തിരുവനന്തപുരത്തു കഴിഞ്ഞദിവസങ്ങളില്‍ നടന്ന സൈബര്‍ അതിക്രമങ്ങളും കായികമായി നടന്ന പ്രത്യാക്രമണത്തിലെ തെറിയഭിഷേകവും ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടു. ഇരുകൂട്ടരെയും അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ പ്രവഹിച്ചുകൊണ്ടിരിക്കുന്നു. പ്രതികരണങ്ങള്‍ ഏറെയും വികാരങ്ങളിലധിഷ്ഠിതമായ പക്ഷം പിടിക്കലുകളായിരുന്നു. ഹീനവും അരോചകവുമായിരുന്നു സൈബര്‍ പോസ്റ്റുകളെങ്കില്‍, നാട്ടിലെ സര്‍വനിയമവ്യവസ്ഥകളെയും കാറ്റില്‍ പറത്തുന്ന ഹുങ്കായിരുന്നു തെറിയഭിഷേകത്തില്‍ അരങ്ങേറിയ വനിതാ പ്രത്യാക്രമണം. കൈയേറ്റം ലൈവായി ലോകത്തെ കാണിക്കാന്‍ മുതിര്‍ന്ന ഇവരുടെ ധാര്‍ഷ്ട്യത്തെ അഭിനന്ദിച്ച ഭരണാധികാരികള്‍ സ്വയം മുഖത്തു തുപ്പുകയായിരുന്നു. അവരില്‍ ചിലര്‍ ഇരിക്കുന്ന സ്ഥാനങ്ങളുടെ പരിമിതികള്‍ ശരിക്കും മറന്നു, അവരുടെ പ്രതികരണം കുറ്റകരവുമാണ്.
പ്രതികരിക്കാന്‍ ന്യായമായ വഴികള്‍ തിരഞ്ഞെടുത്തിരുന്നെങ്കില്‍ ലോകം മുഴുവന്‍ ഈ വനിതകളെ ബഹുമാനിക്കുമായിരുന്നു. പകരം തെറിയഭിഷേകത്തില്‍ സര്‍വശോഭയും കെട്ടുപോയ കിരാതമര്‍ദ്ദനമാണ് ലോകദൃഷ്ടിയില്‍ അവര്‍ കാഴ്ചവച്ചത്. ലോകം മുഴുവന്‍ കാണിച്ചു കൊടുത്ത അവരുടെ ആ പ്രവൃത്തി നാടിനുതന്നെ ലജ്ജാകരം.
അതിനെ അഭിനന്ദിച്ച വ്യവസ്ഥാപിതഭരണകൂടപ്രതിനിധികള്‍ നാടിനു നാണക്കേടുണ്ടാക്കുന്നു. സൈബര്‍ അതിക്രമങ്ങള്‍ നടത്തിയ വ്യക്തിയും തിരിച്ചാക്രമിച്ചവരും സമൂഹത്തിനു നല്‍കിയ ദുര്‍മാതൃകയ്ക്കു മാപ്പില്ല. ഈ സംഭവത്തെക്കുറിച്ചുണ്ടായ പ്രതികരണങ്ങള്‍ ഏറെയും ഏകപക്ഷീയമായിപ്പോയതാണു ഏറ്റവും വേദനാജനകവും നിരാശപ്പെടുത്തുന്നതും. ഈ വിഷയത്തില്‍ ഇരുകൂട്ടരുടെയും ഇരുവരെയും പിന്തുണച്ചവരുടെയും നിലപാടു നിരാശപ്പെടുത്തുന്നതാണ്. സമൂഹനന്മയാഗ്രഹിക്കുന്നവര്‍ വ്യക്തമായും ശക്തമായും ഇനിയെങ്കിലും കാര്യഗൗരവം മനസ്സിലാക്കി പ്രതികരിക്കണം.
നരകിക്കുന്ന കുടുംബങ്ങള്‍
കൊവിഡ്-സ്വര്‍ണ്ണക്കടത്ത്-കൊല-ആത്മഹത്യാ വാര്‍ത്തകള്‍ കണ്ടും കേട്ടും മാസങ്ങളായി ഭവനങ്ങളില്‍ ചടഞ്ഞിരിക്കുന്ന വൃദ്ധജനങ്ങളും കുട്ടികളും നരകയാതനകള്‍ അനുഭവിക്കുകയാണ്.
അനുദിനകൊവിഡ് മരണവാര്‍ത്തകള്‍ കണ്ടു ഭയവിഹ്വലരാകുന്നവര്‍ അക്കൂടെ കാണുന്നതു തെരുവുകളിലെ ഭ്രാന്തന്‍ ലാത്തിയടികളും വെള്ളം ചീറ്റിക്കലുമാണ്.
വീടുകളില്‍ അടയ്ക്കപ്പെട്ട്, പട്ടിണിയിലും മറ്റു കുടുംബസംഘര്‍ഷങ്ങളിലും പെട്ടുഴലുന്ന അവശവിഭാഗക്കാര്‍ക്ക് രാപകല്‍ ചാനലുകളില്‍ കാണുന്ന ഈ ദൃശ്യങ്ങള്‍ അസഹ്യമാണ്. ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ പോര്‍വിളികള്‍ നാടുനയിക്കുന്നവരുടെ തനി സ്വരൂപം കാണിക്കുന്നു. ലജ്ജയും ഞെട്ടലും ഉണ്ടാക്കുന്നു.
കൊവിഡ് സഹിക്കാം, ഈ പരിതോവസ്ഥകള്‍ താങ്ങാവുന്നതല്ല. നാട്ടിലെ മത-സാമൂഹിക-സാംസ്‌കാരികചിന്തകര്‍ ജനരക്ഷയ്ക്കായി ഒന്നുംതന്നെ ചെയ്തു കാണുന്നില്ല. ഈ നിസ്സഹായാവസ്ഥ വല്ലാതെ വേദനിപ്പിക്കുന്നില്ലേ. സഹോദരങ്ങളേ?