1964 ഓഗസ്റ്റ് ഒന്ന്. കോഴിക്കോടുജില്ലയിലെ കാവിലുംപാറയില്‍ വച്ച് കേരളത്തിലെ പ്രമുഖനായ ഒരു രാഷ്ട്രീയനേതാവു ഹൃദയസ്തംഭനംമൂലം മരണമടഞ്ഞു - അന്ന് അധികാരത്തിലിരുന്ന ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന പി.ടി. ചാക്കോ. ശങ്കറുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് ആ വര്‍ഷം ഫെബ്രുവരിയില്‍ മന്ത്രിസഭയില്‍നിന്നു ചാക്കോ രാജിവച്ചിരുന്നു.
കേരളസംസ്ഥാനം രൂപംകൊണ്ടശേഷം 1957 ല്‍ നടന്ന ആദ്യതിരഞ്ഞെടുപ്പില്‍ അധികാരം പിടിച്ചതു കമ്യൂണിസ്റ്റുപാര്‍ട്ടിയായിരുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാടു മുഖ്യമന്ത്രിയായി. പക്ഷേ, രണ്ടു കൊല്ലത്തിനുള്ളില്‍ ഉണ്ടായ വിമോചനസമരത്തിലൂടെ മന്ത്രിസഭ നിലംപതിച്ചു. അന്നു നിയമസഭയിലെ പ്രതിപക്ഷനേതാവായിരുന്നു പി.ടി. ചാക്കോ. വിമോചനസമരത്തിന്റെ യഥാര്‍ഥ അമരക്കാരനും അദ്ദേഹംതന്നെയായിരുന്നു. തുടര്‍ന്ന് 1960 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, പി.എസ്.പി., മുസ്ലീംലീഗ്കക്ഷികള്‍ ചേര്‍ന്നു രൂപംകൊടുത്ത ഐക്യകക്ഷി വന്‍വിജയം നേടി. അന്നു മുഖ്യമന്ത്രിയാകേണ്ടത് പി.ടി. ചാക്കോ ആയിരുന്നു. എങ്കിലും പി.എസ്.പിയിലെ മുതിര്‍ന്ന നേതാവ് പട്ടം താണുപിള്ളയ്ക്കുവേണ്ടി അദ്ദേഹം വഴിമാറിക്കൊടുത്തു. പിന്നീട് പട്ടംതാണുപിള്ള പഞ്ചാബ് ഗവര്‍ണറായി പോയപ്പോഴും ആര്‍. ശങ്കറിനുവേണ്ടി ചാക്കോ മുഖ്യമന്ത്രിപദം വേണ്ടെന്നുവച്ചു.
മധ്യതിരുവിതാംകൂറിലെ, അതായത്, ഇന്നത്തെ എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ, ബഹുഭൂരിപക്ഷം വരുന്ന നായര്‍-ക്രൈസ്തവസമൂഹത്തിന്റെ പ്രിയങ്കരനായ നേതാവായിരുന്നു ചാക്കോ. കേരളത്തിലെമ്പാടും അദ്ദേഹത്തിനു വലിയ അനുയായിവൃന്ദമുണ്ടായിരുന്നെങ്കിലും, മധ്യതിരുവിതാംകൂറില്‍ ചാക്കോ ഏറെ സമ്മതനായിരുന്നു. ഇക്കാരണത്താല്‍, മന്ത്രിസഭയില്‍നിന്നുള്ള അദ്ദേഹത്തിന്റെ രാജിയും തുടര്‍ന്നുള്ള ആകസ്മികമരണവും ലക്ഷക്കണക്കിനുവരുന്ന അനുയായികള്‍ക്കു കനത്ത ആഘാതമായിത്തീര്‍ന്നു.
