•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പാവം കര്‍ഷകര്‍ എന്തു പിഴച്ചു?

ഇ.എസ്.എ. - വസ്തുതകളും ആശങ്കകളും പരിഹാരങ്ങളും

    പശ്ചിമഘട്ടപ്രദേശത്ത് ജൈവവൈവിധ്യസംരക്ഷണവും, പരിസ്ഥിതിസംരക്ഷണവും സാധ്യമാക്കുന്നതിനും, ഈ പ്രദേശങ്ങള്‍ക്കു ലോകപൈതൃകപദവി നേടിയെടുക്കുന്നതിനുംവേണ്ടി 2010 മാര്‍ച്ചിലാണ് ഗാഡ്ഗില്‍ കമ്മിറ്റിയെ നിയോഗിക്കുന്നത്. 2011 ഓഗസ്റ്റ് 31 ന് കമ്മിറ്റി അവരുടെ ശിപാര്‍ശകള്‍ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചു.
     പശ്ചിമഘട്ടത്തിലെ മലയോരമേഖലകള്‍ ഏതാണ്ട് പൂര്‍ണമായും ഉള്‍പ്പെടുന്നതും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമായ ശിപാര്‍ശകളില്‍ ഈ പ്രദേശത്തിന്റെ നിയന്ത്രണത്തിനായി വെസ്റ്റേണ്‍ ഗാട്ട് ഇക്കോളജിക്കല്‍ അതോറിറ്റി [WGEA] എന്ന ഭരണസംവിധാനം രൂപീകരിക്കണമെന്ന നിര്‍ദ്ദേശവും ഉള്‍പ്പെടുന്നതായിരുന്നു ഗാഡ്ഗിലിന്റെ ശിപാര്‍ശകള്‍.
   1600 കിലോമീറ്റര്‍ നീളമുള്ള പശ്ചിമഘട്ടപര്‍വതശൃംഖല ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര, കര്‍ണാടകം, തമിഴ്‌നാട്, കേരളം എന്നീ ആറു സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്നു.
   പശ്ചിമഘട്ടത്തെ ഏഴു ക്ലസ്റ്ററുകളായി തിരിച്ച് ആകെ 39 സൈറ്റ്ഘടകങ്ങള്‍ ഉള്‍പ്പെടുന്നതാണ് ലോകപൈതൃകപ്രദേശമായി നിശ്ചയിച്ചിരിക്കുന്നത്.
ഇതില്‍ സൈറ്റുകള്‍ തമ്മിലുള്ള തുടര്‍ച്ച ലക്ഷ്യമിട്ടാണ് യുനെസ്‌കോതാത്പര്യപ്രകാരം  ബഫര്‍സോണ്‍ നിര്‍ദേശം ഉയര്‍ന്നുവന്നത്. പല സംസ്ഥാനങ്ങളിലായാണ് 39  സൈറ്റുകള്‍ കിടക്കുന്നത്. അതെല്ലാംകൂടി ഒരു അധികാരകേന്ദ്രത്തിനുകീഴില്‍ വരാന്‍വേണ്ടിയാണ്  പശ്ചിമഘട്ട അതോറിറ്റി (WGEA) രൂപീകരിക്കാന്‍  നിര്‍ദേശിച്ചത്.  സുപ്രീംകോടതിക്കുപോലും ചോദ്യം ചെയ്യാന്‍ പറ്റാത്ത സ്റ്റാറ്റിയൂട്ടറി  ബോഡിയാണിത്.
തികച്ചും ജനാധിപത്യവിരുദ്ധവും അമിതാധികാരങ്ങളുള്ളതുമായ ഈ  അതോറിട്ടിക്കു കീഴില്‍ പശ്ചിമഘട്ടത്തെ കൊണ്ടുവരാനുള്ള നീക്കം വളരെ ഉത്തരവാദിത്വപ്പെട്ടവര്‍പോലും തിരിച്ചറിഞ്ഞിരുന്നില്ല.
