റെ കുടുംബവും രക്ഷപ്പെട്ടു. ഒരു എം.പിയുടെ സാലറി രണ്ടുലക്ഷം രൂപാ, ഒരു എം.എല്‍. എ. യുടേത് ഒരു ലക്ഷം രൂപാ. നാലു തവണ എം.പി.യോ എം.എല്‍.യോ ആയാല്‍ അയാള്‍ക്ക് നാലു പെന്‍ഷന്‍. 'ഉള്ളവന് കൊടുക്കപ്പെടും; ഇല്ലാത്തവനില്‍നിന്ന് ഉള്ളതുകൂടി എടുക്കപ്പെടും' എന്ന ബൈബിള്‍വാക്യം ഓര്‍ത്ത് സാലറിയില്ലാത്തവന്‍ ആശ്വസിക്കട്ടെ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)