പി.ടി. ചാക്കോ കേരളത്തിലെ മധ്യവര്‍ഗത്തിന്റെ; പ്രത്യേകിച്ച്, കര്‍ഷകജനതയുടെ പ്രിയങ്കരനായ നേതാവായിരുന്നു എന്ന വസ്തുതകൂടി ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ലക്ഷക്കണക്കിനു വരുന്ന ഈ ജനവിഭാഗം, നിലവിലുള്ള കോണ്‍ഗ്രസ്‌നേതൃത്വം ചാക്കോയോടു നീതി പുലര്‍ത്തിയില്ലെന്നും അതിന്റെ ഫലമായാണ് അദ്ദേഹം നെഞ്ചുപൊട്ടി മരിച്ചതെന്നും വികാരംകൊണ്ടു. അങ്ങനെയിരിക്കേയാണ് സെപ്റ്റംബര്‍ ആദ്യം ശങ്കര്‍മന്ത്രിസഭയ്‌ക്കെതിരേ അവിശ്വാസപ്രമേയം വന്നത്. പി.ടി. ചാക്കോയെ തങ്ങളുടെ നേതാവായി അംഗീകരിച്ചിരുന്ന 15 കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ അവിശ്വാസപ്രമേയത്തെ അനുകൂലിക്കുകയും ശങ്കര്‍മന്ത്രിസഭ തകരുകയും ചെയ്തു.
മന്ത്രിസഭാപതനത്തെത്തുടര്‍ന്ന്, ഈ 15 എം.എല്‍.എ.മാര്‍ക്ക് മധ്യകേരളത്തിലെമ്പാടും സ്വീകരണയോഗങ്ങളുണ്ടായി. ഓരോ സ്ഥലത്തും എം.എല്‍.എ. മാര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ പതിനായിരങ്ങള്‍ ഒഴുകിയെത്തി. ഈ ജനങ്ങളെ രാഷ്ട്രീയമായി സംഘടിപ്പിച്ചുകൊണ്ടല്ലാതെ തങ്ങള്‍ക്കു നിലനില്പില്ലെന്ന് എം.എല്‍.എ.മാര്‍ മനസ്സിലാക്കി. ഇതിന്റെ ഫലമാണ് കേരള കോണ്‍ഗ്രസ്.
പുതിയ പാര്‍ട്ടിരൂപീകരണത്തിനുള്ള ആദ്യയോഗം സെപ്റ്റംബര്‍ 19 ന് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്നു. കെ.എം. ജോര്‍ജ് കണ്‍വീനറായി ഒരു അഡ്‌ഹോക് കമ്മിറ്റിക്കു രൂപംനല്‍കി. ഒക്‌ടോബര്‍ മൂന്നിന് അഡ്‌ഹോക് കമ്മിറ്റിയുടെ യോഗം കോട്ടയം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്നു. 'കേരള കോണ്‍ഗ്രസ് റിഫോമിസ്റ്റ്' എന്നൊരു സംഘടന രൂപീകരിക്കാന്‍ യോഗം തീരുമാനിച്ചു. കേരളത്തിലെ കോണ്‍ഗ്രസ്പാര്‍ട്ടിയെ നവീകരിക്കുകയായിരുന്നു സംഘടനയുടെ ലക്ഷ്യം.
കേരള കോണ്‍ഗ്രസ് റിഫോമിസ്റ്റിന്റെ ആദ്യകണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ ഒമ്പതിനു കോട്ടയം ലക്ഷ്മിനിവാസ് ഓഡിറ്റോറിയത്തില്‍ നടന്നു. റിഫോമിസ്റ്റുകക്ഷി സ്വീകരിക്കേണ്ട രാഷ്ട്രീയനിലപാടിനെപ്പറ്റിയായിരുന്നു ചര്‍ച്ച. 15 എം.എല്‍.എ. മാരും 150 പ്രമുഖപ്രവര്‍ത്തകരും പങ്കെടുത്തു. ഹാളില്‍ കസേരകളുണ്ടായിരുന്നില്ല; എല്ലാവരും തറയിലാണിരുന്നത്.