   പശ്ചിമഘട്ടമേഖലയുടെ പഠനത്തിനായി ഗാഡ്ഗില്‍ കമ്മിറ്റി ആശ്രയിച്ചത് വിവിധ പരിസ്ഥിതിശാസ്ത്രജ്ഞരും തീവ്രപരിസ്ഥിതിസംഘടനകളും അന്തര്‍ദേശീയ സാമ്പത്തികസഹായത്തോടെ നടത്തിയ പഠനറിപ്പോര്‍ട്ടുകളായിരുന്നു. അതുകൊണ്ടുതന്നെ പ്രസ്തുത റിപ്പോര്‍ട്ട് യുഎന്നിന്റെ (UN) പരിസ്ഥിതിസംരക്ഷണപ്രോട്ടോക്കോളുകള്‍ക്കു വിരുദ്ധമായിരുന്നു.
   ഇഎസ്എ ആയി പ്രഖ്യാപിക്കപ്പെടുന്ന പ്രദേശത്തെ ജനങ്ങളുടെ തൊഴില്‍, സാമ്പത്തികവികസനം, ജീവിതനിലവാരം, വ്യാവസായികവികസനം തുടങ്ങിയവയെ പ്രതികൂലമായി ബാധിക്കുന്നതും കടുത്ത പരിസ്ഥിതിനിയമനിയന്ത്രണങ്ങള്‍ക്കു കീഴില്‍ ഈ പ്രദേശത്തെ കൊണ്ടുവരുന്നതും നടപ്പിലാക്കാന്‍ കഴിയാത്തതുമായിരുന്നു പ്രസ്തുത ശിപാര്‍ശകള്‍.
കസ്തൂരി രംഗന്‍ കമ്മിറ്റി
   ജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍, റിപ്പോര്‍ട്ട് (WGEEP Report) സമഗ്ര വിലയിരുത്തലിനു വിധേയമാക്കുകയും നടപ്പാക്കാന്‍ കഴിയില്ല എന്നു മനസ്സിലാക്കിക്കൊണ്ട് പരിഹാരം കണ്ടെത്തുന്നതിനായി കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ ഉന്നതതല മേല്‍നോട്ടസമിതിയെ (HLWG) നിയമിക്കുകയും ചെയ്തു. പശ്ചിമഘട്ടത്തിന്റെ വിസ്തീര്‍ണം ഏതാണ്ട് 1,60,000 ചതുരശ്രകിലോമീറ്ററായി കണക്കാക്കി അതിന്റെ 37 ശതമാനം വരുന്ന 59,940 ചതുരശ്രകിലോമീറ്റര്‍ സ്ഥലം ഇഎസ്എ ആയി കസ്തൂരിരംഗന്‍ നിര്‍ണയിച്ചു. താലൂക്കിനു പകരം വില്ലേജ് അടിസ്ഥാനയൂണിറ്റായിരിക്കുമെന്നും തീരുമാനിച്ചു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുപ്രകാരം, കേരളത്തിലെ 123 വില്ലേജുകളിലായി 13108 ചതുരശ്രകിലോമീറ്റര്‍ സ്ഥലമാണ് ഇഎസ്എ കണ്ടെത്തിയത്. എന്നാല്‍, ഇത് കേരളത്തിന്റെ ആകെ വനവിസ്തൃതിയെക്കാള്‍ വളരെ കൂടുതലായതിനാല്‍ ജനങ്ങളുടെ ഭാഗത്തുനിന്നുള്ള എതിര്‍പ്പ് വീണ്ടും ശക്തമായി.
   കസ്തൂരിരംഗന്റിപ്പോര്‍ട്ടുപ്രകാരം, മറ്റ് അഞ്ചു സംസ്ഥാനങ്ങളിലും ഇഎസ്എ വിസ്തീര്‍ണം അവിടുത്തെ നാച്ചുറല്‍ ലാന്‍ഡ് സ്‌കേപ്പിനെക്കാള്‍ (സ്വാഭാവികവനഭൂമി) കുറവായിരുന്നു. കേരളത്തില്‍ മാത്രം നാച്ചുറല്‍ ലാന്‍ഡ്‌സ്‌കേപ്പായി കണക്കാക്കിയ 12,447 ചതുരശ്ര കിലോമീറ്ററിലും 631 ചതുരശ്ര കി.മീ. അധികമായി.
കേന്ദ്രനിലപാടുപ്രകാരം ജനവാസമേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കി റിസര്‍വ് ഫോറസ്റ്റുകളും സംരക്ഷിതപ്രദേശങ്ങളും ലോകപൈതൃകപദവിപ്രദേശങ്ങളുംമാത്രം ഇഎസ്എ പ്രഖ്യാപനത്തിനായി നല്‍കിയാല്‍ മതി. ഈ പ്രദേശങ്ങളുടെ ജിയോ കോര്‍ഡിനേറ്റുകള്‍ രേഖപ്പെടുത്തിയ ഇഎസ്എ വില്ലേജ് ഷെയ്പ് മാപ്പ് ഫയല്‍സാണ് കേന്ദ്രത്തിനു നല്‍കേണ്ടത്. കസ്തൂരിരംഗന്റിപ്പോര്‍ട്ടിനോടുള്ള ജനകീയപ്രതിഷേധം ശക്തമായപ്പോള്‍ അപാകതകള്‍ പരിഹരിക്കുന്നതിനായി ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റിയെ സംസ്ഥാനസര്‍ക്കാര്‍ നിയമിച്ചു.
ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി
  ഡോ. ഉമ്മന്‍ വി. ഉമ്മന്റെ നേതൃത്വത്തില്‍ നിയമിക്കപ്പെട്ട   മൂന്നംഗ വിദഗ്ധസമിതി കേരളത്തിലെ 123 വില്ലേജുകളിലെ 9993.7 ചതുരശ്രകിലോമീറ്റര്‍ ഇഎസ്എ ആകുമെന്നും അതില്‍ 9107 ചതുരശ്രകിലോമീറ്റര്‍  വനപ്രദേശവും ബാക്കി 886.7 ചതുരകിലോമീറ്റര്‍പ്രദേശം വനേതരവുമായിരിക്കുമെന്നും കണക്കാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
  ഈ റിപ്പോര്‍ട്ട് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രപരിസ്ഥിതിമന്ത്രാലയത്തിനു സമര്‍പ്പിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ 10-3-2014 ലെ ആദ്യകരട് ഇഎസ്എ വിജ്ഞാപനത്തില്‍ കേരളത്തിന്റെ ഇഎസ്എ 123 വില്ലേജുകളിലായി 9993.7 ചതുരശ്രകിലോമീറ്റര്‍ ആയിരിക്കുമെന്നു പ്രഖ്യാപിക്കുകയും പരാതി സമര്‍പ്പിക്കുന്നതിന് ആറുമാസം സമയം അനുവദിക്കുകയും ചെയ്തു. 
   കരടുവിജ്ഞാപനത്തിന്റെ കാലാവധി തീര്‍ന്ന മുറയ്ക്ക് ഇതേ വിജ്ഞാപനം വീണ്ടും 2015, 2017, 2018, 2022, 2024 എന്നീ വര്‍ഷങ്ങളില്‍ പുനര്‍വിജ്ഞാപനം ചെയ്യുകയും ചെയ്തു. ആദ്യവിജ്ഞാപനത്തിലെ അതേ വിസ്തൃതിതന്നെയാണ് തുടര്‍ന്നുള്ള വിജ്ഞാപനങ്ങളിലും ആവര്‍ത്തിച്ചത്. എന്നാല്‍, വില്ലേജുകളുടെ എണ്ണം 123 ല്‍നിന്ന് 131 ആയി ഉയര്‍ന്നു. ഇക്കാലയളവില്‍ പഴയ വില്ലേജുകളില്‍ പലതും വിഭജിച്ച് പുതിയ വില്ലേജുകള്‍ രൂപീകരിച്ചതിനാലാണ് വില്ലേജുകളുടെ എണ്ണം വര്‍ദ്ധിച്ചത്. ഈ 123 വില്ലേജുകളില്‍ പലതിലും ജനസാന്ദ്രത വളരെ കൂടുതലും വനഭൂമി വളരെ കുറവുമാണ്.