ചര്‍ച്ചകള്‍ക്കൊടുവില്‍ കേരളകോണ്‍ഗ്രസ് എന്നൊരു പുതിയ രാഷ്ട്രീയകക്ഷിക്കു രൂപം നല്കാന്‍ തീരുമാനമായി. ഭാരവാഹികളെയും തിരഞ്ഞെടുത്തു. ചെയര്‍മാന്‍ കെ.എം. ജോര്‍ജായിരുന്നു. എന്‍. ഭാസ്‌കരന്‍നായരും ഇ. ജോണ്‍ ജേക്കബും വൈസ് ചെയര്‍മാന്‍മാര്‍. മൂന്നു സെക്രട്ടറിമാര്‍ - മാത്തച്ചന്‍ കുരുവിനാക്കുന്നേല്‍, ആര്‍. ബാലകൃഷ്ണപിള്ള, കെ.ആര്‍. സരസ്വതിയമ്മ എന്നിവര്‍. ഓര്‍ഗനൈസിങ് സെക്രട്ടറിയായി ഒ.വി. ലൂക്കോസും ഖജാന്‍ജിയായി സി.എ. മാത്യുവും. 25 അംഗ സംസ്ഥാനകമ്മിറ്റിക്കും രൂപം നല്കി.
യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നതിങ്ങനെ: ''കോണ്‍ഗ്രസിന്റെ പ്രഖ്യാപിതമായ ജനാധിപത്യസോഷ്യലിസം സ്ഥാപിക്കുന്നതിനും അഴിമതിയില്ലാത്ത ഒരു ഭരണകൂടം ഉണ്ടാവുന്നതിനും ബഹുജനാഭിലാഷത്തെ മാനിച്ച്, കേരള കോണ്‍ഗ്രസ് എന്ന പേരില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുന്നതിന് ഈ കണ്‍വന്‍ഷന്‍ തീരുമാനിക്കുന്നു.''
ഈ തീരുമാനം അന്നു വൈകുന്നേരം തിരുനക്കരമൈതാനത്തു ചേര്‍ന്ന പി.ടി. ചാക്കോഫണ്ടുസമര്‍പ്പണസമ്മേളനത്തില്‍ അധ്യക്ഷനായിരുന്ന മന്നത്തു പത്മനാഭന്‍ പ്രഖ്യാപിച്ചു. അങ്ങനെ കേരളകോണ്‍ഗ്രസ് എന്ന പുതിയ രാഷ്ട്രീയകക്ഷി കേരളത്തില്‍ ജന്മമെടുത്തു.
കേരള കോണ്‍ഗ്രസിന്റെ ജനപിന്തുണ പരീക്ഷിച്ചറിയാന്‍ ലഭിച്ച ആദ്യാവസരം, 1965 മാര്‍ച്ചില്‍ നടന്ന നിയമസഭാതിരഞ്ഞെടുപ്പായിരുന്നു. സംസ്ഥാനത്തുടനീളം പാര്‍ട്ടിയെ സുസജ്ജമാക്കാന്‍ വേണ്ട സാവകാശം അവര്‍ക്കു ലഭിച്ചിരുന്നില്ല. എങ്കിലും, ഒറ്റയ്ക്കു മത്സരിച്ച കേരളാകോണ്‍ഗ്രസിന് 25 മണ്ഡലങ്ങളില്‍ വിജയിക്കാന്‍ കഴിഞ്ഞത് ഒരു രാഷ്ട്രീയവിസ്മയമായി കണക്കാക്കപ്പെടുന്നു. മധ്യകേരളത്തില്‍ പി.ടി. ചാക്കോയുടെ സ്വാധീനമേഖലയിലാണ് ഈ വന്‍വിജയം പാര്‍ട്ടിക്കു നേടാന്‍ കഴിഞ്ഞത്.
ജനാധിപത്യസംവിധാനത്തില്‍ ഒരു പാര്‍ട്ടിക്കു പ്രഖ്യാപിതനയങ്ങള്‍ നടപ്പാക്കാന്‍വേണ്ടത് ഭരണപങ്കാളിത്തമാണ്. വലിയ ജനപിന്തുണയുണ്ടെന്നു തെളിയിച്ച കേരളകോണ്‍ഗ്രസിനു പക്ഷേ, ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞില്ല. ഒരു കക്ഷിക്കും മന്ത്രിസഭ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ലാതെപോയതുകൊണ്ട് നിയമസഭ ചേരാതെതന്നെ പിരിച്ചുവിടപ്പെടുകയായിരുന്നു. കേരള കോണ്‍ഗ്രസിന്റെ 25 വിജയികളില്‍ 14 പേരും പുതുമുഖങ്ങളായിരുന്നു. നിയമസഭ ചേര്‍ന്നു സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയാതെപോയതുകൊണ്ട് അവര്‍ക്ക് മുന്‍ എം.എല്‍.എമാരാകാന്‍പോലും കഴിഞ്ഞില്ല. അവരില്‍ പലരും പിന്നീടൊരിക്കലും നിയമസഭയില്‍ എത്തിയതുമില്ല.