   ജനസാന്ദ്രത ചതുരശ്രകിലോമീറ്ററില്‍ നൂറില്‍ താഴെയും വനവിസ്തൃതി വില്ലേജിന്റെ വിസ്തൃതിയുടെ 20 ശതമാനത്തില്‍ കൂടുതലുമുള്ള വില്ലേജുകളെയായിരുന്നു ഇഎസ്എയില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നത്. കേരളത്തില്‍ ആളോഹരി ഭൂവിസ്തൃതി വളരെ കുറവാണ്. മാത്രവുമല്ല, പരിസ്ഥിതിനിയന്ത്രണങ്ങള്‍ ജനവാസമേഖലയില്‍ കടന്നുകയറുന്നതുവഴി ജനജീവിതം ദുസ്സഹമാവുകയും ചെയ്യും. കൂടാതെ, ഇഎസ്എ പ്രദേശത്തെ ജനങ്ങള്‍ക്കു മറ്റു പ്രദേശത്തുള്ളവരുമായി ഉണ്ടായിരിക്കേണ്ട തുല്യതയും അവസര സമത്വവും ഇല്ലാതാകും
   ഇക്കാര്യം കാണിച്ചുകൊണ്ട് നിരവധി പരാതികള്‍ കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയത്തിനു സമര്‍പ്പിച്ചതിന്റെ ഫലമായി 11-04-2018 ല്‍ കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയത്തിന്റെ അഡീഷണല്‍ സെക്രട്ടറിയായിരുന്ന ശ്രീ എ.കെ മിശ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇഎസ്എ ആയി രേഖപ്പെടുത്തിയിരുന്ന വില്ലേജ്മാനദണ്ഡങ്ങളിലെ (രേഖകളിലെ) വൈരുധ്യങ്ങളെക്കുറിച്ചും പൊതുജനങ്ങളുടെ പരാതികളെക്കുറിച്ചും ചര്‍ച്ച ചെയ്ത്, അവ പരിഹരിച്ച് കേരളത്തിന്റെ ഇഎസ്എ പ്രദേശങ്ങളുടെ മാപ്പ് ഉള്‍പ്പെടെ കാലവിളംബം കൂടാതെ സമര്‍പ്പിക്കുമെന്ന് അറിയിക്കുകയും ചെയ്തു. 
10-06-2018 ലെ കേരള ശിപാര്‍ശക്കത്ത് 
   ഭൂമിവിഷയം എന്നത് സംസ്ഥാനത്തിന്റെ കാര്യമാണ്, ഇക്കാര്യത്തില്‍ പിടിവാശികള്‍ ഇല്ലായെന്നതാണ് കേന്ദ്രത്തിന്റെ സമീപനം.  അതനുസരിച്ച് ജനവാസമേഖലകളും തോട്ടങ്ങളും ജലാശയങ്ങളും ഒറ്റപ്പെട്ട വനപ്രദേശങ്ങളും പാറപ്രദേശങ്ങളും ഒഴിവാക്കി റിസര്‍വ്‌വനത്തിലും സംരക്ഷിതവനപ്രദേശത്തുംമാത്രമായി ശിപാര്‍ശ ചെയ്താല്‍ മതിയെന്ന് സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചു.  അതേത്തുടര്‍ന്ന് 'കേരള സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയണ്‍മെന്റ് സെന്റര്‍'  കേരള വനംവകുപ്പില്‍നിന്നു ലഭ്യമായ ഭൂവിവരങ്ങളും സര്‍വേ ഓഫ് ഇന്ത്യയുടെ ആധികാരികരേഖകളായ ടോപ്പ്ഷീറ്റുകളം (Top Sheets)  കഡസ്ട്രല്‍ മാപ്പുകളും (cadastral Maps)  ഉപഗ്രഹചിത്രങ്ങളും (Satalite images)  ഉപയോഗിച്ചു പഠനം നടത്തുകയും, അതിന്‍പ്രകാരം 92 വില്ലേജുകളിലായി 8656.4 ചതുരശ്രകിലോമീറ്റര്‍ കേരളത്തിന്റെ മൊത്തം ഇഎസ്എ ആയി കണക്കാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും പ്രസ്തുത പ്രദേശത്തിന്റെ ഇഎസ്എ മാപ്പ് തയ്യാറാക്കുകയും ചെയ്തു.
   കേരളമന്ത്രിസഭ ഇത് അംഗീകരിക്കുകയും 2018 ജൂണ്‍ 16 ന് പുതുക്കിയ ശിപാര്‍ശകള്‍ കേന്ദ്രത്തിനു സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, ഇതനുസരിച്ച് തുടര്‍നടപടികളോ ഈ ശിപാര്‍ശ സ്വീകരിച്ചു എന്ന അറിയിപ്പോ കേന്ദ്രത്തില്‍നിന്ന് ഉണ്ടായിട്ടില്ല.
   കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയം 2021 ഒക്ടോബര്‍ അഞ്ചിനു നടത്തിയ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ ഇഎസ്എ വിജ്ഞാപനത്തിനായി 'കോര്‍ ഇഎസ്എ-നോണ്‍ കോര്‍ ഇഎസ്എ എന്ന പുതിയ ആശയം അവതരിപ്പിച്ചുവെങ്കിലും കേരളം ഇതിനോടു വിയോജിപ്പു പ്രകടിപ്പിക്കുകയും കേരളത്തിന്റെ ഇഎസ്എ 8656.46 ചതുരശ്രകിലോമീറ്ററായി നിജപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.അവസാനകരടുവിജ്ഞാപനവും പ്രതിസന്ധികളും
2024 ജൂലൈ 31 ന് കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ആറാമത്തെ കരടുവിജ്ഞാപനത്തിന്മേല്‍ പരാതിപ്പെടുന്നതിന് 60 ദിവസമാണു നല്‍കിയിരുന്നത്. പ്രസ്തുത കരടുവിജ്ഞാപനപ്രകാരം ഇഎസ്എ പ്രദേശങ്ങളുടെ ജിയോ കോര്‍ഡിനേറ്റഡ് മാപ്പ് ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ഉണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, പ്രസ്തുത മാപ്പ് ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ എത്തിയത് പരാതിപ്പെടുന്നതിനുള്ള 60 ദിവസകാലാവധി തീരുന്നതിന് ഒരു ദിവസം മുമ്പുമാത്രമായിരുന്നു. അവിടെ ഒന്നല്ല; മൂന്നു മാപ്പുകള്‍ ഉണ്ടായിരുന്നു. ഇത് വലിയ ആശയക്കുഴപ്പമുണ്ടാക്കി.
ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ഇഎസ്എ ആയി പ്രഖ്യാപിക്കാന്‍ തയ്യാറാക്കിയിരിക്കുന്ന ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ വില്ലേജുകളിലുംകൂടിയുള്ള ആകെ വനവിസ്തൃതി 7106 ചതുരശ്രകിലോമീറ്റര്‍മാത്രമേ ഉണ്ടാവൂ എന്നാണു കണക്കാക്കിയിരിക്കുന്നത്. അതായത്, 1600 ചതുരശ്ര കിലോമീറ്റര്‍ ജനവാസമേഖലകള്‍ തീര്‍ച്ചയായും നിര്‍ദിഷ്ട ഇഎസ്എയില്‍ ഉള്‍പ്പെടും. ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരാണ് അടിയന്തരമായി ഇടപെടേണ്ടത്. അപ്രകാരം ചെയ്യുന്നില്ലെങ്കില്‍ ധാരാളം ജനവാസമേഖലകള്‍കൂടി ഇഎസ്എയില്‍ ഉള്‍പ്പെട്ടുപോകും.
2018 ജൂണ്‍ 16 ന് സംസ്ഥാനം സമര്‍പ്പിച്ച ശിപാര്‍ശകള്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ സംസ്ഥാനത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. സംസ്ഥാനസര്‍ക്കാര്‍ അടിയന്തരമായി ഇക്കാര്യത്തിലും ഇടപെടണം.