അടുത്ത തിരഞ്ഞെടുപ്പ് 1967 ഫെബ്രുവരിയില്‍ നടന്നു. ഇക്കുറി കേരള കോണ്‍ഗ്രസ് എം.എല്‍.എ.മാരുടെ എണ്ണം ആറായിക്കുറഞ്ഞു. 1965 ലെ വിജയത്തിനുശേഷം കേരളകോണ്‍ഗ്രസിന്റെ അസ്തിത്വംതന്നെ നഷ്ടപ്പെടുത്തുന്ന രീതിയില്‍ പല രാഷ്ട്രീയനീക്കങ്ങളുമുണ്ടായി. പാര്‍ട്ടിയുടെ തലതൊട്ടപ്പന്‍ മന്നത്തു പത്മനാഭന്‍പോലും കേരള കോണ്‍ഗ്രസ് പിരിച്ചുവിട്ടു കോണ്‍ഗ്രസില്‍ ലയിക്കണം എന്ന നിലപാടു സ്വീകരിച്ചു. പാര്‍ട്ടി അതു തള്ളിക്കളഞ്ഞു. അതോടെ മന്നം കേരള കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞു. അദ്ദേഹവും കുറെ നേതാക്കളും പാര്‍ട്ടി വിട്ടുപോവുകയും ചെയ്തു. ഇതാണ് 1967 ലെ തിരഞ്ഞെടുപ്പുപരാജയത്തിന്റെ പശ്ചാത്തലം.
1969 ല്‍ രണ്ടാം ഇ.എം.എസ്. മന്ത്രിസഭയും തകര്‍ന്നു. പിന്നാലെ കോണ്‍ഗ്രസിന്റെയും കേരള കോണ്‍ഗ്രസിന്റെയും പിന്തുണയോടെ സി.പി.ഐ. നേതാവ് സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായി പുതിയ മന്ത്രിസഭ അധികാരത്തില്‍ വന്നു. 1970 ലായിരുന്നു അടുത്ത തിരഞ്ഞെടുപ്പ്. അന്നും കേരളകോണ്‍ഗ്രസ് ഒറ്റയ്ക്കു മത്സരിച്ചു. 15 മണ്ഡലങ്ങളില്‍ ജയിച്ചുകൊണ്ട് കേരളകോണ്‍ഗ്രസ് വീണ്ടും ശക്തി തെളിയിച്ചു.
എങ്കിലും, കേരള കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ ഒട്ടും ഭദ്രമായിരുന്നില്ല. നേതാക്കന്മാര്‍ തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ രൂക്ഷമായിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കേ, അച്ചടക്കലംഘനം ആരോപിച്ച് ആദ്യമായി പ്രമുഖനേതാക്കളെ പുറത്താക്കുന്ന നടപടിയുമുണ്ടായി. ജനറല്‍ സെക്രട്ടറി മാത്തച്ചന്‍ കുരുവിനാക്കുന്നേലിനെയും തിരുവല്ല എം.എല്‍.എ. ഇ. ജോണ്‍ ജേക്കബിനെയും 1974 ജൂലൈ 25 നു പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. മൂന്നു മാസത്തിനുള്ളില്‍, അകലക്കുന്നം എം.എല്‍.എ. ജെ.എ. ചാക്കോ ചെയര്‍മാനായി ഇ. ജോണ്‍ ജേക്കബിനെയും മാത്തച്ചന്‍ കുരുവിനാക്കുന്നേലിനെയും ഒപ്പംകൂട്ടി ഒറിജിനല്‍ കേരള കോണ്‍ഗ്രസ് എന്നൊരു പുതിയ പാര്‍ട്ടി രൂപംകൊണ്ടു. ഇതിനെ കേരള കോണ്‍ഗ്രസിലുണ്ടായ ആദ്യപിളര്‍പ്പ് എന്നു വിശേഷിപ്പിക്കുന്നു. വരാനിരിക്കുന്ന നിരവധി പിളര്‍പ്പുകളുടെയും പുതിയ പുതിയ കേരള കോണ്‍ഗ്രസ് രൂപീകരണങ്ങളുടെയും തുടക്കമായിരുന്നു ഈ സംഭവം.