2018 ലെ കോടതിയുത്തരവുകള്‍ മാനിക്കണം
ഇഎസ്എ വിജ്ഞാപനം മലയാളത്തില്‍ പ്രസിദ്ധപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു കര്‍ഷകസംഘടന ഹൈക്കോടതിയില്‍ നല്‍കിയ കേസിന്റെ വിധിയനുസരിച്ച് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുന്നതിനുള്ള ഉത്തരവാദിത്വം സംസ്ഥാനസര്‍ക്കാരിനാണ്. സംസ്ഥാനസര്‍ക്കാര്‍ അടിയന്തരമായി നടപടികള്‍ സ്വീകരിച്ച് വിജ്ഞാപനത്തിന്റെ മലയാളപരിഭാഷ പ്രസിദ്ധപ്പെടുത്തണം. അതോടൊപ്പം, കൃത്യതയുള്ള ജിയോകോര്‍ഡിനേറ്റഡ് മാപ്പ് വിജ്ഞാപനത്തില്‍ പറയുന്നതുപോലെ ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണം. അതിനുശേഷം 60 ദിവസം പരാതി സമര്‍പ്പിക്കാന്‍ ലഭ്യമാക്കണം.
കൂടാതെ, സംസ്ഥാനസര്‍ക്കാരിന്റെ 2018 ശിപാര്‍ശപ്രകാരമുള്ള 98 (92 ആയിരുന്നത് വിഭജിച്ചതിനാല്‍) വില്ലേജുകളുടെയും പരിധിയില്‍ വരുന്ന വനഭൂമിയുടെ അളവ് വനം വകുപ്പ് കൃത്യമായി പ്രസിദ്ധപ്പെടുത്തണം.
സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച ശിപാര്‍ശ 
   ഏറ്റവും അവസാനം സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച ശിപാര്‍ശപ്രകാരം, 2018 ല്‍ സമര്‍പ്പിച്ച ശിപാര്‍ശയില്‍ കൊടുത്തിരുന്ന 8656.46 ച.കി.മീറ്ററില്‍നിന്നു വ്യത്യസ്തമായി ആകെ ഇഎസ് എ വിസ്തീര്‍ണ്ണം 8711.87 ചതുരശ്രകിലോമീറ്ററായി വര്‍ധിച്ചതായിട്ടാണ് കാണുന്നത്. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിരിക്കുന്നത് നിര്‍ദിഷ്ട 98 വില്ലേജുകളിലെ വനഭൂമിയുടെ വിസ്തൃതി 7106 ചതുരശ്രകിലോമീറ്റര്‍മാത്രമാണ് എന്നാണ്. അതായത്, 1600 ചതുരശ്രകിലോമീറ്റര്‍ ജനവാസമേഖലകളും കൃഷിയിടങ്ങളും നിര്‍ദിഷ്ട ഇഎസ്എയില്‍ ഉള്‍പ്പെടും. ഇത് പരിഹരിക്കുന്നതിനാണ് വനംവകുപ്പ് അവരുടെ കൈവശമുള്ള വനഭൂമിയുടെ വിസ്തീര്‍ണം രേഖകള്‍സഹിതം പ്രസിദ്ധപ്പെടുത്തണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
ഇനി എന്തുവേണം?
    ഇപ്പോഴത്തെ നിലയിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നതെങ്കില്‍ ഇഎസ്എ യില്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ ജനങ്ങള്‍ രണ്ടാംകിട പൗരന്മാരായി മാറും. കടുത്ത പരിസ്ഥിതിനിയന്ത്രണങ്ങള്‍ക്കു വിധേയമാകുന്നതോടെ വ്യാവസായികസാമ്പത്തികകാര്‍ഷികവളര്‍ച്ചയും, സാംസ്‌കാ രികവിദ്യാഭ്യാസ ആരോഗ്യപ്രവര്‍ത്തനങ്ങളും ആധുനികജീവിതസൗകര്യങ്ങളും ഗതാഗതസൗകര്യങ്ങളും എല്ലാം അവര്‍ക്കു നിഷേധിക്കപ്പെടും. നാളിതുവരെയുള്ള അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ കൃഷിയും കാര്‍ഷികവൃത്തിയും സുരക്ഷിതത്വവും നഷ്ടപ്പെടുന്നതോടൊപ്പം  കടുത്ത വന്യജീവിയാക്രമണങ്ങള്‍ക്കും അവര്‍ ഇരകളാകും. അത് ഒഴിവാക്കാന്‍ ഇനിപ്പറയുന്ന കാര്യങ്ങള്‍ അടിയന്തരപ്രാധാന്യത്തോടെ നടപ്പാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാകണം.
1. ചതുരശ്രകിലോമീറ്ററില്‍ നൂറില്‍ കൂടുതല്‍ ജനസാന്ദ്രതയുള്ള വില്ലേജുകളെ നിര്‍ദിഷ്ടലിസ്റ്റില്‍നിന്ന് ഒഴിവാക്കണം.    
2. നാമമാത്രമായി വനഭൂമിയുള്ള വില്ലേജുകളെയും ഒഴിവാക്കണം.
3. കോടതിയുത്തരവു മാനിച്ചുകൊണ്ട് വിജ്ഞാപനത്തിന്റെ മലയാളപരിഭാഷ ഉടന്‍ പ്രസിദ്ധപ്പെടുത്തണം.
4. ഇപ്രകാരം ചെയ്തതിനുശേഷം ഇ എസ്എ ആയി ശിപാര്‍ശ ചെയ്യുന്ന പ്രദേശത്തിന്റെ ജിയോ കോര്‍ഡിനേറ്റഡ് മാപ്പ് ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ പൊതുജനങ്ങള്‍ക്കു പരാതികള്‍ സമര്‍പ്പിക്കാന്‍ തക്കവിധം കൃത്യതയോടെ ലഭ്യമാക്കണം.
6. അതിനുശേഷം പരാതി നല്‍കാന്‍ 60 ദിവസം കാലാവധി കേന്ദ്രത്തില്‍നിന്നു വാങ്ങണം.
7. നിര്‍ദിഷ്ടവില്ലേജുകളിലെ വനഭൂമിയുടെ അളവ് വനംവകുപ്പ് പ്രസിദ്ധപ്പെടുത്തണം.
8. വനമായി പഴയ ഡോക്യുമെന്റുകളില്‍ ഉള്ളതും പിന്നീട് പട്ടയം നല്‍കിയതും പല ആവശ്യങ്ങള്‍ക്കായി പതിച്ചുനല്‍കിയതുമായ പ്രദേശങ്ങള്‍ ഒന്നും വനഭൂമികണക്കില്‍ ഉള്‍പ്പെടുന്നില്ലായെന്ന് ഉറപ്പാക്കണം.
9. ഇഎസ്എ പ്രദേശങ്ങളിലെ ആധാരങ്ങളില്‍ പരിസ്ഥിതിസംവേദകമേഖല എന്ന് എഴുതിച്ചേര്‍ക്കുന്നതുമൂലം അപ്രകാരമുള്ള ആധാരങ്ങള്‍ ഉപയോഗിച്ച് ലോണ്‍ എടുക്കാന്‍പോലും കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നത് ഒഴിവാക്കണം.
10. കസ്തൂരിരംഗന്റിപ്പോര്‍ട്ടുപ്രകാരം ഇഎസ്എ ആയി കണക്കാക്കുന്നത് വില്ലേജുകളെയാണ്.
    ഒരു വില്ലേജില്‍ത്തന്നെ വനഭൂമിയും കൃഷിഭൂമിയും ഉള്‍പ്പെടുന്നതിനാല്‍ വില്ലേജുകളെ റവന്യൂ (ജനവാസമേഖല) എന്നും ഇഎസ്എ (വനമേഖല) എന്നും വിഭജിച്ച് ഇഎസ്എ വില്ലേജിനു പ്രത്യേക പേരു നല്‍കി, ആ വില്ലേജുകള്‍മാത്രം ഇഎസ്എ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുവാന്‍ തയ്യാറാകണം.