അടുത്ത പിളര്‍പ്പ് 1976 ജൂണ്‍ ഒന്നിനായിരുന്നു. അന്നു രണ്ട് കേരള കോണ്‍ഗ്രസുകള്‍ നിലവില്‍ വന്നു-കെ.എം. ജോര്‍ജിന്റെ നേതൃത്വത്തിലും കെ.എം. മാണിയുടെ നേതൃത്വത്തിലും. അന്ന് കേരള കോണ്‍ഗ്രസിനു മൂന്നു മന്ത്രിമാരുണ്ടായിരുന്നു. കെ.എം. ജോര്‍ജും കെ.എം. മാണിയും ആര്‍ ബാലകൃഷ്ണപിള്ളയും. 1976 ഡിസംബര്‍ 11 ന് കെ.എം. ജോര്‍ജ്അന്തരിച്ചു. തുടര്‍ന്ന് കെ. നാരായണക്കുറുപ്പ് മന്ത്രിയായി.
14 എം.എല്‍.എ.മാരും മൂന്നു മന്ത്രിമാരും ഉണ്ടായിരുന്നിട്ടും പാര്‍ട്ടിയിലെ അസ്വാരസ്യങ്ങള്‍ ശമിച്ചില്ല. 1977 ജനുവരി 30 ന് ആര്‍. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് പിള്ള ഗ്രൂപ്പ് നിലവില്‍വന്നു. അടിയന്തരാവസ്ഥയ്ക്കുശേഷമുള്ള പൊതുതിരഞ്ഞെടുപ്പ് 1977 മാര്‍ച്ചിലായിരുന്നു. കേരളാകോണ്‍ഗ്രസ് 20 നിയമസഭാസീറ്റിലും രണ്ടു ലോക്‌സഭാസീറ്റിലും വിജയിച്ചു. പാര്‍ട്ടി അതിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുകയാണെന്ന് എല്ലാവരും കരുതി.
എന്നാല്‍, മാരകമായ ഒരു പ്രഹരം പുതിയ പിളര്‍പ്പിന്റെ രൂപത്തില്‍ പാര്‍ട്ടിക്ക് ഏറ്റുവാങ്ങേണ്ടിവന്നു. 1979 ജൂലൈ 15 ന് കെ.എം. മാണിയുടെയും പി.ജെ. ജോസഫിന്റെയും നേതൃത്വത്തില്‍ കേരളകോണ്‍ഗ്രസ് നെടുകെ പിളര്‍ന്നു. കേരള കോണ്‍ഗ്രസ് (എം)ഉം കേരള കോണ്‍ഗ്രസ് (ജെ)യും നിലവില്‍വന്നു. എന്നാല്‍, നാലു വര്‍ഷത്തിനുശേഷം 1983 മാര്‍ച്ച് മൂന്നിന് മാണി, ജോസഫ് വിഭാഗങ്ങള്‍ ലയിച്ചു. ജനാധിപത്യവിശ്വാസികള്‍ പൊതുവെ ആശ്വസിച്ചു. കേരള കോണ്‍ഗ്രസ് ശക്തമായി മുന്നോട്ടു പോകുമല്ലോ.