11. ഇഎസ്എ നിര്‍ണയത്തിനു വിവിധ വകുപ്പുകളുമായി ബന്ധപ്പെടേണ്ടതുള്ളതിനാല്‍ തദ്ദേശസ്വയംഭരണം, റവന്യൂ, കൃഷി, വനം, പരിസ്ഥിതി തുടങ്ങിയ വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും നിര്‍ദിഷ്ടമേഖലയിലെ എംഎല്‍എമാരെയും ഉള്‍പ്പെടുത്തി ഒരു സ്‌പെഷ്യല്‍ സെല്‍ അടിയന്തരമായി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കണം.
സമാനരീതിയില്‍ വില്ലേജുതലംവരെ ഈ സെല്ലിന്റെ ഉപഘടകങ്ങള്‍ പ്രവര്‍ത്തിക്കണം.
   കേരളത്തിന്റെ കാലാവസ്ഥയും പരിസ്ഥിതിയും സംരക്ഷിക്കുന്നതില്‍ ഏറ്റവും വലിയ പങ്കു വഹിച്ചിട്ടുള്ളത് കര്‍ഷകരാണ്. അതുകൊണ്ടാണ് ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരം സംസ്ഥാനത്തിന്റെ ആകെ വിസ്തീര്‍ണത്തിന്റെ 54.5 ശതമാനവും വനസമാനമായിരിക്കുന്നത്.
വനംവകുപ്പിന്റെ കൈവശത്തിലുള്ള 29.4 ശതമാനം കഴിച്ച് ബാക്കി വരുന്ന 25 ശതമാനത്തോളം പ്രദേശത്തെ വനതുല്യമാക്കി സംരക്ഷിച്ചു പരിസ്ഥിതിക്കു വലിയ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്നത് ഇവിടുത്തെ കര്‍ഷകസമൂഹമാണെന്ന വസ്തുത വിസ്മരിക്കരുത്.
   ഇപ്രകാരം ഒരു ഇഎസ്എ പ്രഖ്യാപനം ഉണ്ടായില്ലായെങ്കിലും കേരളത്തിന്റെ പരിസ്ഥിതിയും വനഭൂമിയും കേരളത്തിലെ കര്‍ഷകരും ജനങ്ങളും സംരക്ഷിക്കുമെന്നതും ഒരു യാഥാര്‍ഥ്യമാണ്.
   കേരളത്തില്‍ എവിടെയെങ്കിലും ഒരു ഉരുള്‍പൊട്ടലോ   അതിവൃഷ്ടിയോ ഉണ്ടായാല്‍ അത് ഗാഡ്ഗില്‍ റിപ്പോര്‍ട്ടു നടപ്പാക്കാത്തതിന്റെ പേരിലാണെന്നു മുറവിളി കൂട്ടുന്നവര്‍ ലോകമെമ്പാടും സംഭവിച്ചുകൊണ്ടിരിക്കുന്ന ഉരുള്‍പൊട്ടലുകളെയും പേമാരികളെയും ചുഴലിക്കൊടുങ്കാറ്റുകളെയും എന്തടിസ്ഥാനത്തിലാണു വിശദീകരിക്കുക? മുണ്ടക്കൈ, ചൂരല്‍മല, വിലങ്ങാട് ഉള്‍പ്പെടെ ഈ വര്‍ഷം ഉരുള്‍പൊട്ടിയ ഇടങ്ങളും മുന്‍വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടിയ ഇടങ്ങളും നിബിഡവനത്തിനുള്ളിലാണ് എന്ന വസ്തുത വിസ്മരിക്കരുത്.
  ഇഎസ്എ പ്രഖ്യാപനത്തിന്റെ പേരില്‍ കേരളത്തില്‍ ഒരു വ്യക്തിയും ഒരു പ്രദേശവും ബലിയാടാവുന്നില്ല എന്ന് സംസ്ഥാനസര്‍ക്കാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉറപ്പാക്കണം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)