ഈ ആശ്വാസത്തിനു ഹ്രസ്വായുസ്സേ ഉണ്ടായിരുന്നുള്ളൂ. 1987 ഫെബ്രുവരി 22 ന് മാണിയും ജോസഫുമായി പാര്‍ട്ടി വീണ്ടും പിളര്‍ന്നു. തൊട്ടടുത്ത മാസം, മാര്‍ച്ച് 23 ന് വീണ്ടും നിയമസഭാതിരഞ്ഞെടുപ്പ്. ജനങ്ങള്‍ കേരള കോണ്‍ഗ്രസിനെ കഠിനമായി ശിക്ഷിച്ചു. മാണിവിഭാഗത്തിനു നാലും ജോസഫ് വിഭാഗത്തിന് അഞ്ചും എം.എല്‍.എ.മാര്‍മാത്രം. ശിക്ഷ ഏറ്റുവാങ്ങിക്കൊണ്ട് ഗ്രൂപ്പുകള്‍ പിന്നെയും വേറിട്ടുതന്നെ നിന്നു. 1991 ലെ തിരഞ്ഞെടുപ്പില്‍ ഐക്യമുന്നണിയിലായിരുന്ന മാണിവിഭാഗം പത്ത് എം.എല്‍.എ.മാരുമായി അധികാരത്തിലെത്തി. അധികാരത്തിലിരിക്കേ പാര്‍ട്ടി വീണ്ടും പിളര്‍ന്നു. 1993 ഡിസംബര്‍ 16 ന് ടി.എം. ജേക്കബ് മൂന്ന് എം.എല്‍.എമാരോടൊപ്പം പിളര്‍ന്നുമാറി കേരളകോണ്‍ഗ്രസ് (ജേക്കബ്) നു രൂപം നല്‍കി. ഇതുകൊണ്ടും പിളര്‍പ്പുകള്‍ അവസാനിച്ചില്ല. 1995, 1996, 2001, 2015, 2016, 2017 വര്‍ഷങ്ങളില്‍ ഗ്രൂപ്പുകള്‍ പിന്നെയും പിളരുന്നുണ്ട്. ഇതിനിടയില്‍ ജനാധിപത്യവിശ്വാസികളുടെ പ്രതീക്ഷകള്‍ പൂവണിയിച്ചുകൊണ്ട് ഒരു ലയനവും കേരളകോണ്‍ഗ്രസിലുണ്ടായി. 2010 മേയ് 27 ന് മാണി, ജോസഫ് വിഭാഗങ്ങള്‍ ലയിച്ച് ഏകകക്ഷിയായിത്തീര്‍ന്നു. ഇതൊരു വെറും ഏച്ചുകെട്ടല്‍മാത്രമായിരുന്നു. ഒരു കക്ഷിക്കുള്ളില്‍ രണ്ടു വിഭാഗങ്ങളായിത്തന്നെയാണു തുടര്‍വര്‍ഷങ്ങളിലും പാര്‍ട്ടി മുന്നോട്ടുപോയത്.
ഒടുവില്‍, പിന്നെയും പാര്‍ട്ടി രണ്ടായി. മനസ്സുകൊണ്ട് ഒന്നിക്കാന്‍ കഴിയാതിരുന്ന നേതാക്കള്‍ 2019 ജൂണ്‍ 16 ന് വീണ്ടും രണ്ടായി. കേരള കോണ്‍ഗ്രസിന്റെ എന്നത്തെയും വലിയ ശക്തികേന്ദ്രമായ കെ.എം. മാണി അന്തരിച്ചിട്ട് അന്നേക്ക് എട്ടു ദിവസംമാത്രമേ ആയിരുന്നുള്ളൂ.
1965 ല്‍ 25 നിയമസഭാസീറ്റുകളില്‍ ജയിച്ച കേരള കോണ്‍ഗ്രസിന് 60 വയസ്സു തികയുമ്പോള്‍ വിവിധ ഗ്രൂപ്പുകളിലായി ആകെ പത്ത് എം.എല്‍.എ.മാര്‍ മാത്രം. പാര്‍ട്ടി പിളര്‍ന്നുണ്ടായ ഗ്രൂപ്പുകളുടെ എണ്ണം എട്ടും.
ഇങ്ങനെയൊക്കെയാണെങ്കിലും കേരളകോണ്‍ഗ്രസ് ഇന്നും പ്രബലമായ ഒരു രാഷ്ട്രീയപ്രസ്ഥാനംതന്നെയാണ്. മധ്യവര്‍ഗത്തിന്റെ (കര്‍ഷകജനതയുടെ) താത്പര്യങ്ങള്‍ക്കുവേണ്ടി രൂപംകൊണ്ട പാര്‍ട്ടിയില്‍ ആ ജനവിഭാഗം ഇന്നും പ്രതീക്ഷ വച്ചുപുലര്‍ത്തുന്നുണ്ട്. അവരുടെ ആവശ്യങ്ങളും താത്പര്യങ്ങളും ഉള്‍ച്ചേര്‍ത്തുകൊണ്ടാണു കെ.എം. മാണി 1973 ലെ ആലുവാ സാമ്പത്തികപ്രമേയവും 1978 ലെ അധ്വാനവര്‍ഗസിദ്ധാന്തവും വഴി കേരളകോണ്‍ഗ്രസിനു പ്രത്യയശാസ്ത്രപരമായ അടിത്തറ തീര്‍ത്തത്. കര്‍ഷകര്‍ക്കു ഭൂരിപക്ഷമുള്ള മധ്യവര്‍ഗത്തെയാണു പാര്‍ട്ടി എന്നും ചേര്‍ത്തുനിര്‍ത്തിയത്. 'പള്ളിയച്ചന്മാരുടെയും പിള്ളയച്ചന്മാരുടെയും ജന്മികളുടെയും പണച്ചാക്കുകളുടെയും വര്‍ഗീയശക്തികളുടെയും പാര്‍ട്ടി' എന്നാണു ശത്രുപക്ഷം തുടക്കംമുതലേ കേരളകോണ്‍ഗ്രസിനെ ആക്ഷേപിച്ചുപോന്നത്. റബര്‍കര്‍ഷകര്‍ക്കുവേണ്ടിയും നെല്‍കര്‍ഷകര്‍ക്കുവേണ്ടിയും സാധാരണക്കാരുടെ റേഷന്‍വിഹിതം വര്‍ധിപ്പിച്ചുകിട്ടുന്നതിനുവേണ്ടിയും കേരള കോണ്‍ഗ്രസ് ആദ്യംമുതലേ സമരരംഗത്തുണ്ടായിരുന്നു.
കേരളത്തിലെ സ്വകാര്യകോളജുകളുടെ ഇന്നത്തെ സുരക്ഷിതനില, 1971-72 ലെ വിദ്യാഭ്യാസസമരകാലത്തു കേരളകോണ്‍ഗ്രസ് സ്വീകരിച്ച നിലപാടുകളുടെ അനന്തരഫലമാണ്. എന്നല്ല, പൊതുവെ വിദ്യാഭ്യാസരംഗത്തു സ്വകാര്യമേഖലയ്‌ക്കെതിരെയുള്ള ഏതു നീക്കത്തെയും പാര്‍ട്ടി ശക്തമായി ചെറുത്തുതോല്പിച്ചിട്ടുണ്ട്. തോട്ടവിളകളുടെ അമിതനികുതി ഒഴിവാക്കിയും കുടിയേറ്റക്കര്‍ഷകര്‍ക്കു പട്ടയം നല്കുന്ന കാര്യത്തില്‍ മുന്‍നിന്നു പ്രവര്‍ത്തിച്ചും കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നിരവധി ക്ഷേമപെന്‍ഷനുകള്‍ ഏര്‍പ്പെടുത്താന്‍ മുന്‍കൈയെടുത്തും കാരുണ്യപദ്ധതിപോലെയുള്ള ജനപ്രിയപദ്ധതികള്‍ക്കു രൂപം നല്കിയും കേരള കോണ്‍ഗ്രസ് കഴിഞ്ഞ ആറു പതിറ്റാണ്ടിനിടയില്‍ കേരളവികസനത്തിന്റെ രാഷ്ട്രീയഊര്‍ജ്ജമായി നിലകൊണ്ടു. ഇനിയും ഈ വഴിക്കു പാര്‍ട്ടിയില്‍നിന്നുള്ള നേട്ടങ്ങള്‍ക്കായി കേരള ജനത പ്രതീക്ഷാപൂര്‍വം ഉറ്റുനോക്കുന്നതു കേരളകോണ്‍ഗ്രസിനെയാണെന്നതു നേതാക്കള്‍ മറക്കാതിരിക്കട്ടെ. വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന പാര്‍ട്ടി എന്നു കെ.എം. മാണി പ്രവര്‍ത്തകരെ ആശ്വസിപ്പിച്ച കാര്യം മറന്നേക്കുക.
ലേഖനം
കര്‍ഷകര്‍ കാത്തുവച്ച പ്രസ്ഥാനം: അറുപതു തികഞ്ഞ കേരള കോണ്‍ഗ്രസ് ചരിത്രവഴികളിലൂടെ
